കൊക്കോവില 1070ൽനിന്ന് കുത്തനെ ഇടിഞ്ഞ് 660 രൂപയിൽ; കൊക്കോയിലും കാപ്പിയിലും സംഭവിക്കുന്നത്
Mail This Article
ആഗോള കൊക്കോ വിപണി ഈ വർഷത്തെ ഏറ്റവും ശക്തമായ സാങ്കേതിക തിരുത്തലിന്റെ പിടിയിൽ അകപ്പെട്ടത് ഉൽപന്ന വിലയിൽ വൻ ചാഞ്ചാട്ടം സൃഷ്ടിച്ചു. അന്താരാഷ്‌ട്ര വില ചുരുങ്ങിയ ദിവസങ്ങളിൽ ഏകദേശം 40 ശതമാനം ഇടിഞ്ഞത് ഉൽപാദക രാജ്യങ്ങളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. വിപണി നിയന്ത്രണം കൈപിടിയിൽ ഒതുക്കി ഊഹക്കച്ചവടക്കാർക്കൊപ്പം ചോക്ലേറ്റ് വ്യവസായികളും അണിചേർന്നത് വിലത്തകർച്ചയുടെ ആക്കം ഇരട്ടിപ്പിച്ചു.
സർവകാല റെക്കോർഡ് വിലയായ ടണ്ണിന് 12,261 ഡോളറിൽ നിന്നുള്ള മേയ് അവധിയുടെ ഇടിവ് 8200 ഡോളർ വരെ നീണ്ടു, അതായത് തിരുത്തൽ 33 ശതമാനം. അതേസമയം സെപ്‌റ്റംബർ അവധി 11,200ൽനിന്നും 6600 ഡോളറായിപ്പോൾ ഉൽപ്പന്ന വില 41 ശതമാനം ഒറ്റയടിക്കു താഴ്‌ന്നു. ആഗോള വിപണിയുടെ സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ ബുൾ ഓപ്പറേറ്റർമാരുടെ കരങ്ങളിൽനിന്നും വിപണി തെറ്റി മാറിയ അവസ്ഥ. ഈ സ്ഥിതി രണ്ടാഴ്‌ച തുടർന്നാൽ രാജ്യാന്തര കൊക്കോ വിപണിക്ക് പുതിയ ഉയരങ്ങളിലേക്ക് ഇനി സഞ്ചരിക്കാൻ അൽപം ക്ലേശിക്കേണ്ടിവരും.
അതേസമയം ലോക വിപണിയിൽ കൊക്കോ ക്ഷാമം വിട്ടുമാറിയിട്ടില്ല. പ്രതികൂല കാലാവസ്ഥ ഉൽപാദനത്തിൽ സൃഷ്‌ടിച്ച ആഘാതത്തിൽ നിന്നും ഉയർത്തെഴുന്നേൽപ്പിനു കാലതാസം നേരിടും. പശ്‌ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ ലഭ്യത ഉയരാൻ മാസങ്ങൾ തന്നെ വേണ്ടിവരുമെന്ന അവസ്ഥയ്‌ക്ക് മാറ്റം സംഭവിക്കും വരെ വിപണി മുന്നേറാനുള്ള ശ്രമം നടത്താം. ആറു മാസമായി കൊക്കോ കാഴ്‌ചവയ്ക്കുന്ന വിലക്കയറ്റത്തിനിടയിൽ ബുഹരാഷ്‌ട്ര ചോക്ലേറ്റ് നിർമാതാക്കൾ പലരും അവരുടെ ഉൽപന്ന വില വർധിപ്പിച്ചതിനാൽ ഇനിയുള്ള ചാഞ്ചാട്ടങ്ങൾ അവരെ കാര്യമായി ബാധിക്കില്ല. അതേസമയം മറ്റ് അസംസ്‌കൃത വസ്‌തുക്കളുടെ വിലയിലുണ്ടായ വർധന ആഭ്യന്തര വിദേശ ചെറുകിട ചോക്ലേറ്റ് വ്യവസായികളെ സമ്മർദ്ദത്തിലാക്കുന്നു.
