ADVERTISEMENT

ത്രീ ഡി പ്രിന്റിങ് ടെക്നോളജി ചെടിച്ചട്ടിയിലും എത്തിക്കഴിഞ്ഞു. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ ആന്റണി ഫ്രാൻസിസ്, എംബിഎ പഠനശേഷം ഐബിഎമ്മിൽ പ്രവർത്തിക്കുന്ന സബിൻ തോമസ് എന്നീ സുഹൃത്തുക്കൾ ചേർന്ന് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ തുടങ്ങിയ കലം ത്രീ ഡി എന്ന സംരംഭമാണ് കേരളത്തിലാദ്യമായി ത്രീ ഡി ചെടിച്ചട്ടികൾ വിപണിയിലെ ത്തിക്കുന്നത്. 

സാധാരണഗതിയിൽ നാമൊരു കടലാസിൽ ചിത്രം അച്ചടിക്കുമ്പോൾ 2D (ദ്വിമാന) ഇമേജ് ആണല്ലോ ലഭിക്കുക. അതായത്, രണ്ടു മാനങ്ങളിൽ (നീളം, വീതി) മാത്രം കാണാവുന്ന വസ്തു. എന്നാൽ ഒരു വസ്തുവിനെ നീളവും വീതിയും ഉയരവും ചേരുന്ന ത്രിമാന രൂപമായി അച്ചടിക്കാൻ ഇപ്പോൾ അവസരമുണ്ട്. നിങ്ങളൊരു വീട് പണിയാനുദ്ദേശിക്കുന്നു എന്നു കരുതുക. കടലാസിൽ വരച്ചു കിട്ടിയ പ്ലാൻ കണ്ടാൽ  വീടിന്റെ രൂപം എങ്ങനെയാവുമെന്നു മനസ്സിലാവാറില്ലല്ലോ. പകരം വീടിന്റെ ത്രിമാന രൂപം പ്രിന്റ് ചെയ്തെടുത്ത് അടിമുടി കാണാനായാലോ? അത് ത്രിമാന (3D പ്രിന്റിങ്) ചെടിച്ചട്ടിയിലേക്കു കൊണ്ടുവന്നിരിക്കുകയാണ് ഈ സുഹൃത്തുക്കൾ.

3d-printing-3
ചട്ടി പ്രിന്റ് ചെയ്തെടുക്കുന്നു

സ്ഥിരം ഡിസൈനുകളിൽനിന്നു മോചനമാണ് ത്രീ ഡി ചട്ടികൾ നൽകുന്നത്.  ഇൻഡോർചെടിയോളം പ്രാധാന്യമുണ്ട് ഇപ്പോൾ ചട്ടികൾക്കും. എന്നാൽ ഇന്നു നമ്മൾ കാണുന്ന ചട്ടികളുടെ രൂപങ്ങളൊക്കെ കണ്ടുമടുത്തവയാണ്. ഇറക്കുമതി ചെയ്യുന്ന സെറാമിക് ചട്ടികൾക്കാകട്ടെ, ഉയർന്ന വിലയും. ത്രീ ഡി ചട്ടികളുടെ മെച്ചം ഇവിടെയാണ്. ഇഷ്ടപ്പെട്ട ഡിസൈൻ കംപ്യൂട്ടറിനു നൽകിയാൽ കടുകിട മാറാതെ, തികച്ചും പൂർണതയോടെ ചട്ടി പ്രിന്റ് ചെയ്ത് കംപ്യൂട്ടർ കയ്യിൽ തരും. വലുപ്പത്തിനും ഡിസൈനും അനുസൃതമായി 100 രൂപ മുതൽ 350 രൂപവരെയാണ് ഈ ചട്ടിക്കു വില. 

