ADVERTISEMENT

നിറയെ മുള്ളുകൾ ഉണ്ടെങ്കിലും കള്ളിച്ചെടികളെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. കാഴ്ചയ്ക്കുള്ള കൗതുകവും ഭംഗിയുള്ള  ആകൃതിയുമൊക്കെയാണ് ഈ പ്രിയത്തിനു കാരണം.  ലളിതമായ പരിചരണം മതിയെന്നുള്ളത് അലങ്കാര കള്ളിയിനങ്ങളുടെ ജനപ്രീതിയേറ്റുന്നു. വലുപ്പമേറിയ ഇനങ്ങളെ അപേക്ഷിച്ച് ചെറിയ ചട്ടികളിൽ  വളര്‍ത്താവുന്ന കുഞ്ഞൻ ഇനങ്ങൾക്കാണ് ഇന്നു കൂടുതൽ ഡിമാൻഡ്. 

കള്ളിച്ചെടികളുടെ പ്രാകൃത ഇനങ്ങൾ എല്ലാം തന്നെ മരുഭൂമിയിൽ നല്ല വെയിലും ചൂടും മഴയും കൊണ്ടാണ് വളരുന്നതെങ്കിലും വെയിലോ മഴയോ അധികമായാൽ ഇവയുടെ അലങ്കാര ഇനങ്ങൾ  വേഗത്തിൽ നശിച്ചുപോകും. നമ്മുടെ നാട്ടിലെ അധിക ഈർപ്പവും ഇവയ്ക്കു പിടിക്കില്ല.  

സക്കുലന്റ് വിഭാഗത്തിലെ കള്ളിച്ചെടികൾക്ക് ഇലകൾ കാണാറില്ല. നിറയെ മുള്ളുകളുമായി, പച്ചനിറത്തില്‍ തടിച്ച തണ്ടുകളാണ് ഇവയ്ക്ക്. വേണ്ട വെള്ളം ശേഖരിച്ചു വയ്ക്കുന്നതും ഭക്ഷണം തയാറാക്കുന്നതുമെല്ലാം ഈ തണ്ടുകളാണ്.   

നമ്മുടെ ഉദ്യാനങ്ങളിൽ വളർത്തുന്ന റോസ് കാക്ടസ് അഥവാ പെരസ്‌കിയ ഇനം മറ്റ് അലങ്കാര കള്ളിച്ചെടികളിൽനിന്ന്  ഏറെ വിഭിന്നമാണ്. ഈ ചെടിക്ക് വലിയ ഇലകൾ ഉണ്ട്, നല്ല വെയിലത്തു വളരും, ആകർഷകമായ പൂക്കൾ ഉല്‍പാദിപ്പിക്കുകയും ചെയ്യും. 

വിവാഹം, ജന്മദിനം, ആഘോഷം ഏതുമാവട്ടെ, സമ്മാനമായി ചെടികൾ നൽകുന്നത് ഇന്നത്തെ  ട്രെൻഡാണ്. അതിന് കൂടുതല്‍ ആളുകളും ഇപ്പോള്‍ തിരഞ്ഞടുക്കുന്നത് കൈക്കുമ്പിളിൽ ഒതുങ്ങുന്ന ചെറിയ ചട്ടിയില്‍ നട്ട  കുഞ്ഞൻ കള്ളിച്ചെടി അല്ലെങ്കില്‍ ഗ്രാഫ്റ്റ് ചെയ്ത കള്ളിച്ചെടിയാണ്. ഇത്തരം സമ്മാനം തയാറാക്കി വിപണനം ചെയ്യുന്നത് വീട്ടമ്മമാര്‍ക്കു മികച്ച ആദായ സംരംഭവുമാണ്. ബണ്ണി ഇയേഴ്‌സ്, ഫെയറി കാസിൽ കാക്ടസ്, സ്റ്റാർ കാക്ട്സ്, ഫെതർ കാക്ടസ്, ലേഡി ഫിംഗർ കാക്ടസ്, മെല്ലോ കാക്ടസ്, ഗ്രാഫ്റ്റ് ചെയ്ത മൂൺ കാക്ടസ് തുടങ്ങിയവയുടെ കുഞ്ഞൻ ഇനങ്ങൾ ആണ് ചെറിയ ചട്ടിയിൽ പരിപാലിക്കാൻ പറ്റിയത്. ഇവയിൽ പലതിനും ഗോളാകൃതിയാണ്, സാവധാനം വളരുന്ന പ്രകൃതവും. 

