ADVERTISEMENT

അടയ്ക്കയാണെങ്കില്‍ മടിയില്‍ വയ്ക്കാം. തെങ്ങാണെങ്കിലോ? തെങ്ങാണെങ്കിലും മടിയില്‍വയ്ക്കാമെന്നാണ് സുധാകരന്‍ പറയുന്നത്. സംശയമുണ്ടെങ്കില്‍ കാക്കൂര്‍-നരിക്കുനി റോഡില്‍ പി.സി. പാലത്തെ അമ്പാടി എന്ന വീട്ടില്‍വന്നു നോക്കൂ. വീട്ടുമുറ്റത്ത് കാര്‍പോര്‍ച്ചിനു പിറകില്‍ സുധാകരന്‍ വളര്‍ത്തുന്ന തെങ്ങുകള്‍ക്ക് കഷ്ടിച്ച് ഒന്നരയടി പൊക്കമേയുള്ളൂ.

bonasi-coconut-tree
സുധാകരന്‍

വീടുകളില്‍ ബോണ്‍സായ് മരങ്ങള്‍ വയ്ക്കാനിഷ്ടമില്ലാത്ത ആരുമുണ്ടാവില്ല. ആലും അത്തിയും മാവും മുതല്‍ നാട്ടിലുള്ള സകല മരങ്ങളും ബോണ്‍സായ് ആക്കി മാറ്റുന്നവരുണ്ട്. എന്നാല്‍, സുധാകരന്‍ തെങ്ങ് ബോണ്‍സായ് രീതിയില്‍ വളര്‍ത്തിയെടുത്താണ് നാട്ടുകാരെ ഞെട്ടിക്കുന്നത്. തെങ്ങ് ബോണ്‍സായ് ആക്കുന്നവര്‍ കുറവായതിനാല്‍ സുധാകരനെ തേടി അനേകം ആവശ്യക്കാരും എത്താറുണ്ട്.

എയര്‍കണ്ടീഷന്‍ ടെക്‌നീഷ്യനായി സൗദി അറേബ്യയിലെത്തിയ സുധാകരന്‍ 40 വര്‍ഷത്തെ പ്രവാസജീവിതത്തിനുശേഷം രണ്ടു വര്‍ഷം മുന്‍പാണ് നാട്ടിലേക്കു മടങ്ങിവന്നത്. സൗദിയിലെ ഫിലിപ്പീനി സുഹൃത്താണ് തെങ്ങ് ബോണ്‍സായ് ആക്കിമാറ്റുന്ന വിദ്യ പഠിപ്പിച്ചത്. കേരളത്തിലേതുപോലെ അവരുടെ നാട്ടിലും തെങ്ങ് ഇഷ്ടംപോലെയുണ്ട്. പിന്നീട് അവധിക്ക് നാട്ടില്‍വന്ന് മടങ്ങിപ്പോകുമ്പോള്‍ സുധാകരന്‍ രണ്ടോ മൂന്നോ തേങ്ങയും കൊണ്ടുപോവാറുണ്ട്. ഇതു ബോണ്‍സായ് ആക്കിമാറ്റിയാണ് പരിശീലനം നേടിയത്.

തേങ്ങ മുളപൊട്ടുന്നതുവരെ കാത്തിരിക്കണം. ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഫലം ചെയ്യുമെന്ന പഴഞ്ചൊല്ല് സത്യമാണെന്ന് സുധാകരന്റെ ക്ഷമ തെളിയിക്കും. മുളപൊട്ടിയാല്‍ സസൂക്ഷ്മം ചകിരി പൊളിച്ചുമാറ്റി ചിരട്ടയോടെ തേങ്ങ കുപ്പിയിലാക്കും. ചിരട്ട വൃത്തിയായി പോളിഷ് ചെയ്യും. ഇങ്ങനെ ഒന്നരവര്‍ഷത്തോളം സമയമെടുത്താണ് തെങ്ങിന്‍തൈ ബോണ്‍സായ് ആക്കിമാറ്റുന്നത്. 

ചിരട്ടയ്ക്കു താഴെ വേരുകള്‍ക്കിടയില്‍ വീടും പൂന്തോട്ടവും അക്വേറിയവുമൊക്കെയായി കരകൗശലപ്പണികള്‍ നടത്തി മനോഹരമാക്കുന്നതും സുധാകരന്‍തന്നെയാണ്. ഓരോ ബോണ്‍സായ് തെങ്ങിനും ഇണങ്ങുന്ന മണ്‍ചട്ടിയുണ്ടാക്കുന്നതും സുധാകരനാണ്. സ്‌കൂളുകളിലും സ്ഥാപനങ്ങളിലും വിരമിക്കല്‍ ചടങ്ങുകള്‍ക്ക് പ്രകൃതിസൗഹദസമ്മാനമെന്ന രീതിയില്‍ സുധാകരന്‍ നിര്‍മിച്ച ബോണ്‍സായ് തെങ്ങുകള്‍ നല്‍കാറുണ്ട്. ഡല്‍ഹിയും ബംഗളൂരുവും മുതല്‍ കോഴിക്കോട് വരെയുള്ള വിവിധ നഗരങ്ങളിലെ വിവിധ ഓഫിസുകളിലും സുധാകരന്റെ ബോണ്‍സായ് തെങ്ങ് അലങ്കാരമായി ഇരിപ്പുണ്ട്.

ഭാര്യ ജയശ്രീയും മകള്‍ കിഴക്കേനടക്കാവ് എസ്ബിഐയിലെ ഓഫിസര്‍ നീതുവും എംടെക് വിദ്യാര്‍ഥിയായ മകന്‍ വൈഷ്ണവും സുധാകരനു പിന്തുണയുമായി ഒപ്പമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com