കൃഷി ഒരു പാഠ്യവിഷയമായിരുന്നെങ്കിൽ സസ്യശാസ്ത്രത്തിനോട് അഭിരുചി തോന്നിയേനെ–കുറിപ്പ്

HIGHLIGHTS
  • സസ്യശാസ്ത്രത്തിലും രസതന്ത്രത്തിലും കാലിടറി മെഡിക്കൽ എൻട്രൻസ് ഗോവിന്ദ
wegetable-1
SHARE

ലോക്‌ഡൗൺ കാലത്ത് പഴയ കൃഷി ആഗ്രഹങ്ങൾ വീണ്ടെടുത്തവർ ഒരുപാടു പേരുണ്ട്. അത്തരത്തിൽ തന്റെ പഠനകാലത്തെ അനുഭവങ്ങൾ അനുസ്മരിച്ച് തിരുവനന്തപുരം സ്വദേശി ശ്യാം ദാസ് പങ്കുവച്ച കുറിപ്പ് വായിക്കാം.

ചെറുപ്പം മുതൽ വർണമത്സ്യങ്ങളോടും, പക്ഷി മൃഗാദികളോടും നല്ല താൽപര്യം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഹയർ സെക്കൻഡറി കാലഘട്ടത്തിൽ കംപ്യൂട്ടർ സയൻസിനു പകരം ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തത് ജീവശാസ്ത്രം ആയിരുന്നു (ശാസ്ത്ര വിഷയങ്ങളോട് ആണ് പൊതുവെ താൽപര്യം കൂടുതൽ ഉണ്ടായിരുന്നത്). മൃഗഡോക്ടർ ആകണമെന്നായിരുന്നു സ്വപ്നം. കിട്ടിയില്ലെങ്കിൽ കൊച്ചി പനങ്ങാട് ഫിഷറീസ് കോളേജിൽനിന്നു ബിരുദം പഠിക്കണം.

അങ്ങനെ ഹയർ സെക്കൻഡറി ജീവശാസ്ത്രം വല്യ താൽപര്യത്തോടെ പഠിച്ചു തുടങ്ങിയപ്പോളാണ് മനസിലായത് പാഠ്യ പദ്ധതിയിൽ ജന്തുശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും തുല്യ പ്രാധാന്യമാണുള്ളതെന്ന്. അത് മെ‍‍ഡിക്കൽ എന്ട്രൻസ് പരീക്ഷയ്ക്കുവരെ അങ്ങനെയാണ് എന്നുമുള്ള ഞെട്ടിക്കുന്ന സത്യം ഞാൻ മനസിലാക്കി.

സ്കൂളിൽ നമുക്ക് മുന്നെ പഠിച്ച് ഇറങ്ങിയവരുടെ റിസൾട്ട് നിരത്തി ഹെഡ്‌മാസ്റ്റർ ആവുന്നതും പറഞ്ഞു നോക്കി കംപ്യൂട്ടർ സയൻസ് എടുക്കൂ, അതിന് നല്ല മാർക് കിട്ടാൻ എളുപ്പം ആണ്, അത് കൂടാതെ എന്ജിനീറിങ് പഠിക്കുകയാണെങ്കിൽ അതാവും ഉപകരിക്കുക എന്നും. വീട്ടുകാരെ വരെ വിളിപ്പിച്ചു പറഞ്ഞു നോക്കി. ഞാൻ കേട്ടില്ല. അതിൽ എനിക്ക് കുറ്റബോധം ഇപ്പോഴും ഇല്ല. കാരണം ഇന്നും ജന്തുശാസ്ത്രം എനിക്കൊരിഷ്ടവിഷയം തന്നെയാണ്.

അങ്ങനെ എന്നാലാവുന്ന വിധം പരിശ്രമിച്ചു, എന്നിട്ടും സസ്യശാസ്ത്രം ഒട്ടും പിടി തന്നിരുന്നില്ല. ജന്തുശാസ്ത്രം ആണെങ്കിൽ മനഃപാഠം.

