സർവം വയലറ്റ് മയം; ഈ ചെടിയില്ലാത്ത വീടുകൾ ഇടുക്കിയിൽ വിരളം; എന്നും പൂക്കൾ; അനായാസം നട്ടുപിടിപ്പിക്കാം
Mail This Article
ഇടുക്കിയിലേക്ക് യാത്രചെയ്തിട്ടുള്ളവരിൽ കൗതുകം ജനിപ്പിക്കുന്നതാണ് വീട്ടുമുറ്റത്ത് നിറയെ വയലറ്റ് പൂക്കളുമായി നിൽക്കുന്ന കുറ്റിച്ചെടി. വളരെ അപൂർവം വീടുകളിൽ മാത്രമേ ഇന്ന് ഇടുക്കിയിൽ ഈ ചെടിയുടെ സാന്നിധ്യമില്ലാത്തതുള്ളൂ. ലളിതമായ പരിപാലനം മതിയെന്നതുകൊണ്ടുതന്നെ ഏതു കാലാവസ്ഥയിലും അനായാസം വളർത്തിയെടുക്കാവുന്ന ഈ ചെടിയുടെ പേര് മെലാസ്റ്റോമ. നമ്മുടെ നാട്ടിൽ കാണുന്ന കദളിയുടെ അലങ്കാര ഇനമാണിത്.
മൂന്നിഞ്ചോളം വലുപ്പമുള്ള പൂക്കളാണ് ഇവയുടെ ആകർഷക ഘടകം. ഇളം തണ്ടുകൾ നട്ട് പുതിയ ചെടികൾ ഉൽപാദിപ്പിക്കാം. എല്ലാത്തരം കാലാവസ്ഥയിലും വളരുമെങ്കിലും ഇടുക്കിയിലെ മിത ശീതോഷ്ണ കാലാവസ്ഥയാണ് ഇവയ്ക്ക് ഏറെ അനുയോജ്യം. അതിനാലാണ് അവിടങ്ങളിൽ മികച്ച രീതിയിൽ വളരുന്നത്. എന്നുകരുതി സമതലങ്ങളിലെ ഉഷ്ണ കാലാവസ്ഥയിൽ വളരാതിരിക്കില്ല. രാവിലത്തെ വെയിൽ ലഭിക്കത്തക്ക സ്ഥലത്ത് നടുന്നതാണ് അനുയോജ്യം. കടുത്ത വെയിലിൽ പൂക്കളും ഇലകളും ചുരുണ്ടുപോകുന്നതായി കാണാറുണ്ട്. വെട്ടി നിർത്തിയാൽ ഒരു കുറ്റിച്ചെടി രീതിയിലും അല്ലെങ്കിൽ ചെറിയ മരം പോലെയും വളരും. വെട്ടിനിർത്തുന്നതാണ് കൂടുതൽ പൂവിടാൻ നല്ലത്.