ADVERTISEMENT

കാർഷിക മേഖലയിൽ സംരംഭങ്ങൾക്ക് അപ്പോഴും പ്രാധാന്യമുണ്ട്. ഉൽപന്നങ്ങൾ അതേപടി വിൽക്കുന്നതിലും വില ലഭിക്കുക മൂല്യവർധിത ഉൽപന്നങ്ങൾ ആകുമ്പോഴാണ്. അതുപോലെ ഉദ്യാനപരിപാലനത്തിനും ഇന്ന് പ്രാധാന്യമേറെയുണ്ട്. പൂവും പൂച്ചെടികളും മാത്രമല്ല ഉദ്യാനമേഖലയിൽ വരുമാനം നേടിത്തരുന്നവ. നടീൽ മിശ്രിതം, പുതിയ ചെടികൾ, ഉദ്യാനപാലക ജോലി, വാടകയ്ക്ക് ചെടി തുടങ്ങി പുതിയ രൂപത്തിലുള്ള ചെടിച്ചട്ടികൾ വരെ സംരംഭസാധ്യതയുള്ളവയാണ്. ഉദ്യാനമേഖലയിൽ പുതു സംരംഭമാക്കാവുന്ന 5 ആശയങ്ങൾ കർഷകശ്രീ പങ്കുവയ്ക്കുകയാണ്. 

ഭാഗം–1: ചെടികൾക്കിണങ്ങിയ നടീൽമിശ്രിതങ്ങൾ

തെങ്ങിനും കമുകിനും ഒരു തളപ്പു പറ്റില്ലല്ലോ. അതുപോലെതന്നെയാണ് നടീൽമിശ്രിതത്തിന്റെ കാര്യവും. വിശേഷിച്ച്  അലങ്കാരച്ചെടികളുടെ കാര്യത്തിൽ. അവയിൽ പലതും വിദേശിയാണല്ലോ. ഇണങ്ങിയ നടീൽമിശ്രിതം ലഭിക്കുമ്പോഴാണ് അവ നന്നായി വളരുക. നല്ല തുക മുടക്കി വാങ്ങിയ ഓർക്കിഡ് ചെടി ചീഞ്ഞുണങ്ങിപോകുമ്പോൾ വേദനിക്കുമെന്നു തീർച്ച. അതിന്റെ കാരണം ഒരു പക്ഷേ അതിനു ചേർന്ന നടീൽമിശ്രിതം ലഭിക്കാത്ത് ആയിരുന്നിരിക്കാം.

അഡീനിയം വളർത്തുന്ന പലർക്കുമുള്ള പ്രശ്നമാണ് മഴക്കാലമായാൽ മഴവെള്ളം ചെടിയുടെ ചുവട്ടിൽ അധികമായി തങ്ങിനിന്ന്  ഇലകൾ ക്രമാതീതമായി കൊഴിയുന്നത്. നൂതന സങ്കരയിനം ചെടികളുടെയൊക്കെ സ്ഥിതി അതുതന്നെയാണ്. യോജ്യമായ നടീൽമിശ്രിതം ലഭിച്ചാലെ അവയൊക്കെയും നന്നായി വളരുകയും പൂവിടുകയും ചെയ്യൂ. അതിലൊരു സംരംഭ സാധ്യതയുണ്ട് എന്നതാണ് പറഞ്ഞു വരുന്ന കാര്യം. അതായത് ഓരോ ചെടിക്കും ഇണങ്ങിയ നടീൽമിശ്രിതങ്ങളുടെ വിപണന സംരംഭം. 

പരമ്പരാഗത ഇനങ്ങളയായ റോസും ചെമ്പരത്തിയും ഉൾപ്പടെ എല്ലാത്തരം അലങ്കാരച്ചെടികൾക്കുമുള്ള നടീൽ മിശ്രിതം ശാസ്ത്രീയമായി തയാറാക്കി വിപണനം ചെയ്യാം. നഗരത്തിലെന്ന പോലെ നാട്ടിൻപുറങ്ങളിലും സാധ്യതയുള്ള തൊഴിൽ സംരംഭം. നഗരങ്ങളിൽ വിശേഷിച്ചും ഇന്ന് പൂച്ചെടികൾക്കെന്ന പോലെ അവ നടാനുള്ള നല്ല മിശ്രിതത്തിനും ഒട്ടേറെ  ആവശ്യക്കാരുണ്ട്. ഫ്ലാറ്റ് നിവാസികൾക്കും, പരിമിതമായ സ്ഥലമുള്ളവർക്കും ചെടി നടാനുള്ള മിശ്രിതം വീട്ടിൽ തയ്യാറാക്കുക അത്ര എളുപ്പമല്ല. ഗുണനിലവാരമുള്ള ചുവന്ന മണ്ണ്, ആറ്റുമണൽ, ചകിരിച്ചോർ ഇവയെല്ലാം സംഘടിപ്പിച്ചു മിശ്രിതം തയ്യാറാക്കുന്ന കാര്യമോർക്കുമ്പോൾ പലരും ചെടികൾ വളർത്തുവാൻ തന്നെ മടിക്കും. ഈ സാധ്യത പരമാവധി പ്രയോജനപെടുത്തുക എന്നതിലാണ് സംരംഭകന്റെ വിജയം.

