ADVERTISEMENT

പച്ച പുതച്ചുനിൽക്കുന്ന പുൽത്തകിടിയും പൂത്തും തളിർത്തും നിൽക്കുന്ന പൂച്ചെടികളും കണ്ണിനും മനസ്സിനും കുളിരു പകരുന്ന കാഴ്ചയാണ്. ഉദ്യാനം വീടിനോടും പരിസരത്തോടും ഇഴുകിച്ചേർന്നു നിൽക്കുന്ന താവണം. തിരഞ്ഞെടുത്ത സ്ഥലത്ത് അലങ്കാരച്ചെടികളും മരങ്ങളും മറ്റ് അലങ്കാരവസ്തുക്കളും ഉൾപ്പെടുത്തി തയാറാക്കുന്ന രൂപകല്‍പന (ലേഔട്ട്) ആധാരമാക്കിയാണ് ഉദ്യാനം നിർമിക്കേണ്ടത്. സ്ഥലത്തിന്റെ ഭൂപ്രകൃതിക്ക് യോജിക്കുന്ന വിധത്തിലാവണം രൂപകല്‍പന. ശ്രദ്ധിച്ചു തയാറാക്കിയില്ലെങ്കിൽ പൂന്തോട്ടം ചിലർക്കെങ്കിലും തലവേദനയായി മാറാറുണ്ട്. സൂര്യപ്രകാശം കുറവുള്ളിടത്തു ഷേഡ് ഗാർഡനും ജലത്തിനു ക്ഷാമമുള്ളിടത്തു ‍ഡ്രൈഗാർഡനുമാണ് യോജ്യം. ചെടികളും മരങ്ങളും സ്ഥലത്തെ കാലാവസ്ഥയ്ക്കു യോജിച്ചവയാകണം. ഉദ്യാനത്തിന്റെ വിസ്തൃതിയനുസരിച്ചാണ് ഘടകങ്ങളുടെ വലുപ്പം തീരുമാനിക്കേണ്ടത്. ചെറിയ ഉദ്യാനത്തിലേക്കു വലുപ്പം കുറഞ്ഞ ചെടികള്‍ തിരഞ്ഞെടുക്കണം. ഏറെ ചെടികൾ കുത്തിനിറച്ചാൽ ഉദ്യാനം നഴ്സറിപോലെയാകും. 

garden2

ഉദ്യാനം തയാറാക്കാം

ആദ്യപടി വ്യക്തമായലേ ഔട്ട് തന്നെ. ഇതിൽ ഉദ്യാനത്തിൽ ഉൾപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന പുൽത്തകിടി, നടപ്പാത, പൂത്തടം, അലങ്കാരക്കുളം, അതിർവേലിച്ചെടികൾ തുടങ്ങിയ ഘടകങ്ങൾ എല്ലാം അടയാളപ്പെടുത്തിയിരിക്കണം. പൂന്തോട്ടത്തിനുദ്ദേശിക്കുന്നിടത്ത് നല്ലൊരു അലങ്കാരവൃക്ഷം നിൽക്കുന്നുണ്ടെങ്കിൽ അതുകൂടി ഉൾപ്പെടുത്തി ലേഔട്ട് തയാറാക്കാം. പാളപ്പുല്ലു നട്ടോ വെള്ളാരംകല്ലുകൾ വിരിച്ചോ ആണ് മരത്തിന്റെ ചോല (തണല്‍)യുള്ള ഭാഗം ഒരുക്കിയെടുക്കേണ്ടത്. ഉദ്യാനത്തിലെ പ്രധാന ഘടകങ്ങൾ തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ:

പൂത്തടം: വാർഷിക പൂച്ചെടികളും ചിരസ്ഥായി പ്രകൃതമുള്ള ചെടികളും ഉപയോഗിച്ചുവേണം പൂത്തടം ഒരുക്കാന്‍. വാർഷിക ചെടികൾ നമ്മുടെ നാട്ടിൽ ഒക്ടോബർ മുതലാണ് ലഭിക്കുക. സീനിയ, ഡയാന്തസ്, മാരി ഗോൾഡ് തുടങ്ങി കേരളത്തിലെ കാലാവസ്ഥയ്ക്കു യോജിച്ചവ തിരഞ്ഞെടുക്കാം. വാർഷിക ചെടികൾ മാത്രമായോ അല്ലെങ്കിൽ ചിരസ്ഥായി ചെടികള്‍ കൂടി ഉൾപ്പെടുത്തിയോ പൂത്തടം നിർമിക്കാം. പുൽത്തകിടിക്കു നടുവിലായി ചുവപ്പുനിറത്തിൽ പൂക്കളുള്ള പൂത്തടം, മതിലിന്റെ വെള്ള ഭിത്തിയുടെ മുൻപിലായി മഞ്ഞപ്പൂവുള്ള ചെടിക്കൂട്ടം എല്ലാം ഉദ്യാനത്തിന്റെ മുഖച്ഛായ മാറ്റും. വലുപ്പമേറിയ പുൽത്തകിടിയിൽ ഉയരമുള്ള ചെടിയുടെ ഒരു കൂട്ടവും ചുറ്റും വ്യത്യസ്ത നിറത്തിൽ പൂക്കളുമായി ഉയരം കുറഞ്ഞ ഇനത്തിന്റെ മറ്റൊരു കൂട്ടവും നട്ട് രണ്ടു തട്ടായി തയാറാക്കാം. ചെടികൾ ഉപയോഗിച്ചു നീളത്തില്‍ അതിരു നിർമിക്കുമ്പോൾ ഒരേയിനം ചെടി ഉപയോഗിക്കുന്നതാണു ഭംഗി. ഉദാഹരണമായി മിനിയേച്ചർ നന്ദ്യാർവട്ടത്തിന്റെ മഞ്ഞ ഇലകളോടു കൂടിയ ഇനം അഞ്ചടി നീളത്തിൽ നട്ട് പിന്നീടുള്ള അഞ്ചടി നീളത്തിൽ ഇതേ ഇനത്തിന്റെ ഇളം പച്ചനിറത്തിൽ ഇലകൾ ഉള്ള ഇനം നടാം. ഇതേപോലെ കൊങ്ങിണിയുടെ രണ്ടു നിറങ്ങളിൽ പൂക്കളുള്ളവയും പ്രയോജനപ്പെടുത്താം.

plant-groups

പുൽത്തകിടി: മെക്സിക്കൻ പുല്ല് അല്ലെങ്കിൽ പാളപ്പുല്ല് ഇവയാണ് നമ്മുടെ നാട്ടിൽ പുൽത്തകിടിക്കു സാധാരണ ഉപയോഗിക്കുക. 4–5 മണിക്കൂർ നേരിട്ടു വെയിൽ കിട്ടുന്നിടത്തു മെക്സിക്കൻ പുല്ല് നന്ന്. വിസ്താരം കുറഞ്ഞിടത്തേക്കും കാർപറ്റ് ലോണിനും ഈയിനമാണ് യോജ്യം. നന്നായി പരിപാലിക്കാമെങ്കിൽ മാത്രമേ ഈയിനം കൊണ്ടു പുല്‍ത്തകിടി ഒരുക്കാവൂ. ഭാഗിക തണൽ ലഭിക്കുന്നിടത്തും മരത്തിന്റെ നിഴൽ വീഴുന്നിടത്തും പൊതുസ്ഥലങ്ങളിലും മറ്റും വളർത്താന്‍ പറ്റിയതു പാളപ്പുല്ലാണ്. മറ്റിനങ്ങളെ അപേക്ഷിച്ച് ഈയിനത്തിനു രോഗ, കീടബാധ കുറയും. പുല്ലു നടാന്‍ തിരഞ്ഞെടുത്ത സ്ഥലത്ത് അരയടി കനത്തിൽ നല്ല ഗുണനിലവാരമുള്ള ചുവന്ന മണ്ണു നിരത്തണം. മണ്ണിന്റെ ഉപരി തലത്തിനു വെള്ളം വാർന്നു പോകാന്‍ ചെരിവ് നൽകണം. ഇതിനു മുകളിൽ ആറ്റുമണലും വേപ്പിൻപിണ്ണാക്കും കലർത്തിയതു നിരത്തണം. കാർപറ്റ് പുല്ലിന്റെ മാറ്റ് അതേപടി മിശ്രിതത്തിനു മുകളിൽ പതിപ്പിക്കുകയോ അല്ലെങ്കിൽ പുല്ലിന്റെ ചെറിയ കൂട്ടം വേർതിരിച്ചെടുത്തു നടുകയോ ആവാം. പാളപ്പുല്ല് നട്ടാണ് പുൽത്തകിടി തയാറാക്കുക. നട്ട ശേഷം നന്നായി നനച്ചാൽ മാത്രമേ വേഗത്തിൽ വളർന്നു പുൽത്തകിടിയായി രൂപപ്പെടുകയുള്ളൂ.

