ADVERTISEMENT

മുറികളുടെ മൂലയിലും വരാന്തയിലും വെറുതെ ചെടികൾ നിരത്തുന്നതിനു പകരം  അഴകോടെ വിന്യസിക്കുന്നതാണ് പുതിയ ട്രെൻഡ്. അതിനു  സാധ്യതകൾ കണ്ടാണ്  വീടുകളുടെ രൂപകൽപനപോലും. 

art1
Image Credit: nalinratphi/iStockPhoto

ചെറു പൂന്തോട്ടം  

സ്റ്റെയർ കെയ്‌സിന് താഴെ, ജനലിന് അരികിൽ അല്ലെങ്കിൽ അധികം കാൽപ്പെരുമാറ്റം വരാത്ത ഇടങ്ങളില്‍ ഒക്കെ ചെറു പൂന്തോട്ടമൊരുക്കാം. തറനിരപ്പിൽനിന്ന് ഒരടിയോളം താഴ്ത്തിക്കെട്ടി ഇതിനു സൗകര്യം ഒരുക്കാം. തുടർന്ന് ചട്ടിയിൽ നട്ട ചെടികൾ, തിങ്ങി നിറയാത്ത വിധത്തിൽ ആവശ്യത്തിന് അകലത്തില്‍  വയ്ക്കണം. ചട്ടികൾ പുറമേ കാണാത്തവിധം വെള്ളാരംകല്ലുകൾ നിരത്തി ഭംഗിയാക്കാം. ആകർഷകമായ ചെറുശിൽപങ്ങളും ഭംഗിയുള്ള പാറക്കല്ലുകളും ഡ്രിഫ്ട് വുഡും ഉപയോഗിച്ച് ഡ്രൈ ഗാർഡൻ സ്പർശം നൽകാം.

art3
Image credit: piovesempre/iStockPhoto

വേർതിരിക്കാൻ ചെടിക്കൂട്ടങ്ങൾ 

ചെടികൾകൊണ്ട് മുറികൾ വേർതിരിക്കുന്ന രീതിയുണ്ട്. ഇതിനായി നല്ല നീളവും ആഴവുമുള്ള പ്ലാന്റർ ബോക്സുകൾ വിപണിയിൽ ലഭ്യമാണ്. അല്ലെങ്കിൽ മൾട്ടി വുഡോ പ്ലൈ വുഡോ ഉപയോഗിച്ച് കൃത്യമായ ആകൃതിയിലും വലുപ്പത്തിലും പ്ലാന്റർ ബോക്സുകൾ നിർമിക്കാം. ഇതിനുള്ളിൽ ചട്ടിയിൽ നട്ട ചെടികൾ ഇറക്കി വച്ച് മീതെ വെള്ളാരംകല്ലുകൾ നിരത്തി ഇലച്ചെടിവേലി നിർമിക്കാം.  

art4
Image credit: Liudmila Chernetska/iStockPhoto

ചട്ടികൾ കൂട്ടമായി

വ്യത്യസ്ത വലുപ്പത്തിലും നിറത്തിലുമുള്ള സെറാമിക് ചട്ടികളിൽ അല്ലെങ്കിൽ ഫൈബർ ചട്ടികളിൽ വളർത്തിയ ചെടികൾ കൂട്ടമായി ക്രമീകരിച്ചും അകത്തളങ്ങളെ ആകർഷകമാക്കാം. സ്ഥലസൗകര്യം കുറവുള്ളിടത്ത്, മനോഹരമായ വെർട്ടിക്കൽ സ്റ്റാൻഡുകൾ ഉപയോഗിക്കാം. 

നിത്യഹരിത പ്രകൃതമുള്ള ഇൻഡോർ ചെടികളാണ് ഇതിനൊക്കെ ആവശ്യം. അലർജി ഉണ്ടാക്കാൻ സാധ്യതയുള്ള ഡംപ് കെയ്ൻ, അഗ്ലോനിമ, സിങ്കോണിയം തുടങ്ങിയ ചെടികൾ  എപ്പോഴും പെരുമാറുന്ന ഇടങ്ങളിൽ  ഒഴിവാക്കുന്നതാണു നല്ലത്. ചാഞ്ഞു വെയിൽ കിട്ടുന്നിടത്തേക്ക് വ്യത്യസ്ത നിറങ്ങളിലുള്ള മണി പ്ലാന്റ്, അഗ്ലോനിമ, സിങ്കോണിയം, ഡ്രസീന, ബ്രോമീലിയഡ്സ് എന്നിവ  യോജിക്കും. പ്രകാശം കുറഞ്ഞ ഇടങ്ങളില്‍ സീസീ പ്ലാന്റ്, ഫിംഗർ പാം, പീസ് ലിലി തുടങ്ങിയവ വയ്ക്കാം.

ഫോൺ: 9447002211

English summary: Indoor garden design ideas for home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com