sections
MORE

പൂന്തോട്ടത്തിനഴകേറ്റാന്‍ പുത്തന്‍ പൂച്ചെടികള്‍

golden-cascode
ഗോള്‍ഡൻ കോസ്കേഡ്, സ്കാർലെറ്റ് ക്ലോക്ക് വൈൻ
SHARE

ഉദ്യാനത്തിലേക്കു ചെടികൾ തിരഞ്ഞെടുക്കുമ്പോൾ മറ്റെങ്ങും കാണാത്തവയെയാകും നമ്മള്‍ മലയാളികള്‍ ഉറ്റുനോക്കുന്നത്. അതുകൊണ്ടു തന്നെ ലോക വിപണിയിൽനിന്നു നമ്മുടെ നാട്ടിലേക്ക് വിവിധ തരം ഉദ്യാനച്ചെടികളുടെ കുത്തൊഴുക്കാണ്. എന്നാല്‍ നഴ്സറികളിൽ കാണുന്ന മിക്ക സങ്കരയിനം ചെടികളും കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയിൽ നന്നായി വളരുകയോ പൂവിടുകയോ ചെയ്യണമെന്നില്ല. കൂടാതെ, പലതും കാലക്രമേണ വളരാതെ മുരടിച്ച് നശിച്ചു പോകാറുമുണ്ട്. ഇതിനു മികച്ച ഉദാഹരണമാണ് പോയിൻസെറ്റിയ ചെടി. കടും ചുവപ്പ് അല്ലെങ്കിൽ ഓറഞ്ച് നിറത്തിൽ ആകർഷകമായ ഇലകളുമായി പോയിൻസെറ്റിയ ആരുടെയും മനം മയക്കുന്ന അലങ്കാര ഇനമാണ്. എന്നാൽ നമ്മുടെ കാലാവസ്ഥയിൽ വളർത്തിയാൽ പുതുതായി വരുന്ന ഇലകൾ എല്ലാം പച്ച നിറത്തിലായി പോയിൻസെറ്റിയ ഒരു പാഴ്‌ചെടിയായി മാറും. നന്നായി വളരുകയും പൂവിടുകയും ചെയ്ത് നമ്മുടെ നാട്ടില്‍ സ്ഥാനമുറപ്പിച്ച പുതിയ അഞ്ചിനം വിദേശപ്പൂച്ചെടികളെ പരിചയപ്പെടാം. 

