ADVERTISEMENT

വീട്ടിൽ വളർത്തുന്ന അലങ്കാര ഓർക്കിഡിന് മഴക്കാലം ഇലപഴുപ്പ്, ഇലകൊഴിയൽ, കൂമ്പുചീയൽ തുടങ്ങിയ രോഗങ്ങളുടെയും ഒച്ചിന്റെ ആക്രമണത്തിന്റെയും കാലമാണ്. മഴക്കാലത്ത്  ഓർക്കിഡുകളെ എങ്ങനെ രോഗ-കീടമുക്തമാക്കാമെന്നു നോക്കാം. 

ആറേഴു മാസം നീളുന്ന മഴക്കാലത്ത് മറ്റ് അലങ്കാരച്ചെടികൾക്ക് നൽകുന്നതിനെക്കാൾ  ശ്രദ്ധ ഓർക്കിഡുകൾക്കു നൽകണം. നമ്മുടെ ഉദ്യാനങ്ങളിലുള്ള പല ഓർക്കിഡുകളും വിദേശത്തുനിന്ന് എത്തിയതാണ്. അതുകൊണ്ടുതന്നെ ഇവയ്‌ക്കൊന്നും ഇത്ര നീണ്ട വർഷകാലം അത്ര പരിചയമില്ല. പല ഇനങ്ങളും തുടർച്ചയായ മഴ നേരിട്ടുകൊണ്ടാൽ അപ്പാടെ നശിച്ചുപോകും. 

orchid-plants

ശ്രദ്ധയോടെ നടീൽമിശ്രിതം

നല്ല വായുസഞ്ചാരവും നട്ടിരിക്കുന്നിടത്ത് അധിക സമയം ഈർപ്പം തങ്ങിനിൽക്കാത്ത പരിസ്ഥിതിയുമാണ് ഓർക്കിഡുകൾക്ക് ഇഷ്ടം.  അതിനാല്‍ ജലം വേരുഭാഗത്തു തങ്ങിനിൽക്കാതെ വേഗത്തിൽ വാർന്നുപോകുന്ന തരം നടീല്‍മിശ്രിതമാണ് ഉപയോഗിക്കണ്ടത്. നടാൻ ഓടിന്റെയും കരിയുടെയും കഷണങ്ങൾ ഉപയോഗിക്കാം. വേരുകൾ മാത്രം മിശ്രിതത്തിൽ ഇറക്കി ഉറപ്പിക്കുക. കൊക്കോ ചിപ്സ് കലർത്തിയാൽ മഴക്കാലത്ത് ഇതിൽ വെള്ളം തങ്ങിനിന്ന് വേരുചീയാനിടയുണ്ട്.

നമ്മുടെ നാട്ടിലെ മഴവെള്ളത്തിനും നന ജലത്തിനുമെല്ലാം നേരിയ അമ്ലാംശമുണ്ട്. ഇത് ഓർക്കിഡ് വളർത്തുന്ന ചട്ടിയിലെ കരിയിലും ഓടിന്റെ കഷണത്തിലുമെല്ലാം മഴക്കാലത്തു പച്ച നിറത്തിൽ സ്പോഞ്ച്പോലുള്ള മോസ് വളരാൻ കാരണമാകും. മഴ തുടങ്ങുന്നതിനു മുൻപും പിന്നീട് മാസത്തിലൊരിക്കലും മിശ്രിതത്തിൽ അൽപം കുമ്മായം വിതറുന്നതോ അല്ലെങ്കിൽ നേർപ്പിച്ചു ലായനിയായി തളിക്കുന്നതോ ഇതു തടയാന്‍  ഉപകരിക്കും. മോസ് വളരുന്നതായി കണ്ടാൽ മുഴുവനായി നീക്കം ചെയ്ത ശേഷം വേണം കുമ്മായപ്രയോഗം. 

ഫലനോപ്‌സിസ്, ഡാൻസിങ് ഗേൾ തുടങ്ങി പല ഇനങ്ങളും ചട്ടിയിൽ നിറച്ച മിശ്രിതത്തിൽ വളർത്തുന്നതിനു പകരം ഡ്രിഫ്ട് വുഡിൽ വേരുകൾ മാത്രം കെട്ടി ഉറപ്പിച്ചു തൂക്കിയിട്ടും പരിപാലിക്കാം. തൂക്കിയിട്ടു വളർത്തുമ്പോൾ ചില മെച്ചങ്ങളുണ്ട്. വേരുകൾക്ക് നല്ല വായുസഞ്ചാരം കിട്ടും. ചെടി കരുത്തോടെ വളരും. ചെടിക്ക് ചുറ്റും  അധികം ഈർപ്പം തങ്ങിനിൽക്കില്ല. രോഗം വരാതെ സംരക്ഷിക്കാനും സാധിക്കും.

