ADVERTISEMENT

അതിമനോഹരമായ ചിറകുകൾ അപൂർവമായി മാത്രം വിടർത്തി അതിശയിപ്പിക്കുന്ന ഇന്തൊനീഷ്യൻ പക്ഷിയാണ് Bird Of Paradise. ഒറ്റ നോട്ടത്തിൽ ഈ പക്ഷിയോടു സാദൃശ്യമുള്ള പൂക്കൾ വിരിയുന്ന ഒരു ചെടിയുണ്ട്; ചെടിയുടെ പേരും Bird Of Paradise എന്നുതന്നെ (BOP). പ്രകൃതിയുടെ അത്യപൂർവ സൃഷ്ടിയാണ് ഈ പൂച്ചെടിയെന്ന് നിസ്സംശയം പറയാം. അത്രയേറെ അഴകുണ്ട് ‘പറുദീസപ്പക്ഷി’ പൂക്കൾക്ക്.

ദക്ഷിണാഫ്രിക്കയുടെ ഉഷ്ണമേഖലാ തീരങ്ങളാണ് ഈ ചെടിയുടെ സ്വദേശം എന്നു കരുതുന്നു. കേരളത്തിന്റെ കാലാവസ്ഥയിൽ ഇൻഡോർ ആയും ഔട്ട്ഡോർ ആയും വളർത്താം. പുറത്ത്, നല്ല വെയിൽ ലഭിക്കുന്നിടങ്ങളിലാണ് നടുന്നതെങ്കിൽ വർഷം മുഴുവനും പൂക്കൾ ലഭിക്കും. ഓരോ തണ്ടിലും ഒന്നു മുതൽ മൂന്നു വരെ പൂക്കൾ ഉണ്ടാകുമെന്നതിനാൽ തുടർച്ചയായി കട്ട് ഫ്‌ളവേഴ്സ്  ആവശ്യമുള്ളവർക്ക് ഈയിനം പ്രയോജനപ്പെടുത്താം. പൂക്കൾ 2-3 ആഴ്ച വരെ പുതുമയോടെ നിലനിൽക്കുകയും ചെയ്യും.

Bird of Paradise. Image credit: yusnizam/iStockPhoto
Bird of Paradise. Image credit: yusnizam/iStockPhoto

അകത്തളച്ചെടിയായി പരിപാലിക്കുമ്പോൾ നല്ല വെളിച്ചം ലഭിക്കുന്ന ഭാഗങ്ങളിൽ വയ്ക്കുക. ഇൻഡോർ ചെടിയായി വളർത്തുമ്പോൾ അപൂർവമായേ പൂവിടൂ. പൂവിട്ടില്ലെങ്കിലും  ഇലകളുടെ ഭംഗികൊണ്ട് Bird Of Paradise അകത്തളങ്ങളെ ആകർഷകമാക്കും. നവീന ശൈലികളിൽ നിർമിക്കുന്ന പുതുതലമുറ വീടുകളുടെ ലാൻഡ്സ്കേപ്പിങ്ങിൽ ഈ ഇനത്തിന് വലിയ സ്വീകാര്യതയുണ്ട്. ഇലകൊഴിച്ചിൽ തീരെ കുറവായതിനാൽ നീന്തൽക്കുളങ്ങൾ, ജലാശയങ്ങൾ, ഔട്ട്ഡോർ ഫിഷ് ടാങ്കുകൾ എന്നിവയോടു ചേർന്നും നട്ടു വളർത്താം.

  • വിത്തു വഴിയോ തണ്ടുകൾ മുറിച്ചു നട്ടോ തൈകൾ ഉൽപാദിപ്പിക്കാം. വിത്തിൽനിന്നുള്ള തൈകൾ പൂവിടാൻ പക്ഷേ 3-4 വർഷം കാത്തിരിക്കേണ്ടി വരും. അതേസമയം തണ്ടു മുറിച്ചു നട്ടാൽ 1-2 വർഷത്തിനുള്ളി ൽ പൂവിടും.
  • രോഗ, കീട സാധ്യത കുറവ്. ഉണങ്ങിയ ഇലകളും പൂക്കളും നീക്കുന്നതൊഴിച്ചാൽ മറ്റു പരിപാലനങ്ങളും ആവശ്യമില്ല. 
  • മണ്ണ്, ചാണകപ്പൊടി/ജൈവവളം (2:1 അനുപാതം) എന്നിവ ചേർന്ന നടീൽമിശ്രിതം ഉപയോഗിക്കാം.
  • വേനലിൽ ദിവസത്തിലൊരിക്കൽ നന.
  • ആരോഗ്യകരമായ വളർച്ചയ്ക്ക് മാസത്തിലൊരിക്കൽ ജൈവവളം. നന്നായി പൂവിടാൻ ഫോസ്ഫറസ് അടങ്ങിയ വളങ്ങളും കൊടുക്കാം. 

വിലാസം: ഡോ. പ്രീജ രാമൻ, ഹഗ് എ പ്ലാന്റ് നഴ്‌സറി, ആലുവ. ഫോൺ: 9747829970

English summary: Bird-of-paradise flower

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com