ADVERTISEMENT

പത്തും പന്ത്രണ്ടും നില മുകളിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് തയാറാക്കുന്ന സ്‌കൈ ഗാര്‍ഡന്‍ പുതിയ ട്രെന്‍ഡാണ്.

പ്രഭാതത്തില്‍ കിളികളുടെ കലപില ശബ്ദം കേട്ട് ഉണരുക; ഒരു കപ്പ് കാപ്പിയുമായി വരാന്തയില്‍ ഇരുന്ന് പൂവിട്ടു നില്‍ക്കുന്ന ചെത്തിയും ചെമ്പരത്തിയും കണ്ട് ആസ്വദിക്കുക. നാട്ടിന്‍പുറത്തെ നഗരത്തിലെ വിശേഷമാണ് പറയുന്നത്. പട്ടണങ്ങളിലെയും നഗരങ്ങളിലെയും ഫ്‌ളാറ്റുകളില്‍ ഗ്രാമാന്തരീക്ഷം  ഒരുക്കുകയാണ് സ്‌കൈ ഗാര്‍ഡന്‍. പത്തും പന്ത്രണ്ടും നില മുകളിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് തയാറാക്കുന്ന സ്‌കൈ ഗാര്‍ഡന്‍ പുതിയ ട്രെന്‍ഡാണ്. ഉദ്യാനമേലാപ്പിലേക്ക് നോക്കിയാല്‍ ആകാശം കാണാം, മഴയും വെയിലും എല്ലാം നേരിട്ടു പതിക്കുന്ന ഉദ്യാനം.

ക്യാന്റിലിവര്‍ സംവിധാനത്തില്‍ ഫ്‌ളാറ്റിന് പുറത്തേക്ക് മുഴുവനായി തള്ളിനില്‍ക്കുന്ന ഓപ്പണ്‍ ഡെക്ക് അല്ലെങ്കില്‍ ബാല്‍ക്കണിയിലാണ് ആകാശോദ്യാനം ഒരുക്കുന്നത്. ഫ്ളാറ്റ് പണിയുമ്പോള്‍ത്തന്നെ ഇതിനുള്ള  സൗകര്യം ഉള്‍പ്പെടുത്തണം. ഇങ്ങനെ തയാറാക്കുന്ന ഉദ്യാനത്തിന്റെ അടിഭാഗത്ത് ഒന്നരയടി കനത്തിലെങ്കിലും മണ്ണു നിറച്ച് ചെടി നടാനുള്ള ക്രമീകരണവും വേണം. വെള്ളം വേഗത്തില്‍ വാര്‍ന്നു പോകാനായി വേണ്ടത്ര ചരിവു നല്‍കിയാണ് ഈ ഭാഗത്തെ തട്ട് കോണ്‍ക്രീറ്റ് ചെയ്യുക. ഒന്നരയടി ആഴത്തില്‍ പെട്ടിപോലെ ഒരുക്കുന്ന ഈ കോണ്‍ക്രീറ്റ് കള്ളിക്കുള്ളിലാണ് മണ്ണ് നിറയ്‌ക്കേണ്ടത്. ഏറ്റവും അടിയില്‍ ജിയോ ടെക്സ്‌റ്റൈല്‍ വിരിച്ച് അതിനു മുകളിലാണ് മണ്ണ് നിരത്തുക. അപ്പാര്‍ട്ടുമെന്റിന്റെ സിറ്റ് ഔട്ടിന്റെ അതേ നിരപ്പില്‍തന്നെ വേണം മണ്ണ് നിറയ്ക്കാന്‍. കെട്ടിടത്തിനു പുറത്തേക്ക് തള്ളിനില്‍ക്കുന്ന ഉദ്യാനമായതുകൊണ്ട് ചുറ്റും ആവശ്യത്തിന് ഉയരവും ബല വുമുള്ള അതിര്‍വേലി ഉണ്ടാവും. അധിക നനജലമോ മഴവെള്ളമോ തങ്ങിനില്‍ക്കാതെ വേഗത്തില്‍ വാര്‍ന്നുപോകാന്‍ താഴെ ഭാഗത്ത് ഡ്രെയ്‌നേജ് പൈപ്പുകള്‍ അത്യാവശ്യം. 

