വീടു ‘പച്ച’ പിടിച്ചു, ഒപ്പം ആരോഗ്യവും

HIGHLIGHTS
  • കോവിഡ് കാലത്തെ അതിജീവിക്കാനുള്ള രക്ഷാമാർഗം
indoor-plants
SHARE

പുറത്തിറങ്ങാതെ അടച്ചൊതുങ്ങി കഴിഞ്ഞ കാലത്ത് ഉദ്യാനമൊരുക്കലിനെക്കുറിച്ചുള്ള കാഴ്ചപ്പാടിലും മാറ്റങ്ങൾ വന്നു. വീട്ടിനുള്ളിലും പച്ചപ്പ് വിരിയിക്കാനുള്ള വഴികൾ മലയാളികളും സ്വീകരിച്ചു തുടങ്ങി. ഇതോടെ വരാന്ത മുതൽ അടുക്കള വരെ പച്ചപ്പു പകരുന്ന ഇൻഡോർ പ്ലാന്റുകളുടെ വലിയ വിപണിയും തുറന്നിരിക്കുകയാണ്. കോവിഡ് കാലത്തു വീട്ടിൽ തന്നെ ഇരുന്നപ്പോഴാണു പലരും വീടകം എങ്ങനെ ഭംഗിയുള്ളതാക്കാമെന്നു ചിന്തിച്ചത്. അതിന് സഹായകമാകുന്നു ധാരാളം ഇൻഡോർ പ്ലാന്റുകളും വിപണിയിലെത്തി. നഴ്സറികൾ ഇത്തരം ചെടികൾക്കുമാത്രമായി കടകളും ഔട്‌ലെറ്റുകളും തുറക്കുന്നതും അവിടങ്ങളിലെല്ലാം കച്ചവടം പൊടിപൊടിക്കുന്ന കാഴ്ചയും നമുക്കു മുന്നിലുണ്ട്.  ആവശ്യക്കാർ വർധിച്ചതോടെ ഇൻഡോർ പ്ലാന്റ് നഴ്സറികൾ പലയിടങ്ങളിലും പുതുതായി ആരംഭിച്ചു കഴിഞ്ഞു. ഓഫിസുകളിലും ഇന്ന് ഇൻഡോർ പ്ലാന്റുകൾ ട്രെൻഡായി മാറിക്കഴിഞ്ഞു. വീടകങ്ങളെ മനോഹരമാക്കാൻ ഉതകുന്ന ചെടിച്ചട്ടികൾക്കും ആവശ്യക്കാരായി.

ബോൺസായ് മരങ്ങളും വീടിന്റെ അകത്തളങ്ങളിൽ സ്ഥാനം പിടിക്കുന്നുണ്ട്. ആന്തൂറിയം, ഓർക്കിഡുകൾ ഇവയെല്ലാം ഇൻഡോർ പ്ലാന്റ് നഴ്സറികളിൽ എത്തുന്നു. മണി പ്ലാന്റ്, കലേഡിയം, കറ്റാർവാഴ, ബാംബൂ പാം, സ്പൈഡർ പ്ലാന്റ്, ഡ്രസീന, സ്നേക്ക് പ്ലാന്റ്, എയർ പ്ലാന്റ്, പീസ് ലില്ലി എന്നിവയൊക്കെയാണ് ഇൻഡോർ പ്ലാന്റുകളിൽ ഏറ്റവും പ്രിയമുള്ളവയെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.

വീടിനുള്ളിലെ വായു ശുദ്ധമാക്കാനും പൂപ്പൽ, ബാക്ടീരിയ എന്നിവയെ ചെറുക്കാനും കഴിവുള്ള കറ്റാർ വാഴയും ഫോർമാൽഡിഹൈഡ്, ബെൻസീൻ, ട്രൈക്ലോറോ എത്ത്ലീൻ എന്നിവ വലിച്ചെടുക്കാൻ കഴിവുള്ള ബാംബൂ പാം, വിഷാംശം ആഗിരണം ചെയ്യാനും കൂടുതൽ ഓക്സിജൻ പുറത്തുവിടാനും കഴിവുള്ള ഡ്രസീന, വായു ശുദ്ധീകരണത്തിനുള്ള കഴിവ് തെളിയിച്ച സ്നേക്ക് പ്ലാന്റ് എന്നിവയൊക്കെ വീടിനുള്ളിൽ വളർത്താൻ കഴിയുന്നവയാണ്.

ഇൻഡോർ പ്ലാന്റ് നഴ്സറികളിൽ വിൽക്കുന്നതു ചെടികൾ മാത്രമല്ല. ഇവയുടെ പരിപാലനത്തിനായുള്ള വിവിധ ഉപകരണങ്ങളും കീടനാശിനികളും വളങ്ങളും കൂടിയാണ്. ചെടിച്ചട്ടികൾ, സെൽഫ് വാട്ടറിങ് പോട്ടുകൾ, പെബിൾസ്, കത്രികകൾ, ഹാങ്ങിങ് റോപ്പുകൾ തുടങ്ങിയവ. ജൈവ കീടനാശിനികൾ, ജൈവ വളങ്ങൾ, ഗാർഡൻ ടൂൾസ് എന്നിവയുടെ കച്ചവടവും ഇതോടൊപ്പം നല്ല രീതിയിൽ നടക്കുന്നു.

കോവിഡ് കാലത്ത് വീടിനുള്ളിൽ അടച്ചുപൂട്ടിയിരുന്നപ്പോൾ അടുക്കളത്തോട്ട പരിപാലനവും സ്വന്തമായി പച്ചക്കറി ഉൽപാദിപ്പിക്കാനുള്ള ഉത്സാഹവും വീടുകളിൽ നിറഞ്ഞതു പോലെയാണ് സ്വീകരണമുറികളെ മനോഹരമാക്കാനുള്ള ചിന്തകളും ഉണർന്നത്. ഇത് പല സംരംഭകർക്കും കോവിഡ് കാലത്തെ അതിജീവിക്കാനുള്ള രക്ഷാമാർഗമായി മാറുകയും ചെയ്തു. വിദേശങ്ങളിൽ നിന്നടക്കം എത്തുന്ന വിവിധ ഇൻഡോർ പ്ലാന്റുകളെ ശാസ്ത്രീയമായി വളർത്തിയെടുത്ത് നഴ്സറികൾക്കും വിൽപനശാലകൾക്കും നൽകുന്ന ചെറുതും വലുതുമായ വീട്ടുസംരംഭങ്ങളും വിജയപാതയിലാണ്.

English summary: Best Indoor Plants In Our Home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FLORICULTURE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA