ADVERTISEMENT

2018 മാർച്ച് ലക്കത്തിലെ വനിതാദിനം സ്പെഷലിൽ കർഷകശ്രീ പരിചയപ്പെടുത്തിയ ബിസ്മി എന്ന സംരംഭക ഒട്ടേറെ വനിതാസംരംഭകർക്കു വഴികാട്ടിയായി മാറുന്നു.

സ്ത്രീകളെ സംരംഭകരാക്കാൻ നാട്ടിലെങ്ങും സ്ഥാപനങ്ങളും പദ്ധതികളുമുണ്ട്. പണവും പരിശീലനവും  അടിസ്ഥാനസൗകര്യങ്ങളുമൊക്കെ നൽകിയിട്ടും പക്ഷേ, വിജയികളായ സംരംഭകർ വിരലിലെണ്ണാൻ മാത്രം. എന്നാൽ ഇതാ, ധനസഹായമോ ഉയർന്ന സാങ്കേതികവിദ്യകളോ നൽകാതെ തന്നെ നൂറിലേറെ വനിതാസംരംഭകരെ സൃഷ്ടിച്ച ഒരൂ വീട്ടമ്മ– ബിസ്മി ബിനു. മാസംതോറും പതിനായിരങ്ങളും ലക്ഷങ്ങളുമൊക്കെ സമ്പാദിക്കുന്നവരായി വളർന്ന ഈ സംരംഭകർക്ക് ഒരു വിജയരഹസ്യമേയുള്ളൂ– ബിസ്മിയുടെ വാക്കുകൾ നൽകിയ ആത്മവിശ്വാസം.  വേദനയുടെ ദിനങ്ങളിൽനിന്നു മോചനം തേടി ആരംഭിച്ച ഉദ്യാനസസ്യപരിപാലനവും തൈ ഉൽപാദനവും മികച്ച സംരംഭമാക്കിയ ബിസ്മിയെ കർഷകശ്രീയുടെ 2018 മാർച്ച് ലക്കത്തിൽ പരിചയപ്പെടുത്തിയിരുന്നു. 

ചെറുകിട കാർഷിക സംരംഭകരുടെ മെന്ററായി മാറാൻ ബിസ്മിയ്ക്ക് കൈമുതലായുള്ളത് ഒരു മൊബൈൽ ഫോണും സ്വന്തം അനുഭവസമ്പത്തും മാത്രം. ബിസ്മിയുടെ പിങ്ക് ഇൻക്യുബേറ്ററിൽ  പ്രവേശനം ലഭിക്കാൻ ഒരു ഫോൺ കോൾ  മതി. മൊബൈൽ ഫോൺ കോളുകളിലൂടെയും വാട്‌സാപ് സന്ദേശങ്ങളിലൂടെയുമാണ് പ്രവർത്തനം.  പല വിധ സങ്കടങ്ങളും പ്രാരബ്ധങ്ങളുമുള്ള സാധാരണക്കാർ ജീവിതമാർഗം കണ്ടെത്താൻ ബിസ്മിയെ വിളിക്കുന്നു. ബിസ്മി  തന്റെ ചെറിയ പരിചയസമ്പത്തിലൂടെ ആർജിച്ച വിവരങ്ങൾ അവർക്കു പറഞ്ഞുകൊടുക്കുന്നു. കൂടുതലും ഉദ്യാനപാലനവും നഴ്സറിയുമായി ബന്ധപ്പെട്ട വരുമാനസാധ്യതകൾ. അതുകേട്ട്  പലരും സംരംഭകത്വത്തിലേക്ക് ചുവടുവയ്ക്കുന്നു. വരുമാനമില്ലാതെ വിഷമിക്കുന്ന വീട്ടമ്മമാർ, സർവീസിൽനിന്നു വിരമിച്ചവർ, വീടിനുള്ളിൽ ജീവിതം തളയ്ക്കപ്പെട്ട യുവതികൾ, വേദനിപ്പിക്കുന്ന ഓർമകളിൽനിന്നു വിടുതൽ തേടുന്നവർ എന്നിങ്ങനെ വിവിധ തരത്തിൽ പെട്ടവരാണ് ബിസ്മിയുമായി കൂട്ടുകൂടി ജീവിതം തിരിച്ചുപിടിക്കുന്നത്.