കൊക്കോ ഉൽപാദനത്തിൽ മുൻപന്തിയിലുള്ള ഘാനയിലെ കയറ്റുമതി സമൂഹം അവരുടെ വിദേശ ഓർഡറുകൾക്ക് കാലാവധി നീട്ടി ചോദിച്ചു. ഒന്നര ലക്ഷം മുതൽ രണ്ടര ലക്ഷം ടൺ വരെയുള്ള ഷിപ്പ്‌മെന്റുകൾക്കാണ് എക്‌സ്റ്റൻഷൻ ആവശ്യവുമായി യൂറോപ്യൻ രാജ്യങ്ങളെ സമീപിച്ചിട്ടുള്ളത്. 1980ന് ശേഷം ഇത്തരം ഒരു സ്ഥിതിവിശേഷത്തെ ഘാനയിലെ കയറ്റുമതിക്കാർ അഭിമുഖീകരിക്കുന്നത് ആദ്യം.
ആഗോള തലത്തിൽ കൊക്കോയുടെ ഏറ്റവും വലിയ ഉൽപാദകരായ ഐവറി കോസ്റ്റും ബുള്ളിഷ് ട്രൻഡിലാണ്. ഒക്‌ടോബർ മുതൽ മേയ് അഞ്ചു വരെയുള്ള അവരുടെ മൊത്തം കയറ്റുമതി 1.37 ലക്ഷം ടണ്ണിൽ ഒതുങ്ങിയെന്ന് സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കയറ്റുമതി 30 ശതമാനം ഇടിഞ്ഞു. അതേ നിരക്ക് ഇത്രയേറെ ഉയർന്നിട്ടും കാർഷിക മേഖലയ്‌ക്ക് യഥാസമയം ചരക്ക് കൈമാറാൻ കഴിയുന്നില്ലെന്നത് കയറ്റുമതിക്ക് തിരിച്ചടിയായി.
ആഫ്രിക്കൻ രാജ്യങ്ങൾ ഈ വർഷത്തെ രണ്ടാം വിളവെടുപ്പിന്റെ ഒരുക്കത്തിലാണ്. ഘാന നേരത്തെ ഒന്നര ലക്ഷം ടണ്ണിന്റ ഉൽപാദനം കണക്കുകൂട്ടിയെങ്കിലും ജൂലൈയിൽ തുടങ്ങുന്ന വിളവെടുപ്പിൽ ഉൽപാദനം പ്രതീക്ഷിച്ചതിന്റെ പകുതിയിലും ചുരുങ്ങുമെന്നാണ് പുതിയ വിലയിരുത്തൽ.
ഏപ്രിലിൽ രണ്ടാം വിളവെടുപ്പിനു തുടക്കം കുറിച്ച ഐവറി കോസ്റ്റിൽ ഉൽപാദനം നാലു ലക്ഷം ടണ്ണിൽ ഒതുങ്ങുമെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം രണ്ടാം വിളവെടുപ്പിൽ അവിടെ ഉൽപാദനം ആറു ലക്ഷം ടണ്ണായിരുന്നു. മറ്റൊരു ഉൽപാദകരാജ്യമായ നൈജീരിയയിലും രണ്ടാം വിളവ് നേരത്തെ കണക്കുകൂട്ടിയതിലും കുറയുമെന്ന അവസ്ഥയാണ്.
കേരളത്തിൽ കൊക്കോ വില റെക്കോർഡ് വിലയായ കിലോ 1070ൽനിന്നും ഇതിനകം 660 വരെ താഴ്‌ന്ന് ഇടപാടുകൾ നടന്നു. പച്ചക്കൊക്കോ വില നൂറു രൂപയിലധികം കുറഞ്ഞ് 280 രൂപയായി.