അന്തരീക്ഷത്തിൽ ഈർപ്പമേറുന്ന മഴക്കാലമാണ് ഓർക്കിഡുകൾ പുതിയ മിശ്രിതത്തിലേക്കു മാറ്റി നടാനും വളർന്ന  ചെടികൾ വേർപെടുത്തി പുതിയ ചെടികൾ നട്ടുപിടിപ്പിക്കാനും പറ്റിയ സമയം. മിശ്രിതം മാറ്റിനടുമ്പോഴും ചെടികൾ വേർപെടുത്തി നടുമ്പോഴുമെല്ലാം കുമിൾനാശിനി തളിച്ച് സംരക്ഷിക്കാൻ മറക്കരുത്. 

orchid-plants-1

വളപ്രയോഗം

ചെടികൾക്കു നൽകുന്ന ജൈവവളങ്ങൾ ബാക്റ്റീരിയയുടെയും കുമിളിന്റെയും പ്രവർത്തനംവഴി പൂർണമായി വിഘടിച്ചശേഷം മാത്രമേ ചെടിയുടെ വേരുകള്‍ക്ക് അനായാസം വലിച്ചെടുത്തു വളർച്ചയ്ക്കായി ഉപയോഗിക്കാൻ കഴിയുകയുള്ളൂ. മഴക്കാലത്തെ ചൂടു കുറഞ്ഞ കാലാവസ്ഥയിൽ ഈ സൂക്ഷ്മജീവികളുടെ പ്രവർത്തനം മന്ദഗതിയിലാകും. ഈ സമയത്ത് ചെടിക്കു നൽകുന്ന ജൈവ വളങ്ങൾ കുറെ നാൾ വേരുഭാഗത്ത് വിഘടിക്കാതെ തങ്ങിനിൽക്കും. അപ്പോള്‍ ഇതിൽ രോഗകാരികളായ സൂക്ഷ്മജീവികൾ വളരുകയും അവ ചെടിയെ നശിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് മഴക്കാലത്ത് കഴിവതും ഖര രൂപത്തിലുള്ള ജൈവവളങ്ങൾ ഒഴിവാക്കുക. ആവശ്യാനുസരണം രാസവളങ്ങൾ ഉപയോഗിക്കുക. ചെടിയുടെ കരുത്തുറ്റ വളർച്ചയ്ക്ക്  എൻപികെ 19:19:19 രാസവളം ( 2 ഗ്രാം/ ലീറ്റർ വെള്ളം) നന്ന്. പല അലങ്കാര ഓർക്കിഡുകളും  മഴക്കാലത്താണ് പുഷ്പിക്കുക. പൂര്‍ണ വളർച്ചയായ ചെടികൾക്ക് പൂവിടാൻ പൊട്ടാസ്യവും സൂക്ഷ്മ ലവണങ്ങളും അടങ്ങിയ രാസവളങ്ങൾ നൽകാം. ഇലകളിലും വേരിലും നൽകുന്ന വളങ്ങ ൾ ചെടിക്ക് പ്രയോജനപ്പെടുത്താൻ പാകത്തില്‍ കൂടുതൽ സമയം തങ്ങിനില്‍ക്കുന്നതിന് വളത്തിനൊപ്പം പശ (2 മില്ലി / ലീറ്റർ വെള്ളം) കൂടി കലർത്തണം.

orchid-1

രോഗനിയന്ത്രണം

മഴക്കാലത്തെ ഈർപ്പമുള്ള കാലാവസ്ഥയിൽ ബാക്റ്റീരിയയും കുമിളും ഉണ്ടാക്കുന്ന ഇല, കൂമ്പ്ചീയൽ, ഇല കൊഴിയൽ, പുള്ളിരോഗം എന്നിവയ്ക്കു സാധ്യതയേറെ. മഴക്കാലം തുടങ്ങുന്നതിനു മുൻപും, പിന്നീട് രണ്ടാഴ്ചയിൽ ഒരിക്കലും  സ്യൂഡോമോണാസ് കുമിൾ നാശിനി (5 മില്ലി / ലീറ്റർ വെള്ളം) ചെടിയിലും മിശ്രിതത്തിലും മുഴുവനായി തളിച്ചു നൽകുന്നത് ഒരു പരിധിവരെ ചെടിയെ ഇത്തരം രോഗങ്ങളിൽനിന്നു സംരക്ഷിക്കും. ചെടികൾ തമ്മിൽ ആവശ്യത്തിന് അകലം നൽകി ചുറ്റും നല്ല വായുസഞ്ചാരം ഉറപ്പാക്കണം. നേരിട്ട് മഴ കൊണ്ടാൽ രോഗം വരാൻ സാധ്യതയുള്ള ഫലനോപ്സിസ്, ബാസ്‌കറ്റ് വാൻഡ ഇനങ്ങള്‍ മഴവെള്ളം വീഴാത്ത ഭാഗത്തേക്ക് മാറ്റിവയ്ക്കണം. പ്രായമായി കേടുവന്ന ഇലകൾ മുറിച്ചു നീക്കി ചെടിയും മിശ്രിതവുമെല്ലാം വൃത്തിയായി സൂക്ഷിക്കണം.

