ADVERTISEMENT

ഗൃഹനിർമാണത്തിലെന്നപോലെ ഉദ്യാനനിര്‍മാണത്തിലും അടിക്കടി മാറ്റങ്ങള്‍ വന്നുകൊണ്ടിരി ക്കുന്നു. രൂപകല്‍പനയില്‍ മാത്രമല്ല, നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളിലും ദ്രുതഗതിയിലാണ് മാറ്റങ്ങള്‍. പൂന്തോട്ടത്തിനു മോടി കൂട്ടാന്‍ എത്രയെത്ര നൂതനവസ്തുക്കളാണ് വിപണിയില്‍! അലങ്കാര വിളക്കുകൾ, അതിർവേലികൾ, നിലത്തു വിരിക്കാനുള്ള കല്ല്, പുല്ല്, പുല്‍ത്തകിടി എന്നിവയിലെല്ലാം ഒട്ടേറെ പുതുമകള്‍. 

garden-trends-lights
അഴകും വെളിച്ചവും

അലങ്കാര വിളക്കുകൾ 

ഉദ്യാനത്തിന്റെ ഏതു ഭാഗത്തുനിന്നും നോട്ടം കിട്ടുന്ന വിധത്തിൽ ഉയരമുള്ള വിളക്കുകളായിരുന്നു മുന്‍പു ട്രെന്‍ഡ് എങ്കില്‍ ഇന്ന് തീരെ ഉയരം കുറഞ്ഞതും താഴേക്കും വശങ്ങളിലേക്കും പ്രകാശം കിട്ടുന്നതുമായ  ബൊളാർഡ് ലൈറ്റ്‌സ് ആണ് ട്രെൻഡ്. പല ആകൃതിയിലും ഉയരത്തിലുമുള്ള അലൂമിനിയം, കാസ്റ്റ് അയൺ, ഫൈബർ നിർമിത ബൊളാർഡ്സ് ഇന്നു വിപണിയില്‍ കിട്ടും. സോളർ ഊർജത്തിൽ പ്രവർത്തിക്കുന്നവയുമുണ്ട്.  മരങ്ങൾക്കും ഉദ്യാന ശിൽപങ്ങൾക്കും പുൽത്തകിടിക്കു മെല്ലാം രാത്രിയിൽ കൂടുതൽ ഭംഗിയും നോട്ടവും കിട്ടുന്ന തരം വലുപ്പം കുറഞ്ഞ എൽഇഡി സ്പോട്ട് ലൈറ്റുകളും പുതിയ ട്രെന്‍ഡ് ആണ്.  ഭംഗിക്കും സുരക്ഷയ്ക്കുമായി വേണ്ട ഗാർഡൻ ലൈറ്റ്‌സ് നടപ്പാതയുടെയും ഡ്രൈവ് വേയുടെയും ഇരുവശങ്ങളിലായി സ്ഥാപിക്കാം. 

garden-trends-stones

കോബിൾ സ്റ്റോൺ മുതൽ സാൻഡ് സ്റ്റോൺ വരെ

തീരെ വലുപ്പം കുറഞ്ഞ കോബിൾ സ്റ്റോൺ മുതൽ പല വലുപ്പത്തിലുള്ള ഷാബാത്ത്‌, സെറ, കോട്ട, സാൻഡ് സ്റ്റോൺവരെ പലതരം പ്രകൃതിദത്ത കല്ലുകൾ നിലം മോടിയാക്കാനും ഉദ്യാനത്തിലെ നടപ്പാതയിലും ഡ്രൈവ് വേയിലും വിരിക്കാനുമുണ്ട്. ഒരു വശം മാത്രം ചെത്തിമിനുക്കിയതോ 2 വശവും ഫ്ലെയിം കട്ട് ചെയ്ത് ഒരുപോലെ മിനുക്കിയതോ ആയ കല്ലുകള്‍  ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാം. ചാരനിരത്തിന്റെ പല നിറഭേദങ്ങളിൽ കോബിൾ, ഷാബാത്ത്‌, സെറ സ്റ്റോണുകള്‍ കിട്ടും. മറ്റു നിറങ്ങളിലുള്ള കല്ലുകൾ കോട്ട, സാൻഡ് സ്റ്റോൺ വിഭാഗത്തില്‍ ലഭ്യമാണ്. 

