ADVERTISEMENT

വലിയ ജലാശയങ്ങളിൽ നീന്തിത്തുടിക്കുന്ന മത്സ്യങ്ങളെ അത്തരത്തിലൊരു ആവാസവ്യവസ്ഥ ഗ്ലാസ് ടാങ്കിലൊരുക്കുമ്പോൾ നമ്മളതിനെ അക്വേറിയം എന്നു വിളിക്കും. അതുപോലെ ഗ്ലാസ് ബോട്ടിലുകളിലോ ടാങ്കുകളിലോ സസ്യങ്ങളെ വളർത്തുന്നതാണ് ടെററിയം. വിവേറിയം എന്നും കുപ്പിക്കുള്ളിലെ പൂന്തോട്ടമെന്നുമൊക്കെ ഇതിനെ വിളിക്കാം. ഉപയോഗശൂന്യമായ കുപ്പികളുണ്ടെങ്കിൽ ആർക്കും അനായാസം ഒരു ടെററിയം ​ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ. 

ആവശ്യമുള്ളവ

ഗ്ലാസ് ബോട്ടിൽ, ചെറിയ കല്ലുകൾ, ചിരട്ടക്കരി, ചകിരിച്ചോറ്, മണ്ണ്, പായൽ.

terrerium-1
വിവിധ ടെററിയങ്ങൾ

എങ്ങനെ തയാറാക്കാം

  1. കേടുപാടുകളില്ലാത്ത കുപ്പിയോ ജാറോ തെരഞ്ഞെടുക്കാം. വായ്‍വട്ടം കൂടിയ കുപ്പികളാണെങ്കിൽ ടെററിയം കൂടുതൽ എളുപ്പത്തിൽ തയാറാക്കാൻ കഴിയും. നന്നായി അടയ്ക്കാൻ കഴിയുന്ന അടപ്പോ കോർക്കോ കുപ്പിക്കുണ്ടായിരിക്കണം.
  2. ബോട്ടിലിന്റെ അടിഭാഗത്ത് ചെറിയ കല്ലുകൾ നിറയ്ക്കണം.  എന്നാൽ, ബോട്ടിലിന് ഉയരമുണ്ടെങ്കിൽ കല്ലുകളുടെ അളവ് കൂ‌ട്ടണം. കുപ്പിയുടെ ഉയരത്തിന്റെ അഞ്ചിലൊന്ന് ഭാഗമാണ് കല്ല് നിറയ്ക്കേണ്ടത്. ചെടികൾക്കാവശ്യമായ ജലം സംഭരിക്കുന്നതിനുവേണ്ടിയാണിത്. അക്വേറിയങ്ങളിൽ ഉപയോഗിക്കുന്ന നിറമുള്ള കല്ലുകൾ ഉപയോഗിച്ചാൽ ടെററിയം കൂടുതൽ ഭംഗിയാകും.
  3. കല്ലുകൾക്കു മുകളിൽ നേരിയ രീതിയിൽ കരിക്കട്ട നിരത്താം. ചിരട്ടക്കരിയാണ് ഉത്തമം. ടെററിയം വൃത്തിയായിരിക്കാൻ ഇത് സഹായിക്കും.
  4. ചാർക്കോളിനു മുകളിൽ അരയിഞ്ചു കനത്തിൽ ചകിരിച്ചോറ് നിരത്തണം. ചെടികൾക്കാവശ്യമായ പോഷകങ്ങളും ജലവും ഇത് നിലനിർത്തും.
  5. ചകിരിച്ചോറിനു മുകളിൽ അരയിഞ്ചു കനത്തിൽ നടീൽ മിത്രിതം (മണ്ണ്) നിറയ്ക്കാം.
  6. വേരുകളിൽ മണ്ണുള്ള വിധത്തിൽ ഭിത്തിയിൽനിന്ന് ചുരണ്ടിയെടുക്കുന്ന പായൽ ഇനി അടുക്കാം. ബോട്ടിലിന്റെ വായ ചെറുതാണെങ്കിൽ ‌ട്വീസറുകളോ ചോപ് സ്റ്റിക്കുകളോ ഉപയോഗിച്ചുവേണം നടാനുള്ള ചെ‌ടി ഉള്ളിലേക്കിറക്കാൻ. വെള്ളം സ്‍പ്രേ ചെയ്ത് നൽകണം. കൂടുതൽ വെള്ളമായാൽ ചീഞ്ഞുപോകാൻ സാധ്യതയുണ്ട്. 
  7. കോർക്കോ അടപ്പോ ഉപയോഗിച്ച് അടയ്ക്കുന്നതിനു മുമ്പ് കുപ്പിയുടെ ഉൾവശം വൃത്തിയാക്കിയിരിക്കണം. ഇതിനായി ഈർക്കിലിലോ മറ്റോ പഞ്ഞി പൊതിഞ്ഞ് ഉപയോഗിക്കാം. 
  8. കുപ്പി നന്നായി അടച്ച് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ വയ്ക്കാം. പായലിന് വളരണമെ‌ങ്കിൽ സൂര്യപ്രകാശം ആവശ്യമാണ്. എന്നാൽ, പ്രകാശത്തിന്റെ തീവ്രത കൂടിയാൽ കുപ്പിക്കുള്ളിലെ സസ്യങ്ങൾ കരിഞ്ഞുണങ്ങും. അതിനാൽ നേരിട്ട് സൂര്യപ്രകാശം പതിക്കാത്ത സ്ഥലങ്ങളിൽ വേണം ടെററിയങ്ങൾ സ്ഥാപിക്കാൻ. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com