ADVERTISEMENT

‘‘വീട്ടിൽ എല്ലാവരും പഴങ്ങൾ ഇഷ്ടപ്പെടുന്നവർ. ഒരു നേരം പഴങ്ങൾ മാത്രം കഴിക്കുന്നവരാണ് ഞാനും ഭാര്യയും. അതേസമയം വിപണിയിലെത്തുന്ന പഴങ്ങളിലെയും പച്ചക്കറികളിലെയും വിഷാംശത്തെക്കുറിച്ചുള്ള വാർത്തകൾ ഭയപ്പെടുത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് വീട്ടുവളപ്പിൽ തന്നെ അവ ഉൽപാദിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്’’– പുനലൂരിനു സമീപം കരവൂരിലെ തെക്കേക്കര വീട്ടിൽ ഫിലിപ്പിന്റെ വാക്കുകൾ പുതുതലമുറകുടുംബങ്ങളിലെ മാറുന്ന ഭക്ഷണക്രമത്തിന്റെയും മുൻഗണനകളുടെയും സൂചന കൂടിയാണ്.

വിഷാംശം ഭയന്നു സ്വന്തമായി പച്ചക്കറി ഉൽപാദിപ്പിക്കുന്ന പതിനായിരങ്ങൾ കേരളത്തിലുണ്ട്. എന്നാൽ ഒരു പടി കൂടി കടന്ന് വേണ്ടത്ര പഴവർഗങ്ങൾ വീട്ടുവളപ്പിൽ തന്നെ ഉൽപാദിപ്പിക്കാൻ ശ്രമിക്കുകയാണ് ഫിലിപ്പും ഭാര്യ ഫിഗിയും. നൈജീരിയയിൽ ജോലി ചെയ്യുന്ന ഇരുവരും വർഷത്തിൽ രണ്ടു തവണ അവധി കിട്ടി നാട്ടിൽ വരുന്നവരാണ്. ഇവിടെ മാതാപിതാക്കളോടൊപ്പം താമസിക്കുമ്പോൾ പ്രധാന ശ്രദ്ധ പഴത്തോട്ടത്തിൽതന്നെ. 

അഞ്ചു വർഷം മുമ്പായിരുന്നു തുടക്കം. രണ്ടരയേക്കർ പുരയിടത്തിൽ ഒരേക്കറോളം സ്ഥലം പഴവർഗങ്ങൾക്കായി നീക്കിവച്ചു. വീടിനു മുൻഭാഗത്തുണ്ടായിരുന്ന റബർതോട്ടം വെട്ടിനീക്കിയാണ് സ്ഥലം കണ്ടെത്തിയത്. സമൃദ്ധമായി സൂര്യപ്രകാശം കിട്ടത്തക്കവിധത്തിൽ എല്ലാ മരങ്ങളും നീക്കം ചെയ്തൊരുക്കിയ സ്ഥലത്ത് നടാൻ പറ്റിയ ഇനങ്ങൾക്കായുള്ള അന്വേഷണമായി പിന്നെ. വർഷങ്ങൾ നീണ്ട  അന്വേഷണത്തിലൂട‌െ അവർ ഇതിനകം കണ്ടെത്തി നട്ടത് 150 ഇനം ഫലവൃക്ഷങ്ങൾ. അവയിൽ ഏറെയും പൂവിട്ടുതുടങ്ങുകയും ചെയ്തു. കേട്ടും വായിച്ചും പരിചയമുള്ള മിക്ക ഫലവൃക്ഷങ്ങളും നിങ്ങൾക്ക് ഇവിടെ കാണാം.