ചാരനിറത്തില്‍ 4 ഇഞ്ച് സമചതുരത്തിൽ കിട്ടുന്ന കോബിൾ സ്റ്റോണ്‍ പല ആകൃതികളിൽ നിലത്തു വിരിച്ച് നടപ്പാതയ്ക്കും ഡ്രൈവ് വേയ്ക്കും പ്രത്യേക ഭംഗി നൽകാം. പല വലുപ്പത്തിൽ ലഭിക്കുന്ന മറ്റു തരം കല്ലുകളിൽ 2 അടി നീളവും ഒരടി വീതിയുമുള്ളവയാണ് ഏറെയും ഉപയോഗിക്കുന്നത്. വാഹനങ്ങൾ പോകുന്ന ഡ്രൈവ് വേയില്‍  കല്ലുകൾ സിമന്റ്  മിശ്രിതത്തിന്റെ മുകളിൽ വേണം വിരിക്കാൻ. നടപ്പാതയ്ക്കായി കല്ല് വിരിക്കുമ്പോൾ താഴെ ബേബി മെറ്റൽ നന്നായി ഉറപ്പിച്ചു നിറച്ചാൽ മതി. നേരിട്ട് വെയിൽ വീഴുന്ന ഇടങ്ങളിൽ വലുപ്പമേറിയ കല്ലുകൾ വിരിക്കുമ്പോൾ 2 കല്ലുകൾക്കിടയിൽ വരുന്ന വിടവിൽ പുൽത്തകിടിയുടെ കഷണങ്ങൾ നിരത്താം. ഇതിനായി കല്ലുകൾ തമ്മിൽ 2 ഇഞ്ച് വിടവാണ് നല്ലത്. ഇതിനായി കാർപെറ്റ് ഗ്രാസ് ഉപയോഗിക്കാം. 

garden-trends-grass
പുതിയ ട്രെൻഡ് പേൾ ഗ്രാസ്

പുൽത്തകിടിക്കു വലിയ മാറ്റ്

പുൽത്തകിടി ഒരുക്കാൻ ഈയിടെ ഏറെ പ്രചാരത്തിലായ പുല്ലിനമാണ് പേൾ ഗ്രാസ്.  നേരിട്ട് വെയിൽ കിട്ടുന്നിടത്തും പാതി തണലത്തും പേൾ ഗ്രാസ് ലളിതമായ പരിചരണത്തിൽ മികച്ച പുൽത്ത കിടിയായി ഏറെക്കാലം നിലനിർത്താം. പേൾ ഗ്രാസ് നമ്മുടെ നാട്ടിൽ എത്തിയ കാലത്ത് അതിന്റെ കട പ്രോട്രേയിൽ വളർത്തിയ ശേഷം നിലത്തേക്കു മാറ്റി നടുകയായിരുന്നു പതിവ്. എന്നാൽ ഇന്ന് മറ്റ് പുല്ലിനങ്ങളെ അപേക്ഷിച്ച് വേഗത്തിലും എളുപ്പത്തിലും പുൽത്തകിടി ഒരുക്കാൻ പാകത്തില്‍ പേൾ ഗ്രാസിന്റെ പല വലുപ്പത്തിലുള്ള ഷീറ്റുകൾ വിപണിയിൽ ലഭ്യമാണ്. കുറഞ്ഞ വിസ്തൃതിയില്‍ ഒരു തകിടിയൊരുക്കാന്‍ വലിയ ഷീറ്റ് ഒരെണ്ണം മതി. അതിനാല്‍തന്നെ പണിക്കൂലിയും കുറയും.  റോൾ ആയാണ് ഷീറ്റ് ലഭിക്കുക. അതാത്, റെഡിമെയ്‌ഡ്‌ ലോൺ. കൃത്രിമ പുൽത്ത കിടിയുടെയും ഇത്തരം  ഷീറ്റുകള്‍  വിപണിയിലുണ്ട്. എറണാകുളത്തെ ജിബോയിയും രജീഷും പുണെയില്‍ ഈയിടെ നടന്ന ഹോർട്ടി എക്സ്പോയിൽ 1100 ചതുരശ്ര അടിയുടെ ഒറ്റ ഷീറ്റ്കൊണ്ട് പേൾ ഗ്രാസ് പുൽത്തകിടിയൊരുക്കി! ഫോൺ (രജീഷ്): 9947793024

