കണ്ണൂര്‍ ഫ്‌ളവര്‍ ഷോയിലെ താരപ്പകിട്ട്; ഒട്ടേറെ സവിശേഷതകളുമായി റിങ്കുവിന്റെ ഉദ്യാനം

HIGHLIGHTS
  • 18 അടി നീളവും 10 അടി ഉയരവുമുള്ള ഹരിത ഭിത്തി
  • കാലാവസ്ഥ നോക്കി ആവശ്യമെങ്കില്‍ രണ്ടു നേരം നന
home-garden-rinku
റിങ്കു
SHARE

വിവാഹശേഷം 15 വര്‍ഷമായി ഭര്‍ത്താവിന്റെ വീട്ടിലെ പൂന്തോട്ടം മെച്ചപ്പെടുത്തി പരിപാലിക്കുകയും  മത്സരിച്ചപ്പോഴെല്ലാം കണ്ണൂര്‍ ഫ്‌ളവര്‍ ഷോയില്‍ സമ്മാനം നേടുകയും ചെയ്ത റിങ്കു നവീന്‍ എന്ന വീട്ടമ്മയെയാണ് 'എന്റെ പൂന്തോട്ടം' പരമ്പരയില്‍ ഇത്തവണ പരിചയപ്പെടുത്തുന്നത്.

കണ്ണൂര്‍, താളിക്കാവ്, അശോക വീട്ടില്‍ റിങ്കുവിനെ ആദ്യകാലത്തു സഹായിക്കാന്‍ ഭര്‍ത്താവ് നവീന്‍ പവിത്രന്റെ മാതാപിതാക്കളുണ്ടായിരുന്നു, അവര്‍ക്കു പ്രായാധിക്യമായതോടെ പിന്നെ പൂച്ചെടി പരിപാലനം മിക്കവാറും ഒറ്റയ്ക്കായി. ഒഴിവുസമയങ്ങളില്‍ നവീന്‍ സഹായത്തിനെത്തും. എംബിഎ ബിരുദമുള്ള റിങ്കു ഭര്‍തൃകുടുംബത്തിന്റെ ആയുര്‍വേദ കമ്പനിയുടെ നടത്തിപ്പില്‍ സഹായിക്കുന്നു. രാവിലെയും വൈകുന്നേരവുമാണ് ഉദ്യാനപാലനം. വീട്ടുവളപ്പില്‍തന്നെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഉയരത്തിലുള്ള കെട്ടിടങ്ങള്‍ കാരണം വീടിനു ചുറ്റും പല ഭാഗത്തും പാതി തണലാണ്. അതിനാല്‍ ഉദ്യാനത്തില്‍ അധികവും പാതി തണലത്തു വളരുന്ന ഇലച്ചെടികളാണ്. മുല്ല, ചെമ്പരത്തി, നന്യാര്‍വട്ടം, അശോകം, ചെമ്പകം, ചെത്തി തുടങ്ങിയ പരമ്പരാഗത ചെടികള്‍ക്കൊപ്പം അഡീനിയം, അഗ്ലോനിമ, യൂഫോര്‍ബിയ, ഓര്‍ക്കിഡ്, ആന്തൂറിയം, ബ്രൊമീലിയാഡ് എന്നീ നവീന ഇനങ്ങളും ഉള്‍പ്പെടുന്ന ബ്രഹത്തായ ശേഖരമാണ് ഈ പൂന്തോട്ടം. 

സ്ഥലസൗകര്യമനുസരിച്ചു മുറ്റത്തും വരാന്തയിലും ടെറസ്സിലുമായാണ് ചെടികള്‍. നിലത്തും ചട്ടിയിലുമായാണ് വളര്‍ത്തുന്നത്. പ്രൂണിങ്, ചട്ടികളിലെ നടീല്‍മിശ്രിതം മാറ്റി പുതിയതിലേക്കു നടീല്‍, ടെറാക്കോട്ട ചട്ടികള്‍ക്കു പെയിന്റ് അടിക്കല്‍ തുടങ്ങിയവയ്ക്കു പണിക്കാരെ വിളിക്കും. ചെടികളുടെ ദിവസേനയുള്ള പരിചരണം വീട്ടുകാര്‍ തന്നെയാണ് ചെയ്യുന്നത്. അടുക്കളയിലെ പച്ചക്കറി അവശിഷ്ടങ്ങള്‍, വേപ്പിന്‍പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലുപൊടി ഇവ വെള്ളത്തില്‍ പുളിപ്പിച്ചെടുത്തതിന്റെ തെളി നേര്‍പ്പിച്ചതാണ് ചെടികള്‍ക്കു വളം. വീടിന്റെ മിക്ക ഭാഗത്തും തണലായതുകൊണ്ട് പല ചെടികളും  ദിവസവും നനയ്‌ക്കേണ്ടതില്ല. സ്‌നേക്ക് പ്ലാന്റ്, സീസീ പ്ലാന്റ് ഇവയ്‌ക്കെല്ലാം ആഴ്ചയില്‍ ഒരിക്കല്‍ മതി നന.