പച്ചയുടെ വകഭേദങ്ങളിലുള്ള പരമ്പരാഗത കള്ളിച്ചെടികൾക്കൊപ്പം വേരിഗേറ്റഡ് ഇനങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്. യൂഫോർബിയ, എക്കിനോപ്സിസ് തുടങ്ങിയവയുടെ വേരിഗേറ്റഡ് ഇനങ്ങൾക്കാണ് ആവശ്യക്കാരേറെയും. 

cactus-2

നടീല്‍വസ്തുക്കള്‍ 

വിത്ത്, ചെടിയുടെ സസ്യപ്രകൃതമനുസരിച്ച് വശങ്ങളിലേക്ക് ഗോളാകൃതിയിലോ വിരലിന്റെ ആകൃതിയിലോ ഉണ്ടായി വരുന്ന കമ്പ് (ഓഫ്സെറ്റ്), തണ്ടിന്റെ തലപ്പ് എന്നിവയാണ് പ്രധാനമായും നടീല്‍വസ്തുക്കള്‍. പിന്നെ ഗ്രാഫ്റ്റ് തൈകളും.  

വിത്തു മുളപ്പിക്കല്‍

നൂതന ഇനങ്ങൾ പൂവിടാറുണ്ടെങ്കിലും വളരെ അപൂർവമായേ വിത്ത് ഉല്‍പാദിപ്പിക്കുകയുള്ളൂ. പൂവിടുന്ന കള്ളിച്ചെടിയിൽ പൂക്കളുടെ ഇതളുകൾ ഉണങ്ങിയ ശേഷം ബാക്കിയാകുന്ന ഭാഗം സൂക്ഷ്മമായി പരിശോധിച്ചാൽ ചിലപ്പോൾ മണൽത്തരിപോലെ വിത്തുകൾ ഉണ്ടാകും. ഇവ ശേഖരിച്ച്  കുമിൾനാശിനി കലർത്തി അണുവിമുക്തമാക്കിയ ആറ്റുമണലിൽ വിതറണം. ചെറുതായി നനച്ച ശേഷം ചെറിയ ദ്വാരങ്ങൾ ഇട്ട പ്ലാസ്റ്റിക് ഷീറ്റ് പൊതിഞ്ഞ് ഉള്ളിലെ ഈർപ്പം നിലനിർത്തണം. വളരെ സാവധാനമാണ് വിത്ത് മുളച്ച് ചെറു തൈകൾ ഉണ്ടായി വരിക. വേണ്ടത്ര വലുപ്പമായാൽ ചട്ടിയിലേ ക്കു മാറ്റി നടാം.

cactus-1

തണ്ടു നടീല്‍

ആവശ്യത്തിനു വളർച്ചയായാൽ മിക്ക കാക്ടസ് ഇനങ്ങളിലും വശങ്ങളിലേക്ക് തണ്ട് ഉണ്ടായി വരും. ഇവ ചുവടെ മുറിച്ചെടുത്ത് മുറി ഭാഗം കുമിൾനാശിനിയിൽ മുക്കി അണുവിമുക്തമാക്കിയ ശേഷം നടാം. നന്നായി വെയിലത്ത് ഉണങ്ങിയ ആറ്റുമണലിൽ ചുവടു ഭാഗം ഇറക്കിവച്ചു വേണം നടാന്‍.  ആഴ്ചയിൽ ഒരിക്കൽ മാത്രം നന. ഇനമനുസരിച്ച് ഒരു മാസംവരെയെടുക്കും വേരുകൾ ഉണ്ടായി വരാൻ. ആവശ്യത്തിന് വേരുകളായാൽ സ്ഥിരമായി വളർത്താനുള്ള ചട്ടിയിലേക്കു മാറ്റി നടാം. 

