ADVERTISEMENT

എന്തിലും പുതുമ തേടുന്ന മലയാളി ഇപ്പോള്‍ വീട്ടകം  മോടിയാക്കാൻ തിരഞ്ഞെടുക്കുന്നത്  വേറിട്ട  നിറത്തിലും രൂപത്തിലുമുള്ള അലങ്കാര അകത്തളച്ചെടികളുടെ നവീന ഇനങ്ങൾ. ആകർഷകമായ ആകൃതിയിലുള്ള ഇലകൾ ഇവയെ ജനപ്രിയമാക്കുന്നു. പുതുതായി വന്നെത്തുന്ന പല ചെടികളും മഴയും വെയിലും ചേര്‍ന്ന, നമ്മുടെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്കു  യോജിച്ചവയാകണമെന്നില്ല.  നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ  ഇവ വേഗത്തിൽ നശിച്ചുപോകാം. അതിനാല്‍ മുറിക്കുള്ളിലെ സ്ഥലസൗകര്യവും പ്രകാശത്തിന്റെ അളവുമനുസരിച്ച് പരിപാലിക്കാൻ പറ്റിയ ചിലയിനങ്ങളെ പരിചയപ്പെടാം.

indoor-plant-budha-hand
അലോക്കേഷ്യ ബുദ്ധ ഹാൻഡ്

അലോക്കേഷ്യ– പുതിയ ഇനങ്ങൾ

അലങ്കാരച്ചേമ്പുവർഗങ്ങളിൽ കലാഡിയംപോലെ കാലാവ സ്ഥാവ്യതിയാനത്തിൽ ഇല കൊഴിക്കുന്നവയല്ല അലോക്കേഷ്യ ഇനങ്ങൾ.  നമ്മുടെ നാട്ടിൽ പണ്ടു മുതലേ വളർത്തിവരുന്ന അലോക്കേഷ്യക്കൊപ്പം തിരണ്ടിയുടെ ആകൃതിയിൽ ഇലകൾ ഉള്ള  സ്റ്റിങ് റേ, കൈപ്പത്തിയാകൃതിയിൽ ഇലകളുമായി ബുദ്ധ ഹാൻഡ്, ഹുഡഡ് ഡ്വാർഫ്(dwarf) എല്ലാം അകത്തളത്തില്‍  വളർത്താൻ പറ്റിയ പുതിയ ഇനങ്ങളാണ്. കടും പച്ച നിറത്തിൽ ഇലകളുള്ള ഇവയെല്ലാം പ്രകാശം അധികം ഇല്ലാത്തയിടത്തും നന്നായി വളരും. ആവശ്യത്തിന് വലുപ്പമായ ചെടിക്ക് ചേമ്പിനെന്നപോലെ മണ്ണിനടിയിൽ കിഴങ്ങ് ഉണ്ടാകും. ഈ കിഴങ്ങിൽനിന്നു തൈകൾ വളർന്നുവന്ന് കാലക്രമേണ  കൂട്ടമായി മാറും. 2-3 അടി ഉയരത്തിൽ വളരുന്ന ചെടിയിൽ ഒരേ സമയം 8–10 ഇലകൾവരെ കാണാം. ഇലകൾ 3-4 മാസം അകത്തളത്തിലെ അന്തരീക്ഷത്തിൽ കൊഴിയാതെ നിൽക്കും. 

indoor-plant-sting-ray
അലോക്കേഷ്യ സ്റ്റിങ് റേ

ടിഷ്യൂ കൾച്ചർ രീതിയിൽ ഉൽപാദിപ്പിക്കുന്ന തൈകളാണ് വിപണിയിൽ ഏറെയും.  തളിർപ്പ് ഉണ്ടായിവന്ന കിഴങ്ങും നടാം.  ചെടി വച്ചിരിക്കുന്നിടത്തെ ചൂടിന്റെ അവസ്ഥ അനുസരിച്ച് നന യ്ക്കണം. നന തീരെ കുറഞ്ഞാൽ ഇലകൾ വാടിക്കൊഴിയും. പുതിയ ഇനങ്ങൾ എല്ലാം വളരെ അപൂർവമായേ പൂവിടൂ. ചാണകപ്പൊടിപോലുള്ള ജൈവവളങ്ങൾ മേൽമണ്ണുമായി കലർത്തി 2 മാസത്തിലൊരിക്കൽ നൽകുന്നത് നല്ല പച്ച നിറമുള്ള ഇലകൾ ഉണ്ടാകാന്‍ ഉപകരിക്കും.