ഗോൾഡൻ കാസ്കേഡ്

പൂവിടും വള്ളിച്ചെടികൾ പെർഗോളയിലും ട്രെല്ലിയിലും വളർത്തുമ്പോൾ അവയുടെ പൂക്കൾ താഴേക്ക് ഞാന്നുകിടക്കുന്നവയാണെങ്കിൽ കാണാൻ നല്ല ഭംഗിയായിരിക്കും. ഇത്തരം വള്ളിച്ചെടികൾ പൂവിട്ടാൽ പൂമാല ചാർത്തിയ വള്ളിക്കുടിലിനെപ്പോലെ തോന്നിക്കും. ഇത്തരമൊന്നാണ് ഗോൾഡൻ കാസ്കേഡ്. വലിയ ചട്ടിയിലും നിലത്തും ഒരുപോലെ പരിപാലിക്കാവുന്ന ഈ പൂച്ചെടി നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുകയും പൂവിടുകയും ചെയ്യും. തായ്‌ലൻഡിൽനിന്നുള്ള ഈ ചെടിയുടെ ഇളം തണ്ടുകളാണ് നടീൽവസ്തു. വർഷത്തിൽ പല തവണ പൂവിടുന്ന ഗോൾഡൻ കാസ്‌കേഡിന്റെ പൂക്കൾ പൂങ്കുലയിൽ സാവധാനമാണ് വിരിയുന്നത്. 2 -3 അടി നീളത്തിലാണ് പൂങ്കുലകൾ അനുകൂല കാലാവസ്ഥയിൽ ഉണ്ടായി വരിക. 4-5 മണിക്കൂർ നേരിട്ട് വെയിൽ കിട്ടുന്നിടങ്ങളിൽ ഇളം കമ്പ് മുറിച്ചു നട്ട് നന്നായി പരിപാലിച്ചാൽ നന്നായി വളരും. തൈ നട്ടു വളരാൻ തുടങ്ങുമ്പോൾതന്നെ ചിലപ്പോൾ ഈ ചെടി പൂവിടും. ഇത്തരം പൂങ്കുല ഉണ്ടായി വരുമ്പോൾ തന്നെ മുറിച്ചു നീക്കം ചെയ്യണം; ഇല്ലെങ്കിൽ അത് ചെടിയുടെ തുടർവളർച്ചയെ ബാധിക്കും. നന്നായി വള്ളി ഉൽപാദിപ്പിച്ചു പെർഗോളയിൽ പടർന്നു കയറിയ ശേഷം ചെടി പൂവിടുന്നതാണ് ഉചിതം. ചട്ടിയിൽ വളർത്തുമ്പോൾ ചട്ടിയുടെ നടുവിൽ നേർത്ത കമ്പി ഉപയോഗിച്ചു ട്രെല്ലി സ്ഥാപിച്ച് അതിൽ പടർത്തിക്കയറ്റി യശേഷം മാത്രം പൂവിടാൻ അനുവദിക്കുക. കടും മഞ്ഞനിറത്തിൽ വെള്ളച്ചാട്ടംപോലെയാണ് പൂക്കൾ പൂങ്കുലയിൽ ഉണ്ടായി വരിക. പൂങ്കുലയുടെ ഓരോ മുട്ടിൽനിന്നും എല്ലാവശത്തേക്കുമായി 5 -6 പൂക്കൾ ഒരുമിച്ചാണ് വിരിഞ്ഞു വരുന്നത്. കടും മഞ്ഞ നിറത്തിലുള്ള ഇലകളുടെ നടുവിൽനിന്നുമാണ് മങ്ങിയ വെള്ളനിറത്തിലുള്ള ഇതളുകൾ ചെടി ഉല്‍പാദിപ്പിക്കുന്നത്. പൂക്കൾ ചെടിയിൽ 8-10 ദിവസം കൊഴിയാതെ നിൽക്കും. നന്നായി വളർന്നു കഴിഞ്ഞാൽ പിന്നെ അത്ര ശ്രദ്ധയും സംരക്ഷണവും ആവശ്യമില്ലാത്ത ചെടിയാണ് ഗോൾഡൻ കാസ്കേഡ്.

സ്കാർലെറ്റ് ക്ലോക്ക് വൈൻ 

ഗോൾഡൻ കാസ്കേഡ് ചെടിപോലെ പൂങ്കുലകൾ ഞാന്നു കിടക്കുന്ന പ്രകൃതം. മിതശീതോഷ്ണ കാലാവസ്ഥയിൽ കാണപ്പെടുന്ന മൈസൂർ ട്രംപറ്റ് വൈൻ ചെടിയുടെ മറ്റൊരിനമാണ് ഈ വള്ളിപ്പൂച്ചെടി. നമ്മുടെ സമതലങ്ങളിൽ സ്കാർലെറ്റ് ക്ലോക്ക് വൈൻ നന്നായി വളരുകയും പൂവിടുകയും ചെയ്യും. വെള്ളയും വയലറ്റും പൂക്കൾ ഉള്ള തുൻബെർജിയ ചെടിയുടേതു പോലെയാണ് ഇതിന്റെ ഇലകൾ. തുൻബെർജിയ ജനുസ്സിൽ പെടുന്നതാണ് ഈയിനവും. ഈ വള്ളിച്ചെടി കമ്പു നട്ട് അനായാസം വളർത്തിയെടുക്കാം. വേഗത്തിൽ പടർന്നു വളരുന്ന സ്കാർലെറ്റ് ക്ലോക്ക് വൈൻ പെർഗോളയിലും ട്രെല്ലിയിലും വളർത്താന്‍ ഏറെ യോജ്യം. 

