കോഴിക്കോട് തിരുത്തിയാട് 'അശ്വതി'യിലെ മട്ടുപ്പാവിലെത്തിയാൽ കള്ളിച്ചെടികൾ നിറഞ്ഞ മരുഭൂമിപോലെ. എവിടെ തിരിഞ്ഞു നോക്കിയാലും പല രൂപത്തിലും ആകൃതിയിലുമുള്ള കള്ളിമുള്‍ ചെടികള്‍. ഗൃഹനാഥനായ ബാലകൃഷ്ണൻ വീടിനോടു ചേർന്നു നടത്തുന്ന പ്രിന്റിങ് പ്രസ് കെട്ടിടത്തിന്റെ മേൽത്തട്ടിലും നിറയെ കാക്ടസ്. എല്ലാംകൂടി 2500 ചതുരശ്ര അടിയിലേറെ സ്ഥലത്ത് 500 ഇനങ്ങളിലായി മൂവായിരത്തിലേറെ ചെടികൾ. പലതും അപൂർവ ഇനങ്ങള്‍. നേരിട്ടു വെയിലും മഴയും കൊള്ളാതിരിക്കാൻ മേൽത്തട്ട് മുഴുവനായി യുവി ഷീറ്റ് മേൽക്കൂര ഒരുക്കിയിട്ടുണ്ട്.
ചെടികളോടുള്ള ഇഷ്ടം രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ബാലകൃഷ്ണൻ മുൻപ് റോസ്, ചെമ്പരത്തി തുടങ്ങി പലതരം ചെടികൾ വളർത്തിയിട്ടുണ്ടെങ്കിലും 5 വർഷമായി ശ്രദ്ധ മുഴുവന്‍ കള്ളിച്ചെടികളിലാണ്. സ്വദേശത്തുനിന്നും വിദേശത്തുനിന്നും നേരിട്ടും, ഓൺലൈൻ വഴിയുമാണ് മിക്കവയും ശേഖരിച്ചത്. നമ്മുടെ കാലാവസ്ഥയിൽ മേയ് - ജൂൺ മാസങ്ങളിലാണ് പല ഇനങ്ങളും പൂവിടുക. ചുവപ്പ്, ഓറഞ്ച്, മഞ്ഞ തുടങ്ങിയ നിറങ്ങളിലാണ് പൂക്കള്‍. 2-3 ദിവസമേ ഇവ വാടാതെ നിൽക്കുകയുള്ളൂ. ബാലകൃഷ്ണന്‍ ജൈവവളങ്ങളാണ് ചെടികൾക്കു നൽകുന്നത്. പറ്റുന്ന ദിവസമൊക്കെ 4 - 5 മണിക്കൂർ ചെടികൾക്കൊപ്പം ചെലവഴിക്കും. സഹായത്തിനു ഭാര്യ ബേബിയുമുണ്ടാകും.
വേരിഗേറ്റഡ് ഇനങ്ങളും ഗ്രാഫ്റ്റുമുണ്ട്. മുന്തിയ വിലയുള്ളവയാണ് നല്ല പങ്കും. ഗ്രാഫ്റ്റിങ് സ്വായത്തമാക്കിയ ബാലകൃഷ്ണൻ ഇപ്പോള്‍ പല ആകൃതിയിലും നിറത്തിലുമുള്ള ചെടികള്‍ സ്വയം തയാറാക്കുന്നുണ്ട്. ഹോബിയാണ് കള്ളിച്ചെടി വളർത്തല്‍ എങ്കിലും ആവശ്യക്കാർക്ക് ഓൺലൈനില്‍ ഓര്‍ഡര്‍ എടുത്ത് ചെടികൾ എത്തിച്ചുനൽകുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളില്‍നിന്നാണ് ഓര്‍ഡറുകള്‍ കൂടുതലും.
ഫോൺ: 7293937066
English summary: Cactus Garden