ഈർപ്പം കയറാത്ത നല്ല പ്ലാസ്റ്റിക് ബാഗുകളിൽ നിറച്ച മിശ്രിതം നേരിട്ടോ അല്ലെങ്കിൽ അടുത്തുള്ള നഴ്സറികൾ വഴിയോ വിപണനം ചെയ്യാം. പത്തിഞ്ച് വലുപ്പമുള്ള പൂച്ചട്ടി നിറയ്ക്കാനുള്ള മിശ്രിതം മതി ഒരു ബാഗിൽ. മിശ്രിതം നിറയ്ക്കുന്നതിനുമുമ്പ് ചട്ടിയുടെ അടിയിൽ, നീർവാർച്ചക്കായി വയ്ക്കാനുള്ള ഓടിന്റെ കഷണങ്ങൾ കൂടി പ്ലാസ്റ്റിക് ബാഗിൽ പ്രത്യേകം കവറിൽ ഉൾപ്പെടുത്തിയാൽ വാങ്ങുന്നവർ അത് മാത്രമായി അന്വേഷിച്ചു നടക്കേണ്ട ആവശ്യം വരില്ല. 

നമ്മുടെ നാട്ടിലെ മണ്ണിനും മഴവെള്ളത്തിനും നേരിയ അമ്ല സ്വഭാവമുള്ളതുകൊണ്ടു എല്ലാത്തരം മിശ്രിതത്തിലും അൽപം കുമ്മായം ചേർക്കാൻ ശ്രദ്ധിക്കണം. പ്ലാസ്റ്റിക് കവറിൽ പായ്ക്ക് ചെയ്ത മിശ്രിതം സൂക്ഷിച്ചുവയ്ക്കുമ്പോൾ പൂപ്പൽ ഉണ്ടാകാതിരിക്കാനും കുമ്മായം ഉപകരിക്കും. പ്രധാനപ്പെട്ട അലങ്കാരച്ചെടികളുടെ മിശ്രിതം തയാറാക്കുന്നത് നോക്കാം. 

  • പൂച്ചെടികൾ, ഇലച്ചെടികൾ  
gardening-1

റോസ്, ചെമ്പരത്തി, മുല്ല തുടങ്ങിയ പൂച്ചെടികളും ഡ്രസീന, ക്രോട്ടൺ തുടങ്ങിയ ഇലച്ചെടികളുമെല്ലാം നേരിട്ടു മഴ കൊള്ളുന്നിടത്തു വളരുന്നതിനാൽ നീർവാർച്ചയുള്ള മിശ്രിതമാണ് വേണ്ടത്. 2 ഭാഗം ആറ്റുമണൽ, ഒരു ഭാഗം വീതം നല്ല ചുവന്ന മണ്ണും, ചകിരിച്ചോറും, വളമായി നന്നായി ഉണങ്ങിയ ഒരു കപ്പ് ആട്ടിൻകഷ്ട്ടവും. ഒപ്പം അൽപം കുമ്മായവും. മിശ്രിതം തയ്യാറാക്കി 1 -2 ദിവസം നല്ല വെയിലത്തുണക്കി കീടമുക്തമാക്കിയ ശേഷം ബാഗിലാക്കി വിപണനത്തിനായി തയാറാക്കാം.

