ADVERTISEMENT

ഒരൽപം കുടുംബക്കാര്യം എന്ന തലക്കെട്ടോടെ കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ഫെയ്‍സ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിന് മികച്ച പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഭാര്യ ലതയുടെ കാർഷിക സംരംഭമായ സൗഗന്ധികത്തിന്റെ രണ്ടാം വാർഷികത്തിന് ആശംസയറിയിച്ചാണ് കുറിപ്പ്. ബാങ്ക് ജോലിയിൽനിന്നു വിരമിച്ച ശേഷം വെറുതെയിരിക്കാനാവില്ലെന്നു പറഞ്ഞാണ് ലത സൗഗന്ധികത്തിനു തുടക്കമിട്ടതെന്നും നടത്തിപ്പിലെ ബുദ്ധിമുട്ടുകൾ കാരണം ഇത്രത്തോളം നീണ്ടുപോകുമെന്നു കരുതിയിരുന്നില്ലെന്നും സുധീരൻ കുറിപ്പിൽ പറയുന്നു. 

സൗഗന്ധികവുമായി ഇനിയും മുന്നോട്ട് എന്ന അവരുടെ ആത്മവിശ്വാസത്തോടെയുള്ള ശ്രമങ്ങൾ വിജയിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്താണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. 

വി.എം. സുധീരന്റെ ഫെയ്‍സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരല്പം കുടുംബകാര്യം.

എൻറെ വീട്ടുകാരി ലത നടത്തുന്ന 'സൗഗന്ധികം' രണ്ടു വർഷം പിന്നിട്ടിരിക്കുകയാണ്. ഒരു അത്ഭുതത്തോടെയാണ് ഞാനിത് നോക്കിക്കാണുന്നത്. അവരുടെ പെൻഷൻ ആനുകൂല്യങ്ങൾ നിക്ഷേപിച്ച് തുടങ്ങിയ ഈ സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നതിൻറെ ബുദ്ധിമുട്ടുകൾ കാണുമ്പോൾ ഇത് ഇത്രത്തോളം നീണ്ടു പോകുമെന്ന് കരുതിയില്ല. പക്ഷേ ലതയുടെ നിശ്ചയദാർഢ്യവും ചെടികളോടും പൂക്കളോടും പച്ചക്കറികൃഷിയോടുമുള്ള അവരുടെ അടങ്ങാത്ത അഭിനിവേശവും ആവേശവുമാണ് കാര്യങ്ങൾ മുന്നോട്ടു നീക്കിയത്.

മക്കളെ പോലെ ചെടികളെ സ്നേഹിച്ച അവർ ബാങ്ക് ജോലിയിൽ നിന്നും വിരമിച്ച ശേഷം വെറുതെയിരിക്കാനാവില്ലെന്ന് പറഞ്ഞാണ് ഈ സംരംഭത്തിന് മുതിർന്നത്.

മക്കളായ സലിലയുടെയും സരിൻറെയും പിന്തുണയും അവർക്ക് പ്രചോദനമായി.

ഏതായാലും രണ്ടു വർഷം പൂർത്തിയായതിൽ സന്തോഷമുണ്ട്. പൂക്കളെയും ചെടികളെയും സ്നേഹിക്കുന്ന കൂട്ടായ്മയിൽ നിന്നും അവർക്ക് കിട്ടുന്ന പ്രോത്സാഹനവും ഊർജ്ജം പകരുന്നുണ്ട്.

'സൗഗന്ധികവുമായി ഇനിയും മുന്നോട്ട്' എന്ന അവരുടെ ആത്മവിശ്വാസത്തോടെയുള്ള ശ്രമങ്ങൾ വിജയിക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com