ആരാമത്തിലേക്ക് ആമ്പൽപൂക്കൾ; ഇവിടെ ആമ്പൽപൂവ് രാത്രിയല്ല പകലും വിടരും

ashokan-new
SHARE

‘എത്ര കണ്ടാലും മതിവരാത്ത പൂക്കൾ, എത്ര വട്ടം ക്യാമറയിൽ പകർത്തിയാലും കൗതുകം തീരാത്ത കാഴ്ചകൾ’, വീട്ടുമുറ്റത്തെ ആമ്പൽപൂക്കളും ആമ്പൽപൊയ്കയും നോക്കി അശോകൻ പറയുന്നു. ഫൊട്ടോഗ്രഫിയും സ്റ്റുഡിയോയുമെല്ലാം ചേർന്ന് തിരക്കുകളേറെയുണ്ട്. എങ്കിലുമിപ്പോൾ ദിവസത്തിന്റെ നല്ലൊരു പങ്കും ചെലവിടുന്നത് ആമ്പലുകൾക്കൊപ്പം. അശോകനും ഭാര്യ ഷീജയ്ക്കും അത്രയ്ക്കുണ്ട് കമ്പം ആമ്പൽപ്പൂക്കളോട്.

എറണാകുളം ജില്ലയിലെ കോതമംഗലം പിണ്ടിമന കാവുംപടിയിലാണ് പരണാംകുന്നേൽ വീട്. പതിനഞ്ചു സെന്റിലൊതുങ്ങും വീടും പരിസരവും. വീട്ടുമുറ്റത്തും തൊടിയിലുമായി ചെറു പൊയ്കകളിൽ വിടർന്നു നിൽക്കുന്നത് നാൽപതിലേറെ ഇനം ആമ്പലുകളും അപൂർവ താമരയിനങ്ങളും. അധികമാരും പരിചയിക്കാത്ത അലങ്കാര ജലസസ്യങ്ങൾ വേറെയുമുണ്ട് ഇവരുടെ ഉദ്യാനത്തിൽ.

ashokan

ഫലവൃക്ഷങ്ങളോടും അലങ്കാരച്ചെടികളോടും പണ്ടേ താൽപര്യമെന്ന് അശോകനും ഷീജയും. പരിമിതമായ സ്ഥലത്ത് പറ്റാവുന്നത്ര നട്ടുവളർത്തിയിട്ടുമുണ്ട്. എന്നാൽ യാദൃച്ഛികമായി സങ്കര ആമ്പലിനത്തിന്റെ തൈ ഒന്ന് കൈവശമെത്തിയതോടെ അതിലേക്കായി ശ്രദ്ധയത്രയും. അതിമനോഹരമായിരുന്നു അതിന്റെ പൂക്കൾ. അതോടെ കൂടുതൽ ഇനങ്ങൾക്കായി ഒാൺലൈൻ സൈറ്റുകളിൽ അന്വേഷണം തുടങ്ങി. 

പോക്കറ്റു ചോരുന്ന വില നൽകി വാങ്ങിയവയിൽ പലതും പക്ഷേ പാഴായെന്ന് അശോകൻ. ഹൈദരാബാദും ഹൊസൂരുമൊക്കെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒാൺലൈൻ പൂച്ചെടി തട്ടിപ്പുകാരുടെ കെണിയിൽ വീണ അനുഭവങ്ങളുമുണ്ട്. ഒാൺലൈൻ വഴി ലഭ്യമായ ചെടികളുടെ സ്ഥിതി പലപ്പോഴും പരിതാപകരമായിരുന്നു. എങ്കിലും അതിശ്രദ്ധയോടെ അവയെ വളർത്തിയെടുത്തു. വളർന്നു പൂവിട്ട ചെടികളിൽനിന്ന് കൂടുതൽ തൈകൾ ഉൽപാദിപ്പിക്കാൻ തുടങ്ങിയതോടെ ആവശ്യക്കാരെത്തിത്തുടങ്ങി. ഇന്ന് ഒാൺലൈൻ വഴിയും നഴ്സറിക്കാർക്കു നേരിട്ടും ഒട്ടേറെയിനം ആമ്പലും താമരയും ഉദ്യാനപ്രേമികളുടെ കൈകളിലെത്തിക്കുന്നു അശോകനും ഷീജയും. 

