ADVERTISEMENT

ലോക്ക് ഡൗൺ കാലത്ത് മലയാളികൾക്ക് ഇഷ്ടപ്പെട്ട വാക്കായി മാറി കൃഷി. വീട്ടുമുറ്റത്തും ടെറസിലും വീട്ടിനകത്തും കൃഷി ചെയ്ത് എല്ലാവരും ചെറിയൊരു കർഷകനായി മാറി. കേരളത്തിൽ കോവിഡിന്റെ രൂക്ഷത കുറഞ്ഞുവരികയാണ്. പതുക്കെ കേരളം പഴയ തിരക്കിലേക്കു നീങ്ങുന്നു. കോവിഡ് കാലത്തുണ്ടായ കൃഷിസ്നേഹം നഷ്ടപ്പെട്ടു പോകാതിരിക്കാൻ ഇപ്പോൾ തന്നെ ശ്രദ്ധ കൊടുക്കണം. അതിനുള്ള പ്രോത്സാഹനത്തിനായിരിക്കണം കൃഷിവകുപ്പിന്റെ ഇനിയുള്ള ശ്രദ്ധ.

ലോക്ക് ഡൗണിൽ നേരമ്പോക്ക് എന്ന നിലയിലായിരുന്നു മിക്കവരും കൃഷിയിൽ വിത്തിട്ടു നോക്കിയത്. മൊബൈലും ടിവിയുമൊന്നും രസം പകരാതെ വന്നപ്പോഴാണ് വീട്ടുമുറ്റത്തേക്കിറങ്ങിയത്. സ്വന്തം മുറ്റത്തുണ്ടാക്കിയ പച്ചക്കറി ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കാൻ തുടങ്ങിയതോടെ കൃഷി ഹരമായി മാറി. സമൂഹമാധ്യമങ്ങൾ വഴി കൃഷിരീതിയറിഞ്ഞ് പലരും കൃഷിയിലേക്കിറങ്ങി. കൃഷിയുടെ വ്യാപനത്തിനു സമൂഹമാധ്യമങ്ങൾ വലിയൊരു പങ്കുവഹിച്ചെന്നു തന്നെ പറയാം. മുറ്റത്തും ടെറസിലുമുണ്ടാക്കിയ കൃഷിയിൽനിന്നുള്ള വിളവെടുപ്പിന്റെ ഫോട്ടോകളാണ് ഇപ്പോൾ മിക്കവരുടെ ഫോണിലൂടെയും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പറക്കുന്നത്. കൃഷിയൊരു ചാലഞ്ച് ആയി തന്നെ മലയാളി സ്വീകരിച്ചുകഴിഞ്ഞു.

ഈയൊരു താൽപര്യത്തെയാണ് കൃഷി വകുപ്പ് ഇനി പ്രോത്സാഹിപ്പിക്കേണ്ടത്. കോവിഡ് അനന്തരം എല്ലാവരും സ്വന്തം ജോലിയിലേക്കു പോകും. അപ്പോഴും കൃഷിയിൽനിന്ന് അകന്നുപോകാതിരിക്കാൻ വേണ്ട പ്രോത്സാഹനം ആദ്യം പ്രഖ്യാപിക്കണം. കൃഷിയിലൂടെ ഓരോ വീടും സ്വയം പര്യാപ്തമാകാമെന്നൊരു സന്ദേശത്തിനായിരിക്കണം ഇനി പ്രാധാന്യം കൊടുക്കേണ്ടത്.

ഇപ്പോൾ കിട്ടിയ വിത്തുപയോഗിച്ച് കൃഷി ചെയ്യുന്നതായിരുന്നു രീതി. ഇനിയതു മാറി ആവശ്യമുള്ളവ കൃഷി ചെയ്യുന്നതിലേക്കാണു മാറേണ്ടത്. ഓരോ അടുക്കളയിലേക്കും കൂടുതൽ വേണ്ട പച്ചക്കറികൾ കൃഷി ചെയ്യുക. മലയാളികൾ കൂടുതൽ ഉപയോഗിക്കുന്ന സവാളയും ഉരുളക്കിഴങ്ങും ചെറിയ ഉളളിയുമൊന്നും ഇവിടെ കൃഷി ചെയ്യാൻ കഴിയില്ല. എന്നാൽ തക്കാളി, പച്ചമുളക്, വെണ്ട, ചീര, വഴുതന, കറിവേപ്പില, പാവയ്ക്ക, ചിരങ്ങ,പയർ എന്നിവയൊക്കെ നന്നായി വിളവെടുക്കാൻ സാധിക്കും. അപ്പോൾ അത്തരത്തിലുള്ള കൃഷിക്കാണു പ്രാമുഖ്യം നൽകേണ്ടത്. ഓരോ വീടുകളിലും ഇവയൊക്കെ അത്യാവശ്യമായി കൃഷി ചെയ്യേണ്ടതായി മാറണം. അങ്ങെനെയൊരു തോന്നൽ മലയാളിക്കുണ്ടാകണം. 

ഇനി മഴക്കാലമാണു വരാൻ പോകുന്നത്. അപ്പോൾ മഴക്കാലത്തു നന്നായി ഉണ്ടാകുന്നവയാണു കൃഷി ചെയ്യേണ്ടത്. പടവലം, പാവൽ, തക്കാളി എന്നിവയൊന്നും മഴക്കാലത്തു കൂടുതൽ വിളവു തരുന്നവയല്ല. കീടശല്യം ഏറ്റവുമധികം ഉണ്ടാകുന്ന സമയമാണു വരാൻ പോകുന്നത്. അപ്പോൾ കീടങ്ങളെ പ്രതിരോധിച്ചുള്ള കൃഷിക്കാണ് ഇനി ശ്രദ്ധ കൊടുക്കേണ്ടത്. വഴുതന, വെണ്ട, പയർ, ചീര, പച്ചമുളക് എന്നിവയൊക്കെ മഴക്കാലത്തു നന്നായി വിളവു തരും. കൃഷിയിൽ തുടരാൻ താൽപര്യമുള്ളവർ ഇനി ഇത്തരം ചെടികളാണു നടേണ്ടത്. 

പച്ചക്കറി സ്വയം പര്യാപ്തമായ വീടെന്ന പ്രചാരണത്തിനാണ് ഇനി പ്രാമുഖ്യം കൊടുക്കേണ്ടത്. മുരിങ്ങ, പപ്പായ, കറിവേപ്പില എന്നിവയൊക്കെ എല്ലാ വീടുകളിലം അവശ്യം വേണ്ടതായി മലയാളിക്കു തോന്നണം. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന വിഷംകലർന്ന കറിവേപ്പിലയാണ് ഇപ്പോൾ നാം ഉപയോഗിക്കുന്നത്. അതിനുപകരം എല്ലാവീട്ടിലും കറിവേപ്പില നടാൻ പ്രേരിപ്പിക്കണം.

റസിഡൻസ് അസോസിയേഷൻ, ക്ലബ്ബുകൾ എന്നിവയ്ക്കൊക്കെ ഇത്തരം പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കാൻ സാധിക്കും. കോവിഡിനു ശേഷം കേരളത്തിലെ ഓരോ വീടും പച്ചക്കറിയിൽ സ്വയംപര്യാപ്തമാകണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com