ADVERTISEMENT

ഇരുപത്തിയെട്ടു വർഷമായി ഒരേ ഭംഗിയോടെ ഒരു പൂന്തോട്ടം. തൃശൂർ, ചേരൂർ, പല്ലൻ വീട്ടിൽ കൊച്ചുമേരി പോൾ ആണ് ഈ ഉദ്യാനത്തിന്റെ ശില്‍പിയും പരിപാലകയുമെല്ലാം. വീടിന്റെ മുറ്റത്തും പിന്നാമ്പുറത്തുമായി 20 സെന്റോളം സ്ഥലത്ത് നാട്ടിൽ ലഭ്യമായ ഏതാണ്ട് എല്ലായിനം  ഉദ്യാനച്ചെടികളുമുണ്ട്. തൃശൂർ ഫ്ലവർ ഷോയുടെ ഭാഗമായി നടത്തിവരുന്ന മത്സരത്തിൽ പല തവണ ഒന്നാം സ്ഥാനം ഈ ഉദ്യാനത്തിന് ലഭിച്ചിട്ടുണ്ട്. 

garden-pallan-house-4

മരങ്ങള്‍ അതിരിടുന്ന പൂന്തോട്ടത്തില്‍ എല്ലാത്തരം അലങ്കാരച്ചെടികളും ചട്ടികളിലാണ് നട്ടുവളർത്തുന്നത്. അതു കാരണം മണ്ണിൽനിന്നുള്ള രോഗ, കീടബാധകള്‍ ഒരുപരിധിവരെ ഒഴിവാക്കാനാകുന്നു. പൂന്തോട്ടത്തിന്റെ രണ്ടു വശത്തുമുള്ള ഡ്രൈവേയുടെ അരികുകളില്‍ അറുപതോളം തരം ബൊഗൈൻവില്ലകള്‍ ചട്ടികളില്‍ നിരയായി വച്ചിരിക്കുന്നു.  മഴയ്ക്കു മുന്‍പു കൊമ്പുകോതി ഗോളാകൃതിയിലാക്കി പരിപാലിച്ചുവരുന്ന ബൊഗൈൻവില്ല നിറയെ പൂവിടാനായി മഴക്കാലം കഴിഞ്ഞാൽ ഇളം കൂമ്പുകള്‍ നുള്ളി നീക്കും. നന്നായി പൂവിടാൻ ബൊഗൈൻവില്ല ഉൾപ്പെടെയുള്ള പൂച്ചെടികൾക്കെല്ലാം കടലപ്പിണ്ണാക്ക്, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് ഇവ നന്നായി പുളിപ്പിച്ചെടുത്തതിന്റെ തെളി നേർപ്പിച്ചു നൽകിവരുന്നു. മഴക്കാലമായാൽ ജൈവവളങ്ങൾ ഒഴിവാക്കി പകരം രാസവളമായ എൻപികെ 18:18:18 ആണു നല്‍കുന്നത്. 

garden-pallan-house-6

മിക്ക അലങ്കാര ഓർക്കിഡുകളുമുള്ള ശേഖരത്തിലെ മുഖ്യ ആകർഷണം മൊക്കാറ, ഫലനോപ്സിസ് ഇനങ്ങളാണ്. അമ്പതിലേറെ മൊക്കാറ ചെടികൾ നന്നായി നോട്ടം കിട്ടുന്നതും നേരിട്ട് വെയിൽ കിട്ടുന്നതുമായ മുൻഭാഗത്ത് നിരയായി ക്രമീകരിച്ചിരിക്കുന്നു. ചട്ടിയിൽ വളരുന്ന ഇവയ്ക്ക് ആവശ്യാനുസരണം പടർന്നു കയറാൻ ബലമുള്ള സിമന്റ് തൂണ് സ്ഥാപിച്ചിട്ടുണ്ട്. ഫലനോപ്സിസ് എല്ലാം തന്നെ തൂക്കുചട്ടികളിലായി വീടിന്റെ പാതി തണൽ കിട്ടുന്ന മുൻഭാഗത്തുള്ള കമ്പികളിൽ തൂക്കിയിട്ടാണ് വളർത്തുന്നത്. ഡെൻഡ്രോബിയം, ഡാൻസിങ് ഗേൾ ഓർക്കിഡുകൾ പ്രത്യേകം തൂണുകളിൽ ഉദ്യാനത്തിന്റെ നന്നായി നോട്ടം കിട്ടുന്ന ഇടങ്ങളില്‍ വച്ചിട്ടുണ്ട്. തൂണുകളില്‍ അവ പൂർണമായി മറയുന്ന വിധം ചെടികൾ വളർന്ന് ഹരിതസ്തംഭമായി പുൽത്തകിടിയോട് ഇഴുകിച്ചേര്‍ന്നു നില്‍ക്കുന്നു. തൂവെള്ളയും മഞ്ഞയും നിറത്തിൽ പൂവുള്ള ക്രീപ്പിങ് സീനിയ ചെടികൾ തൂക്കുചട്ടികളില്‍ പൂമുഖത്തിന് വേറിട്ട ശോഭയാണ്  നൽകുന്നത്. വിത്തും ഇളം കമ്പുകളും ഉപയോഗിച്ച് ഈ പൂച്ചെടി വളർത്തിയെടുക്കാം. ഡ്രൈവ് വേയില്‍ വീടിനോടു ചേരുന്ന ഭാഗത്ത് നിരയായി ചട്ടികളിൽ നീലക്കൊടുവേലി ഉൾപ്പെടെ  പലതരം ചെടികള്‍. 

