ADVERTISEMENT

രാജ്യാന്തര കാപ്പി വിപണി ചൂടുപിടിച്ചത്‌ പരമാവധി നേട്ടമാക്കാനുള്ള നീക്കത്തിലാണ്‌ ദക്ഷിണേന്ത്യൻ കർഷകർ. വിയറ്റ്‌നാമിലും ബ്രസീലിലുമുണ്ടായ കാലാവസ്ഥാമാറ്റം അവരുടെ വിളവു കുറയാൻ ഇടയാക്കി. വരൾച്ച മൂലം 2023‐24 കാലത്ത് കാപ്പി ഉൽപാദനം 20 ശതമാനം കുറഞ്ഞതായി വിയറ്റ്‌നാം കൃഷി വകുപ്പ്‌ വ്യക്തമാക്കി. ഇതുമൂലം കാപ്പി കയറ്റുമതിയിൽ 20 ശതമാനം ഇടിവ്‌ സംഭവിക്കുമെന്ന്‌ വിയറ്റ്‌നാം കോഫി അസോസിയേഷനും വിലയിരുത്തുന്നു. വിയറ്റ്‌നാമിലെ പ്രതികൂല സാഹചര്യം മൂലം ആഗോള തലത്തിൽ കാപ്പിക്ക്‌ ക്ഷാമം നേരിടുമെന്നാണ്‌ കണക്കാക്കുന്നത്‌. 

ലോകത്തിൽ ഏറ്റവും കൂടുതൽ റോബസ്റ്റ കാപ്പിക്കുരു ഉൽപാദിപ്പിക്കുന്നത്‌ വിയറ്റ്നാമാണ്‌. അതുകൊണ്ടുതന്നെ അവരുടെ ഉൽപാദനത്തിലെ ഏറ്റക്കുറച്ചിലുകൾ രാജ്യാന്തര ഫണ്ടുകളും സസൂക്ഷ്‌മം നിരീക്ഷിക്കുന്നു. ബ്രസീലിലെയും വിയറ്റ്‌നാമിലെയും കാപ്പി ഉൽപാദനത്തിലെ ഇടിവ്‌ രാജ്യാന്തര കാപ്പി അവധി വ്യാപാര കേന്ദ്രങ്ങളിലെ വാങ്ങൽ താൽപര്യം ശക്തമാക്കിയത്‌ റെക്കോർഡ്‌ വിലക്കയറ്റത്തിനു കാരണമായി.
ആഗോള കാപ്പിക്കുരു ഉൽപാദനത്തിലെ ഇടിവ്‌ ദക്ഷിണേന്ത്യൻ കർഷകരെ കൃഷി വ്യാപിപ്പിക്കാൻ പ്രേരിപ്പിക്കും.

പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ബ്രിട്ടിഷുകാരാണ്‌ പശ്‌ചിമഘട്ട മലനിരകളിൽ കാപ്പിക്കൃഷിക്ക്‌ തുടക്കം കുറിച്ചത്‌. അന്ന്‌ അവരുടെ ആവശ്യത്തിനുള്ള കാപ്പിക്കുരുവായിരുന്നു ലക്ഷ്യമിട്ടതെങ്കിലും നൂറ്റാണ്ട്‌ പിന്നിട്ടതോടെ ഇന്ത്യയിൽ കാപ്പി ഒരു വികാരമായി മാറി. ഇന്ന്‌ കർണാടകത്തിൽ നിന്നുള്ള കാപ്പി ലോകവിപണിയിൽ സ്വന്തം ഇടം കണ്ടെത്തിക്കഴിഞ്ഞു. രാജ്യത്തെ മൊത്തം കാപ്പി ഉൽപാദനത്തിൽ 70 ശതമാനവും കൂർഗ്, ചിക്കമംഗലൂർ, ഹാസൻ മേഖലകളിലാണ്‌ വിളയുന്നത്‌. കേരളവും തമിഴ്‌നാടും കാപ്പിക്കൃഷിയിൽനിന്നു വരുമാനം കണ്ടെത്തുന്നുണ്ട്‌. രാജ്യത്തെ കാപ്പി ഉൽപാദനത്തിൽ 83 ശതമാനവും ദക്ഷിണേന്ത്യയുടെ സംഭാവനയാണ്‌.

