ഒരാൾ ഐടി രംഗത്ത്, മറ്റൊരാൾ പിഎച്ച്ഡി നേടി അധ്യാപനം. ഇരുവർക്കും മികച്ച ജോലി. എന്നാല്‍ 6 വർഷം മുൻപ് എറണാകുളം ആലുവ ചെങ്ങമനാട് സ്വദേശികളായ ഈ ദമ്പതിമാർ ആരും കൊതിക്കുന്ന ജോലികള്‍ വിട്ട് നഴ്സറി സംരംഭകരായി. അന്നത്തെ തീരുമാനം തെറ്റിയില്ലെന്നു തെളിയിക്കുന്നു ‘ഹഗ് എ പ്ലാന്റ്’ എന്ന സംരംഭം.
ജോലിസംബന്ധമായി ചോറ്റാനിക്കരയിൽ താമസിക്കുന്ന കാലത്താണ് കാർഷികമേഖലയില്‍ ശ്രദ്ധ വയ്ക്കുന്നതെന്ന് അധ്യാപികയായിരുന്ന പ്രീജ പറയുന്നു. സ്വന്തം സംരംഭമെന്ന ആശയത്തോടുള്ള ആവേശം അത്രയധികമായിരുന്നെന്ന് മിഥുൻ. വീട്ടാവശ്യത്തിനു പച്ചക്കറികൾക്കായി ടെറസ്കൃഷി ചെയ്യുന്ന സമയത്ത് അതുമായി ബന്ധപ്പെട്ട സംരംഭം കൂടി തുടങ്ങിയാലോ എന്നു ചിന്തിച്ചു. ഓൺലൈനിൽ വിത്തുവിൽപന തുടങ്ങിയത് അങ്ങനെ. അതിന്റെ സ്വീകാര്യതയും വളർച്ചയും ബോധ്യപ്പെട്ടതോടെ നവീന ഇനം പൂച്ചെടികളുടെ ഓൺലൈൻ വിപണനത്തിലേക്കു കൂടി തിരിഞ്ഞു.

സംരംഭം വളർന്നതോടെ ജോലിവിട്ടു. 5 വർഷത്തോളം ചെടികൾ വാങ്ങി തൈകൾ ഉൽപാദിപ്പിച്ച് ഓൺലൈനിൽ മാത്രം വിപണനം നടത്തിയിരുന്ന ഈ ദമ്പതിമാർ ഒരു വർഷം മുൻപ് ചെങ്ങമനാട് ഔട്‍ലെറ്റും ആരംഭിച്ചു. വലിയ ചെടികൾ ഓൺലൈൻ വഴി വിൽക്കാനുള്ള പരിമിതിയാണ് നേരിട്ടുള്ള ഔട്‌ലെറ്റിലേക്കു തിരിയാൻ കാരണമെന്നു മിഥുൻ.
വ്യത്യസ്തമായ ചെടികൾ തേടിപ്പിടിക്കാനും അവയെ സാമൂഹിക മാധ്യമങ്ങളിലൂടെ പരമാവധി പേർക്കു പരിചയപ്പെടുത്താനുമുള്ള താൽപര്യമാണ് സാധാരണ നഴ്സറി സംരംഭകരിൽനിന്ന് ഈ ദമ്പതികളെ വ്യത്യസ്തരാക്കുന്നത്. വിപണിയിൽ ട്രെൻഡുകള്‍ മാറിമാറി വരും. അതെപ്പോഴും പുതിയ പൂച്ചെടികൾ തന്നെയാവണമെന്നില്ല. പണ്ടു പരിചയിച്ച പല പൂച്ചെടികളും പുതിയ ഇനങ്ങളും വേറിട്ട നിറച്ചാർത്തുകളുമായി വിപണിയില്‍ തിരിച്ചു വരുന്നതു കാണാം. അവയെ ഹ്രസ്വമായി പരിചയപ്പെടുത്തുന്നതുപോലും ഉദ്യാനസ്നേഹികള്‍ നന്നായി സ്വീകരിക്കുന്നുവെന്ന് പ്രീജ.

മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി, വാങ്ങുന്ന ചെടികളെക്കുറിച്ച് സാമാന്യമായെങ്കിലും അറിയാൻ ഇന്ന് ഉദ്യാനപ്രേമികൾ ആഗ്രഹിക്കുന്നുണ്ട്. നവീന ഇനം ഇലച്ചെടികളുടെ വരവാണ് ഇതിനൊരു കാരണം. മുൻപ് പൂക്കളുടെ അഴകു മാത്രമായിരുന്നല്ലോ ആളുകളെ ആകർഷിച്ചിരുന്നത്. എന്നാൽ വിദേശയിനം അകത്തളച്ചെടികൾ ഉൾപ്പെടെയുള്ള ഇലച്ചെടികളുടെ വരവോടെ അവയുടെ പരിപാലനം, പുതുമകൾ എന്നിവയെല്ലാം അറിയാൻ ആഗ്രഹിക്കുന്നു.
ചെടികളെക്കുറിച്ചു നിരന്തരം പഠിക്കുക, അതിനനുസരിച്ചു വിപണി ക്രമീകരിക്കുക എന്നതാണ് നഴ്സറി സംരംഭത്തിലെ വെല്ലുവിളിയെന്ന് ഇരുവരും പറയുന്നു. ഏതു സംരംഭത്തിലും എക്കാലത്തും വെല്ലുവിളികളുണ്ടല്ലോ. ഇഷ്ടസംരംഭത്തിലെ ഈ വെല്ലുവിളികളെ ആവേശത്തോടെ സമീപിക്കാനാണ് മിഥുനും പ്രീജയും ആഗ്രഹിക്കുന്നത്.
ഫോൺ: 9747829970
വെബ്സൈറ്റ്: www.hugaplant.com