garden-pallan-house-5

ദിവസവും രാവിലെയും വൈകുന്നേരവുമായി 5-6 മണിക്കൂർ കൊച്ചുമേരി തന്റെ ഉദ്യാനത്തില്‍ ചെ ലവഴിക്കുന്നു. ആയാസകരമായവയൊഴികെയുള്ള ജോലികളെല്ലാം സ്വയം ചെയ്യും. ഉദ്യാനത്തിൽ പ്രത്യേകം ഒരുക്കിയ തണൽക്കൂരയ്ക്കുള്ളിലാണ് വെള്ളയും ചുവപ്പും പൂക്കളുള്ള ആന്തൂറിയം ഇനങ്ങള്‍. 100നു മേൽ ചട്ടികളിലായി; ഇവയെല്ലാം കാലവ്യത്യാസം കൂടാതെ പൂവിടും. വീടിന്റെ പിന്നാമ്പുറം  മുൻവശത്തെപ്പോലെ ഭംഗിയാക്കാൻ പല നിറങ്ങളില്‍ പൂക്കളുള്ള ആന്തൂറിയം ക്രമീകരിച്ചിരിക്കുന്നു. കൂടാതെ, അറുപതോളം ബോൺസായ് ചെടികളും. ആലും പുളിയുമെല്ലാം ഉൾപ്പെടുന്ന ഇവയിൽ പലതിനും 20 വര്‍ഷത്തിനുമേൽ പ്രായമുണ്ട്. കുള്ളൻ പ്രകൃതം നിലനിർത്താനുള്ള കൊമ്പുകോതലാണ് ഇവയുടെ പരിപാലനത്തിൽ പ്രധാനം. തണലിൽ വളർത്തുന്ന മറ്റു ചെടികൾക്കെന്നപോലെ ഇവയും നനയ്ക്കും. വളപ്രയോഗം 6 മാസത്തിൽ ഒരിക്കലേ ഉള്ളൂ, അതും എല്ലു പൊടിയും വേപ്പിന്‍പിണ്ണാക്കും കലർത്തിയ ജൈവവളം മാത്രം. 

garden-pallan-house-3

അഴകേറിയ ചുവപ്പ്, പിങ്ക് ഇലകൾ ഉള്ളവയാണ്  അഗ്ളോനിമ ശേഖരത്തിൽ അധികവും. ഇവയെല്ലാംതന്നെ വരാന്തയിലും പാതി വെയിൽ കിട്ടുന്ന ഡ്രൈവ് വേയുടെ അരികിലുമായി ചട്ടികളില്‍ നിരത്തിവച്ചിരിക്കുന്നു. ഡ്രൈവ് വേയുടെ മറ്റൊരു ഭാഗത്തു തയാറാക്കിയ ആർച്ചുകളില്‍ പൂവിടുന്ന റങ്കൂൺ ക്രീപ്പർ, ബ്ലൂ ബെൽ ക്രീപ്പർ, ജേഡ് വൈൻ, ആന്റിഗൻ, ഗോൾഡൻ കാസ്കേഡ് തുടങ്ങിയ വള്ളിച്ചെടികൾ പടർത്തിക്കയറ്റിയിട്ടുണ്ട്. അലങ്കാര കള്ളിച്ചെടികളാകട്ടെ, പ്രത്യേകം തയാറാക്കിയ ചില്ലു മേൽക്കൂരയുള്ള ഗൃഹത്തില്‍ പരിപാലിക്കുന്നു.  പാതി വെയിൽ കിട്ടുന്ന ഇവിടെ ഇവയ്ക്ക് വളരെ ശ്രദ്ധിച്ച് ചെടിയിൽ വീഴുന്ന രീതിയിൽ തുള്ളിനനയാണ് നൽകുക. എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും അടങ്ങിയ വളം 2 മാസത്തിലൊരിക്കൽ ചുവട്ടിൽ ഇട്ടു കൊടുക്കും.  ഇവരുടെ അഡീനിയം ശേഖരത്തിൽ ഡബിൾ പെറ്റൽ, ട്രിപ്പിൾ പെറ്റൽ ഇനങ്ങളുമുണ്ട്. കൊമ്പുകോതി നിർത്തിയാൽ വേനൽക്കാലത്ത് അഡീനിയം നന്നായി പൂവിടുന്നതിനു  വേപ്പിൻപിണ്ണാക്കും കടലപ്പിണ്ണാക്കും മറ്റും പുളിപ്പിച്ചതിന്റെ തെളി നേർപ്പിച്ചത് നന്ന്. അഡീനിയവും നീലക്കൊടുവേലിയും വർഷകാലത്തു മഴ നേരിട്ടു കൊള്ളാതിരിക്കാൻ ചില്ലു മേൽക്കൂരയുള്ളിടത്തേക്ക് മാറ്റി വയ്ക്കും.

garden-pallan-house-7

ആദ്യകാലങ്ങളിൽ റോസ് വളർത്തിയിരുന്നെങ്കിലും രോഗനിയന്ത്രണം ആയാസകരമായതോടെ നിര്‍ത്തി. ദിവസേന സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഉദ്യാനത്തിലെ ചെടികളിൽ ഏതെങ്കിലുമൊന്നിൽ കേടോ രോഗമോ കണ്ടാൽ അപ്പോൾതന്നെ ആ കമ്പ് മുറിച്ചു നശിപ്പിച്ചുകളയും. ഇതു വഴി ഒരു പരിധി വരെ രോഗങ്ങൾ നിയന്ത്രിക്കാൻ പറ്റുമെന്നാണ് ഈ വീട്ടമ്മയുടെ അനുഭവം. അതുകൊണ്ടു തന്നെ ഇവിടെ കീടനാശിനിപ്രയോഗം പരിമിതം. 

ഫോണ്‍: 9846285458

English summary: 28 Years old Home Garden in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com