കാപ്പി
കാലാവസ്ഥ വ്യതിയാനത്തിനു മുന്നിൽ ചൂടുപിടിച്ചു നിന്ന കാപ്പിയും അൽപം തണുക്കുന്നു. മുഖ്യ കാപ്പി ഉൽപാദകരാജ്യമായ ബ്രസീലിലെയും വിയറ്റ്‌നാമിലെയും തോട്ടങ്ങൾ കാലാവസ്ഥ മാറ്റത്തിന് ഒപ്പം ആടി ഉലയുന്നത് അടുത്ത സീസണിലെ ഉൽപാദനത്തെക്കുറിച്ചുള്ള കണക്കുകൂട്ടലുകൾ പാടെ തകിടം മറിക്കുകയാണ്. ഒരു വശത്ത് കനത്ത വരൾച്ചയും മറുവശത്ത് മഴ ശക്തിയാർജിക്കുമെന്ന വിലയിരുത്തലും ഇരു രാജ്യങ്ങളിലും ഉൽപാദനത്തെ കുറിച്ച് വ്യക്തമായ ചിത്രം തെളിയുന്നതിന് തിരിച്ചടിയായി.
ന്യൂയോർക്ക് എക്‌സ്‌ചേഞ്ചിൽ കാപ്പി ഏപ്രിൽ അവസാനം രേഖപ്പെടുത്തിയ രണ്ടു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ കിലോ 245 ഡോളറിൽ നിന്നും 192 ഡോളറിലേക്ക് ഇടിഞ്ഞു. ഇതിനിടയിൽ മഴയെക്കുറിച്ചുള്ള സൂചനകളുമായി കാലാവസ്ഥ വിഭാഗം രംഗത്ത് ഇറങ്ങിയത് ഫണ്ടുകളെയും ഊഹക്കച്ചവടക്കാരെയും വിൽപ്പനകൾ തിരിച്ചു പിടിക്കാൻ പ്രേരിപ്പിച്ചത് താഴ്‌ന്ന റേഞ്ചിൽ നിന്നും ഉൽപ്പന്നത്തിന്റെ തിരിച്ചു വരവിന് അവസരം ഒരുക്കുന്നു. എന്നാൽ 217 ഡോളറിന് മുകളിൽ വിപണിക്ക് തടസം നേരിടാം.
ഏപ്രിൽ രണ്ടാം പകുതിയിൽ അറബിക്ക കാപ്പി വില രണ്ടു വർഷത്തെ ഉയർന്ന നിരക്ക് ദർശിച്ചപ്പോൾ റോബസ്റ്റ കാപ്പി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ചു. 4342 ഡോളർ വരെ ഉയർന്ന് ലണ്ടൻ എക്‌സ്‌ചേഞ്ചിൽ റോബസ്റ്റ കാപ്പിയുടെ വിപണനം നടന്നു.
വിയറ്റ്‌നാമിലെ വരണ്ട കാലാവസ്ഥയാണ് കുതിപ്പിന് അവസരം ഒരുക്കിയത്. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ അറബിക്ക കാപ്പി ഉൽപാദിപ്പിക്കുന്ന രാജ്യമാണ് ബ്രസീൽ. അതുകൊണ്ടു തന്നെ അവിടത്തെ ഓരോ ചലനവും രാജ്യാന്തര വിലയിൽ അതേ വേഗത്തിൽ പ്രതിഫലിക്കും.
കട്ടപ്പന വിപണിയിൽ റോബസ്റ്റ കിലോ 215 രൂപയിലും പരിപ്പ് 360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള റോബസ്റ്റ കാപ്പി വില കുതിച്ചുയർന്ന ഫലമായി ഇന്ത്യൻ കാപ്പി കയറ്റുമതി സാമ്പത്തിക വർഷം 10,000 കോടി രൂപ മറികടന്ന ആവേശത്തിലാണ്. കയറ്റുമതി അളവിൽ നേരിയ കുറവ് സംഭവിച്ചെങ്കിലും, കയറ്റുമതി മൂല്യം പുതിയ ഉയരത്തിലെത്തി. തുടർച്ചയായി മൂന്നാം വർഷമാണ് ഇന്ത്യൻ കാപ്പി റെക്കോർഡ് പ്രകടനം കാഴ്‌ചവയ്ക്കുന്നത്. ഇന്ത്യൻ കാപ്പി കുടിക്കാൻ ഇറ്റലി, ജർമനി, റഷ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ കാണിച്ച ഉത്സാഹം ദക്ഷിണേന്ത്യൻ കർഷകർക്ക് കാപ്പിയിലെ വിശ്വാസം ഇരട്ടിപ്പിച്ചു.