sections
MORE

കൃഷി നശിപ്പിക്കുന്ന ആഫ്രിക്കൻ ഒച്ചുകളെ തുരത്താം

HIGHLIGHTS
  • അഞ്ചു മുതൽ പത്തു വർഷം വരെ ആയുസ്
snail
SHARE

അടുത്ത കാലത്തായി കേരളത്തിലെ വിവിധ ജില്ലകളിൽ കൂടുതലായി കണ്ടുവരുന്ന, പ്രത്യേകിച്ചു വർഷകാലത്ത് കൃഷിനാശം വരുത്തുന്ന ഒരു കീടമാണ് വിദേശത്തുനിന്നെത്തിയ ആഫ്രിക്കൻ ഒച്ചുകൾ. ഇവ മണ്ണിനുമുകളിൽ 50-200 മുട്ടകൾ വരെ നിക്ഷേപിക്കുന്നു. മുട്ടകൾ വിരിഞ്ഞ് ആറു മാസം കൊണ്ട് പൂർണ്ണവളർച്ചയെത്തുന്ന ഇവയ്ക്ക് 5 - 20 സെ.മീ. വരെ നീളമുണ്ട്‌. 

അഞ്ചു മുതൽ പത്തു വർഷം വരെ ആയുസുള്ള ഈ ഒച്ചുകൾക്ക് ചൂടും മഞ്ഞുമുള്ള പ്രതികൂല കാലാവസ്ഥകളിൽ കട്ടിയുള്ള പുറംതോടിനുള്ളിൽ മൂന്നു വർഷം വരെ സുഷുപ്താവസ്ഥയിലിരിക്കാനുള്ള കഴിവുമുണ്ട്. ആയതിനാൽത്തന്നെ നിയന്ത്രണം അത്ര എളുപ്പമല്ല. തേരട്ടകൾ, ചിലയിനം ഞണ്ടുകൾ എന്നിവയൊഴിച്ചാൽ ഇവയുടെ വലിയ അളവിലുള്ള ശത്രുജീവികളെ ഏറെയൊന്നും ഇതുവരെ നിരീക്ഷിച്ചിട്ടില്ല. നദീതീരങ്ങൾ, മരങ്ങൾ ധാരാളമുള്ള പ്രദേശങ്ങൾ, വനപ്രദേശങ്ങൾ, റബർതോട്ടങ്ങൾ, ഈർപ്പം നിലനിൽക്കുന്ന മറ്റു പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇവയുടെ സാന്നിധ്യം കൂടുതൽ. തോട്ടങ്ങളിൽ സുഷുപ്താവസ്ഥയിലിരിക്കുന്ന ഇവ മഴക്കാലത്ത് കൂട്ടത്തോടെ പുറത്തിറങ്ങും. പച്ചക്കറികൾ, പൂച്ചെടികൾ, കവുങ്ങ്, വാഴ, എന്നിങ്ങനെ ഏകദേശം 500ൽപ്പരം സസ്യങ്ങളുടെ ഇലകളും മറ്റു മൃദുഭാഗങ്ങളും ഇവർ ഭക്ഷണമാക്കുന്നുണ്ട്. 

നിയന്ത്രണമാർഗങ്ങൾ

  • താവളങ്ങളിൽ സുഷുപ്തിയിൽ കാണുന്നവയെ കണ്ടെത്തി കൂട്ടത്തോടെ നശിപ്പിക്കുക.
  • ഇവയ്‌ക്ക്‌ ഒളിഞ്ഞിരിക്കാൻ സാധ്യമാക്കുന്ന തരത്തിലുള്ള മാലിന്യങ്ങൾ പറമ്പിൽനിന്ന് ഒഴിവാക്കുന്നത് ആക്രമണത്തിന്റെ അളവ് കുറയ്ക്കും.
  • സൂര്യാസ്തമയശേഷം ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞുള്ള രാത്രി സമയത്താണ് ആക്രമണമെന്നതിനാൽ. ഈ സമയത്തോടെ ഇവയെ ആകർഷിച്ചു കൂട്ടത്തോടെ ശേഖരിച്ചു നശിപ്പിക്കാം. അതിനായി കാബേജ്, പപ്പായ എന്നിവയുടെ ഇലകൾ, തണ്ടുകൾ എന്നിവ നനഞ്ഞ ചാണച്ചാക്കുകൾ തോട്ടത്തിൽ പലയിടത്തായി നിരത്തുക. ഇതിലേക്ക് ആകർഷിച്ചെത്തുന്ന ഇവയെ കൂട്ടത്തോടെ ശേഖരിച്ച് ഉപ്പുവെള്ളത്തിലോ, ചുണ്ണാമ്പുവെള്ളത്തിലോ നിക്ഷേപിച്ച്‌ നശിപ്പിച്ച ശേഷം തോട്ടത്തിൽത്തന്നെ കുഴിച്ചുമൂടുക. 
  • ഒരു ലീറ്റർ വെള്ളത്തിൽ 25 ഗ്രാം പുകയില തിളപ്പിച്ച് അരിച്ചെടുത്തതും, ഒരു ലീറ്റർ വെള്ളത്തിൽ 60 ഗ്രാം തുരിശ് അലിയിച്ചതുമായ ലായനികൾ ഒരുമിച്ചു കലക്കിച്ചേർത്ത ശേഷം ഒച്ചുകൾ അധിവസിക്കുന്ന വിടവുകളിൽ, പ്രവേശിക്കുന്ന പാതകൾ എന്നിവിടങ്ങളിൽ ഇടയ്ക്കിടെ തളിച്ചു കൊടുക്കുക.
  • 1 % വീര്യമുള്ള ബോർഡോ മിശ്രിതം ചെടികളിലും മരങ്ങളിലും തളിച്ചു (വെള്ളരിവർഗവിളകൾ ഒഴിവാക്കുക ) കൊടുക്കുക.
  • 2 % വീര്യമുള്ള വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം ചെടികളിലും പരിസരങ്ങളിലും തളിക്കുക ( 50 ഗ്രാം ബാർ സോപ്പ് 10 ലീറ്റർ വെള്ളത്തിൽ നന്നായി അലിയിച്ച ശേഷം 200 മില്ലി വേപ്പെണ്ണയും 200 ഗ്രാം വെളുത്തുള്ളി അരച്ചതും നന്നായി ചേർത്തിളക്കുക. )
  • പുകയിലപ്പൊടി, തുരിശ് പൊടി, കുമ്മായം എന്നിവ ചെടികളുടെ പരിസരങ്ങളിൽ വിതറുക (തുരിശ് പൊടി, കുമ്മായം എന്നിവ ചെടികളിൽ പ്രയോഗിക്കരുത്).
  • നെല്ല്, ഗോതമ്പ് എന്നിവയുടെ നനച്ച ഒരു കിലോ തവിടിൽ 50 ഗ്രാം മെറ്റാൽഡിഹൈഡ് (Metaldehyde) ചേർത്ത് കുതിർന്നശേഷം തോട്ടങ്ങളിൽ അവിടിവിടെയായി വിതറുക. ഈ മിശ്രിതം തിന്നും ഇവ നശിക്കും.
  • ‌ചെണ്ടുമല്ലികൾ തോട്ടങ്ങളിൽ വിളകളുടെ ഇടയിലായി വളർത്തുന്നതും ഇവരെ അകറ്റും.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
FROM ONMANORAMA