അതിർവേലിച്ചെടികൾ: അലങ്കാരച്ചെടികൾ ഉപയോഗിച്ചുള്ള അതിർവേലികളാണ് ഇന്ന് മിക്ക പൂന്തോട്ടങ്ങളിലും. ഉദ്യാനത്തെ മറ്റു ഭാഗങ്ങളിൽനിന്നു വേർതിരിക്കാനും നടപ്പാതകളുടെയും പുൽത്തകിടിയുടെയും അതിരുകളായും ഇടഭിത്തിയായുമെല്ലാം ദീർഘായുസ്സുള്ള ചെടികള്‍ പ്രയോജനപ്പെടുത്താം. ഏതിനം ചെടിയും നിരയായി നട്ടു വേലി ഉണ്ടാക്കാമെങ്കിലും ഇതിനായി ഉപയോഗിക്കുന്നവയ്ക്കു നിത്യ ഹരിത പ്രകൃതവും നിറയെ പൂവിടുന്ന സ്വഭാവവും ഉള്ളതാണു നല്ലത്. ഇവയ്ക്കു ലളിതമായ പരിചരണം മതിയാകണം. പൂച്ചെടികൾ കൂടാതെ, അലങ്കാര ഇലച്ചെടികള്‍ ഉപയോഗിച്ചും വേലി തയാറാക്കാം. അതിർവേലിക്കോ ഇടഭിത്തിക്കോ നിശ്ചയിച്ചിട്ടുള്ള ഉയരത്തിന്റെ അടിസ്ഥാനത്തിലാണ് ചെടിയിനങ്ങൾ തിരഞ്ഞെടുക്കേണ്ടത്. അരയടി മുതൽ 2 മീറ്റർ വരെ ഉയരമുള്ള വേലി ഒരുക്കാൻ യോജിച്ച ഇനങ്ങൾ വിപണിയിൽ ലഭ്യമാണ്. മിനിയേച്ചർ ചെത്തി, നന്ദ്യാർവട്ടം, കോറിയോപ്സിസ്, കൊങ്ങിണി, പെന്റാസ്, ഹെലിക്കൊണിയ, കണവാഴ എല്ലാം നേരിട്ടു വെയിൽ കിട്ടുന്നിടത്തേക്കു യോജിക്കും. എന്നാൽ പാതി തണലുള്ളിടത്തേക്ക് കോസ്റ്റസ്, ആല്പീനിയ, ഒഫിയോപോഗൺ തുടങ്ങിയവയാണു നല്ലത്. 

