ADVERTISEMENT

ലക്ഷങ്ങൾ ചെലവിട്ട് ചെടികൾ വാങ്ങിയപ്പോൾ അധ്യാപികയായ ഷമീറയോട് പലരും ചോദിച്ചു, ‘എന്തിനാ ഇങ്ങനെ കാശു കളയുന്നത്?’ അവരിൽ പലരുമിന്ന് കണ്ണൂർ മയ്യിൽ പഞ്ചായത്തിലുള്ള തണൽ വീട്ടിലെ അലങ്കാരസസ്യസമ്പത്തു കണ്ട് വിസ്മയിച്ചു നിൽക്കുകയാണ്. അലങ്കാര ഇലച്ചെടിയായ അഗ്ലോനിമയുടെ അമൂല്യ ഇനങ്ങൾ ഉൾപ്പെടെ ആരും കൊതിക്കുന്ന അപൂർവ സസ്യശേഖരം ഇന്ന് ഷമീറയ്ക്കു സ്വന്തം.

കുറ്റ്യാട്ടൂർ എഎൽപി സ്കൂളിലെ അധ്യാപികയായ എം.കെ.ഷമീറയ്ക്ക് ലോക്‌ഡൗൺ കാലത്താണ് ചെടികളോടു കമ്പം കൂടിയത്. അതുവരെ നാട്ടിൽ കിട്ടുന്ന ചെടികൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഇൻഡോർ ഗാർഡനിങ്ങിലെ താരമായ അഗ്ലോനിമയുടെ മൂല്യം മനസ്സിലാക്കിയതോടെ അവയുടെ പുതിയ ഇനങ്ങൾ ശേഖരിക്കാൻ തുടങ്ങി. 

തൃശൂരിലെ നഴ്സറികളിൽനിന്നായിരുന്നു തുടക്കം. പിന്നീട് പുണെ, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിൽനിന്നെല്ലാം ഓൺലൈൻ വഴി പുതിയ ഇനങ്ങൾ സ്വന്തമാക്കി. ആരാധകർ ഏറെയുള്ള അഗ്ലോനിമയുടെ അപൂർവയിനങ്ങൾ തായ്‌ലൻഡിൽനിന്ന് എത്തിക്കാൻ കഴിയുമെന്ന് അറിഞ്ഞതോടെ അതിനുള്ള ശ്രമമായി. താമസിയാതെ, ലക്ഷങ്ങൾ ചെലവിട്ട് പുണെയിലെ നഴ്സറി വഴി തായ്‌ലൻഡിൽനിന്ന് ചെടികൾ കൊണ്ടുവന്നു. 

aglonima-1

ഷമീറയുടെ കൈവശമിപ്പോൾ 150 തരം അഗ്ലോനിമയുണ്ട്. ഒരു ചെടിക്കു മാത്രം 3500 രൂപ വില വരുന്നവയാണ് വിദേശത്തുനിന്നു കൊണ്ടുവന്നവയിൽ അധികവും. ഇലച്ചെടികളോട് പണ്ടേയുള്ള ഇഷ്ടമാണ് അഗ്ലോനിമയിൽ എത്തിച്ചതെന്നു ഷമീറ. പൂക്കളുടെ സീസൺ കഴിയുന്നതോടെ പൂച്ചെടികളോടുള്ള താൽപര്യം കുറയുമല്ലോ. എന്നാൽ ഇലച്ചെടികൾ നിത്യസുന്ദരികളാണ്. അതേസമയം, അഗ്ലോനിമയ്ക്ക് നല്ല പരിചരണം ആവശ്യമുണ്ട്. മണ്ണൊരുക്കാനും ചെടി നടാനുമെല്ലാം അധ്യാപകൻതന്നെയായ ഭർത്താവ് ഇബ്രാഹിമും മക്കളായ മെഹജൂബയും മിസ്ബാഹും സഹായിക്കും. 

കലാത്തിയ, കലേഡിയം, ക്രോട്ടൻസ്, ബൊഗൈൻവില്ല, കോളിയസ് തുടങ്ങി മറ്റിനങ്ങളുടെയും മികച്ച ശേഖരമുണ്ട് ഷമീറയ്ക്ക്. അലങ്കാരസസ്യങ്ങളിലെ അപൂർവയിനങ്ങൾ വാങ്ങാൻ വലിയ മുതൽമുടക്കു വന്നെങ്കിലും ഇപ്പോളവയെല്ലാം വരുമാനമാർഗമായി മാറിക്കഴിഞ്ഞു. ചെടികളോട് താൽപര്യമുള്ളവർക്ക് മികച്ച വരുമാനം നേടാൻ ഈ രംഗം സഹായകമാകുമെന്ന് ഷമീറ ഓർമിപ്പിക്കുന്നു.

ഫോൺ: 9496251164

English summary: Aglaonema Plant: Chinese Evergreen Plants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com