ഒരടിയോളം ആഴമുള്ള കുഴിയിൽ നടീൽമിശ്രിതം നിറച്ച് അതിൽ തൈ നടാം. ചെടി വള്ളി വീശിയാൽ മുകളിലേക്കു മാത്രം വളരാൻ പ്രോത്സാഹിപ്പിക്കണം. ഉദ്ദേശിക്കുന്ന പ്രതലത്തിൽ എത്തിയാൽ ശാഖകൾ ഉണ്ടായി പടർന്നു വളരാന്‍ അനുവദിക്കണം. മഴ കഴിഞ്ഞുള്ള അനുകൂല കാലാവസ്ഥയിൽ ചെടി പല തവണ പൂവിടും. പൂങ്കുലകളില്‍ പൂക്കൾ ഒന്നൊന്നായി ആണ് വിരിയുക. മൈസൂർ ട്രംപറ്റ് വൈൻ ചെടിയിൽ നിന്നു വ്യത്യസ്തമായി ഈ ചെടിയുടെ പൂക്കൾ ചെറുതും മങ്ങിയ മെറൂൺ നിറവുമുള്ളവയാണ്. പൂക്കൾ മുഴുവനായി വിരിയുന്ന പ്രകൃതമുള്ളവയല്ല. ഒന്നൊന്നൊരയാഴ്ചക്കാലം പൂങ്കുലകൾ ചെടിയിൽ കൊഴിയാതെ നിൽക്കും. തേനീച്ചയും തേൻകുരുവിയും ഈ പൂക്കളിൽ തേെനടുക്കാന്‍ എത്താറുണ്ട്. തണ്ടുകൾ ആവശ്യാനുസരണം കോതി ട്രെല്ലിയിലും പെർഗോളയിലും ആകർഷകമായ ആകൃതിയിൽ ഈ വള്ളിയിനം പരിപാലിക്കാം. 

chinese-fringe-flower

ചൈനീസ് ഫ്രിൻജ് ഫ്ലവർ

ലോറോപെറ്റാലം (Loropetalum) ജനുസ്സിൽ പെടുന്ന ഈ അലങ്കാരച്ചെടി നമ്മുടെ നാട്ടിൽ എത്തിയിട്ട് അധിക കാലമായിട്ടില്ല. മെറൂൺ നിറമുള്ള ഇലകളും തണ്ടും കടുംപിങ്ക് നിറത്തിൽ നിറയെ ചെറിയ പൂക്കളുമുള്ള ഈ ചെടിക്ക് ഇന്ന് നമ്മുടെ ഉദ്യാനങ്ങളിൽ നല്ല വരവേല്‍പാണ് ലഭിച്ചിട്ടുള്ളത്. ചട്ടിയിലും നിലത്തും ഒരുപോലെ വളർത്താന്‍ പറ്റുന്ന ഈ പൂച്ചെടി കൂട്ടമായി നടുമ്പോഴാണ് കൂടുതൽ ഭംഗി. അതിർവേലി ഒരുക്കാനും പുൽ ത്തകിടിയുടെ നടുവിൽ വേറിട്ട നിറം നൽകാനുമെല്ലാം ചൈനീസ് ഫ്രിൻജ് ഫ്ലവർ ചെടി യോജിച്ചതാണ്. പൂവി ടാത്ത കാലത്തും ഈ അലങ്കാരച്ചെടിയുടെ ഇലകൾ വളരെ മനോഹരമാണ്. ഇലകൾ കറിവേപ്പിലയ്ക്കു സമാനം. പൂക്കൾ കൂട്ടത്തോടെയാണ് ഉണ്ടായി വരിക. പൂവിന്റെ ഇതളുകൾ വളഞ്ഞു പുളഞ്ഞു നേർത്ത നാടപോലെ കാണപ്പെടുന്നു. പരമാവധി 7 -8 അടി ഉയരത്തിൽ വളരുന്ന ഈ കുറ്റിച്ചെടി, കമ്പ് കോതി ആകർഷകമായ ആകൃതിയിൽ പരിപാലിക്കാം. 