പാറ്റയുടെ ശ്വസന അവയവങ്ങളെ കുറിച്ചുള്ള എസ്സേ ചോദ്യത്തിന്റെ ഉത്തരത്തിന് ദീപ മിസ്സിന്റെ പ്രത്യേക അഭിനന്ദനം ലഭിച്ച ഉത്തര കടലാസ് ഈ ആടുത്ത കാലത്തുവരെ ഞാൻ സൂക്ഷിച്ചു വച്ചിരുന്നു. മനുഷ്യന്റെയും എലിയുടെയും ഡെന്റൽ ഫോർമുല നിഷ്പ്രയാസം എഴുതിയിരുന്ന ഞാൻ ചെമ്പരത്തിയുടെ ഫ്ലോറൽ ഫോർമുല എഴുതാൻ നക്ഷത്രം എണ്ണി.

സസ്യശാസ്ത്രത്തിലും രസതന്ത്രത്തിലും കാലിടറി മെഡിക്കൽ എൻട്രൻസ് ഗോവിന്ദ!

wegetable-2

കണക്കും ഭൗതികശാസ്ത്രവും തുണച്ചതുകൊണ്ട് പിൽക്കാലത്ത് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടി, ഐഐടി മദ്രാസിൽ നിന്നും ബിരുദാനന്തര ബിരുദവും. മത്സ്യം, പക്ഷിമൃഗാദികൾ, ജന്തുശാസ്ത്രം എന്നിവയോടുള്ള താൽപര്യത്തിൽ ഇപ്പൊഴും ഒരു കുറവും വന്നിട്ടില്ല. ഇപ്പോൾ തിരുവനന്തപുരത്തുള്ള ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ എൻജിനിയർ ആയി ജോലി നോക്കുന്നു. ജീവിതം പോയ പോക്കേ!!!

ശാസ്ത്ര വിഷയങ്ങളോടുള്ള താൽപര്യം ഉള്ളതുകൊണ്ട് ജോലിയെ സാമാന്യം നല്ലരീതിയിൽ, താൽപര്യത്തോടെ തന്നെ കൊണ്ടുപോകാൻ പറ്റുന്നുണ്ട്.

2008ൽ ആണെന്ന് തോന്നുന്നു തിരുവനന്തപുരം കോർപറേഷന്റെ മട്ടുപ്പാവ് കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി പ്രകാരം അമ്മ പലതരം പച്ചക്കറി തൈകളൊട് കൂടിയ 25 ഗ്രോ ബാഗ് വാങ്ങി. എനിക്ക് അന്ന് കൃഷി വല്യ പിടി ഒന്നും ഇല്ല, താൽപര്യവും അന്ന് കുറവായിരുന്നു. സത്യം പറഞ്ഞാൽ വെണ്ടയുടെയും വഴുതനയുടെയും താക്കാളിയുടെയും ചെടി കായ ഇല്ലാതെ കണ്ടാൽ തിരിച്ചറിയാൻ ഉള്ള കഴിവ് പോലും ഇല്ല. വല്ലപ്പോഴും ചെടി നനയ്ക്കാൻ അമ്മയെ സഹായിച്ചിരുന്നു എന്നുള്ളതിനപ്പുറം പ്രത്യേകിച്ച് യാതൊന്നും ഇല്ലായിരുന്നു. കർഷകശ്രീ മാസികയിൽ മത്സ്യക്കൃഷിയും, മൃഗസംരക്ഷണത്തിനെക്കുറിച്ചും ഉള്ള ലേഖനങ്ങൾ മാത്രമാണ് വായിച്ചിരുന്നത്.