‌‌എല്ലാറ്റിനും തുടക്കം 2018 മാർച്ചിലെ കർഷകശ്രീയാണെന്ന് ബിസ്മി പറയുന്നു. ‘‘അതുവരെ ഒരു ചെറിയ നഴ്സറിയുടെ നടത്തിപ്പുകാരി മാത്രമായിരുന്നു ഞാൻ. എന്നാൽ കർഷകശ്രീ റിപ്പോർട്ട് വന്നശേഷം കേരളമെമ്പാടും നിന്നു നൂറുകണക്കിനാളുകളുടെ ഫോൺകോളുകളാണ് ലഭിച്ചത്. അവരിലേറെപ്പേരും എന്നെപ്പോലെതന്നെ വിവിധ തരം ജീവിതദുഃഖങ്ങളാൽ വലയുന്നവരായിരുന്നു. വരുമാനത്തിനു വേണ്ടി മാത്രമല്ല വേദനകൾ മറക്കുന്നതിനായിക്കൂടിയാണ് അവർ സംരംഭസാധ്യതകൾ അന്വേഷിച്ചത്.  പറഞ്ഞുകൊടുക്കാൻ പ്രത്യേക തന്ത്രങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല. എങ്കിലും അതുവരെയുള്ള പരിചയസമ്പത്തിന്റെ അടിസ്ഥാനത്തിൽ  കാര്യങ്ങൾ പങ്കുവയ്ക്കുക മാത്രമാണ് ഞാൻ ചെയ്തത്.  അവരുടെ കൂടെ ഒരു സഹോദരിയായി കരംപിടിച്ചു നിൽക്കാനായിരുന്നു ശ്രമം.’’

ഫോൺ വിളിച്ചവരോടെല്ലാം അറിയാവുന്ന വിവരങ്ങൾ പങ്കിടുക മാത്രമാണ് ചെയ്തതെങ്കിലും താൻ കരുതിയതിലധികം ഫലം അതിനുണ്ടാവുന്നുണ്ടെന്നു ക്രമേണ ബിസ്മി മനസ്സിലാക്കി. പലരും വീണ്ടും വീണ്ടും വിളിച്ചുതുടങ്ങി. അടുത്തതായി എന്തു ചെയ്യണമെന്നറിയാനും പറഞ്ഞ കാര്യങ്ങൾ വിജയിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കാനുമൊക്കെയായി... ചിലർക്കൊക്കെ വിപണനം തലവേദനയായിരുന്നു. അതിനും ബിസ്മി വഴി പറഞ്ഞുകൊടുത്തു. അധികം അകലെയല്ലാത്തവരുടെ തൈകളും മറ്റും ബിസ്മി തന്നെ വാങ്ങി. നഴ്സറി സംരംഭങ്ങൾ മാത്രമല്ല കാടവളർത്തൽ , മീൻവളർത്തൽ തുടങ്ങി തനിക്കു ബോധ്യമുള്ള എല്ലാ കാർഷികസംരംഭങ്ങളും തുടങ്ങാൻ പ്രേരിപ്പിക്കാറുണ്ടെന്നു ബിസ്മി പറഞ്ഞു. 

 ഈ മാറ്റത്തിനിടയാക്കിയ കർഷകശ്രീയിലേക്ക് സന്തോഷം പറയാനായി വിളിച്ചപ്പോഴാണ് സഹായിച്ചവരുടെ എണ്ണമെടുക്കാൻ നിർദേശിച്ചത് – ഒരു വർഷത്തിനകം എഴുപതോളം നവസംരംഭകർ. വൈകാതെ അത് നൂറ് കവിഞ്ഞു.  അവരിൽ 5 പേർ കഴിഞ്ഞ മാസം 15നു കാഞ്ഞിരപ്പള്ളി റോസ് ഗാർഡൻസിൽ ഒത്തുകൂടി.  കണ്ണൂർ മാട്ടൂലിലെ സുബൈബത്ത് മുതൽ പത്തനംതിട്ട ചാത്തൻതറയിലുള്ള ടീന വരെ. അവർക്ക് ആശംസകളുമായി കാഞ്ഞിരപ്പള്ളി എംഎൽഎ ജയരാജ്, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജയ ശ്രീധർ, പഞ്ചായത്ത് മെംബർ റോസമ്മ ടീച്ചർ, അസിസ്റ്റന്റ് കൃഷി ഓഫീസർ ദീപു, ഹോർട്ടികൾചർ മിഷൻ ഫീൽഡ് അസിസ്റ്റന്റ് ജിൻസിഎന്നിവരും എത്തിയിരുന്നു. 

കൂടുതൽ വിവരങ്ങൾക്ക് മാർച്ച് ലക്കം കർഷകശ്രീ കാണുക.

ഫോൺ– 9446123110

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com