ടോപ്പിയറി: ചെടികളിൽ വിരിയും സുന്ദര ശിൽപങ്ങൾ

HIGHLIGHTS
  • ആകൃതി രൂപപ്പെടുത്തൽ വളരെ ക്ഷമയോടെ
  • നനയും വളവും ആവശ്യാനുസരണം നൽകണം
garden
SHARE

ലണ്ടനിലെ ലെവൻ ഹാൾ ഉദ്യാനത്തിനു ലോകപ്രശസ്തി നൽകുന്നത് അവിടത്തെ പൂച്ചെടികളല്ല. മറിച്ച് ആ കർഷകമായ ആകൃതിയിൽ ഒരുക്കിയിട്ടുള്ള ഇലച്ചെടികളും മരങ്ങളുമാണ്. ചെടികളും മരങ്ങളും സവിശേഷ രൂപത്തിൽ ഒരുക്കിയെടുക്കുന്ന വിദ്യയാണ് ടോപ്പിയറി. ഇക്വഡോറിലെ ട്യുൽകാനിലുള്ള ടോപ്പിയറി ഉദ്യാനവും ലോകപ്രസിദ്ധമാണ്. ഒരു കാലത്തു യൂറോപ്യൻ ഉദ്യാനങ്ങളുടെ മുഖ്യ ആകർഷണമായിരുന്ന ടോപ്പിയറി ചെടികൾ പിന്നീട് ചൈന ഉൾപ്പെടെ പല രാജ്യങ്ങളിലും വമ്പൻ ഹിറ്റായി മാറി. ഇത്തരം ചെടിരൂപങ്ങൾ ഫോർമൽ ഗാർഡനുകളിലാണ് ഏറെയും കാണുക. ഗോളം, കോൺ, പിരമിഡ്, ചതുരം തുടങ്ങിയ ജ്യോമെട്രിക് ആകൃതി കൂടാതെ പക്ഷികളുടെയും മൃഗങ്ങളുടെയും മനുഷ്യരുടെയും ആകൃതിയും ടോപ്പിയറിക്കായി പ്രയോജ നപ്പെടുത്താറുണ്ട്. ചെടികളുടെ ബാർബർ അഥവാ മുടിവെട്ടുകാരനായിട്ടാണ് ഇംഗ്ലണ്ടിൽ ഒരു കാലത്ത് ഈ ജോലി ചെയ്യുന്നവർ അറിയപ്പെട്ടിരുന്നത്.

അതിരു തിരിക്കാൻ കൂട്ടമായി നടുന്ന ചെടികൾ മതിൽപോലെ വെട്ടി നിർത്തുന്നതിനാണ് മുൻപ് ഈ വിദ്യ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്നു കമ്പികൊണ്ടു പ്രത്യേകം തയാറാക്കിയ കൂടിനു പുറത്താണ് ടോപ്പിയറിച്ചെടി വളർത്തി സവിശേഷ ആകൃതിയിലാക്കുന്നത്. പാർക്കിന്റെയും പൊതുസ്ഥാപനങ്ങളുടെ ഉദ്യാനത്തിന്റെയും ഭാഗമായിരുന്ന ടോപ്പിയറിച്ചെടികൾക്ക് അടുത്ത കാലത്തു വീട് അലങ്കരിക്കാനും നല്ല ഡിമാന്‍ഡാണ്. പുൽത്തകിടിയുടെ ഒത്ത നടുവിൽ ടോപ്പിയറി ചെയ്ത ഒരു മരം കൂടി ആയാൽ ഭംഗി ഒന്നു വേറെ തന്നെ. മരമോ കുറ്റിച്ചെടിയോ നിലത്തു നട്ടു ടോപ്പിയറി ആകൃതിയാക്കുന്നതിനു പകരം ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാവുന്ന വിധത്തിൽ വലിയ ചട്ടിയിൽ വളർത്തിയ ചെടിയാണ് ഇന്നു ടോപ്പിയറി ഒരുക്കാൻ അധികവും ഉപയോഗിക്കുന്നത്. 

