മണ്ണിൽ വിടർന്ന നക്ഷത്രങ്ങൾ: മതിലുകൾക്ക് അഴകാകാൻ സാൻഡ് പേപ്പർ വൈൻ

Mail This Article
നക്ഷത്രപ്പൂക്കൾ വിടർത്തുന്ന ട്രോപ്പിക്കൽ വള്ളിച്ചെടിയാണ് സാൻഡ് പേപ്പർ വൈൻ അഥവാ പെട്രിയ വോലുബിലിസ്. ലാവെൻഡർ, വൈറ്റ് എന്നിങ്ങനെ പെട്രിയയിൽ 2 നിറഭേദങ്ങളുണ്ട്. ഇടതൂർന്നു വിരിഞ്ഞു നിൽക്കുന്ന പെട്രിയ പൂക്കൾ ദൂരെ നിന്നു കണ്ടാൽ മുന്തിരിക്കുലകളെന്നു തോന്നും. പൂങ്കുലകൾ 2-3 ആഴ്ച വരെ കൊഴിയാതെ നിൽക്കും. ലാവൻഡർ പൂക്കൾക്ക് പ്രശസ്തമായ ജാപ്പനീസ് വിസ്റ്റീരിയ വൈനിനോട് സാമ്യമുണ്ട്. അതിനാൽ ചിലർ ഇതിനെ വിസ്റ്റീരിയയുടെ കസിൻ എന്നും വിശേഷിപ്പിക്കാറുണ്ട്.
പെട്രിയ ചെടിയുടെ ഇലയുടെ മുകൾഭാഗം വരണ്ടതും പരുക്കനുമാണ്; ചെടിക്ക് സാൻഡ്പേപ്പർ വൈൻ എന്നു പേര് വന്നതും അതുകൊണ്ടുതന്നെ.
സാധാരണ വള്ളിച്ചെടികളിൽനിന്നു വ്യത്യസ്തമായി ഇവയുടെ തണ്ടിന് നല്ല കട്ടിയുണ്ട്. നന്നായി പൂവിടാൻ നല്ല തോതില്‍ സൂര്യപ്രകാശം ആവശ്യമാണ്. എങ്കിലും ഭാഗിക തണലിലും പൂവിടും. 5-6 മണിക്കൂർ നേരിട്ടു സൂര്യപ്രകാശം ലഭിക്കുന്ന ഇടമെങ്കിൽ ചെടികൾ വേഗം വളരുകയും പൂവിടുകയും ചെയ്യും. വരൾ ച്ചയെ ഒരു പരിധിവരെ നേരിടുന്ന ചെടിയാണ് പെട്രിയ. അതുകൊണ്ട് കടുത്ത വേനലില്‍ മാത്രമേ നന ആവശ്യമുള്ളൂ.
അനുകൂല സാഹചര്യത്തിൽ ചെടി വേഗത്തിൽ വളരുമെന്നതിനാൽ, വളർച്ച നിയന്ത്രിക്കാൻ തുടർച്ചയായ പ്രൂണിങ് ആവശ്യമാണ്. ബൊഗൈൻവില്ലയുടെ കാര്യത്തിലെന്നപോലെ, കൃത്യമായി പ്രൂണിങ് നടന്നാൽ നിറയെ പൂവിടും. പൂക്കൾക്കു സുഗന്ധമൊന്നുമില്ലെങ്കിലും ഈ വള്ളിച്ചെടി ഏതു പൂന്തോട്ടത്തിന്റെയും ഭംഗിയേറ്റും. തേനീച്ചകൾ, ചിത്രശലഭങ്ങൾ എന്നിവയ്ക്ക് പെട്രിയ പൂക്കൾ ഏറെ ഇഷ്ടം. അതുകൊണ്ടുതന്നെ അവർ പെട്രിയയുടെ നിത്യസന്ദർശകരായി മാറും. സാൻഡ് പേപ്പർ വൈന്റെ പൂക്കൾ ഡ്രൈഫ്ലവർ ആയി ഉപയോഗിക്കാറുണ്ട്, ഫോട്ടോ ഫ്രെയിമുകൾ നിർമിക്കുന്നതിനു ഹോം ഡെക്കർ ആയും ഉപയോഗിക്കുന്നു.
ലെയറിങ്, കട്ടിങ്സ്, വിത്തു മുളപ്പിക്കൽ എന്നീ രീതികളിലെല്ലാം പുതിയ തൈകൾ വളർത്തിയെടുക്കാം. മണ്ണ്, ചകിരിച്ചോർ, ചാണകപ്പൊടി (2:2:1) എന്നിവ ചേർത്ത് നടീൽമിശ്രിതം തയാറാക്കാം. മാസത്തിൽ ഒരിക്കൽ കംപോസ്റ്റ് അല്ലെങ്കിൽ ജൈവവളങ്ങൾ നൽകുന്നതു നന്ന്. കീടബാധ സാധാരണ കാണാറില്ല. അതുകൊണ്ടുതന്നെ പരിപാലനവും എളുപ്പം.
ഫോൺ: 9747829970
web: www.hugaplant.com
കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.
English summary: Sand Paper Vine Plant