indoor-plant-china-doll
ചൈന ഡോൾ പ്ലാന്റ്

ചൈന ഡോൾ പ്ലാന്റ് 

തണ്ടുകൾ മുഴുവനായി മറയും വിധം കടും പച്ചനിറത്തിൽ മെഴുകുപോലെ ആവരണമുള്ള ഇലകൾ  ചെടിക്ക് വേറിട്ട ഭംഗി നൽകുന്നു. ഭാഗികമായി പ്രകാശം കിട്ടുന്ന ജനലിന രികിലും വരാന്തയിലും ചട്ടിയിൽ പരിപാലിക്കാൻ പറ്റിയ, റാഡർമച്ചീറ എന്നും അറിയപ്പെടുന്ന ഈ ഇലച്ചെടി നിലത്ത് നട്ടുവളർത്തിയാൽ വലിയ മരമായി മാറും. ചാഞ്ഞ വെയിൽ ഉള്ളിടത്തേ ഈ ചെടി കടും പച്ചനിറത്തിൽ ഇലകളുമായി ആരോഗ്യത്തോടെ വളരൂ. പുറത്തെ അന്തരീക്ഷത്തിൽ പൂവിടുന്ന  ചെടി പക്ഷേ അകത്തളത്തിൽ ഇലച്ചെടിയായി നിൽക്കും. തണൽ അധികമായാൽ ഇലകൾ കൊഴിയുന്നതു കാണാം. സാമാന്യം വേഗത്തിൽ വളരുന്ന ചെടിയുടെ, അനാകര്‍ഷകമായി വളർന്നുവരുന്ന കമ്പുകൾ മുറിച്ചു നീക്കി  നല്ല ആകൃതിയിൽ കുറ്റിച്ചെടിയായി നിര്‍ത്തണം. മിശ്രിതം ഉണങ്ങിയ അവസ്ഥയിൽ നനയ്ക്കാം. നന തീരെ കുറഞ്ഞാൽ താഴെയുള്ള ഇലകൾ കൊഴിയാൻ തുടങ്ങും. ചട്ടി മുഴുവനായി തിങ്ങിനിറഞ്ഞാൽ ചെടി കൂടുതൽ വലുപ്പമുള്ള ചട്ടിയിൽ നിറച്ച പുതിയ മിശ്രിതത്തിലേക്ക് മാറ്റി നടണം. ആഴം കുറഞ്ഞ ബോൺസായ് ചട്ടിയിൽ നട്ട് ആവശ്യാനുസരണം കമ്പു കോതി നിര്‍ത്തിയാല്‍ ഇതിനെ  ബോൺസായ് ആയും  വളർത്താം.   

indoor-plant-snake-plant
സ്നേക്ക് പ്ലാന്റ് - കോപ്പർ ടോൺ ഇനം

സ്നേക്ക് പ്ലാന്റ് - കോപ്പർ ടോൺ ഇനം

പറമ്പിലും തൊടിയിലും  പാഴ്‌ച്ചെടിയായി വളർന്നിരുന്ന സർപ്പപോള അഥവാ സ്‌നേക് പ്ലാന്റിന്റെ അലങ്കാര ഇനങ്ങൾ ഇന്ന് വീട്ടകത്തെ താരമാണ്. ലളിതമായ പരിചരണവും മുറിക്കുള്ളിലെ വായു ശുദ്ധീകരിക്കാനുള്ള കഴിവുമാണ് സർപ്പപോളയ്ക്ക് അടുത്ത കാലത്ത്  ജനപ്രീതിയേറാന്‍ കാരണം. ഈ വർഗത്തിലെ നവാഗതനാണ് കോപ്പർ ടോൺ ഇനം. ചെമ്പുനിറവും മങ്ങിയ പച്ചനിറവും ഇടകലർന്ന, നല്ല വീതിയും നീളവുമുള്ള ഇലകളാണ് കോപ്പർ ടോൺ ചെടിയുടെ ഭംഗി. മണ്ണിനടിയിലുള്ള കുറുകിയ തണ്ടിൽനിന്ന്  എല്ലാ വശങ്ങളിലേ ക്കും ഒരുപോലെ ഉണ്ടായി വരുന്ന ഇലകൾ 4 -5 മാസം  ചെടിയിൽ കൊഴിയാതെ നിൽക്കും. ഭാഗി കമായി പ്രകാശം കിട്ടുന്നിടങ്ങളിൽ പരിപാലിക്കാന്‍ മികച്ചത്. 

നല്ല വളർച്ചയായ ചെടിയുടെ ചുവട്ടിൽ ഉണ്ടായി വരുന്ന തൈകളാണ് നടാനെടുക്കുക.  സർപ്പപോ ളയുടെ മറ്റിനങ്ങളെപ്പോലെ ചകിരിച്ചോറ് ചേർത്ത മിശ്രിതത്തിൽ ഇലകൾ നട്ടാൽ ക്രമേണ ചെടിയായി വളർന്നുവരും. പക്ഷേ ഇതിനു കൂടുതല്‍ സമയമെടുക്കും. കാലാവസ്ഥ അനുസരിച്ച് നന രണ്ടാഴ്ചയിലൊരിക്കൽ മതി. വെയിൽ അധികം കിട്ടുന്നിടത്ത് ഇലകൾ വേഗത്തിൽ കരിഞ്ഞു ണങ്ങാനിടയുണ്ട്.