3d-printing-1
ത്രീ ഡി പ്രിന്റഡ് പൂച്ചെട്ടികൾ

പൂച്ചട്ടി പ്രിന്റിങ്

നമുക്കു പരിചിതമായ പ്രിന്ററിൽനിന്ന് അൽപം വ്യത്യസ്തമാണ് ത്രിമാന പ്രിന്റർ. ത്രീ ഡി പ്രിന്റിങ്ങിനു പ്ലാസ്റ്റിക് ഉൾപ്പെടെ പല വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്. ഉന്നത ഗുണനിലവാരമുള്ള എബിഎസ് പ്ലാസ്റ്റിക്‌കൊണ്ടാണ് കലം ത്രീ ഡി നിര്‍മിക്കുന്നതെന്ന് ആന്റണി. ലാപ്ടോപ്പ്, കീ ബോർഡ് തുടങ്ങിയ ഇ–വെയ്സ്റ്റുകൾ ചെറു തരികളായി പൊടിച്ചെടുത്തതാണ് അസംസ്കൃത വസ്തു. തമിഴ്നാട്ടിൽനിന്നു വാങ്ങുന്ന ഈ ഗ്രാന്യൂളുകൾ നിശ്ചിത താപനിലയിൽ ചൂടാക്കി ജലാംശം പൂർണമായി നീക്കുന്നു. അതിനെ യന്ത്രസഹായത്തോടെ നൂലുപോലെ നേർത്ത രൂപ(ഫിലമെന്റ്)ത്തിലേക്കു മാറ്റി ചുറ്റിയെടുക്കുന്നു. തുടർന്ന് ഈ കോയിൽ റോൾ കംപ്യൂട്ടറിന് അനു ബന്ധമായുള്ള പ്രിന്ററിലേക്കു ഘടിപ്പിക്കും. 

3d-printing-2

എക്സ്ട്രൂഡർ സംവിധാനത്തിന്റെ നോസിൽ വഴി ഈ ഫിലമെന്റ് പ്രിന്റ് ബെഡിലേക്ക് എത്തി ചട്ടി മെനയുന്നു.  ഒന്നിലേറെ ചട്ടികൾ ഒരേസമയം നിർമിക്കാനുള്ള സൗകര്യം കലം ത്രീഡി യൂണിറ്റിലുണ്ട്. പ്രിന്റിങ് സംവിധാനങ്ങളെല്ലാം കൂടി സ്ഥാപിക്കാൻ ഒരു ചെറിയ  മുറി മതി. ഇതിനൊന്നും മനുഷ്യാധ്വാനം ആവശ്യവുമില്ല. അതേസമയം ത്രീ ഡി ചട്ടിയുടെ സാങ്കേതികവിദ്യ രൂപപ്പെടുത്തൽ അത്ര എളുപ്പമല്ലെന്ന് ആന്റണി പറയുന്നു. മുൻമാതൃകകൾ സംസ്ഥാനത്തോ രാജ്യത്തോ ഇല്ലെന്നതു തന്നെ കാരണം. ഇറക്കുമതി ചെയ്ത ത്രീ ഡി പ്രിന്റിങ് മെഷീനിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തി യാണ് ചട്ടി പ്രിന്റിങ് സാധ്യമാക്കിയത്. കലം ത്രീ ഡിയിൽ  8 ഇഞ്ച് വരെ വലുപ്പമുള്ള ചട്ടികൾ പ്രിന്റ് ചെയ്യാം. ഒരിഞ്ച് ചട്ടി മെനയാൻ ഒരു മണിക്കൂർ വേണ്ടി വരും. മെനഞ്ഞെടുക്കുന്ന ചട്ടികൾക്ക് ഇഷ്ടപ്പെട്ട നിറം കൊടുക്കാൻ പക്ഷേ, മനുഷ്യാധ്വാനം വേണം. ഉന്നത ഗുണനിലവാരമുള്ള പെയ്ന്റാണ് ഉപയോഗിക്കുന്നത്. 

പ്ലാസ്റ്റിക് നിര്‍മിതമെങ്കിലും ചട്ടി പരിസ്ഥിതി സൗഹൃദ ഉൽപന്നമാണെന്ന് ആന്റണിയും സബിനും പറയുന്നു. ഇ–വെയ്സ്റ്റാണല്ലോ അസംസ്കൃതവസ്തു. പുതിയ പ്ലാസ്റ്റിക് ഉൽപാദിപ്പിക്കുന്നതിനു പകരം പുനരുപയോഗമാണ് നടക്കുന്നതും. ത്രീ ഡി ചട്ടിക്കു ഭാരം തീരെക്കുറവായതിനാല്‍ കൈ കാര്യം ചെയ്യൽ എളുപ്പം. കടുത്ത സമ്മർദമേറ്റാൽ മാത്രമേ  പൊട്ടുകയുള്ളൂ. ത്രീ ഡി സെറാമിക് ചട്ടികളിലേക്കു കൂടി തിരിയുകയാണ് ഈ യുവസംരംഭകർ.

ഫോൺ: 9633357247

English summary: Making Flower Pots and Planters using 3D Printing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com