ADVERTISEMENT

വിഎച്ച്സി അഗ്രിക്കൾചർ വിദ്യാർഥികൾക്ക് ഉദ്യാനപഠനത്തിന്റെ ഭാഗമായി നൽകാവുന്ന പുതുമയേറിയ ആശയങ്ങൾ പരതിയപ്പോഴാണ് ടെറേറിയങ്ങൾ അധ്യാപികയായ മഞ്ജുഷയുടെ ശ്രദ്ധയിൽപ്പെടുന്നത്. ചില്ലുകൂട്ടിലൊരുക്കുന്ന ഈ ഉദ്യാനകൗതുകം ഇന്നു മിക്കവർക്കും പരിചിതമാണ്. അകത്തളങ്ങൾക്ക് അഴകും ഗാംഭീര്യവും വർധിപ്പിക്കാൻ വിലയേറിയ ടെറേറിയങ്ങൾ വാങ്ങുന്നവരുടെ എണ്ണം കൂടുന്നുമുണ്ട്. എന്നാൽ ടെറേറിയങ്ങൾ രൂപപ്പെടുത്തുക അത്ര എളുപ്പമല്ലാത്തതിനാൽ ഉദ്യാനസംരംഭം എന്ന നിലയിൽ ഈ രംഗത്ത് കൈവയ്ക്കുന്നവർ കുറയും. അവരിൽത്തന്നെ, വർഷങ്ങളോളം തുറക്കാത്ത രീതിയിൽ പൂർണമായും അടച്ചുവച്ച ടെറേറിയങ്ങൾ നിർമിക്കുന്നവർ അപൂർവം. വായുസഞ്ചാരമുള്ള, ഭാഗികമായി തുറന്ന ചില്ലുപാത്രങ്ങളിലെ ടെറേറിയങ്ങൾ തയാറാക്കുന്നത് അത്ര പ്രയാസമേറിയ കാര്യമല്ല. എന്നാല്‍ സ്വയം നിയന്ത്രിത ജൈവ മണ്ഡലം ക്രമീകരിക്കപ്പെട്ട ക്ലോസ്ഡ് ടെറേറിയങ്ങൾ നിർമിക്കുന്നത്  ഏറെ ശ്രമകരമാണ്.  സൂര്യനിൽനിന്നുള്ള വെളിച്ചം മാത്രം സ്വീകരിച്ച് സ്വയം നിയന്ത്രിത ജൈവവ്യവസ്ഥയിൽ തുടരുന്ന ഭൂമിയെപ്പോലെയാണ് ക്ലോസ്ഡ് ടെറേറിയങ്ങൾ എന്ന് മഞ്ജുഷ. 

terrarium-manjusha-1
മഞ്ജുഷ

ശാസ്ത്രവും കലയും സമ്മേളിക്കുന്ന ഇത്തരം ഒട്ടേറെ ടെറേറിയങ്ങളുണ്ട് മഞ്ജുഷയുടെ ശേഖരത്തിൽ. വിൽപനയ്ക്കല്ല, വിനോദത്തിനു മാത്രം നിർമിച്ചവ. കോവിഡിന്റെ തുടക്കകാലത്താണ് ടെറേറിയം നിർമാണം സജീവമായത്. അന്നു തയാറാക്കി അടച്ച ടെറേറിയങ്ങൾ ഇന്നും സുസ്ഥിരമായി നിലനിൽക്കുന്നുവെന്നു മഞ്ജുഷ. കൊല്ലം സ്വദേശിയായ മഞ്ജുഷ, എച്ച്ഡിഎഫ്സി ബാങ്കിൽ ഉദ്യോഗസ്ഥനായ ഭർത്താവിനും വിദ്യാർഥികളായ മക്കൾക്കും മാതാപിതാക്കൾക്കുമൊപ്പം ഉദ്യോഗാർഥം തൃശൂരിലാണിപ്പോൾ താമസം. 

ചില്ലുകൂട്ടിലെ പൂന്തോട്ടം

ടെറേറിയത്തിന്റെ ചരിത്രത്തിന് ഒന്നര നൂറ്റാണ്ട് പ്രായമുണ്ട്. ആദ്യ ഘട്ടത്തിൽ ചെടികളുടെയും സൂക്ഷ്മ ജീവികളുടെയുമെല്ലാം ജൈവ സവിശേഷതകൾ നിരീക്ഷിക്കാനാണ്  ടെറേറിയങ്ങള്‍  തയാറാക്കിയതെങ്കിൽ പിൽക്കാലത്ത് അത് ഉദ്യാനകൗതുകമായി വളർന്നു. മാസങ്ങളോളം മഞ്ഞുമൂടിക്കിടക്കുന്ന യൂറോപ്പിൽ ആ സമയം ആകെയുള്ള പച്ചത്തുരുത്തായി ടെറേറിയങ്ങൾ സ്വീകരിക്കപ്പെട്ടു. സമീപകാലത്ത്  നമ്മുടെ നാട്ടിലും ടെറേറിയത്തിന് പ്രചാരമായിരിക്കുന്നു. നഗരനടുവിലെ ജീവിതത്തില്‍ അകത്തളങ്ങളിൽ അൽപം പച്ചപ്പു കാണാനുള്ള ആഗ്രഹമാണ് കാരണം. 