  • വെർട്ടിക്കൽ ഗാർഡൻ ചെടികൾ

ഭിത്തിയിലോ ഫ്രെയ്മിലോ തയ്യാറാക്കുന്ന വെർട്ടിക്കൽ ഗാർഡിനിൽ വലുപ്പം കുറഞ്ഞ ചട്ടികളിലാണ് ചെടികൾ വളർത്തുക. ഇത്തരം ചട്ടികളിൽ വേഗത്തിൽ വെള്ളം വാർന്നു പോകുന്നതും ഒപ്പം ഭാരം കുറഞ്ഞതുമായ മിശ്രിതമാണ് വേണ്ടത്. അതുകൊണ്ടു ആറ്റുമണൽ ഒഴിവാക്കി പകരം പെർലൈറ്റ് ഉപയോഗിക്കാം. കൂടാതെ ചുവന്ന മണ്ണും വളരെ കുറച്ചുചേർത്താൽ മതി. രണ്ടു ഭാഗം ചകിരിച്ചോറ്, ഒരുഭാഗം പെർലൈറ്റ്, അര ഭാഗം ചുവന്ന മണ്ണ്, വളമായി അര ഭാഗം മണ്ണിരക്കകമ്പോസ്റ്റും, അൽപം കുമ്മായവും ചേർത്ത് കലർത്തിയതാണ് മിശ്രിതമായി വേണ്ടത്. നന്നായി ഉണക്കി യെടുത്ത മിശ്രിതം 4 -5 ചട്ടികൾ നിറയ്ക്കാനുള്ള അളവ് ഒരു പ്ലാസ്റ്റിക് ബാഗിൽ നിറച്ചു തയാറാക്കാം.

  • അലങ്കാര ഓർക്കിഡുകൾ

നമ്മുടെ നാട്ടിൽ പരിപാലിക്കുന്ന ഡെൻഡ്രോബിയം, ഫലനോപ്സിസ്, കാറ്റ്ലീയ ഉൾപ്പടെ പല ഓർക്കിഡികളും ചട്ടിയിൽ വളർത്താൻ ഒരേ തരത്തിലുള്ള നടീൽമിശ്രിതം മതി. ഇതിൽ  രണ്ടു ഘടകങ്ങളാണുള്ളത്; മരക്കരിയും ഓടിന്റെ കഷ്ണങ്ങളും. 1-1 1/2 ഇഞ്ച് വലുപ്പത്തിലുള്ള കഷണങ്ങൾ വിപണിയിൽ ലഭ്യമായ കുമിൾനാശിനി ലായനിയിൽ ഒരു മണിക്കൂർ മുക്കിവെച്ച ശേഷം നല്ല വെയിലത്തിട്ട് ഉണക്കിയെടുത്തത് പ്ലാസ്റ്റിക് കവറിൽ പാക്ക് ചെയ്തു തയാറാക്കാം. അധികം വലുപ്പമില്ലാത്ത ചട്ടികളിലാണ് ഓർക്കിഡ് വളർത്തുന്നത് എന്നതിനാൽ 4 - 5 ചട്ടികൾ നിറയ്ക്കാനുള്ള മിശ്രിതം ഒരു കവറിലാക്കി വയ്ക്കാം.

  • സക്ക്യൂലന്റ് ചെടികൾ

വീടിന്റെ വരാന്തയിലും അകത്തളത്തിലും വളർത്തുന്ന അലോ, മദർ ഇൻലോസ് ടങ് പ്ലാന്റ്,  ജെയ്ഡ് പ്ലാന്റ്, കള്ളിച്ചെടികൾ, സീ സീ പ്ലാന്റ് തുടങ്ങിയവയ്ക്കെല്ലാം നന  വളരെ കറച്ചു മതി. നനജലം അധികം തങ്ങിനിന്നാൽ ചെടി നശിച്ചു പോകും.  ഒരേ അനുപാതത്തിൽ എടുത്ത ആറ്റു മണലും ചകിരിച്ചോറും കലർത്തിയതിൽ വളമായി മണ്ണിരക്കമ്പോസ്റ്റ് ചേർക്കാം. കൂടാതെ, ഇതിൽ അൽപ്പം കുമ്മായവും നന്നായി പൊടിച്ചെടുത്ത ചിരട്ടക്കരിയും കൂടി കലർത്തി മിശ്രിതം തയാറാക്കാം.

അഡീനിയം ഇന്ന് മലയാളികൾക്ക് ഏറെ താൽപര്യമുള്ള ചെടിയാണ്. അതുകൊണ്ടുതന്നെ അവയുടെ ഉൽപാദനവും വിപണനവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അതേക്കുറിച്ചു നാളെ

English summary: Garden Money Making Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com