garden-trends-WALL
വേലി അലങ്കാരത്തിനും

അതിർവേലികൾ 

ഉദ്യാനത്തിലെ പുൽത്തകിടിയും നടപ്പാതയും തമ്മിൽ അല്ലെങ്കിൽ അതിരുചെടികളും പുൽത്തകിടിയും തമ്മിൽ വേർതിരിക്കാൻ വേലി ഒരുക്കാറുള്ളതുപോലെ മരത്തിനു ചുറ്റും അലങ്കാരത്തിനായി വേലി നിർമിക്കാറുണ്ട്. ഉയരം കുറഞ്ഞ ഇത്തരം ഇടവേലികളുടെ മുഖ്യ ഉദ്ദേശ്യം പൂന്തോട്ടത്തിന്റെ   ഭംഗി കൂട്ടുകയാണ്. മുൻപ് ഇഷ്ടികയും സിമന്റും ഉപയോഗിച്ചു ഒരുക്കിയിരുന്ന വേലികൾക്കു പകരം ഫൈബർ, കാസ്റ്റ് അയേൺ, ഈടു നിൽക്കുന്ന തടി എന്നിവകൊണ്ടുള്ള റെഡി മെയ്‌ഡ്‌ വേലികള്‍ വിപണിയിൽ കിട്ടും.  ഇവ ഉദ്യാനത്തിൽ നമുക്കുതന്നെ അനായാസം സ്ഥാപിക്കുകയും ചെയ്യാം. 

garden-trends-pots

ചട്ടികൾ പല തരം   

പൂന്തോട്ടം ഒരുക്കാനിടമില്ലാത്ത, സ്ഥലസൗകര്യം കുറഞ്ഞ പൂമുഖം ഭംഗിയാക്കാൻ ചട്ടിയിൽ നട്ട ചെടികളാണ് നല്ലത്. വലുപ്പമുള്ള ഉദ്യാനത്തിന്റെ ഒരു ഭാഗത്ത് പ്രത്യേകം മേൽക്കൂര നൽകി പാതി തണലിൽ വളരുന്ന ചെടികൾ ചട്ടികളിൽ നട്ട്  തട്ടുതട്ടായി വച്ചും പരിപാലിക്കാറുണ്ട്. സിറ്റൗട്ട്, പാറ്റിയോ, വരാന്ത ഇവിടെയെല്ലാം ചെടികൾ വളർത്താൻ ചട്ടികളാണ് യോജ്യം. മുൻപ് ലഭ്യമായിരുന്നത് കളിമൺ, പ്ലാസ്റ്റിക് ചട്ടികളാണെങ്കില്‍ ഇന്ന്  ആകർഷകമായ നിറത്തിലും ആകൃതിയിലും വലുപ്പത്തിലും സെറാമിക്, ഫൈബർ ഗ്ലാസ്, പോളിമർ, അല്ലെങ്കിൽ ലോഹനിർമിത ചട്ടികൾ സുലഭം. ഫൈബർ ഗ്ലാസ്, പോളിമർ ചട്ടികൾ താരതമ്യേന ഭാരം കുറഞ്ഞതായതുകൊണ്ട് എളുപ്പത്തിൽ മാറ്റി സ്ഥാപിക്കാമെന്ന മെച്ചവുമുണ്ട്. ഒന്നിൽ കൂടുതൽ ചെടികൾ നിരയായി നടാന്‍ പറ്റിയ,  നീളമുള്ള പ്ലാന്റർ ബോക്സുകളും വീടിന്റെ ഭിത്തിയുടെ നിറത്തിനോടു  യോജിക്കുന്ന നിറത്തിൽ അല്ലെങ്കിൽ വേറിട്ട നിറത്തിലുള്ള ചട്ടികളും ലഭ്യമാണ്. ചെടികൾ നട്ട പ്ലാ ന്റർ ബോക്സുകൾ ഉപയോഗിച്ച് പൂന്തോട്ടത്തിൽ ഇടവേലികൾ അനായാസം ഒരുക്കാം. വള്ളിച്ചെടികൾ തൂക്കിയിട്ടു വളർത്താന്‍ പല നിറത്തിലും ആകൃതിയിലുമുള്ള തൂക്കുചട്ടികൾ വിപണിയിൽ സുലഭം. കൂടുതല്‍ ഈടു നിൽക്കുന്ന വെർജിൻ പ്ലാസ്റ്റിക് നിർമിത പ്ലാസ്റ്റിക് ചട്ടികൾ തിരഞ്ഞെടു ക്കാൻ ശ്രദ്ധിക്കണം. വില കുറവാണെന്നു കരുതി റീസൈക്കിൾ ചെയ്തു തയാറാക്കിയവ വാങ്ങി ഉപയോഗിക്കരുത്. പുറത്തെ അന്തരീക്ഷത്തിൽ ഇവ വേഗത്തിൽ നശിച്ചു പോകും. ചെടിക്ക് ആവശ്യമായ വെള്ളം ചട്ടിയുടെ ചുവട്ടിലുള്ള സംഭരണിയിൽനിന്നു വലിച്ചെടുക്കാന്‍ പാകത്തിലുള്ള സെൽഫ് വാട്ടറിങ് പോട്ടുകളും ഇന്നു പ്രചാരത്തിലുണ്ട്. ഇത്തരം ചട്ടിയിൽ നട്ട ചെടികൾ  നേരിട്ടു നനയ്ക്കേണ്ടതില്ല, പകരം ചട്ടിയുടെ ചുവട്ടിലുള്ള സംഭരണിയിൽ വെള്ളം തീരുന്നതിന് അനുസരിച്ച് നിറച്ചു കൊടുത്താൽ മതി.