home-garden-rinku-3
vertical garden

വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ 

ഉദ്യാനത്തിലെ മുഖ്യ ആകര്‍ഷണം അലങ്കാര ഇലച്ചെടികള്‍കൊണ്ട് ഭിത്തിയിലൊരുക്കിയ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ആണ്. 18 അടി നീളവും 10 അടി ഉയരവുമുള്ള ഈ ഹരിത ഭിത്തി പൂമുഖത്താണുള്ളത്. സിറ്റ്ഔട്ടിലും വരാന്തയിലും ഇരുന്നാല്‍ നേരിട്ടു കാണാവുന്ന ഈ ഉദ്യാനത്തിന്റെ രൂപകല്‍പനയും  ചെടികളുടെ ക്രമീകരണവുമെല്ലാം ചെയ്തതു നവീന്‍ ആണ്.  പാതി തണലുള്ളിടത്ത് പല നിറങ്ങളില്‍ ഇലകളുള്ള റീയോ, സ്‌പൈഡര്‍ പ്ലാന്റ്, സിങ്കോണിയം ചെടികള്‍കൊണ്ട് ആകര്‍ഷകമായ ഡിസൈനില്‍ ഒരുക്കിയ വെര്‍ട്ടിക്കല്‍ ഗാര്‍ഡനില്‍ ഈ വീട്ടമ്മയുടെ കലാബോധം പ്രകടം. ഇതിലെ ചെടികള്‍ക്ക് നന വളരെ ശ്രദ്ധിച്ചുവേണമെന്നു റിങ്കു പറയുന്നു. വെള്ളം അധികമായാല്‍ ചെറിയ ചട്ടികളില്‍ വളരുന്ന ഈ ചെടികള്‍ ചീഞ്ഞുപോകാനിടയുണ്ട്. കാലാവസ്ഥ നോക്കി ആവശ്യമെങ്കില്‍ രണ്ടു നേരം  നനയ്ക്കുന്നു. വെര്‍ട്ടിക്കല്‍ ഗാര്‍ഡനിലെ ചെടികള്‍ക്ക് ദ്രവരൂപത്തിലുള്ള ജൈവവളമാണ് കൊടുക്കുന്നത്. 

വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ ചുവട്ടില്‍ ഡ്രൈ ഗാര്‍ഡനും ഒരുക്കിയിട്ടുണ്ട്. ഇതില്‍ നിലം ഭൂരിഭാഗവും വെള്ളാരംകല്ലുകള്‍ നിരത്തിയും ബാക്കിയുള്ളിടത്ത് ഗ്രൗണ്ട് കവര്‍ ചെടികളും കൊണ്ടു മോടിയാക്കിയിരിക്കുന്നു. സീസീ പ്ലാന്റ്, പീസ് ലില്ലി, ഡ്രസീന, സ്‌നേക്ക് പ്ലാന്റ്, മിനിയേച്ചര്‍ ആല്‍ മരം തുടങ്ങി തിരഞ്ഞെടുത്ത ഏതാനും ചെടികള്‍ മാത്രം നിലത്തും ചട്ടിയിലുമായി പരിപാലിച്ചു പോരുന്നു.

home-garden-rinku-8
sit out

സിറ്റൗട്ടിലെയും വരാന്തയിലെയും പച്ചപ്പ് 

കടും നീല നിറത്തില്‍ ഭിത്തിയുള്ള സിറ്റ്  ഔട്ടില്‍ ഇളം പച്ച നിറത്തില്‍ ഇലകളുള്ള ഇലച്ചെടികള്‍ വച്ചാണ് അലങ്കരിച്ചിരിക്കുന്നത്. തൂക്കുചട്ടികളിലും സ്റ്റാന്‍ഡിലും ടീപോയിലുമായി മണി പ്ലാന്റ്, ഫിലോഡെന്‍ഡ്രോണ്‍, പെടിലാന്തസ്, സാനഡു, സിങ്കോണിയം, ലക്കി ബാംബൂ തുടങ്ങിയിയവ സജ്ജീകരിച്ചിരിക്കുന്നു.  വെള്ളനിറത്തിലുള്ള സ്റ്റാന്‍ഡില്‍ ഐവറി നിറമുള്ള സെറാമിക് ചട്ടികളിലെ  ചെടികളും കസേരയ്ക്കു പിന്നില്‍ പൂവിട്ടു നില്‍ക്കുന്ന കോളാമ്പിച്ചെടിയുടെ മഞ്ഞപ്പൂക്കളും സിറ്റൗട്ടിനു വേറിട്ട ഭംഗി നല്‍കുന്നുണ്ട്.