sky-garden-3

സ്ഥലസൗകര്യമനുസരിച്ച് 100 - 200 ചതുരശ്ര അടി വലുപ്പമുള്ള സ്‌കൈ ഗാര്‍ഡനാണ് സാധാരണ ഒരുക്കുന്നത്. ചെറുതെങ്കിലും ഈ ഉദ്യാനത്തിനൊരു രൂപകല്‍പന ആവശ്യമാണ്. വീട്ടുകാരുടെ താല്‍പര്യമനുസരിച്ച് ഇതില്‍  നടപ്പാതയും പുല്‍ത്തകിടിയും അലങ്കാരക്കുളവുമെല്ലാം ഉള്‍പ്പെടുത്താറുണ്ട്. മണ്ണിനടിയില്‍ നിറയെ വേരുപടലം ഉണ്ടാക്കുന്ന അലങ്കാരപ്പനകള്‍, മുള എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.  ഇവയ്ക്കരികില്‍ മറ്റു ചെടികളും പുല്ലും നന്നായി വളരില്ല. സിറ്റൗട്ടില്‍നിന്നുള്ള ദൂരക്കാഴ്ച ഒട്ടുമേ മറയാത്ത വിധത്തില്‍ വേണം ചെടികള്‍ നടാന്‍. അതിനാല്‍ വലിയ ഉയരം വയ്ക്കാത്ത ചെടികളാണ് ഈ ഭാഗങ്ങളില്‍ നല്ലത്. ഹാന്‍ഡ് റെയിലിനിടയില്‍ക്കൂടി പുറത്തേക്കു ഞാന്നു വളരുന്ന റസീലിയ, സിങ്കോണിയം, കൊങ്ങിണിയുടെ വള്ളി ഇനങ്ങള്‍, മണി പ്ലാന്റ് എന്നിവ സ്‌കൈ ഗാര്‍ഡനു യോജ്യം. ഏറെ സ്ഥലസൗകര്യമുള്ളവര്‍ക്ക് വരാന്തയോടു ചേര്‍ന്ന് പ്രത്യേകം തയാറാക്കിയ തട്ടുകളിലും  ചെടികള്‍ പരിപാലിക്കാം. ഈ ഭാഗത്തെ ഒരു ഭിത്തിയില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഒരുക്കിയും ആകാശോദ്യാനത്തിന്റെ ഭംഗിക്ക് മാറ്റുകൂട്ടാം. സ്‌കൈ ഗാര്‍ഡനില്‍ ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവനുസരിച്ചുവേണം ഇവിടെ വളര്‍ത്താനുള്ള അലങ്കാരപ്പുല്ലും ചെടികളും മറ്റും തിരഞ്ഞെടുക്കാന്‍. 

sky-garden-4

കിഴക്കുവശത്ത് രാവിലത്തെ ചാഞ്ഞ വെയില്‍ ഒരുവിധം നന്നായി കിട്ടുന്നതുകൊണ്ട് ഇവിടേക്ക് ഈ പരിസ്ഥിതിയില്‍ വളരുകയും പൂവിടുകയും ചെയ്യുന്ന ചെടികള്‍ തിരഞ്ഞെടുക്കാം. ഡെന്‍ ഡ്രോബിയം, ക്യാറ്റ്ലിയാ തുടങ്ങിയ അലങ്കാര ഓര്‍ക്കിഡുകള്‍, പത്തുമണിച്ചെടി, ബോസ്റ്റണ്‍ ഫേണ്‍ എന്നിവ ഹാന്‍ഡ് റെയിലില്‍ തൂക്കുചട്ടികളില്‍ വളര്‍ത്താം. പെന്റാസ്, കോസ്റ്റ്സ് ജിന്‍ജര്‍, ഹെലിക്കോണിയ, പീസ് ലില്ലി, കല്യാണസൗഗന്ധികം, എല്ലാം ഇവിടെ കൂട്ടമായോ നിരയായോ വളര്‍ത്താന്‍ യോജ്യമാണ്. ഹാന്‍ഡ് റെയിലില്‍ പടര്‍ന്നു കയറുന്ന വള്ളി ഇനമായി മണി പ്ലാന്റ് ഉപയോഗിക്കാം. നിലം നിറയ്ക്കാന്‍ പേള്‍ ഗ്രാസ് തിരഞ്ഞെടുക്കാം. മൂലയ്ക്ക് വലുപ്പമുള്ള  കലാത്തിയ സിഗാര്‍ ഇനം അല്ലെങ്കില്‍ ഹെലിക്കോണിയ നന്ന്.