terrarium-manjusha-3
വിവിധ ടെറേറിയങ്ങൾ

ടെറേറിയങ്ങൾക്കു പൊതുവെ കാര്യമായ പരിപാലനം ആവശ്യമില്ല. പൂർ‌ണമായി അടച്ച ടെറേറിയങ്ങൾക്കാകട്ടെ, വെളിച്ചം മാത്രം ഉറപ്പു വരുത്തിയാൽ മതി. വർഷങ്ങൾക്കിടയിൽ ഒന്നോ രണ്ടോ തവണ തുറന്നുള്ള പരിപാലനം ഒരുപക്ഷേ വേണ്ടി വന്നേക്കാം. എന്നാൽ അരനൂറ്റാണ്ടായി അടഞ്ഞിരിക്കുന്ന ടെറേറിയവും ലോകത്തുണ്ടെന്നു മഞ്ജുഷ. അത്ര സൂക്ഷ്മതയോടെ രൂപപ്പെടുത്തിയതാണ് അവയിലെ ആവാസ വ്യവസ്ഥ. 

വിൽപനയ്ക്കായി തയാറാക്കുന്നവരെ സംബന്ധിച്ച് ഭാഗികമായി തുറന്ന ടെറേറിയങ്ങൾ തന്നെയാണ് സുരക്ഷിതം. ക്ലോസ്ഡ് ടെറേറിയങ്ങൾ തയാറാക്കുന്നതും അതിനുള്ളിൽ സുസ്ഥിര ജൈവവ്യവസ്ഥ ഉറപ്പാക്കുന്നതും എളുപ്പമല്ല. അതേസമയം അവയ്ക്കാണ് വിലയും മൂല്യവും ഏറെ. സാധാരണ ടെറേറിയങ്ങളുടെ വില തന്നെ 1000–2000 രൂപ വരും(ഓൺലൈനിൽ വിൽപനയ്ക്കു കാണുന്ന പലതും യഥാർഥ ടെറേറിയങ്ങളല്ല, തുറന്ന ചില്ലുപാത്രങ്ങളിലെ ചെടിവളർത്തൽ മാത്രമാണ്). ക്ലോസ്ഡ് ടെറേറിയങ്ങള്‍ക്കു വില ഇതിന്റെ പല മടങ്ങാകും. ടെറേറിയത്തിന് അനുബന്ധമായി അലങ്കാര ബൾബ് കൂടി ഘടിപ്പിച്ച ലാമ്പേറിയവുമുണ്ട് മഞ്ജുഷയുടെ ശേഖരത്തിൽ. വിൽപനയ്ക്കായി ടെറേറിയം തയാറാക്കുന്നവർക്ക് ഇത്തരം വൈവിധ്യങ്ങളും പരീക്ഷിക്കാമെന്നു മഞ്ജുഷ. 

terrarium-manjusha-2
വിവിധ ടെറേറിയങ്ങൾ

ക്ഷമയോടെ തുടങ്ങാം

ടെറേറിയം ഒരുക്കാന്‍ വിവിധ ആകൃതിയിലുള്ള ചില്ലുഭരണികൾ ഇന്ന് ഓൺലൈനിൽ ലഭ്യമാണ്. ഭാഗികമായി തുറന്നതും തയാറാക്കിയ ശേഷം പൂർണമായും അടച്ചുവയ്ക്കാവുന്നവയുമുണ്ട്. ഭൂമിയുടെ ചെറുപതിപ്പാണ് ടെറേറിയം എന്നു പറഞ്ഞല്ലോ. അതുകൊണ്ടുതന്നെ ടെറേറിയത്തിലെ ലാൻഡ്സ്കേപ്പിങ് പ്രധാനമെന്നു മഞ്ജുഷ. വീട്ടുമുറ്റത്ത് ഒരുക്കുന്ന വിശാലമായ പൂന്തോട്ടങ്ങളുടെ ലാൻഡ് സ്കേപ്പിങ്ങിലെ  സ്വാതന്ത്ര്യം ചെറു ചില്ലുകൂട്ടിൽ ലഭിക്കില്ല. പരിമിതമായ സ്ഥലത്ത് പൂർണമായ പൂന്താട്ടത്തിന്റെ ചെറുപതിപ്പ് നിർ മിക്കുന്നതിനു  കൃത്യമായ ആസൂത്രണം വേണം.  ഇണങ്ങിയ ചെടികൾ, വിവിധ വർണങ്ങളിലുള്ള ചരലുകൾ, നടീൽമിശ്രിതം, നനജലം വാർന്നുപോകാനുള്ള സൗകര്യം, പ്രകാശലഭ്യത എന്നിവയെല്ലാം പ്രധാനം. 