ഫലനോപ്സിസിൽ മഴക്കാലത്ത് ഇലചീയൽ കാണാം. കേടു വന്ന ഇല മുഴുവനായി നീക്കിയ ശേഷം മുറിവിൽ കുമിൾനാശിനി കുഴമ്പുരൂപത്തിൽ തേച്ചാല്‍  ചെടിയെ സംരക്ഷിക്കാം. മറ്റ് ഓർക്കിഡ് ഇനങ്ങളിൽ കാണുന്ന ഇലപ്പുള്ളിരോഗത്തിന് കോൺടാഫ് കുമിൾനാശിനി (1മില്ലി/ലീറ്റർ വെള്ളം) ഉപയോഗിക്കാം.

orchid-garden-couple-1

ഒച്ചിന്റെ ശല്യം

ഇലതീനി ഒച്ചുകൾ പെരുകി ചെടികൾക്ക് ഏറ്റവും അധികം ശല്യമാകുന്ന കാലമാണിത്. പുറംതോട് ഉള്ളതും ഇല്ലാത്തതുമായ, പല വലുപ്പത്തിലുള്ള ഒച്ചുകൾക്ക് ഇളം ഇലകളും പൂമൊട്ടും കരുത്തോടെ വളരുന്ന പുതിയ വേരുകളുമാണ് പ്രിയം. നിയന്ത്രണം അത്ര എളുപ്പമല്ലാത്തതുകൊണ്ട് ഓർക്കിഡ് വളർത്തുന്നിടത്തുനിന്ന് ഇവയെ എങ്ങനെ ഒഴിവാക്കാം എന്നു നോക്കുന്നതാണ് നല്ലത്. ഉണങ്ങിയ ഇലകളും ചെടിയുടെ മറ്റ് അവശിഷ്ടങ്ങളും നീക്കി ചെടി നില്‍ക്കുന്നിടം വൃത്തിയാക്കണം.  ചെടിക്കു ചുറ്റും നിലത്ത് കുമ്മായവും ഉപ്പും കലർത്തിയ മിശ്രിതം വിതറണം.  ഓർക്കിഡുകൾ നിലത്തോ സ്റ്റാൻഡിലോ പരിപാലിക്കുന്നതിനു പകരം തൂക്കിയിട്ടു വളർത്താം. 

രാത്രിയിലാണ് ഒച്ച്  ഒളിയിടങ്ങളിൽനിന്നു പുറത്തിറങ്ങി ചെടികളെ നശിപ്പിക്കുന്നത്. ചവണ ഉപയോഗിച്ച് ഇവയെ ശേഖരിച്ച് ഉപ്പുലായനിയിലിട്ടു  നശിപ്പിക്കാം. ചെടികൾ നില്‍ക്കുന്നിടത്ത് കാബേജിന്റെ ഇലകൾ വച്ചാൽ ഇതിൽ ആകൃഷ്ടരായി ഒച്ചുകൾ കൂട്ടമായെത്തും. അപ്പോള്‍  ഇവയെ കൂട്ടത്തോടെ നശിപ്പിക്കാം. ചെടിച്ചട്ടിയിലെ മിശ്രിതത്തിൽനിന്നു പുറത്തുവരാതെ വേരുകൾ തിന്നുനശിപ്പിക്കുന്ന ഒച്ചുകളെ തുരത്താന്‍ മെറ്റാൽഡിഹൈഡ് കലർത്തിയ സ്‌നെയിൽ പെല്ലറ്റ്സ് മിശ്രിതത്തിൽ നിക്ഷേപിച്ചാല്‍ മതി. മെറ്റാൽഡിഹൈഡ് പെല്ലറ്റ് വിഷമായതുകൊണ്ട് കുട്ടികള്‍ ഇതുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കണം. 

ഓൺലൈൻ വിപണിയിൽ ലഭ്യമായ 'സ്‌നെയിൽ മാജിക്' എന്ന വിഷരഹിത കീടനാശിനി ഒച്ചിനെതിരെ ഫലപ്രദമാണ്. അയൺ ഫോസ്‌ഫേറ്റ് എന്ന രാസപദാർഥം അടങ്ങിയ ഈ കീടനാശിനിയുടെ മണികൾ ചെടിക്കു ചുറ്റും വിതറിയാൽ ഇവ കഴിക്കുന്ന ഒച്ചുകള്‍ പിന്നെ മറ്റൊന്നും കഴിക്കാന്‍ കഴിയാതെ 2-3 ദിവസത്തിനുള്ളിൽ ചത്തുപോകും.

English summary: Orchid care tips for the rainy season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com