ADVERTISEMENT

തൃശൂർ പൂങ്കുന്നത്തുള്ള ദ് ലിറ്റിൽ ഗോൾഡ് ഫിഷ് എന്ന പോട്ടറി സ്റ്റുഡിയോയുടെ നിലത്തിരുന്ന് കളിമൺ പാത്രങ്ങൾ മെനയുന്ന അനു വർഗീസ് ചീരനോട് തുടക്കത്തിൽ ചിലരെങ്കിലും ചോദിച്ചിട്ടുണ്ട്, ‘ഇതിനാ ണോ കൊച്ചേ അഹമ്മദാബാദിലെ അതിപ്രശസ്തമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിങ്ങിൽനിന്ന് ഇൻഡസ്ട്രിയൽ ഡിസൈനിങ്ങിൽ ബിരുദാനന്തര ബിദുദം നേടിയത്?’

അന്നങ്ങനെ ചോദിച്ച ചിലരെങ്കിലും ഇന്ന് അനുവിന്റെ കളിമൺപാത്രങ്ങളുടെ ആരാധകർ. അതുതന്നെയാണ് ഈ സംരംഭത്തിന്റെ സാധ്യതയെന്നും അനു. ബിദുദം നേടി പുറത്തിറങ്ങുമ്പോൾ കേരളത്തിലൊരു സംരംഭം എന്നത് അനുവിന്റെ ചിന്തയിലേ ഇല്ലായിരുന്നു. പഠനം കഴിഞ്ഞ് നേരെ പോയത് പോണ്ടിച്ചേരിയിലെ അരവിന്ദാശ്രമത്തിന്റെ ഭാഗമായ ഓറോവില്ലിലേക്ക്. സെറാമിക് ഡിസൈനിങ്ങിൽ കൂടുതൽ പഠനവും പരിശീലനവുമായി അവിടെ കഴിയുമ്പോൾ കേരളത്തിലെ പുതുതലമുറയുടെ കലാതാൽപര്യങ്ങളിലേക്കു കൂടി കണ്ണയച്ചെന്ന് അനു. സെറാമിക് പൂച്ചട്ടികളുടെയും പാത്രങ്ങളുടെയും സാധ്യത തെളിയുന്നത് അപ്പോൾ.

anu-1
അനു വർഗീസ് ചീരൻ കളിമൺപാത്ര നിർമാണത്തിൽ

‘ലോകത്തിനൊപ്പം മാറുന്നുണ്ട്, നമ്മൾ മലയാളികളുടെയും അഭിരുചികളും ജീവിത സാഹചര്യങ്ങളുമെ ല്ലാം. വീട്ടുമുറ്റത്ത് വിശാലമായ ഉദ്യാനം എന്ന ആശയം ഇന്നത്തെ ജീവിതസാഹചര്യത്തിൽ പലർക്കും നടപ്പുള്ള കാര്യമല്ല. സ്ഥലപരിമിതിതന്നെ പ്രശ്നം, ഒപ്പം സമയപരിമിതിയും. ഇൻഡോർ ഗാർഡൻ ശൈലിക്ക് ഇന്നു സ്വീകാര്യത കൂടുന്നതും അതുകൊണ്ടുതന്നെ. വീടിനകത്തും വരാന്തകളിലും ചെറിയ ചെടിച്ചട്ടി കളിൽ ഏതെങ്കിലുമൊക്കെ അലങ്കാരച്ചെടികൾ വളർത്തുന്ന രീതി മുമ്പും നമ്മുടെ നാട്ടിലുണ്ട്. അന്നതു പക്ഷേ ഉദ്യാനകൗതുകം മാത്രമായിരുന്നു. എന്നാൽ ഇന്നൊരുക്കുന്ന ഇൻഡോർ ഗാർഡനുകൾക്ക് വലിയ വൈകാരിക മൂല്യം കൂടിയുണ്ട്. കസ്റ്റമൈസ്‌ഡ് പൂച്ചട്ടികളുടെയും പൂപ്പാത്രങ്ങളുടെയും വിപണി വിസ്തൃമാകുന്നതും ഈ സാഹചര്യത്തിലെ’ന്ന് അനു. 

അകത്തളച്ചെടികളുടെ കാര്യത്തിലും കാണാം മാറ്റങ്ങൾ. വീടിനുള്ളിലെ അന്തരീക്ഷം ശുദ്ധമാക്കുന്ന ഇലച്ചെടികളോടും മണിപ്ലാന്റിനങ്ങളോടുമെല്ലാം ആഭിമുഖ്യം വർധിച്ചിരിക്കുന്നു. പരിപാലനം തീരെക്കുറഞ്ഞ കള്ളിച്ചെടികളാണ് സമീപകാലത്തു പ്രീതി നേടുന്ന മറ്റൊരിനം. വീടിന്റെ അന്തരീക്ഷത്തെ ഭാവ സാന്ദ്രമാക്കുന്നതിൽ ഈ അകത്തളച്ചെടികൾക്കൊപ്പം പങ്കുണ്ട് അവ പരിപാലിക്കുന്ന ചെറു പൂച്ചട്ടികൾക്കും.  അതിനാൽത്തന്നെ, ചൈനയിൽനിന്നെത്തുന്ന ഒരേ അച്ചിൽ വാർത്ത സെറാമിക് പൂച്ചട്ടികളുടെ പതിവു ഡിസൈനുകളിൽനിന്നു വേറിട്ട എന്തുണ്ട് എന്നു തേടുന്നവർ അനുവിലെത്തുന്നു.