water-lilly
അശോകന്റെ മകൾ അനലക്ഷ്മിയും ഭാര്യ ഷീജയും

നാടനും മറുനാടനും

ആമ്പൽ രാത്രി വിടർന്ന് രാവിലെ കൂമ്പുമെന്നാണു സങ്കൽപം. എന്നാൽ ആമ്പലിലെ സങ്കരയിനങ്ങളത്രയും പകൽ വിടർന്ന് രാത്രിയിൽ കൂമ്പുന്നവയാണ്. അതുകൊണ്ടുതന്നെയാണ് വീട്ടുമുറ്റത്തെ അലങ്കാരപ്പൊയ്കകളിൽ അവ ഇടം നേടുന്നതും. നാട്ടുമ്പുറത്ത് പാടത്തും കുളങ്ങളിലുമെല്ലാം കാണുന്ന ആമ്പലിനങ്ങൾ പൊതുവേ രാത്രി വിടരുന്നവയാണ്. പകൽ വിരിയുകയും നിത്യവുമെന്നോണം പൂക്കൾ വിടർത്തുകയും ചെയ്യുന്ന ആമ്പലിനങ്ങളെ ട്രോപിക്കൽ എന്നു വിളിക്കും. പകൽ വിരിയുന്നവയിൽ തന്നെ അത്ര സാധാരണമായി പൂക്കൾ വിരിയാത്ത, അതേസമയം അതിമനോഹരമായ പൂക്കൾ വിടർത്തുന്ന ഇനങ്ങൾ ഹാർഡി വിഭാഗത്തിൽപ്പെടുന്നു. 3–4 ദിവസം നിൽക്കും ഇവയുടെയെല്ലാം പൂക്കൾ. മഞ്ഞ, മെറൂൺ, ഒാറഞ്ച്, പീച്ച്, മജന്ത, ഇളം വയലറ്റ്, ഇളം നീല എന്നിങ്ങനെ ഒട്ടേറെയുണ്ട് നിറ വൈവിധ്യം. ചില യിനം ആമ്പലുകളുടെ പൂക്കൾ പോലെ തന്നെ ഭംഗിയുണ്ട് ചിത്രപ്പണികൾ ചെയ്ത മട്ടിലുള്ള ഇലകൾക്കും. മണ്ണും ചാണകപ്പൊടിയും എല്ലു പൊടിയും ചേർന്ന നടീൽമിശ്രിതത്തിലാണ് ആമ്പൽത്തൈകൾ നടുന്നത്. നടീൽമിശ്രിതം ചട്ടിയിൽ പകുതിയോളമേ നിറയ്ക്കൂ. തൈ നട്ട് ഇലകൾ വീശി വളർന്നു വരുന്നതോടെ നീളത്തിൽ നിർമിച്ചിരിക്കുന്ന ടാങ്കിലെ വെള്ളത്തിനടിയിലേക്ക് ചട്ടി താഴ്ത്തിവയ്ക്കും. അതോടെ ഇലകൾ ജലോപരിതലത്തിൽ പടരും. 

മുമ്പും ഉദ്യാനങ്ങളിൽ ആമ്പൽ പൊയ്കകൾ ഇടം നേടിയിരുന്നെങ്കിലും അപൂർവമായി പൂവിരിയുന്ന നാടൻ ഇനങ്ങളും നിറങ്ങളിലെ വൈവിധ്യമില്ലായ്മയും ആളുകളിൽ വിരസതനിറച്ചിരുന്നു. പുതിയ ഇനങ്ങൾ വന്നതോടെ സ്ഥിതി മാറി, ആവശ്യക്കാരേറി. ആമ്പൽ മാത്രമല്ല, സഹസ്രദലം പോലെയുള്ള വിശേഷയിനം താമരകളുമുണ്ട് അശോകന്റെ ഉദ്യാനത്തിൽ. തുണിയിലും ന്യൂസ് പേപ്പറിലും പൊതിഞ്ഞ് ശ്രദ്ധയോടെ പായ്ക്ക് ചെയ്താണ് തൈകൾ ആവശ്യക്കാർക്കു കൊറിയർ ചെയ്യുന്നത്. ഡിമാൻഡ് ഏറിയതോടെ ആമ്പൽ ശേഖരം കൂടുതൽ ആകർഷകമാക്കാനുള്ള ശ്രമത്തിലാണ് അശോകനും ഷീജയും. ഫോൺ: 9745406170, 9383486170

അതിമനോഹരം ആമ്പൽച്ചിത്രങ്ങൾ

water-lilly2

ഫ്രഞ്ച് ചിത്രകാരനായ ക്ലോദ് മോണെ(1840–1926)യുടെ വാട്ടർ ലില്ലീസ് സീരീസ് അതിപ്രശസ്തമാണ്. ഇരുനൂറിലേറെ വരും മോണെയുടെ ആമ്പൽ പെയ്ന്റിങ്ങുകൾ. സ്വന്തം ഉദ്യാനത്തിലെ ആമ്പൽക്കുളത്തെ വർഷങ്ങളോളം വരച്ചിട്ടും മതിയായില്ല ഈ ചിത്രകാരന്. ഒാരോ ഋതുവിലും എന്തിന്, ഒാരോ ദിവസവും ഒരേ ആമ്പൽക്കുളം മോണെയുടെ മനസ്സിൽ നിറച്ചത് ഒന്നിനൊന്നു വ്യത്യസ്തമായ ഭാവങ്ങൾ... വികാരങ്ങൾ... അതുകൊണ്ടുതന്നെ ആസ്വാദകനിലും ഒട്ടേറെ വികാരങ്ങൾ വിടർത്തും മോണെയുടെ ഒാരോ ആമ്പൽച്ചിത്രവും. 

ന്യൂയോർക്കിലെ മെട്രോപ്പോലിറ്റൻ മ്യൂസിയം ഒാഫ് ആർടിലുണ്ട് ഇപ്പോൾ ഈ ഒായിൽ ചിത്രപരമ്പര.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FLORICULTURE
SHOW MORE
FROM ONMANORAMA