indian-rubber-plant
ഇന്ത്യൻ റബർ പ്ലാന്റ്- വേരിഗേറ്റഡ് ഇനങ്ങൾ

ഇന്ത്യൻ റബർ പ്ലാന്റ്- വേരിഗേറ്റഡ് ഇനങ്ങൾ

റബർമരത്തിലെന്നപോലെ ഇലയിലും തണ്ടിലും വെളുത്ത കറയുള്ള ഈ അകത്തളച്ചെടി പക്ഷേ ആൽവർഗത്തിലെ അംഗമാണ്. കാണാനഴകുള്ള, നല്ല വീതിയുള്ള ഇലകളാണ്  ആകർഷണം.  മുൻപ് വിപണിയില്‍ ലഭിച്ചിരുന്ന, ഇരുണ്ട പച്ച നിറത്തിൽ ഇലകളുള്ള ചെടികൾക്കു പകരം തവിട്ടും ചാരനിറവും ഇടകലർന്ന ഇലകൾ ഉള്ളവ, വെള്ളയും തവിട്ടും നിറമുള്ളവ, വെള്ളയും പിങ്കും നിറമുള്ളവ തുടങ്ങി വേരിഗേറ്റഡ് സങ്കരയിനങ്ങൾ ഇന്ന്  ലഭ്യമാണ്.  നവീന ഇനങ്ങൾ എല്ലാം  ഭാഗികമായി പ്രകാശം കിട്ടുന്നിടത്തേക്കാണ് യോജിച്ചത്. തണൽ കൂടിയാൽ ഇലകളുടെ നിറം മങ്ങും.  ആദ്യകാല ഇനങ്ങൾ അനുകൂല സാഹചര്യത്തിൽ 10-12 അടി ഉയരത്തിൽ വളരുന്നു. എന്നാൽ വീടിനുള്ളിൽ ചട്ടിയിൽ പരിപാലിക്കുന്ന,  വേരിഗേറ്റഡ് ഇലകൾ ഉള്ളവ വളരെ സാവധാനമേ വളരൂ. അത്ര  ഉയ രവും വയ്ക്കില്ല. കുത്തനെ നിവർന്നു നിൽക്കുന്ന തണ്ട് വളരെ അപൂർവമായേ ശാഖകൾ ഉല്‍പാദിപ്പിക്കൂ. തണ്ടു മുറിച്ചുനട്ടാണ്‌ ഇവ സാധാരണ വളർത്തിയെടുക്കുക, പലതിന്റെയും ഇലകളും നടീൽവസ്തുവായി ഉപയോഗിക്കാം. 

indoor-fiddle-leaf
ഫിഡിൽ ലീഫ് ഫിഗ്

ഫിഡിൽ ലീഫ് ഫിഗ്

എഴുന്നു നിൽക്കുന്ന ഞരമ്പുകളുമായി വയലിന്റെ ആകൃതിയിൽ കടും പച്ചനിറത്തിൽ ഇലകളുള്ള ഫിഡിൽ ലീഫ് ഫിഗ് അകത്തളത്തിന് വേറിട്ട ഭംഗി നൽകുന്നു. അലങ്കാര ആൽവര്‍ഗത്തിൽപ്പെട്ട ഈ നിത്യ ഹരിത ഇലച്ചെടിക്ക് മുറിക്കുള്ളിലെ വായു ശുദ്ധീകരിക്കാനുള്ള കഴിവുമുണ്ട്. കുത്തനെ നിവർന്നു വളരുന്ന തണ്ടിന്റെ എല്ലാ വശങ്ങളിലേക്കും ഒരേപോലെയാണ് ഇലകൾ ഉണ്ടായി വരിക. ഭാഗികമായി പ്രകാശം കിട്ടുന്ന ജനലിനരികിലും വരാന്തയിലും എല്ലാം ഈ ഇലച്ചെടി ആകർഷകമായി വളരും. ചട്ടിയിൽ പരിപാലിക്കുന്ന ചെടി അംഗപ്പൊരുത്തത്തോടെ കുത്തനെ വളരുന്നതിന്, ചട്ടി ഇടയ്ക്കിടെ തിരിച്ചുകൊടുക്കുന്നത് നന്ന്. മിശ്രിതം ഉണങ്ങിയതായി കണ്ടാൽ മാത്രം നനയ്ക്കുക. ഇലകൾ നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കുന്നത് മോടി കൂട്ടാനും ചെടി കരുത്തോടെ വളരാനും ഉപകരിക്കും. ഇലകളുടെ അറ്റവും വശവും കരിയുന്നത്   ചെടി വളർത്തുന്നിടത്ത് ചൂടും വെയിലും അമിതമാണ്   എന്നതിന്റെ സൂചനയാണ്.

English summary: Indoor Plants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com