നനജലം വാർന്നിറങ്ങാവുന്ന രീതിയിൽ അടിയിൽ ചരലുകൾ അല്ലെങ്കിൽ ക്ലേ ബോളുകൾ (ഭാരം കുറയാൻ സഹായകം) വിരിച്ച് മുകളിൽ നെറ്റ് വിരിക്കുന്നതാണ് ആദ്യഘട്ടം. ചരലുകളും നടീൽമിശ്രിതവും കൂടിക്കുഴയാതിരിക്കാനാണ് നെറ്റ്. അതിനു മുകളിൽ കരിക്കഷണങ്ങൾ. ടെറേറിയത്തിലെ ദോഷഘടകങ്ങൾ  ഒഴിവാക്കാൻ കരിക്കഷണങ്ങൾ സഹായകം. അതിനു മുകളിൽ മണ്ണു നിരത്തി ചെടികൾ നടാം. ക്ലോസ്ഡ് ടെറേറിയങ്ങളുടെ കാര്യത്തിൽ, അവ തയാറാക്കുന്ന സന്ദർഭത്തിൽ നൽകുന്ന നനജലം തന്നെ ജലവും നീരാവിയുമായി ചാക്രികപ്രവർത്തനം തുടർന്നുകൊള്ളും. കൊഴിയുന്ന ഇലകൾ വളമായും മാറും. 

terrarium-manjusha-4
വിവിധ ടെറേറിയങ്ങൾ

ഇണങ്ങിയ ചെടികൾ

ഒതുങ്ങി വളരുന്നവയും പരിമിതമായ പരിപാലനം മാത്രം  ആവശ്യമുള്ളവയുമായ ചെടികളാണ് യോജ്യം. സിങ്കോണിയം, ഫിറ്റോണിയ, എപ്പിസിയ, ക്രീപ്പിങ് ഫിഗ്, സ്ട്രോബറി, ബിഗോണിയ, ഫൈക്കസ്, അലോകേഷ്യ, വിദേശയിനം പന്നൽ ചെടികൾ എന്നിവയെല്ലാം ഭാഗികമായി തുറന്നവയ്ക്കും ക്ലോസ്ഡ് ടെറേറിയങ്ങൾക്കും ഒരുപോലെ ഇണങ്ങുമെന്നു മഞ്ജുഷ. ഒപ്പം, നമ്മുടെ മുക്കുറ്റിയും മുറികൂടിയും നാടൻ പന്നലും പരീക്ഷിക്കുന്ന മഞ്ജുഷയ്ക്ക് ഇവയെല്ലാം വിജയംതന്നെ.

പ്രാണികൾ പ്രധാനികൾ

ക്ലോസ്ഡ് ടെറേറിയങ്ങൾക്കുള്ളിലെ ജൈവമണ്ഡലം (Biosphere) നിലനിർത്തുന്നതിന് ഏതാനും പ്രാണികളെയും പ്രയോജനപ്പെടുത്തുന്നുവെന്ന് മഞ്ജുഷ. കൊള്ളമ്പോള വിഭാഗത്തിൽപ്പെടുന്ന സ്പ്രിങ് ഡെയിൽസ് ഇനമാണ് അവയിലൊന്ന്. മണ്ണിൽ കാണുന്ന, ചാടിച്ചാടി നടക്കുന്ന ചെറു പ്രാണിയാണിത്. ഫംഗസുകളെ ആഹാരമാക്കി ടെറേറിയം വൃത്തിയായി സൂക്ഷിക്കാൻ ഇവ ഉപകരിക്കും. ഓൺലൈനിൽ വാങ്ങാനുണ്ട്. മഞ്ജുഷ വാങ്ങിയതും ഈ വഴിക്കു തന്നെ. ഡ്വാർഫ് വൈറ്റ് ഐസോപോഡ്സ് ആണ് രണ്ടാമത്തെ ഇനം. ജൈവാവശിഷ്ടങ്ങൾ ആഹാരമാക്കുന്ന ചെറു പ്രാണിയാണ് ഇതും. രണ്ടിനങ്ങളും ടെറേറിയത്തെ വൃത്തിയായും പുതുമയായും നിലനിർത്തും.

ഫോൺ: 7034327938

യുട്യൂബ് https://youtube.com/channel/UCYsfGdi6n5nkYmUUBMDCAHw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com