ഗ്രാഫ്റ്റിങ്

ചുവപ്പ്, മഞ്ഞ, പിങ്ക് തുടങ്ങി പല നിറങ്ങളിൽ ഗോളാകൃതിയിൽ വളരുന്ന മൂൺ കാക്ടസ് വിപണി യിൽ ലഭ്യമാണ്. ഇവയ്ക്ക് ഹരിതകം ഇല്ലാത്തതുകൊണ്ട് ആയുസ്സ് വളരെ കുറവാണ്. മൂൺ കാക്ടസ് മറ്റു കള്ളിച്ചെടികളിലേക്ക് ഗ്രാഫ്റ്റ് ചെയ്‌താൽ ഏറെക്കാലം  നിലനിർത്താന്‍ പറ്റും. മൂൺ കാക്ടസ് കൂടാതെ ബണ്ണി ഇയേഴ്‌സ്, മാമിലേറിയ ഇനങ്ങൾ തുടങ്ങിയവയെല്ലാം ഗ്രാഫ്റ്റിങ്ങിനായി ഉപയോഗിക്കാറുണ്ട്. അക്കാന്തോ സീറിയസ്, ഡ്രാഗൺ ഫ്രൂട്ട് കാക്ടസ് ഇവയാണ് സാധാരണ ഗ്രാഫ്റ്റിങ് സ്റ്റോക്ക് ആയി തിരഞ്ഞെടുക്കുക. മറ്റ് അലങ്കാരച്ചെടികളിൽനിന്നു വ്യത്യസ്തമായി കാക്ടസ് അനായാസം ഗ്രാഫ്റ്റ് ചെയ്യാനാവും. ഫ്ലാറ്റ് ഗ്രാഫ്റ്റ് രീതിയാണ്  നല്ലത്.  കുറുകെ മുറിച്ച സ്റ്റോക്കിനു  മുകളിൽ അതേപോലെ മുറിച്ചെടുത്ത സെയോൺ ചേർത്തുവച്ചശേഷം നൂലോ റബർ ബാൻഡോ ഉപയോഗിച്ച് ചുറ്റി ബലപ്പെടുത്തി തണലത്തുവച്ച് സംരക്ഷിക്കണം. സെയോൺ വളരാൻ തുടങ്ങുന്നത് ഗ്രാഫ്റ്റിങ് വിജയിച്ചതിന്റെ സൂചനയാണ്.

പരിപാലനം ലളിതം

ലളിതമായ പരിചരണവും സവിശേഷ ആകൃതിയുമാണ് കള്ളിച്ചെടികളുടെ ജനസമ്മതിക്കു ‌മുഖ്യ കാരണം. പാതി തണലും നല്ല വായൂസഞ്ചാരവും കിട്ടുന്ന വരാന്ത, ബാൽക്കണി, ജനൽപടി, പോർ ട്ടിക്കോ  എന്നിവയെല്ലാം കാക്ടസ് നട്ടുപരിപാലിക്കാൻ പറ്റിയ ഇടങ്ങളാണ്. വെയിലോ മഴയോ ഏറെ കിട്ടുന്നിടങ്ങളില്‍ വച്ചാല്‍  പെട്ടെന്നു നശിച്ചുപോകും.

മിനിയേച്ചര്‍ ഗാര്‍ഡന്‍

അധിക വളർച്ച നിയന്ത്രിക്കാനും എപ്പോഴും നോട്ടം കിട്ടാനും ചട്ടിയില്‍ നടുന്നതാണ് നല്ലത്. വലുപ്പമേറിയ തരികളുള്ള ആറ്റുമണലിൽ അൽപം ചകിരിച്ചോറും നന്നായി ഉണങ്ങിയ ചാണകപ്പൊടി, എല്ലുപൊടി എന്നിവയും കലർത്തിയ മിശ്രിതത്തിൽ കള്ളിച്ചെടി നടാം. രാസവളങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. പൊടിച്ചെടുത്ത കരി കലർത്തുന്നത് രോഗങ്ങളിൽനിന്ന് ചെടിയെ ഒരു പരിധിവരെ രക്ഷിക്കും. മിശ്രിതം നിറയ്ക്കുന്നതിനു മുൻപ് ചട്ടിയുടെ അടിഭാഗത്ത്  ഓടിന്റെ കഷണങ്ങൾ നിരത്തുന്നത് അധിക ജലം വാര്‍ന്നുപോകാൻ ഉപകരിക്കും. ചുവടുഭാഗം കുമിൾനാശിനിലായനിയിൽ മുക്കിയ ശേഷം വേണം ചെടി നടാൻ. പലതരം കള്ളിച്ചെടികൾ പരന്ന പാത്രത്തിൽ ആവശ്യത്തിന് അകലം നൽകി ഒരുമിച്ചു നട്ട് ‘കാക്ടസ് ഗാർഡൻ’ ഒരുക്കാം. ഇത്തരം മിനിയേച്ചർ ഗാര്‍ഡനിൽ ചെറിയ പാറക്കഷണങ്ങളും തരിമണലും എല്ലാം മുകളിൽ നിരത്തി മരുഭൂമിയുടെ പ്രതീതിയുണ്ടാക്കാൻ പറ്റും. 

കാലാവസ്ഥ അനുസരിച്ച് ആഴ്ചയിൽ പരമാവധി 2 നന മതി. ചെടിയും മിശ്രിതവും നന്നായി നനയണം. ദ്രവ രൂപത്തിലുള്ള ജൈവവളങ്ങള്‍ മാസത്തിൽ ഒരിക്കൽ  മിശ്രിതത്തിൽ നൽകാം. ചീയൽരോഗം തടയാൻ 'സാഫ്' പോലുള്ള കുമിൾനാശിനി മാസത്തിൽ ഒരിക്കൽ പ്രയോഗിക്കാം.

English summary: Mini-Cactus and Succulents for Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com