നേരിട്ട് വെയിൽ കിട്ടുന്ന ഇടങ്ങളിലാണ് ചൈനീസ് ഫ്രിൻജ് ഫ്ലവർ നന്നാ യി വളരുകയും പുഷ്പിക്കുകയും ചെയ്യുക. തണൽ അധികമായാൽ ഇലകൾ പച്ചനിറത്തിൽ ആയി അനാകര്‍ഷകമാകും. ഇളം കമ്പു മുറിച്ചു നട്ട് ഈ പൂച്ചെടി അനായാസം വളർത്തിയെടുക്കാം. നട്ടിരിക്കുന്നിടത്ത് അധികമായി വെള്ളം കെട്ടി നിന്നാൽ ഇലകൾ പൊഴിയാനിടയുണ്ട്. അതിരുചെടിയായി നിരയായി വളർത്താന്‍ ഒന്നര അടി അകലം നൽകി നട്ടാൽ മതി. ചെടികൾ നന്നായി തിങ്ങിനിറയാൻ തൈ നട്ടു വളരാന്‍ തുടങ്ങിയാൽ ആവശ്യാനുസരണം കമ്പു കോതണം. 

medinilla

മെഡിനില്ല

നമ്മുടെ കാലാവസ്ഥയിൽ പാതി തണലുള്ളിടത്ത് വളര്‍ത്തിയാല്‍ പൂവിടുന്ന ചെടികൾ കുറവാണ്. ആഫ്രിക്കൻ വയലറ്റ്, ഗ്ലോക്സിനിയ, പീസ് ലില്ലി തുടങ്ങിയവയുടെ ഈ ഗണത്തില്‍ നവാഗതയാണ് മെഡിനില്ല. റോസ് അല്ലെങ്കിൽ പിങ്ക്നിറത്തിൽ ഇളം മുന്തിരിക്കുലപോലെ പൂമൊട്ടുകളും പൂക്ക ളുമായി ഈ പൂച്ചെടിക്ക് റോസ് ഗ്രേപ്പ് എന്നും ഇംഗ്ലിഷിൽ വിളിപ്പേരുണ്ട്. വീടിന്റെ വരാന്തയും ബാല്‍ക്കണിയും പോലെ പാതി തണൽ കിട്ടുന്നിടത്തു പൂച്ചെടിയായി പരിപാലിക്കാൻ നന്നാണ് മെഡിനില്ല. കടും പച്ച നിറത്തിൽ വലിയ ഇലകളുള്ള ഈ കുറ്റിച്ചെടി ഫി ലിപ്പീൻസ് സ്വദേശിയാണ്. വിരിഞ്ഞു വരുന്ന പൂങ്കുല ഒറ്റനോട്ടത്തിൽ ഓർക്കിഡ് പൂങ്കുലയ്ക്കു സമാനം. ഓർക്കിഡ് പോലെ വലിയ മരങ്ങളിൽ വേരുകൾ ഉറപ്പിച്ചാണ് ഈ ചെടി സ്വാഭാവികമായി പ്രകൃതിയിൽ കാണപ്പെടുക. ഓർക്കിഡിൽനിന്നു വ്യത്യസ്തമായി ഈ അലങ്കാരച്ചെടിയുടെ തടിച്ച ഇലകൾ ധാരാളമായി വെള്ളം സൂക്ഷിച്ചു വയ്ക്കുന്നു. ഇളം മഞ്ഞ കലർന്ന തവിട്ടു നിറത്തോടു കൂടിയ തളിരിലകളും കാണാൻ നല്ല ഭംഗിയാണ്. പരമാവധി 3 -4 അടി ഉയരത്തിലേ ചെടി വളരുകയുള്ളൂ. മഴ കഴിഞ്ഞുള്ള തണുത്ത കാലാവസ്ഥയിലാണ് ഈ ചെടി അധികമായി പൂവിടുക. ഞാന്നു കിടക്കുന്ന പിങ്ക് നിറത്തിലുള്ള പൂങ്കുലകൾ ആണ് മെഡിനില്ലയുടെ മനോഹാരിത. ഒരടിയോളം നീളമുള്ള പൂങ്കുലയിൽ പൂമൊട്ടുകൾ അധികമായി വിരിയാറില്ല. പിങ്ക് നിറത്തിൽ മുത്തു പോലുള്ള പൂമൊട്ടുകൾക്കു പ്രത്യേക അഴകാണ്. ചട്ടിയിൽ വളർത്താൻ യോജിച്ചതാണ് ഈ പൂച്ചെടി. ഇലകളിൽ അധികമായി ജലം ശേഖരിച്ചു വയ്ക്കുന്നതുകൊണ്ട് നന ആഴ്ചയിൽ 1 -2 തവണ മതി. ചെടിയുടെ വേരുകൾക്കൊപ്പം ഇലകളിലും നേർത്ത തുള്ളിനന നല്ലതാണ്. പൂവിട്ടുകഴിഞ്ഞ പൂങ്കുലകൾ മുറിച്ചു നീക്കുന്നത് ചെടി അധികമായി പൂവിടാൻ പ്രോത്സാഹിപ്പിക്കും. 