sky-garden-2

തെക്കും വടക്കും ഭാഗങ്ങളിലെ സ്‌കൈ ഗാര്‍ഡനില്‍ പതിക്കുന്ന സൂര്യപ്രകാശം താരതമ്യേന കുറവായതുകൊണ്ട് പാതി തണലത്തു വളരുന്ന അലങ്കാരച്ചെടികളാണ് പറ്റിയത്. ഹാന്‍ഡ് റെയിലില്‍  ഡെന്‍ഡ്രോബിയം, ഫലനോപ്‌സിസ്, ബാസ്‌കറ്റ് വാന്‍ഡ തുടങ്ങിയ ഓര്‍ക്കിഡുകള്‍, ബോസ്റ്റണ്‍ ഫേണ്‍, ടര്‍ട്ടില്‍ വൈന്‍, സ്‌പൈഡര്‍ പ്ലാന്റ് എല്ലാം തൂക്കുചട്ടികളില്‍ പരിപാലിക്കാന്‍ യോജിച്ചവയാണ്. പീസ് ലില്ലി, ബിഗോണിയ, ബ്രസീലിയന്‍ കലാത്തിയ ഇനം, സ്‌നേക്ക് പ്ലാന്റ്, അഗ്‌ളോനിമ, ഫിലോഡെന്‍ഡ്രോണ്‍, ബ്രൊമിലിയഡ് ഇനങ്ങള്‍, സിങ്കോണിയം തുടങ്ങിയവ ഇവിടെ കൂട്ടമായോ നിരയായോ വളര്‍ത്താം. പേള്‍ ഗ്രാസ് പാതി തണല്‍ കിട്ടുന്ന സ്‌കൈ ഗാര്‍ഡന്റെ നിലം നിറയ്ക്കാന്‍ യോജ്യം. 

sky-garden

പടിഞ്ഞാറു വശത്തെ സ്‌കൈ ഗാര്‍ഡനില്‍ ഉച്ചകഴിഞ്ഞുള്ള ശക്തമായ വെയില്‍ കിട്ടുന്നതുകൊണ്ട് മുല്ല, റോസ്, നന്ത്യാര്‍വട്ടം, ബൊഗൈന്‍വില്ല, അഡീനിയം തുടങ്ങി ഏതു പൂച്ചെടിയും നന്നായി വളരുകയും പുഷ്പിക്കുകയും ചെയ്യും. ഹാന്‍ഡ് റെയ്ലില്‍ പടര്‍ത്തിക്കയറ്റാന്‍ റണ്‍ഗൂണ്‍ ക്രീപ്പര്‍, വൈല്‍ഡ് അല്ലമാന്റ, ക്യാറ്റ്സ് ക്ലോ എന്നിവ പറ്റിയതാണ്. നിലം നിറയ്ക്കാന്‍ പേള്‍ ഗ്രേസ് മതി. 

ചെടിയും പുല്ലും ചകിരിച്ചോറില്‍ ജൈവവളം ചേര്‍ത്ത മിശ്രിതത്തില്‍ നടാം. രാസവളങ്ങള്‍ കാലക്രമേണ കോണ്‍ക്രീറ്റിനു കേടുവരുത്തുമെന്നതുകൊണ്ട് അടിവളമായി നല്ലതല്ല. ചെടികളുടെ കരുത്തുള്ള വളര്‍ച്ചയ്ക്കും പൂവിടാനും എന്‍പികെ രാസവളം ( 2 ഗ്രാം / ലീറ്റര്‍ വെള്ളം ) ഇലകളില്‍ തുള്ളിനനയായി നല്‍കാം. പൂമുഖത്തെ ഉദ്യാനത്തിലെന്നപോലെ അധിക വളര്‍ച്ച കാണിക്കുന്ന ചെടികള്‍ കമ്പു കോതി ഉയരം ക്രമീകരിച്ചു നിര്‍ത്തണം. പൂച്ചെടികള്‍ നന്നായി പുഷ്പിക്കാന്‍ കമ്പുകോതല്‍ ഉപകരിക്കും.

English Summary: Sky garden is new trend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com