home-garden-rinku-5

വാരാന്തയില്‍ പെരുമാറാനുള്ള സ്ഥലം കഴിഞ്ഞാല്‍ ബാക്കിയുള്ളിടത്തു സ്റ്റാന്‍ഡിലും സെറാമിക് ചട്ടികളിലും പല തരം ഇലച്ചെടികള്‍. ഇവയില്‍ അഗ്‌ളോനിമ, ഡ്രസീന, മണി പ്ലാന്റ് ഇവയാണ് മുഖ്യ ആകര്‍ഷണം.

home-garden-rinku-6
terrace garden

ടെറസ് ഗാര്‍ഡന്‍

നാലഞ്ചു മണിക്കൂര്‍ നേരിട്ട് വെയില്‍ കിട്ടുന്ന വീടിന്റെ ഏക ഇടം ടെറസ് ആണ്. ഇവിടെയാണ് ബൊഗൈന്‍വില്ല, അഡീനിയം, ചെത്തി, ചെമ്പരത്തി തുടങ്ങിയ പൂച്ചെടികള്‍ ചട്ടികളില്‍ പരിപാലി ച്ചിരിക്കുന്നത്. നിറയെ പൂവിട്ടുനില്‍ക്കുന്ന ബൊഗൈന്‍വില്ലയാണ് താരം. വലിയ ചട്ടികളില്‍ വളര്‍ ത്തിയിരിക്കുന്ന ബൊഗൈന്‍വില്ല പൂക്കാലം കഴിഞ്ഞാല്‍ പിന്നെ നന്നായി കമ്പു കോതി നിര്‍ത്തും. എങ്കില്‍ മാത്രമേ അടുത്ത സീസണില്‍ വീണ്ടും സമൃദ്ധമായി പുഷ്പിക്കൂ. കടലപ്പിണ്ണാക്ക് ചേര്‍ത്ത് പുളിപ്പിച്ചു നേര്‍പ്പിച്ചെടുത്ത ജൈവവളം ഈ ചെടി പൂവിടാന്‍ നല്ലതാണെന്ന് റിങ്കു. ടെറസിന്റെ നിലം നന്നായി ബലപ്പെടുത്തിയശേഷമാണ് ഇവിടെ ചെടികള്‍ വച്ചിരിക്കുന്നത്.

home-garden-10

തണല്‍ വീട്

റിങ്കുവിന്റെ ഓര്‍ക്കിഡ്, ആന്തൂറിയം, ബ്രൊമീലിയാഡ് ശേഖരം എല്ലാം നെറ്റ് ഉപയോഗിച്ചു തയാറാക്കിയ  രണ്ട്  തണല്‍വീടിനുള്ളിലെ സ്റ്റാന്‍ഡുകളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഡെന്‍ഡ്രോബിയം, ഫലനോപ്‌സിസ്, ഡാന്‍സിങ് ഗേള്‍ ഇവയാണ് ശേഖരത്തിലെ മുഖ്യ ഓര്‍ക്കിഡ് ഇനങ്ങള്‍. ഇവയെല്ലാം തന്നെ തൂക്കുചട്ടികളിലാണ് വളര്‍ത്തുന്നത്. മുന്‍പേയുള്ള കട്ട് ഫ്‌ളവര്‍ ഇനങ്ങള്‍ക്കൊപ്പം പുതിയ മിനിയേച്ചര്‍ ഇനങ്ങളും ചേര്‍ന്നതാണ് ആന്തൂറിയം ശേഖരം. നിയോറിജേലിയ, ഗുസ്മാനിയ, അക്കമിയ, ബില്‍ബെര്‍ജിയ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ബ്രൊമിലിയാഡ് ശേഖരം. ഇവയില്‍ ഗുസ്മാനിയ, അക്കമിയ, ബില്‍ബെര്‍ജിയ എന്നിവ പൂവിട്ടാലാണ് കൂടുതല്‍ ഭംഗി. കുത്തനെ നാട്ടിയ പിവിസി. പൈപ്പ് മുഴുവനായി പൊതിയുന്ന വിധത്തില്‍ ഡാന്‍സിങ് ഗേള്‍ ഓര്‍ക്കിഡ് ചുറ്റും കെട്ടിവച്ച് ആകര്‍ഷമാക്കിയിട്ടുണ്ട്. മറ്റു ചെടികള്‍ക്കു നല്‍കുന്ന ജൈവവളം കൂടാതെ ഓര്‍ക്കിഡിനും ആന്തൂറിയത്തിനും നന്നായി പുഷ്പിക്കാന്‍ രാസവളം 19:19:19 നേര്‍പ്പിച്ചത് നല്‍കുന്നുണ്ട്. 