റോബസ്‌റ്റ കാപ്പിയുടെ വിലക്കയറ്റം കണ്ട്‌ തുടക്കത്തിൽ ചരക്ക് പിടിച്ചുവച്ച കർഷകർ പിന്നീട്‌ ഘട്ടം ഘട്ടമായി സ്‌റ്റോക്ക്‌ ഇറക്കാൻ ഉത്സാഹിച്ചു. ഒരു വ്യാഴവട്ടത്തിനിടയിലെ വിപണിയുടെ ചിത്രം വിലയിരുത്തിയാൽ ക്വിൻറ്റലിന്‌ 5000-7000 രൂപയിൽ നീങ്ങിയ കാപ്പിവില നിലവിൽ 20,000 രൂപയ്‌ക്ക്‌ മുകളിലാണ്‌. വയനാട്ടിൽ കാപ്പിപ്പരിപ്പ്‌ വില 35,000 രൂപയിലെത്തി നിൽക്കുന്നു. ഇത്തരമൊരു കുതിച്ചുചാട്ടം കഴിഞ്ഞ വർഷം കർഷകരുടെ സ്വപ്‌നങ്ങളിൽ പോലുമില്ലായിരുന്നു. അല്ലായിരുന്നെങ്കിൽ കൂടുതൽ കാപ്പിക്കുരു ശേഖരിക്കാൻ കർഷകർ ശ്രമിക്കുമായിരുന്നു. വിയറ്റ്‌നാമിലെയും ഇന്തൊനീഷ്യയിലെയും കാപ്പി കർഷകർ ഇടക്കാലത്ത്‌ കാപ്പി, കുരുമുളക്‌ മരങ്ങൾ വെട്ടി മാറ്റി ലാഭകരമായ മറ്റു പല കൃഷികളിലേക്കും ശ്രദ്ധ തിരിച്ചിരുന്നു. വിദേശ വിപണികളിൽ പ്രിയമേറിയ ഡ്രാഗൺ ഫ്രൂട്ടും അവകാഡൊയും കൃഷി ഇറക്കാൻ അവർ കാണിച്ച ഉത്സാഹം കാപ്പി ഉൽപാദനത്തിൽ വൻ ഇടിവിനു കാരണമായി.

എൽ- നിനോ പ്രതിഭാസവും വിയറ്റ്നാമിലെ കാപ്പിത്തോട്ടങ്ങളെ കാര്യമായി ബാധിച്ചു. പ്രതികൂല കാലാവസ്ഥ രാജ്യത്തെ കാർഷിക മേഖലയെ അക്ഷരാർഥത്തിൽ പിടിച്ചു കുലുക്കിയെന്നാണ്‌ വിയറ്റ്നാം കാലാവസ്ഥാ വിഭാഗത്തിന്റെ വിലയിരുത്തൽ. വരൾച്ചയുടെ പ്രത്യാഘാതം കാപ്പി, കുരുമുളക്‌ കൃഷിയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക്‌ ഇടയാക്കും. ആഗോള വിപണിയിൽ പ്രിയമേറിയ ഈ രണ്ട്‌ ഉൽപന്നങ്ങൾക്കും വരുംവർഷങ്ങളിൽ വൻതോതിൽ ആവശ്യകതയുണ്ടാകാനിടയുള്ളതിനാൽ അതു പരമാവധി ചൂഷണം ചെയ്യാൻ നമ്മുടെ കർഷകർ തയാറെടുക്കണം.

സ്വർണത്തിലും ക്രൂഡ്‌ ഓയിലിലും ശ്രദ്ധ പതിപ്പിച്ചിരുന്ന രാജ്യാന്തര ഫണ്ടുകൾ ഏതാനും മാസങ്ങളായി കാർഷികോൽപന്നങ്ങളിലും നിക്ഷേപിക്കാൻ കൂടുതൽ ഉത്സാഹം കാണിക്കുന്നുണ്ട്‌. അവരുടെ വിപണി ഇടപെടലിന്റെ ഫലമാണ്‌ കൊക്കോയുടെ അഭൂതപൂർവമായ വിലക്കയറ്റം. പുതിയ സാഹചര്യത്തിൽ ഫണ്ടുകൾ കാപ്പിയുടെ നറുമണം നുകരുന്നതിനൊപ്പം സുഗന്ധവ്യഞ്‌ജനങ്ങളിലേക്കും തിരിയാമെന്നത്‌ ദക്ഷിണേന്ത്യൻ കാർഷികോൽപന്നങ്ങൾക്കും കർഷകർക്കും വസന്തകാലം ഒരുക്കാം.

English Summary:

Coffee Crisis: How Vietnam's Decline Affects Global Market and Prices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com