ADVERTISEMENT

മണ്ണുത്തി, മാടക്കത്തറ ഭാഗത്തെ പല നഴ്സറികളിലും നെഞ്ചു കത്തുന്ന കാഴ്ചയാണ്. മണ്ണുത്തി നഴ്സറികളിൽ കൊറോണ ലോക് ഡൗൺ കാലത്തു നടക്കുന്നതു പൂച്ചെടികളുടെ കൂട്ട സംസ്ക്കാരമാണ്. എത്രയോ വീടുകളിലും പൂന്തോട്ടങ്ങളിലും നിറയേണ്ട പൂക്കൾ കൂട്ടിയിടുന്നു. പലയിടത്തും പൂപ്പാടങ്ങൾനിന്നു കരിയുന്നു. ജനുവരി മുതൽ മേയ് വരെയാണു പൂക്കളുടെ ഏറ്റവും വലിയ വിൽപ്പന സീസൺ. മെറി ഗോൾഡ്, റോസുകൾ, ജമന്തി, ഡാലിയ, ആസ്റ്റർ, ദയന്തസ് തുടങ്ങിയ മനോഹരമായ പൂക്കളുടെ വിൽപ്പനകാലമാണിത്. ബെംഗളൂരു, പുണെ, ഹൈദരബാദ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നു ഡിസംബർ അവസാനത്തോടെയാണു തൈകൾ എത്തിക്കുക. ജനുവരിയോടെ ഇവ പൂവിട്ടു തുടങ്ങും. ഇതിൽ പലതും കൊല്ലത്തിൽ ഒരു തവണയെ പുഷ്പിക്കൂ എന്നതാണു പ്രത്യേകത. ചിലതു ഒരു തവണ പൂവിട്ടാൽ നശിക്കും. രണ്ടാമതു പുഷ്പിക്കുന്നവയിൽതന്നെ ആദ്യമുണ്ടാകുന്നതുപോലെയുള്ള നല്ല പൂക്കൾ ഉണ്ടാകില്ല. സീസണിൽ മാത്രം പൂവിടുന്ന പലതും ടിഷ്യൂ കൾച്ചറിലൂടെ ഉണ്ടാക്കിയവയാണ്.

ഇത്തവണ ഇതിനകം 250 നഴ്സറികളിലായി 4 കോടി രൂപയുടെ പൂച്ചെടികൾ ഇറക്കിയിട്ടുണ്ട്. ഇവയുടെ വിൽപ്പന ജനുവരി ആദ്യം തുടങ്ങുകയാണു പതിവ്. ഇതുവരെ ഒരു ചെടിപോലും വിൽക്കാൻ പറ്റാത്ത നഴ്സറികളുണ്ട്, വിറ്റവർക്കുതന്നെ ഇനി ചെറുകിടക്കാരിൽനിന്നു പണം കിട്ടാനിടയില്ല.

ഈ സമയത്തു നന്നായി നനയ്ക്കണം. വെള്ളത്തിന്റെയും വൈദ്യുതിയുടെയും പണവും കൂലിയും നഷ്ടമാകുമെന്നതിനാൽ മിക്കവരും നന നിർത്തി. വലിയ പൂച്ചെടിപ്പാടങ്ങൾ ഉണങ്ങി നിൽക്കുന്നതു കാണാം. ആദ്യമായാണു ഇത്തരമൊരു കാഴ്ച മണ്ണുത്തി, മാടക്കത്തറ നഴ്സറി മേഖലയിലുണ്ടാകുന്നത്. പലയിടത്തും ചെടികൾ ചട്ടികളോടെ കൂട്ടിയിട്ടിരിക്കുന്നു. അവയിൽനിന്നു ചട്ടികൾ വേർതിരിച്ചെടുക്കാൻപോലും ജീവനക്കാരെ കിട്ടാനില്ല. പൂച്ചെടികച്ചവടത്തിൽ മാത്രം 4 കോടി രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്. ഇതിനൊന്നും ഇൻഷൂറൻസോ സർക്കാർ നൽകുന്ന മറ്റാനുകൂല്യമോ ഇല്ല. എല്ലാംതന്നെ മുൻകൂർ പണമടച്ച് എത്തിച്ചവയുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com