foot-path-2

നടപ്പാത: ഉദ്യാനത്തിന്റെ നട്ടെല്ലാണ് നടപ്പാത. വിസ്തൃതമായ പുൽത്തകിടിയെ വിഭജിച്ച് കൂടുതൽ മോടിയാക്കാനും അലങ്കാരക്കുളത്തിന്റെയും ഇരിപ്പിടത്തിന്റെയും അടുത്തേക്ക് അനായാസം എത്തിച്ചേരാനും നടപ്പാത ഉപയോഗപ്പെടുത്തുന്നു. നാടൻ കരിങ്കല്ല്, കോൺക്രീറ്റ് സ്ലാബ്, വെള്ളാരം കല്ലുകൾ തുടങ്ങി പരമ്പരാഗതമായി നടപ്പാത നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾക്കൊപ്പം കോബിൾ സ്റ്റോൺ, കോട്ടാ സ്റ്റോൺ, കടപ്പ ക്കല്ല്, സെറാ സ്റ്റോൺ, ടെറാകോട്ട സ്ലാബ് എന്നിവയും പ്രയോജനപ്പെടുത്താം. അലങ്കാരക്കുളം, ഗാർഡൻ ഹട്ട് ഇവിടങ്ങളിലേക്കു നേർവരയായുള്ള നടപ്പാതയാണ് ചേരുന്നത്. പുൽത്തകിടിയിലൂടെയോ ചെടിക്കൂട്ടങ്ങൾക്കരികിലൂടെയോ ഉള്ള നടപ്പാത വളഞ്ഞുപുളഞ്ഞ ആകൃതിയിലാവാം. പുൽത്തകിടിയിലൂടെയുള്ള നടപ്പാതയിൽ കല്ലുകൾ കാലു ചവിട്ടാവുന്ന അകലത്തിൽ സ്റ്റെപ്പിങ് സ്റ്റോൺ ആയി നിരത്തി ഇടയിലൂടെ പുല്ലുവിരിച്ച് തയാറാക്കാം. ചുറ്റുമുള്ള പുല്ലുമായോ ചെടികളുമായോ ഇണങ്ങിച്ചേരുന്ന വിധത്തിൽ ഇളം നിറത്തിലുള്ള കല്ല് തിരഞ്ഞെടുക്കണം. ഒരാൾക്കു നടക്കാൻ പാകത്തിൽ നടപ്പാതയ്ക്ക് ഒന്നര അടിയെങ്കിലും വീതി വേണം. ചെരിവുള്ള ഇടങ്ങളിലെ നടപ്പാതയ്ക്ക് ഒരു മീറ്റർ നീളത്തിന് ഒരിഞ്ച് എന്ന കണക്കിൽ ചെരിവ് നൽകണം. ഫുട് പാത്തിനായി പല തരം സ്ലാബുകൾ ഉപയോഗിക്കുമ്പോൾ സ്ലാബുകൾ തമ്മിൽ വിടവില്ലാത്ത വിധം ചേർത്തിടാം. അല്ലെങ്കിൽ ഒന്നര ഇഞ്ച് വിടവ് ഇട്ടു വിരിക്കാം. സ്ലാബുകൾ തമ്മിൽ വിടവ് ഇട്ടാണ് നിരത്തുന്നതെങ്കിൽ ഇടയ്ക്കു പുൽത്തകിടിയുടെ കഷണങ്ങൾ നട്ട് മോടിയാക്കാം.