പതിവുതാരങ്ങളായ പ്ലാവ്, മാവ്,  റംബുട്ടാൻ, മാങ്കോസ്റ്റിൻ, ദുരിയൻ എന്നിവയ്ക്കു പുറമെ ജബോട്ടിക്കാബ, ഡ്രാഗൺഫ്രൂട്ട്, മിറക്കിൾ ഫ്രൂട്ട്, അവക്കാഡോ എന്നിങ്ങനെ പട്ടിക നീളുകയാണ്. ചാമ്പയുടെ 4 ഇനങ്ങൾ,  ചെറിയു‌ട‌െ മൂന്നു തരങ്ങൾ, പേരയുട‌െ 7 ഇനങ്ങൾ എന്നിവയും ഫിലിപ്പിന്റെ തോട്ടത്തിലുണ്ട്. ഇത്ര വലിയ ശേഖരമുണ്ടാക്കാൻ തുടർച്ചയായ പരിശ്രമം വേണ്ടിവന്നെന്നു ഫിലിപ്പ്. ഒട്ടേറെ തൈകളും നഴ്സറികളിൽനിന്നു വാങ്ങുകയായിരുന്നു. തൈകൾക്കു മാത്രം ഒരു ലക്ഷം രൂപയിലധികം രൂപ മുടക്കിയിട്ടുണ്ട്. മുപ്പതോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ഈ ദമ്പതികൾ അവിടങ്ങളിലെ പഴച്ചെടികളുെട  വിത്ത് കൊണ്ടുവന്നും തൈകളുണ്ടാക്കിയിട്ടുണ്ട്. ഈ തോട്ടത്തിലെ ഡ്രാഗൺ ഫ്രൂട്ട് ചെടികൾ വിദേശത്തുനിന്നു കൊണ്ടുവന്ന അരി പാകി മുളപ്പിച്ചവയാണ്.

ഫലവൃക്ഷത്തോട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർ അതിനു മുമ്പ് ഓരോന്നിനെയും അടുത്തറിയാൻ ശ്രമിക്കണമെന്നു ഫിലിപ്പ് നിർദേശിക്കുന്നു. അവ വളർത്തുന്ന ഇടങ്ങൾ സന്ദർശിക്കുന്നത് ഉചിതമായിരിക്കും. ഓരോന്നിനും യോജ്യമായ മണ്ണും സാഹചര്യങ്ങളുമൊക്കെ മനസ്സിലാക്കാൻ ഇതു സഹായിക്കും. സൂര്യപ്രകാശം കൂടുതൽ വേണ്ട ഇനങ്ങൾ തണലത്തും അല്ലാത്തവ മറിച്ചും നടുന്നതിൽ അർഥമില്ലല്ലോ? വിശ്വാസ്യതയും അംഗീകാരവുമുള്ള നഴ്സറികളിൽനിന്നു മാത്രം തൈകൾ വാങ്ങുന്നത് ചതിക്കപ്പെടാതിരിക്കാൻ സഹായിക്കും. വില കൂടുതൽ നൽകിയാലും വലിയ തൈകൾ നടുകയാണെങ്കിൽ പഴത്തിനായുള്ള കാത്തിരിപ്പ് കുറയ്ക്കാം.

വരുമാനത്തിനായുള്ള തോട്ടമല്ലാത്തതിനാൽ പഴം വിൽപനയില്ല. വീട്ടാവശ്യത്തിനുള്ളതുമാത്രം എടുത്തശേഷം ബാക്കി പക്ഷികൾക്കായി വിട്ടുകൊടുത്തിരിക്കുകയാണ്. പഴത്തോട്ടത്തിനുള്ളിൽ തന്നെ ടർക്കി, ഗിനി എന്നിവയെ വളർത്തുന്നുണ്ട്. തോട്ടത്തിലെ പുല്ലു മാത്രമല്ല താഴെവീഴുന്ന പഴങ്ങളും അവ ആഹാരമാക്കുന്നു. വളർത്തുപക്ഷികളുടെ കാഷ്ഠം മരങ്ങൾക്ക്  വളമാവുകയും ചെയ്യുന്നു. അതിഥികളായി എത്തുന്ന പക്ഷികൾക്ക് കൂടൊരുക്കാനായി ഒരു പക്ഷിക്കൂടും  സ്ഥാപിച്ചിട്ടുണ്ട്. 

ശരിയായ സംരക്ഷണവും പരിചരണവും നൽകിയതുകൊണ്ടാണ് ഫലവൃക്ഷങ്ങൾ ഇത്ര വേഗം പൂവിട്ടതെന്നു ഫിലിപ്പ് ചൂണ്ടിക്കാട്ടി. എല്ലാ വർഷവും മുടങ്ങാതെ കളനീക്കലും വളപ്രയോഗവും നടത്തും. തോട്ടത്തിനു ചുറ്റും വേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. വേനൽക്കാലത്ത് നനയ്ക്കാനായി തുള്ളിനനസംവിധാനവും ഏർപ്പെടുത്തിയി‌ട്ടുണ്ട്. 

ഇ മെയിൽ:

philipeappen@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com