verigated-hamelia

വേരിഗേറ്റഡ് ഹമീലിയ

ഇളം പച്ച നിറത്തിൽ ഇലകളും ചെറിയ കുഴൽ രൂപത്തിൽ ഓറഞ്ച് പൂക്കളുമായിട്ടുള്ള നാടൻ ഹമീലിയ നമുക്ക് സുപരിചിതം. ഇതിന്റെ നൂതന അലങ്കാര ഇനമാണ് പച്ചയും ഇളം മഞ്ഞയും ഇലകളോടുകൂടിയ വേരിഗേറ്റഡ് ചെടി. വലിയ കുറ്റിച്ചെടിയായി വളരുന്ന പരമ്പരാഗത ഇനത്തിൽനിന്നു വ്യത്യസ്തമായി കുള്ളൻ സസ്യപ്രകൃതമുള്ളതാണ് ഈ വേരിഗേറ്റഡ് ഇനം. പൂക്കൾക്കൊപ്പം ഈ ഇനത്തിന്റെ ഇലകളും ചെടിയുടെ ഭംഗിക്ക് മാറ്റുകൂട്ടുന്നു. ഇളം ഇലകൾക്കാണ് കൂടുതൽ ഭംഗി; കൂടാതെ, പുതിയ കമ്പുകളാണ് അധികമായി പൂവിടുക. അതുകൊണ്ട് ചെടി കൊമ്പുകോതിയാൽ ഉല്‍പാദിപ്പിക്കുന്ന ഇളം ഇലകളും പൂക്കളുമായി കാണാൻ നല്ല അഴകാണ്. സാവധാനം വളരുന്ന പ്രകൃതമുള്ളതുകൊണ്ടു വേരിഗേറ്റഡ് ഇനം വളരെനാൾ കുറ്റി ച്ചെടിയായി പരിപാലിക്കാം. നാടൻ ഇനം പോലെ വര്‍ഷം മുഴുവൻ പുഷ്പി ക്കുന്ന പ്രകൃതമുള്ള ഇനമാണിത്. നന്നായി വെയിൽ കിട്ടുന്ന പൂന്തോട്ടത്തിന്റെ ഭാഗങ്ങളിൽ കൂട്ടമായും നിരയായും നട്ടുവളർത്താന്‍ യോജിച്ചതാണ് ഈയിനം. നിറയെ തേനുള്ള ഓറഞ്ച് പൂക്കൾ ചെറുതേനീച്ചയ്ക്കും തേൻകുരുവികൾക്കും തേനിന്റെ വിരുന്നുശാലയാണ്. അത്രയ്ക്ക് നനയും ശ്രദ്ധയൊന്നും ഇല്ലെങ്കിൽപോലും ഈ പൂച്ചെടി നന്നായി വളരും, പൂവിടും. ചെറുതേനിന്റെ സ്രോതസ്സായി പരമ്പ രാഗതയിനത്തിനു പകരം വേരിഗേ റ്റഡ് ഹമീലിയ കൂട്ടമായി നടുന്നത് ഉദ്യാനത്തെ കൂടുതൽ മനോഹരമാക്കും. ഇളം കമ്പാണ് സാധാരണയായി നടീൽവസ്തുവായി ഉപയോഗിക്കുക. നിരയായി നടുമ്പോൾ ഒന്നര അടി അകലമിട്ടു തൈകൾ നട്ടാൽ മതി. വെള്ളം കെട്ടി നിൽക്കാത്ത ഇടങ്ങളിലാണ് ഈ ചെടി യോജിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
FROM ONMANORAMA