അലങ്കാരക്കുളം: പൂവിടും അലങ്കാര ജലസസ്യങ്ങളായ ആമ്പൽ, താമര ഇവ വളർത്താന്‍ ഉദ്ദേശ്യമുണ്ടെങ്കിൽ 4–5 മണിക്കൂർ നേരിട്ടുവെയിൽ കിട്ടുന്നിടത്താണ് കുളം നിർമിക്കേണ്ടത്. കുളത്തിന്റെ പരമ്പരാഗത ആകൃതിയായ വൃത്തം, സമചതുരം ഇവയ്ക്കു പകരമായി ആകർഷകമായ പ്രത്യേക ആകൃതിയും നൽകാം. ജലസസ്യങ്ങൾ നന്നായി വളർന്നു പൂവിടുവാൻ പൊയ്കയ്ക്ക് 2 അടിയെങ്കിലും ആഴം ഉണ്ടായിരിക്കണം. കുളം നിർമിക്കുമ്പോൾ ജലസസ്യങ്ങൾ നടാനായി അടിത്തട്ടിൽ പ്രത്യേക കള്ളി തയാറാക്കണം. ഈ കള്ളിയിൽ മാത്രം നടീൽമിശ്രിതം നിറച്ചു ചെടി വളർത്താം. ഇതിനു പകരം മിശ്രിതം നിറച്ച വലിയ ട്രേയിൽ ചെടി നട്ടു കുളത്തിന്റെ അടിത്തട്ടിൽ ഇറക്കിവച്ചും ജലസസ്യം പരിപാലിക്കാം. ജലത്തിന്റെ ഉപരിതലത്തിൽ മുക്കാലോളം ഭാഗം ഇലകൾ നിറയുന്ന വിധത്തിൽ ഇലകൾ ആവശ്യാനുസരണം നീക്കം ചെയ്യണം. എങ്കിൽ മാത്രമേ ചെടി നന്നായി പൂവിടുകയുള്ളൂ.

ലില്ലിച്ചെടിയുടെ ഇലകള്‍ കരിഞ്ഞുണങ്ങുന്നു 

എന്റെ ഉദ്യാനത്തില്‍ നിലത്തു കൂട്ടമായി നട്ടിരിക്കുന്ന വേരിഗേറ്റഡ് ലില്ലിച്ചെടികളുടെ ഇലകളിൽ ഓറഞ്ച് നിറത്തിൽ പാടുകൾ കാണുന്നു. മഴക്കാലം തുടങ്ങിയപ്പോഴാണ് ഇതു ശ്രദ്ധയിൽപ്പെട്ടത്. തീവ്രാവസ്ഥയിൽ ഇലകൾ കരിഞ്ഞുണങ്ങും. ആദ്യം ഒരു ചെടിയിൽ കണ്ടത് ഇപ്പോൾ പലതിലും കാണുന്നു. മഴയത്തു ലില്ലി നട്ടിരിക്കുന്നിടത്തു വെള്ളം കെട്ടി നിൽക്കാറുണ്ട്. എന്താണ് പ്രതിവിധി. കേടായ ചെടികളുടെ ചിത്രം ഇതോടൊപ്പം. 

വി. മായാദേവി, അങ്കമാലി

ലില്ലിച്ചെടിയിൽ കുമിൾ വഴി ഉണ്ടാകുന്ന രോഗമാണിത്. മഴക്കാലത്തെ അധിക ഈർപ്പാവസ്ഥയിലാണ് രോഗം കാണപ്പെടുക. ചെടിയുടെ ചുവട്ടിൽ വെള്ളം അധിക സമയം തങ്ങിനിന്നാൽ ഈ കുമിൾരോഗം വരാം. രോഗം വരാതിരിക്കാൻ ചെടി നട്ടിരിക്കുന്നിടത്തു വെള്ളം വേഗത്തിൽ വാർന്നു പോകുന്നുവെന്നു തീർച്ചയാക്കണം. നട്ടിരിക്കുന്നിടത്ത് അൽപം കുമ്മായം വിതറുന്നതും ഉപകരിക്കും. രോഗം കണ്ടാൽ കേടുവന്ന ഇലകൾ നീക്കം ചെയ്യണം. ഒപ്പം ഇൻഡോഫിൽ കുമിൾനാശിനി മില്ലി / ലീറ്റർ വെള്ളത്തിൽ എന്ന തോതില്‍ 2-3 ആവർത്തിക്കുക. രോഗം നിയന്ത്രിക്കാം. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com