ADVERTISEMENT

മഞ്‍ജു വാരിയരുടെ ‘ഹൗ ഓൾഡ് ആർ യു’ എന്ന സിനിമ കണ്ടും അല്ലാതെയും ഒരുപാട് വീട്ടമ്മമാർ വീട്ടുവളപ്പിൽ ഇന്നു പച്ചക്കറിക്കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറിക്കൃഷിയിൽ ഇങ്ങനെയൊരു മുന്നേറ്റം 10–12 വർഷങ്ങൾക്കു മുമ്പ് മാവേലിക്കര പുന്നമൂട് കുറ്റി പറിച്ചതിൽ വീട്ടിൽ ജെസ്സി നിനച്ചതേയില്ല. ഭർത്താവ് വിദേശത്ത്. മക്കൾ രണ്ടും വിദ്യാർഥികൾ. അവർ സ്കൂളിൽ പോയിക്കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. ഒരു കാർഷിക സെമിനാറിൽ പങ്കെടുക്കാൻ സുഹൃത്ത് ക്ഷണിച്ചതാണ് തുടക്കം. പിന്നീട് ഈ പ്രദേശത്തു നടത്തുന്ന മിക്ക കാർഷിക സെമിനാറുകളിലും പരിശീലന പരിപാടികളിലും ജെസ്സി പങ്കെടുത്തു. തുടർന്ന് സംരംഭകയുമായി. 

കൂൺകൃഷിയിലാണു തുടക്കമിട്ടത്. വീടിനു മുമ്പിൽ ഉപയോഗശൂന്യമായിക്കിടന്ന കാലിത്തൊഴുത്ത് കൂൺ പുരയാക്കി. കൂൺ വാങ്ങാൻ എത്തിയവരിൽ ചിലർ അതു പഠിപ്പിക്കാൻ ജെസ്സിയെ നിർബന്ധിച്ചു. ചെറിയ രീതിയിൽ ആരംഭിച്ച പരിശീലനത്തിനു വലിയ സ്വീകാര്യത ലഭിച്ചു. കൂൺകൃഷിയും പരിശീലനവുമായി മുമ്പോട്ടു പോ കുമ്പോഴാണ് ഹൈടെക് കൃഷി പഠനപരിപാടിയിൽ പങ്കെടുക്കുന്നത്. മാവേലിക്കര കൃഷിഭവന്റെ സാമ്പത്തിക, സാങ്കേതിക സഹായത്തോടെ വീടിന്റെ ടെറസിൽ ചെറിയ പോളിഹൗസ് ഒരുക്കി. അതിൽ സാലഡ് വെള്ളരിക്കൃഷി. തരക്കേടില്ലാത്ത വരുമാനം കിട്ടിത്തുടങ്ങി.

എന്നാൽ വേനൽക്കാലത്തു മാത്രമാണ് സാലഡ് കുക്കുംബറിനു ഡിമാൻഡ്. വർഷകാലത്ത് ഒഴിഞ്ഞുകിടന്ന പോളിഹൗസിൽ പ്രോട്രേകളിൽ സങ്കരയിനം പച്ചക്കറികളുടെ തൈകൾ ഉണ്ടാക്കാൻ തുടങ്ങി. അന്നു മാവേലിക്കര തെക്കേക്കര കൃഷി ഓഫിസറായിരുന്ന രശ്മി, കർഷകർക്കു വിതരണം ചെയ്യാൻ വേണ്ടി തൈകൾക്കു ബൾക് ഓർഡർ ജെസ്സിക്കു നൽകി. ഇതോടെ ഈ വീട്ടമ്മയുടെ തലവര തെളിഞ്ഞു. കൃഷിഭവനുകൾ, പച്ചക്കറി ക്ലസ്റ്ററുകൾ, സന്നദ്ധ സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ക്ലബുകൾ തുടങ്ങി ഒട്ടേറെ ആവശ്യക്കാർ. അങ്ങനെ തൈ ഉൽപാദനം വിപുലമാക്കി.

home-garden-1
തൈകൾ ട്രേയ്ക്കുള്ളിൽ

നാടിനു യോജിച്ച ഇനങ്ങളുടെ വിത്തുകൾ ബെംഗളൂരുവിലെ വിത്തു കമ്പനികളിൽനിന്നു കൊറിയറില്‍ വരുത്തിയാണ് ജെസ്സി തൈകൾ ഉണ്ടാക്കുന്നത്. കൃഷിവകുപ്പിന്റെ സാങ്കേതികസഹായവുമുണ്ട്. വര്‍ഷംതോറും ലക്ഷക്കണക്കിനു തൈകൾ വിതരണം ചെയ്തുകൊണ്ടു നല്ല വരുമാനമുണ്ടാക്കുന്നു ഈ വീട്ടമ്മ.

കായംകുളത്തെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ഡോ. ലേഖ, മാവേലിക്കര കൃഷിഭവനിലെ കൃഷി അസിസ്റ്റന്റായിരുന്ന മനോജ്, വിഎഫ്‌പിസികെയിലെ അസി. മാനേജർമാരായ ദീപ്തി, മായ എന്നിവരാണ് തന്നെ ഉയരാൻ സഹായിച്ചതെന്നു ജെസ്സി കൃതജ്ഞതയോടെ ഓർമിക്കുന്നു. ഇപ്പോഴത്തെ മാവേലിക്കര കൃഷി ഓഫിസർ പ്രസാദും അസിസ്റ്റന്റ് ഷാജിയും നല്ല പിന്തുണ നൽകുന്നുണ്ട്.

പച്ചക്കറിത്തൈകൾ മാത്രമല്ല, 14 സെന്റ് സ്ഥലത്തുള്ള മരങ്ങളുടെ കരിയിലയും മറ്റു ജൈവവസ്തുക്കളും ചാണകവും ഉപയോഗപ്പെടുത്തി കംപോസ്റ്റും നിർമിച്ചു വിൽക്കുന്നു. ഗ്രോ ബാഗുകളും ഇവിടെ ലഭിക്കും. വീട്ടുവളപ്പുകളിൽ ഗ്രോബാഗ് ഉപയോഗിച്ചു പച്ചക്കറിത്തോട്ടം ഒരുക്കിക്കൊടുക്കുകയും ചെയ്യും. കോവൽ, മുരിങ്ങ, കറിവേപ്പ്, കുറ്റിക്കുരുമുളക് എന്നിവയുടെയും തൈകൾ ‘ഒരുമ’ എന്ന ഒറ്റയാൾ നഴ്സറിയിൽ ലഭ്യമാണ്. 

ഫോണ്‍: 2526399833 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com