garden-2

ടോപ്പിയറി തയാറാക്കാം

നിത്യഹരിത പ്രകൃതമുള്ളതും വലുപ്പം കുറഞ്ഞതോ അല്ലെങ്കിൽ ഈർക്കിൽ പോലെയുള്ളതോ ആയ ചെടികളും മരങ്ങളുമാണ് ടോപ്പിയറിക്കു പറ്റിയത്. മാൽപീജിയ, യൂജീനിയ, ഗോൾഡൻ സൈപ്രസ് എന്നിവയും അലങ്കാര ആൽ ഇനങ്ങളും ടോപ്പിയറിച്ചെടികളായി ഉപയോഗത്തിലുണ്ട്. ഇവയെല്ലാം നേരിട്ടു വെയിൽ കിട്ടുന്നിടത്തു പരിപാലിക്കാൻ യോജിച്ചവയാണ്. ഇവയിൽ ഏറ്റവും എളുപ്പത്തിൽ ടോപ്പിയറി തയാറാക്കാൻ പറ്റിയതു ഗോൾഡൻ സൈപ്രസ് ആണ്. അതുപോലെ, നീണ്ട തണ്ടിന്റെ അഗ്രത്തിൽ ബോൾ അഥവാ ലോലിപോപ്പ് ആകൃതിയാണ് അനായാസം രൂപപ്പെടുത്താൻ പറ്റിയത്. ടോപ്പിയറിയുടെ രൂപവും ഉയരവും അനുസരിച്ച് ആകൃതി രൂപപ്പെടാൻ കാലതാമസമുണ്ടാകും. ഉദ്യാനത്തിലേക്കു ടോപ്പിയറി തിരഞ്ഞെടുക്കുമ്പോൾ ഉദ്യാനത്തിന്റെ ആകൃതിക്ക് ഇണങ്ങുന്നതു തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഒന്നിൽ കൂടുതൽ ചെടികൾ വളരെ അടുപ്പിച്ചു നട്ട് എല്ലാം ഒരുമിച്ചു കൊമ്പുകോതി ഒറ്റ ആകൃതിയാക്കുന്ന രീതിയും ഇന്നുണ്ട്. ഇതിനായി യൂജീനിയയും അലങ്കാര ആൽ ഇനങ്ങളുമാണ് അധികമായി ഉപയോഗിക്കുന്നത്. ഈ വിദ്യ പരിശീലിക്കുന്നവർ പ്രത്യേക തരം കത്രികയും കമ്പുമുറിക്കൽ യന്ത്രവുമെല്ലാം ഉപയോഗിക്കാറുണ്ട്.

കമ്പികൊണ്ടു തയാറാക്കിയ ചട്ടമൊന്നുമില്ലാതെ ചെടി കമ്പുകോതി മാത്രം ലോലിപോപ്പ് ആകൃതിയിലാക്കുന്ന രീതി എങ്ങനെയെന്നു നോക്കാം. ആലിന്റെ ന്യുഡ, ബ്ലാക്കി എന്നീ അലങ്കാര ഇനങ്ങളാണ് ഇതിനായി സാധാരണ ഉപയോഗിക്കുക. ഇതിനായി ചെടിയുടെ കുത്തനെ മുകളിലേക്കു വളരുന്ന തണ്ടു തിരഞ്ഞെടുക്കണം. ഈ തണ്ട് ബലമുള്ള ഒരു താങ്ങിലേക്കു കെട്ടി നിവർത്തി നിർത്തണം. ഇതിനുശേഷം ഈ തണ്ടിന്റെ കൂമ്പു ഭാഗത്തെ കമ്പുകൾ നിർത്തി ബാക്കി എല്ലാം നീക്കം ചെയ്യണം. പിന്നീടു ചെടിയിലുള്ള മറ്റു കമ്പുകളും ശാഖകളും ഒന്നൊന്നായി നീക്കം ചെയ്യണം. ഇതു വളരെ സമയമെടുത്തു ചെയ്യേണ്ട പ്രവൃത്തിയാണ്. എല്ലാം ഒരുമിച്ചു മുറിച്ചുമാറ്റിയാൽ ചെടി അപ്പാടെ ഉണങ്ങിപ്പോയേക്കാം. കുത്തനെ നിവർന്നു നിൽക്കുന്ന തണ്ട് ആവശ്യത്തിന് ഉയരത്തിൽ വളർന്നാൽ തലപ്പത്തുള്ള കമ്പുകൾ ഗോളാകൃതിയിൽ  രൂപപ്പെടുത്തിയെടുക്കാം.

garden-3

ആകൃതി രൂപപ്പെടുത്തൽ വളരെ ക്ഷമയോടെ ചെയ്യേണ്ടതുണ്ട്. കമ്പുകൾ‌ ആവശ്യാനുസരണം നീക്കം ചെയ്യുക വഴി ചെടി അധികമായി പുതിയ ശാഖകൾ ഉൽപാദിപ്പിച്ചു തിങ്ങിനിറയും. ആഗ്രഹിച്ച ആകൃതി ആയിക്കഴിഞ്ഞാൽ പിന്നീടുള്ള പ്രൂണിങ് വർഷത്തിൽ ഒന്നുരണ്ടു തവണ മതി. കടുത്ത വേനൽ ഒഴിച്ചുള്ള കാലാവസ്ഥ ചെടി പ്രൂൺ ചെയ്യാൻ പറ്റിയ സമയമാണ്. വേഗത്തിൽ വളരുന്ന പ്രകൃതമുള്ളവയ്ക്കു വർഷത്തിൽ പല തവണ പ്രൂൺ ചെയ്യേണ്ടിവരും. ചട്ടിയിലാണ് ചെടി വളർത്തുന്നതെങ്കിൽ നല്ല വലുപ്പമുള്ള ചട്ടി തിരഞ്ഞെടുക്കുക. യൂജീനിയ മരത്തിന്റെ ഇളം ഇലകൾക്കാണ് ആകർഷകമായ നിറം വയ്ക്കുക. അതുകൊണ്ടുതന്നെ ചെടിയുടെ പ്രത്യേക ആകൃതി നിലനിർത്തി കമ്പു കോതിയാൽ മാത്രമേ ഭംഗി ഉണ്ടാകുകയുള്ളൂ.