ഗാര്‍ഡന്‍ ഹട്ട്

റിങ്കു- നവീന്‍ ദമ്പതികള്‍ക്കു രണ്ട് ആണ്‍മക്കളാണുള്ളത്. ഇവര്‍ക്ക് ഉല്ലസിക്കാനൊരുക്കിയ  നീന്തല്‍ കുളത്തിനു ചുറ്റും ചെടികളാണ്. ഗാര്‍ഡന്‍ ഹട്ടും ഉണ്ട്. ഗാര്‍ഡന്‍ ഹട്ടിന്റെ മേല്‍ക്കൂരയ്ക്കു പച്ചപ്പ് നല്‍കാന്‍ കോളാമ്പിച്ചെടി പടര്‍ത്തിക്കയറ്റിയിട്ടുണ്ട്. നിറയെ മഞ്ഞ പൂവിട്ടു നില്‍ക്കുന്ന ഈ വള്ളിച്ചെടി ഗാര്‍ഡന്‍ ഹട്ടിനു വേറിട്ട ഭംഗി നല്‍കുന്നു. തൂക്കുചട്ടികളിലുള്ള ബോസ്റ്റണ്‍ ഫേണും, സിങ്കോണിയവും, നിലത്തു സെറാമിക് ചട്ടികളിലും, ടെറാക്കോട്ട ചട്ടികളിലും വളരുന്ന കാലത്തിയ, അഡീനിയം, അഗ്‌ളോനിമ, നന്യാര്‍വട്ടം, ബോള്‍ അരേലിയ എല്ലാം ഈ ഭാഗത്തെ ഹരിതമയമാക്കുന്നു. 

home-garden-rinku-7
backyard

പൂമുഖംപോലെ പിന്‍വശവും 

വീടിന്റെ പിന്‍ഭാഗം വഴിയാണ് കമ്പനിയിലേക്കു പ്രവേശനം. അതുകൊണ്ട് അവിടവും പൂമുഖം പോലെതന്നെ മോടിയായിട്ടു പരിപാലിക്കുന്നു. കമ്പി അഴി തയാറാക്കി അതില്‍ തൂക്കുചട്ടികളില്‍ കരുത്തോടെ വളരുന്ന  ടര്‍ട്ടില്‍ വൈന്‍, വാന്‍ഡറിങ് ജ്യൂ, റിയോ, ക്രീപിങ് ചാര്‍ലി എല്ലാം ഇല ച്ചെടികളുടെ നിറച്ചാര്‍ത്തു  നല്‍കുന്നു. ഇവയ്ക്കു താഴെ മതിലിനോടു ചേര്‍ന്ന് കൂട്ടമായി വളരുന്ന  യൂഫോര്‍ബിയ, ഹെലിക്കോണിയ പൂച്ചെടികളും വഴിക്ക് അതിരു തിരിക്കുന്ന മൗസ് ടെയില്‍ ഫിലാന്തസ്സും എല്ലാം കൂടി വീടിന്റെ പിന്‍വശവും  മനോഹരമാക്കുന്നു. 

home-garden-rinku-9

കാര്‍ ഷെഡും ഹരിതമയം 

സിമന്റ് തട്ടുണ്ടാക്കി അതില്‍ വലിയ ചട്ടികളിലാണ് കാര്‍ ഷെഡിലെ പരിമിതമായ സ്ഥലത്തു ചെടികള്‍ വച്ചിരിക്കുന്നത്. വശത്തെ ഭിത്തി മറയ്ക്കുന്ന വിധത്തില്‍ പിന്നില്‍ നിരനിരയായി  സായാഗ്രസ്സ്, യെല്ലോ പാമുകള്‍.  മുന്‍പിലായി സിങ്കോണിയം, അഗ്ലോനിമ, ഡ്രസീന, പീസ് ലില്ലി എന്നിവയുമുണ്ട്.  

ഫോണ്‍: 9447646557

English summary: Beautiful garden at home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FLORICULTURE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA