ADVERTISEMENT

ഇരിങ്ങാലക്കുട, അവിട്ടത്തൂർ, അമ്പൂക്കൻ തരകൻപറമ്പിൽ ആനി സെബാസ്റ്റ്യന്റെ വീടിന്റെ പൂമുഖത്ത് എന്നും പൂക്കളുടെ പൂരമാണ്. നൂറുകണക്കിന് ഓർക്കിഡുകളും നാനാജാതി വള്ളിച്ചെടികളുമെല്ലാം കുലകുത്തി പൂവിട്ടുനിൽക്കുന്നത് ഏതു ഉദ്യാനപ്രേമിയുടെയും മനസ്സിനു കുളിരേകും കാഴ്ചയാണ്. ആനിക്കു പൂച്ചെടികളോടുള്ള  പ്രണയം പൂത്തുവിടര്‍ന്നതാണ് ഈ വർണ വിസ്മയം. 

ഓർക്കിഡുകളും വള്ളിച്ചെടികളും മാത്രമായി വേറിട്ട രീതിയില്‍ ഒരുക്കിയതാണ് ഈ ഉദ്യാനം പേരക്കുട്ടികൾക്ക് ഓടിച്ചാടിക്കളിക്കാൻ ഉദ്യാന മധ്യേ ആവശ്യത്തിനു സ്ഥലം നൽകി അരികിൽ ചട്ടികളിലാണ് ഓർക്കിഡ് ചെടികൾ വളർത്തുന്നത്. വള്ളിച്ചെടികളാവട്ടെ, പ്രത്യേകം തയാറാക്കിയ ട്രെല്ലിസിലും പെർഗോളയിലും.

garden-3

ഡെൻഡ്രോബിയം, മൊക്കാറ, ടെറേറ്റ് വാൻഡ, ബാസ്കറ്റ് വാൻഡ, ഫലനോപ് സിസ്, അസ്കോ സെൻട്രം തുടങ്ങി പലയിനങ്ങളുണ്ടെങ്കിലും ആനിക്കു കൂടുതൽ പ്രിയം ഡെൻഡ്രോബിയത്തോടാണ്. ഉദ്യാനത്തിന് ഇത്രകണ്ട് മോടി നൽകുന്നതും ഇരുനൂറിലേറെ ഇനങ്ങളിലുള്ള രണ്ടായിരത്തോളം ഡെൻഡ്രോബിയങ്ങളാണ്.  ഈ ശേഖരത്തിൽ ലെസിയാന്ത്ര, കോംപാക്റ്റം, ഡോൺമാരി വർഗങ്ങളിലെ വിവിധ ഇനങ്ങളും ഉൾപ്പെടുന്നു. ഇവയിൽ ലെസിയന്ത്രയാണ് മറ്റു ഡെൻഡ്രോബിയം ഇനങ്ങളെ അപേക്ഷിച്ച് നന്നായി പൂവിടുന്നതും ചെടിയിൽ പൂക്കൾ കൂടുതൽ നാൾ കൊഴിയാതെ നിൽക്കുന്നതും. ഓർക്കിഡ് ചെടികൾ എല്ലാം നേരിട്ടുള്ള വെയിലിനോടും മഴയോടും പൊരുത്തപ്പെട്ട് കരുത്തോടെ വളരുന്നു.

garden-5

നല്ല വലുപ്പവും, താഴെ മാത്രം ദ്വാരവുമുള്ള, കളിമൺ ചട്ടികളിലാണ്  ഓർക്കിഡുകൾ നട്ടു പരിപാലിക്കുന്നത്.  ഇങ്ങനെയായാല്‍ കരുത്തോടെ വളരുമെന്നാണ് ആനിയുടെ അനുഭവം. കൂടാതെ, ചട്ടിയിൽനിന്നു ചെടി   പുറത്തെടുത്തു വീണ്ടും നടുമ്പോൾ വേരുകൾക്ക് കേടുണ്ടാകുന്നുമില്ല. ഓർക്കിഡുകൾ മുഴുവനും പ്രത്യേകം തയാറാക്കിയ സ്റ്റാന്‍ഡുകളിൽ നിരത്തിയാണ് വച്ചിരിക്കുന്നത്. സ്റ്റാന്‍ഡിന്റെ ചുവട്ടിലെ നിലം  ചെടികൾ വയ്ക്കാതെ കാലിയായതുകൊണ്ട് എന്നും വൃത്തിയാക്കി സൂക്ഷിക്കാനാകുന്നു, അതിനാല്‍ ഇലതീനി ഒച്ചുകളുടെ ശല്യം ഒരു പരിധിവരെ ഇല്ലാതാക്കാനാവുന്നു.  അധികം വെയിലും ചൂടും വേണ്ടാത്ത ഫലനോപ്സിസ് ഓർക്കിഡുകൾ ജേഡ് വൈൻ പടർത്തിക്കയറ്റിയ തണൽപന്തലിനു താഴെ തൂക്കിയിട്ടാണ് വളർത്തുന്നത്. കരി മാത്രം ഉപയോഗിച്ചാണ്  ഓർക്കിഡുകൾ എല്ലാം നട്ടിരിക്കുന്നത്. വേനൽക്കാലത്ത് ചുവട്ടിൽ ഈര്‍പ്പം കിട്ടാൻ ചകിരിനാര് പോട്ടിങ് മിശ്രിതത്തിന്റെ മുകളിൽ നിറച്ചുകൊടുക്കും.

garden-6

പരിപ്പ്, പയർ, കടുക്, ഉഴുന്ന്, മുതിര, റാഗി തുടങ്ങിയവയ്ക്കൊപ്പം കപ്പലണ്ടിപ്പിണ്ണാക്കും, ചാണകവും മേമ്പൊടിയായി അൽപം മഞ്ഞൾപൊടിയും കറുവപ്പട്ടയും ചേർത്തു പുളിപ്പിച്ചെടുത്തു നേർപ്പി ച്ച ജൈവവളം ചെടികൾക്കെല്ലാം വേനൽക്കാലത്ത് മാസത്തിൽ 3 തവണ വീതം  നൽകും. മഴക്കാലത്താവട്ടെ, ജൈവവളങ്ങൾ പൂർണമായി ഒഴിവാക്കി എൻപികെ രാസവളങ്ങൾ മാത്രം നല്‍കും. നന വൈകുന്നേരം ഗാർഡൻ ഹോസ് ഉപയോഗിച്ചാണ്. പൂങ്കുലകൾ ഒഴിവാക്കി ഓർക്കിഡ് ചെടി മുഴുവനായി നന്നായി നനയ്ക്കും. ഓർക്കിഡ് പൂമൊട്ടുകൾ കരിഞ്ഞുണങ്ങി നശിച്ചുപോകുന്നതിനു കാരണമായ  ചെറു പ്രാണികളുടെ  ശല്യമകറ്റാൻ  ഒരു ഗ്രാം തയമെത്തോസാം അടങ്ങിയ കീടനാശിനിയും ഒരു മില്ലി ഇമിടാക്ലോപ്രിഡ് ചേർന്ന കീടനാശിനിയും ഒരു ലീറ്റർ വെള്ളത്തിൽ ലായനിയായി ആഴ്ചയിൽ ഒരിക്കൽ തളിച്ചു കൊടുക്കും.   

garden-2

വീട്ടിലേക്കുള്ള ഗേറ്റിന്റെ തൂണുകൾ യോജിപ്പിച്ച് ആർച്ച് പോലെയാക്കിയ ട്രെല്ലീസിൽ ടെക്കോമായുടെ വള്ളിയിനമായ പിങ്ക് ട്രംപെറ്റ് വൈൻ പടർത്തി കയറ്റിയിരിക്കുന്നു. ഉദ്യാനത്തിന്റെ ഒരു ഭാഗത്ത് നല്ല ഉയരത്തിലും നീളത്തിലുമുള്ള ഫൈബർ മെഷ് വേലിയിൽ മഞ്ഞനിറത്തിൽ മാല പോലെ ഞാന്നുകിടക്കുന്ന പൂങ്കുലകളുള്ള ഗോൾഡൻ കാസ്കേഡ് വൈനും ഓറഞ്ച് നിറത്തിൽ കുലകളായി പൂക്കളുള്ള മന്ദാരത്തിന്റെ വള്ളിയിനവും (Bauhinia creeper) മത്സരിച്ചാണ് വളർന്നു പടർന്നു പൂവിട്ടു കിടക്കുന്നത്. ബാക്കി ഫൈബർ മെഷ് വേലിക്ക് പിങ്കും വെള്ളയും പൂക്കളുള്ള മാൻഡവില്ല ചെടികള്‍ വര്‍ണഭംഗി പകരുന്നു. കാർപോർച്ചിനോടു ചേർന്നുള്ള പെർഗോളയാവട്ടെ, ഗോൾഡൻ കാസ്കേഡ് വള്ളിച്ചെടി പടർത്തി ഭംഗിയാക്കിയിരിക്കുന്നു. 

garden-4

ആനി ദിവസവും രാവിലെ 6  മുതൽ 9  വരെയും വൈകിട്ട് ഇരുട്ടാകുന്നതുവരെയും അരുമകളായ ചെടികൾക്കൊപ്പമാണ്. രാവിലെ ഉറക്കമുണർന്നാൽ കണി കാണുന്നത് ആനി തന്റെ പൂന്തോട്ടത്തിൽ ചെടികളെ  പരിപാലിക്കുന്നതാണെന്നും തങ്ങള്‍ രാത്രി ഉറങ്ങാന്‍ പോകുമ്പോഴും  ഇതുതന്നെ കാണാമെന്നും അയല്‍ക്കാര്‍ പറയുന്നു. 

ഇരിങ്ങാലക്കുടയിൽ ഓട്ടമൊബീൽ സ്പെയർ പാർട്ട്സ് സ്ഥാപനം നടത്തുന്ന ഭർത്താവ് സെബാസ്റ്റ്യന്റെ പൂർണ പിന്തുണയാണ്  ഉദ്യാനപാലനത്തില്‍ ആനിയുടെ കരുത്ത്. അതുകൊണ്ടുതന്നെ  ഇത്രയും ചെടികളില്‍നിന്ന് എന്തെങ്കിലും വരുമാനം എന്ന ചിന്ത ആദ്യമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഒരോ ഇനത്തിന്റെയും ഒന്നിൽ കൂടുതൽ ചെടികൾ ഉണ്ടെങ്കില്‍ അവ വിപണനം ചെയ്യുന്നു. ഓർക്കിഡുകൾ നല്ല വലുപ്പം വച്ചാൽ പോലും വിഭജിച്ച് 2 - 3 എണ്ണമാക്കി മാറ്റി നടുന്ന പതിവ്  ആനിക്കില്ല.  ഇങ്ങനെ പിരിച്ചു നട്ടാൽ എല്ലാറ്റിന്റെയും വളർച്ച മുരടിക്കുന്നതായാണ് അനുഭവം. പകരം തായ്‌ലൻഡിൽനിന്ന് എത്തുന്ന ഓർക്കിഡ് തൈകൾ നട്ടു വലുതാക്കി പൂവിട്ട ശേഷം വിപണനം ചെയ്യുന്നു.    

ഫോണ്‍ : 9961944054

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com