സവിശേഷ ആകൃതികളിൽ തയാറാക്കുന്ന ടോപ്പിയറിക്കായി വേഗത്തിൽ തുരുമ്പു കയറി ദ്രവിക്കാത്ത കമ്പിയുടെ ചട്ടം വേണ്ടിവരും. ഉദാഹരണത്തിന് കോൺ ആകൃതിയാണ് ചെടി ഉപയോഗിച്ച് ടോപ്പിയറി തയാറാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഗാൽവനൈസ്ഡ് കമ്പിയോ പ്ലാസ്റ്റിക് കോട്ടഡ് കമ്പിയോ ഉപയോഗിച്ച് കോണിന്റെ ആകൃതിയിൽ ഒരു ചട്ടം ആദ്യം നിർമിക്കണം. നല്ല വലുപ്പമുള്ള ചട്ടിയിൽ നിറച്ച നടീൽമിശ്രിതത്തിനു മുകളിൽ കമ്പികൊണ്ട് ഒരുക്കിയെടുത്ത ചട്ടം ഉറപ്പിക്കണം. ഇതിനായി ചട്ടം ചട്ടിയുടെ വശങ്ങളിലേക്ക് ആവശ്യാനുസരണം കെട്ടി ബലപ്പെടുത്താം. പടർന്നു വളരുന്ന പ്രകൃതമുള്ള മാൽപീജിയ ആണ് ഇത്തരം ചട്ടത്തിൽ വളർത്തി യെടുക്കാൻ ഏറ്റവും പറ്റിയത്. മൽപീജിയയ്ക്കു രോഗ, കീടബാധ നന്നേ കുറവാണെന്ന മെച്ചവുമുണ്ട്. ഈ ചെടിയുടെ ഒരടിയോളം നീളമുള്ള തണ്ട് പോളിബാഗിൽ നിറച്ച മിശ്രിതത്തിൽ നട്ടു വളർത്തിയെടുക്കണം. മഴക്കാലമാണ് മാൽപീജിയ ഈ വിധത്തിൽ വളർത്തിയെടുക്കാൻ ഏറ്റവും പറ്റിയ സമയം. കവറിൽ നട്ട കമ്പ് നന്നായി വളരാൻ തുടങ്ങിയാൽ ടോപ്പിയറി തയാറാക്കാനുള്ള വലിയ ചട്ടിയിലേക്കു മാറ്റി നടാം. ചട്ടിയുടെ പല വശങ്ങളിൽനിന്നു ചെടി നട്ടു ചട്ടത്തിലേക്കു പടർത്തിക്കയറ്റണം. മാൽപീജിയ നന്നായി വളർന്നു കയറാൻ ആരംഭിച്ചാൽ ചെടി ആവശ്യാനുസരണം കമ്പ് കോതാം. കോണിന്റെ ആകൃതിയിൽ ഈ വള്ളിച്ചെടി ചട്ടം മുഴുവനായി തിങ്ങിനിറയാൻ കുറഞ്ഞതു രണ്ടു– രണ്ടര വർഷം വേണ്ടിവരും. ഉദ്ദേശിക്കുന്ന ആകൃതി ആയിക്കഴിഞ്ഞാൽ പിന്നെ പുറത്തേക്കു വളർന്നു വരുന്ന കമ്പുകൾ നീക്കം ചെയ്താൽ മതി.

garden-4

ടോപ്പിയറി ചെയ്ത മരം ഉദ്യാനത്തിൽ വളർത്തുന്നുവെങ്കിൽ ചെടിയുടെ ആകൃതി എല്ലാക്കാലവും ഒരുപോലെ നിലനിർത്താൻ അനാകർഷകമായി വളർന്നുപോകുന്ന കമ്പുകൾ അപ്പപ്പോൾ നീക്കണം. കമ്പിനു പ്രായമായി ബലം വച്ചശേഷം മുറിച്ചു കളഞ്ഞാൽ ചിലപ്പോൾ പുതിയ തളിർപ്പ് ഉണ്ടാകാൻ കാലതാമസമുണ്ടാകും. ഇതു ചെടിയുടെ സവിശേഷ ആകൃതിയെ ബാധിക്കും. മറ്റു ചെടികൾക്കെന്നപോലെ നനയും വളവും ആവശ്യാനുസരണം നൽകണം. ഗോൾ‍‍ഡൻ സൈപ്രസ് ചെടിക്കു നമ്മുടെ കാലാവസ്ഥയിൽ കമ്പ് ഉണങ്ങൽ കാണാറു ണ്ട്. പൊട്ടാഷ് കലർന്ന വളം നൽകുക വഴി ഇൗ രോഗം വരാതെ നിയന്ത്രിക്കുവാൻ സാധിക്കും. രോഗലക്ഷണം കണ്ടാൽ വിപണിയിൽ ലഭ്യമായ കോപ്പർ അടങ്ങിയ കുമിൾനാശിനി തളിച്ചു നിയന്ത്രിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
FROM ONMANORAMA