ADVERTISEMENT

വിത്തുകള്‍ മുളപ്പിക്കുന്നതിനും കമ്പുകളിൽ വേരു പിടിപ്പിക്കുന്നതിനും ഏറെ പ്രയോജനപ്പെടുത്താവുന്ന ഒരു സംവിധാനമാണ് ജിഫി പെല്ലറ്റ് ബാഗുകള്‍. 30എംഎം, 40എംഎം, 50എംഎം തുടങ്ങി വ്യത്യസ്ത വലുപ്പത്തിലുള്ള ജിഫി പെല്ലറ്റ് ബാഗുകൾ വിപണിയിൽ ലഭ്യമാണ്. 

എന്താണ് ജിഫിപെല്ലെറ്റ് ബാഗുകള്‍?

സ്പാഗ്നം മോസ് (ഒരു തരം പായൽ), ചകിരിച്ചോറ് എന്നിവ കൂട്ടിച്ചേര്‍ത്തോ ഒറ്റയ്ക്കോ നിറച്ചാണ് ജിഫിബാഗുകള്‍ സാധാരണ നിര്‍മിക്കുക. വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി കുമ്മായം (lime), അമോണിയം എന്നിവ അടങ്ങിയ വളങ്ങളും ഇതിൽ ചേർത്തിട്ടുണ്ടാകും. ഇവയെല്ലാം നന്നായി യോജിപ്പിച്ച് മണ്ണിൽ അഴുകിച്ചേരുന്ന തരത്തിലുള്ള നേര്‍ത്ത തുണിപോലുള്ള വസ്തു ഉപയോഗിച്ചു തയാറാക്കിയ പ്രത്യേക ബാഗിൽ നിറയ്ക്കുന്നു. ഒരു വശം തുറന്നിരിക്കും അവിടെയാണ് വിത്തോ കമ്പോ നടേണ്ടത്. ജിഫി ബാഗുകളുടെ പിഎച്ച് ഏകദേശം 5.3 ആയിരിക്കും. 

എന്തൊക്കെ ശ്രദ്ധിക്കണം?

  1. നടാനുദ്ദേശിക്കുന്ന വിത്തുകളുടെ എണ്ണത്തിനനുസരിച്ച് ജിഫി പെല്ലറ്റ് ബാഗുകള്‍ ഒരു ട്രേയില്‍ നിരത്തുക.
  2. ചെറു ചൂടുള്ള വെള്ളം ട്രേയിലേക്ക് ഒഴിക്കുക. അധികം വെള്ളം ട്രേയിലുണ്ടെങ്കില്‍ അത് സാവധാനം ഒഴുക്കിക്കളയുക.
  3. ഓരോ പെല്ലറ്റ് ബാഗിലും ചെറിയ ഒരു ദ്വാരം ഉണ്ടാക്കിയശേഷം (ഈർക്കിൽ മതിയാകും) അതിലേക്ക് ശ്രദ്ധയോടെ വിത്ത് നിക്ഷേപിക്കാം, വേരു പിടിപ്പിക്കേണ്ട കമ്പ് ഇറക്കി വയ്ക്കാം.
  4. വെളിച്ചമുള്ള സ്ഥലത്ത് ട്രേകള്‍ നിരത്തി വയ്ക്കുക. വെയിലുള്ള സ്ഥലമല്ല. 
  5. ട്രേയില്‍ ജലാംശം കുറഞ്ഞതായി തോന്നിയാല്‍ മാത്രം അല്‍പം വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക.
  6. വിത്തു മുളച്ചു തുടങ്ങിയാല്‍ വായുസഞ്ചാരത്തിനായി പെല്ലറ്റുകളെ ഒന്ന് സാവധാനം അനക്കിക്കൊടുക്കാം.
  7. വേര് ഉറയ്ക്കുകയും ഇലകള്‍ ആവശ്യത്തിനുണ്ടാവുകയും ചെയ്താല്‍ വളര്‍ത്താനുദ്ദേശിക്കുന്ന ഗ്രോബാഗിലേക്കോ മണ്ണിലേക്കോ ശ്രദ്ധാപൂർവം ജിഫി പെല്ലറ്റ് ബാഗ് ഇറക്കിവയ്ക്കാം. ഇനിയുള്ള വളര്‍ച്ചയ്ക്ക് നമ്മുടെ സാധാരണ പരിചരണം ആകാം. ബാഗ് മണ്ണിനോടു ചേര്‍ന്നു കൊള്ളും.

ജിഫി പെല്ലറ്റ് ബാഗുകൾക്ക് വിലക്കുറവാണെന്നു മാത്രമല്ല കൈകാര്യം ചെയ്യാനെളുപ്പം, തൈ ഉണ്ടാക്കി വില്‍ക്കുന്നവര്‍ക്ക് ഏറെ സൗകര്യപ്രദം എന്നിങ്ങനെയുള്ള മേന്മകളുണ്ട്.

ഒരു ബാഗ് മൂന്നു രൂപ മുതൽ (വലുപ്പം, കമ്പനി എന്നിവ അനുസരിച്ച് വില മാറും) ലഭ്യമാണ്. ഓൺലൈൻ സൈറ്റുകളിൽ ഇവ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com