ഒന്നല്ല, ഒന്നുപോലെ

പൂർണമായും കൈകൊണ്ടു മെനഞ്ഞെടുക്കുന്നതാണ് അനുവിന്റെ ഉൽപന്നങ്ങളോരോന്നും. അതുകൊണ്ട് യന്ത്രനിർമിതിയുടെ ‘പൂർണത’യുണ്ടാവില്ല ഒന്നിനുമെന്ന് അനു. ‘‘ആ അപൂർണതയാണ് അതിന്റെ സൗന്ദര്യവും. ഒന്നുപോലെ മറ്റൊന്നുണ്ടാവില്ല. ഓരോരുത്തരും വാങ്ങുന്നത് പകർപ്പുകളില്ലാത്ത, അവരുടെ മാത്രം സ്വന്തമായ പൂച്ചട്ടികളും പാത്രങ്ങളും. അതാഗ്രഹിക്കുന്നവരും അതാസ്വദിക്കുന്നവരും അതിനുവേണ്ടി പണം മുടക്കാൻ തയാറുള്ളവരും ഇന്ന് കേരളത്തിലുമുണ്ട്. വീടുകൾ മാത്രമല്ല, കോർപറേറ്റ് ഓഫിസുകൾ, പുതു തലമുറ കഫറ്റേരിയകൾ, റിസോർട്ടുകൾ എന്നിവയെല്ലാം ഇത്തരം കസ്റ്റമൈസ്ഡ് പോട്ടിന്റെ ആവശ്യക്കാരാണ്’’, അനു പറയുന്നു.

anu
അനു വർഗീസ് ചീരൻ

ഭക്ഷ്യവിപണനശാലകൾക്കും വിനോദസഞ്ചാരത്തിനും കേരളത്തിൽ കൈവരുന്ന വളർച്ച തന്റെ സെറാമിക് സംരംഭത്തിനും ഗുണം ചെയ്യുന്നെന്ന് അനു. ‘‘വിഭവങ്ങൾ വിളമ്പാനായി പുതു തലമുറ ഭക്ഷ്യശാലക ൾ അവരുടേതുമാത്രമായ ഡിസൈനുകളിലും വർണങ്ങളിലുമുള്ള ക്രോക്കറി  തോടിയെത്തുന്നു ഇന്ന്. അവരുടെ ആശയങ്ങളോടും ഇഷ്ടങ്ങളോടും ചേർന്നു നിൽക്കുന്ന പാത്രങ്ങൾ. ഹെർബൽ ചായയൊക്കെ സന്ദർശകർക്കു നൽകാൻ സവിശേഷ ഡിസൈനുകളിലുള്ള കപ്പുകളും മറ്റും തേടുന്ന റിസോർട്ടുകളുണ്ട്. ഉപഭോക്താക്കളെയും സന്ദർശകരെയുമെല്ലാം സ്ഥാപനവുമായി വൈകാരികമായി അടുപ്പിക്കാൻ അതിലൂ ടെ അവർക്കു കഴിയുന്നു’’. അനു തുടരുന്നു.

ഹരിയാനയിൽനിന്ന് നേരിട്ടെത്തിക്കുന്ന സ്റ്റോൺവെയർ കളിമണ്ണാണ് ഉൽപന്നനിർമാണത്തിനായി പ്രയോജനപ്പെടുത്തുന്നത്. ടെറാകോട്ടയെക്കാൾ ഈടും ഉറപ്പുമുണ്ടാകും ഉയർന്ന താപനിലയിൽ രണ്ടു തവണ ചൂളയിൽ വച്ച് പാകം ചെയ്തെടുക്കുന്ന സ്റ്റോൺവെയർ ഉൽപന്നങ്ങൾക്കെന്ന് അനു. സെറാമിക് പാത്രങ്ങളെ  കേരളത്തിൽ ആളുകൾ കാണുന്നത് അൽപം ആഡംബരമായിത്തന്നെയെന്ന് അനുവും സമ്മതിക്കും. സ്റ്റോൺവെയർ ഉൽപന്നങ്ങളുടെ വിലയും അൽപം ഉയർന്നതാണ്.   അതുകൊണ്ടുതന്നെ കൊച്ചിയിൽനിന്നു മറ്റു സംസ്ഥാനങ്ങളിലെ മെട്രോ നഗരങ്ങളിൽനിന്നുമാണ് ആവശ്യക്കാർ കൂടുതലെത്തുന്നത്.

സെറാമിക് പാത്രനിർമാണത്തിൽ അനു നൽകുന്ന ചെറുപരിശീലനങ്ങളാണ് മറ്റൊരു കൗതുകം. ഐടി മേഖലയിൽനിന്നുൾപ്പെടെയുള്ള പുതു തലമുറയാണ് പരിശീലനത്തിനെത്തുന്നതെന്ന് അനു. തൊഴിൽ സമ്മർദങ്ങൾക്കിടയിൽ, അൽപനേരം  ഇതിനു ചെലവിടുമ്പോൾ കൈവരുന്ന ആനന്ദംതന്നെ അവരെ ആകർഷിക്കുന്ന ഘടകം.

‘‘1200 ഡിഗ്രി സെൽഷ്യസ് താപനിലയിൽ രണ്ടുതവണ ചുട്ടെടുത്താണ് സെറാമിക് പൂച്ചട്ടികളുടെയും കലാശിൽപങ്ങളുടെയുമെല്ലാം നിർമാണം. ഭക്ഷ്യവിഭവങ്ങൾ വിളമ്പാനുള്ള പാത്രങ്ങൾക്ക് ഗ്ലെയ്സ് സൊലൂഷനിൽ മുക്കിയെടുത്ത് കോട്ടിങ് നൽകും. അപ്പോഴാണവ കഴുകി ഉപയോഗിക്കാൻ സാധിക്കുന്നത്.’’ – അനു വർഗീസ് ചീരൻ

ഫോൺ: 9495619498, instagram: thelittlegoldfish 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com