garden-trends-stands

ചെടി വളർത്താൻ സ്റ്റാൻഡുകൾ 

വരാന്തയിലോ പൂന്തോട്ടത്തിന്റെ ഒരു ഭാഗത്തോ ആവട്ടെ, ചട്ടിയിൽ വളർത്തുന്ന അലങ്കാരച്ചെടികൾ ഒതുക്കി ചിട്ടയോടെ നിരത്താന്‍ പറ്റുന്ന  പല തരം സ്റ്റാൻഡുകൾ വിപണിയിൽ ഉണ്ട്. ഓർക്കിഡ്, ആന്തൂറിയം ചെടികളില്‍ ഒച്ചിന്റെ ശല്യം ഒഴിവാക്കാൻ സ്റ്റാൻഡിൽ വച്ചു വളർത്തുന്നത് ഉപകരിക്കും. വരാന്തയിലും സിറ്റ്ഔട്ടിലും ഇങ്ങനെ ചെടികൾ പരിപാലിച്ചാൽ ചട്ടി കവിഞ്ഞൊഴുകി താഴേക്കു വീഴുന്ന അധിക നനജലം എളുപ്പത്തിൽ നീക്കി നിലം വൃത്തിയായി സൂക്ഷിക്കാന്‍ സാധിക്കും. ചട്ടിയിൽനിന്ന് ഊർന്നിറങ്ങുന്ന നനജലം സ്റ്റാൻഡിന്റെ തട്ടുകളിൽ തങ്ങിനിൽക്കാതിരിക്കാന്‍, വീതി കുറഞ്ഞ കമ്പിയഴികൊണ്ടുള്ള തട്ടുകളുള്ള സ്റ്റാൻഡ് തിരഞ്ഞെടുക്കണം. 

മുൻപ് വിദഗ്ധ  തൊഴിലാളികളുടെ സഹായത്തോടെ തയാറാക്കിയിരുന്ന ഇത്തരം സ്റ്റാൻഡുകൾക്കു പകരം ഒരു ചെടി മാത്രം വയ്ക്കാന്‍ പറ്റിയവയും  പല തട്ടുകളിലായി കൂടുതല്‍ ചെടികൾ നിര ത്താവുന്നവയുമടക്കം പല വലുപ്പത്തിലുള്ള റെഡിമെയ്ഡ് സ്റ്റാൻഡുകൾ വിപണിയിൽ ലഭിക്കും.  പ്രത്യേകം തയാറാക്കിയ ഇരുമ്പു കാലുകളിൽ വള്ളിച്ചെടികൾ തൂക്കിയിട്ടു വളർത്താൻ പറ്റിയവയും ഉണ്ട്.  മനോഹരമായ ഇത്തരം സ്റ്റാൻഡുകൾ ഉദ്യാനത്തിന്റെ തുറസ്സായ ഇടങ്ങളില്‍ വയ്ക്കാം.  അധിക നാൾ ഈടുനിൽക്കുന്ന, ഗാൽവനൈസ്‌ഡ്‌ മെറ്റൽ നിർമിതമായവതന്നെ തിരഞ്ഞെടുക്കണം.  തട്ടുകൾക്കു പകരം ചെടിച്ചട്ടികൾ  ഇറക്കിവയ്ക്കാൻ  ഇരുമ്പുവളയങ്ങളുള്ള സ്റ്റാൻഡുകളും  ഏറെക്കാലം ഈടുനിൽക്കും. ഭിത്തിയിൽ ഉറപ്പിക്കാൻ പറ്റിയ, വളയങ്ങളോടുകൂടിയ സ്റ്റാൻഡുകളും വിപണിയിലുണ്ട്. ഇവയിൽ ചെടികൾ വെർട്ടിക്കൽ ഗാർഡൻ രീതിയിൽ പരിപാലിക്കാം. 

English summary: Latest trends in gardening

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com