2014ൽ Christopher Nolan സംവിധാനം ചെയ്ത ഇന്റർസ്റ്റെല്ലാർ എന്ന സിനിമ കാണാൻ ഇടയുണ്ടായി. സിനിമയുടെ തുടക്കത്തിൽ ഒരു 15 വയസുള്ള കുട്ടിയുടെ ഭാവി പഠനത്തെക്കുറിച്ച് കുട്ടിയുടെ അച്ഛന്റെ അടുത്ത് സ്കൂൾ അധികൃതർ ആണെന്ന് തോന്നുന്നു, പറഞ്ഞ ഡയലോഗ് അന്നും ഇന്നും മനസിൽ നിൽക്കുന്നു ‘we are going to run out of food, we need more farmers’. അന്ന് അത് കുറച്ച് നാൾ മനസിൽ കിടന്നതിന്റെ പേരിൽ കൃഷിയെക്കുറിച്ച് കുറെ വായിച്ചു. ഒരു സുഹൃത്തിന്റെ അച്ഛനെ (അദ്ദേഹം വെള്ളായണി കാർഷിക കോളജിലെ അധ്യാപകനാണ്) കാർഷിക സംശയങ്ങളുടെ പേരിൽ അത്യാവശ്യം നല്ലരീതിയിൽ ശല്യപ്പെടുത്തി. പുള്ളിക്കത് ശല്യമായി എന്നല്ല, എന്നാലും എനിക്കൊരു കുറ്റബോധം. പിന്നീട് കീടങ്ങളും രോഗങ്ങളും മട്ടുപ്പാവ് കൃഷി കയ്യടക്കിയപ്പോൾ എപ്പോഴോ മനസ് മടുത്ത് എല്ലാം നിർത്തി.

2020 മാർച്ചിൽ കൊറോണ മൂലം രാജ്യവ്യാപക ലോക്‌ഡൗൺ പ്രഖ്യാപിച്ചു. പഴയ സിനിമ ഡയലോഗ് മറന്നിരുന്നില്ല. ഇടയ്ക്കെപ്പോഴോ വൈകുന്നേരങ്ങളിൽ മുഖ്യമത്രിയുടെ ദിവസേനയുള്ള പത്രസമ്മേളനത്തിൽ സമാന സ്വരത്തിലുള്ള ഒരു സൂചനയും തന്നു. പക്ഷേ എന്ത് ചെയ്യാൻ വിത്തില്ല, വളമില്ല, ഗ്രോ ബാഗ് ഇല്ല. ആകെയുള്ളത് താറാവിന് തീറ്റ കൊടുക്കാൻ വേണ്ടി ചെയ്ത 2 അസോള പാടം, ഒരു ചാമ്പ, രണ്ട് പ്ലാവ് പിന്നെ പൂവിടാൻ തുടങ്ങിയിട്ടില്ലാത്തൊരു പാഷൻ ഫ്രൂട്ട് ചെടിയും.

ഏതാനം ആഴ്ചകൾ കഴിഞ്ഞ് രാവിലെ 7 മണി മുതൽ 11 മണി വരെ കാർഷിക ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾക്ക് തുറക്കാൻ സർക്കാർ അനുമതി നൽകി. പക്ഷേ വാങ്ങാൻ പുറത്തിറങ്ങുന്നെങ്കിൽ സത്യവാങ്മൂലം വേണം, പോലീസിന്റെ കർശന പരിശോധനയും ഉണ്ടാവും. ലോക്‌ ഡൗൺ ആയതുകൊണ്ട് മിക്ക വസ്തുക്കളും കിട്ടാനില്ല. അങ്ങനെ സത്യവാങ്മൂലവും എഴുതി കടകൾ കയറിയിറങ്ങി. കാര്യമായി ഒന്നും കിട്ടിയില്ല എങ്കിലും കിട്ടിയതൊക്കെ വാങ്ങി. ഉള്ളത് വച്ചു തുടങ്ങി.

ഇപ്പോൾ Wettable sulphur (വേപ്പെണ്ണയിൽ നിയന്ത്രിക്കാൻ പറ്റുന്നില്ല) കിട്ടാനില്ലാത്തതുകൊണ്ട് ചിലന്തി മണ്ഡരികൾ കൂടി വരുന്നു (വേപ്പെണ്ണയിൽ നിയന്ത്രിക്കാൻ പറ്റുന്നില്ല) എന്നൊരു ആശങ്ക ഒഴിച്ചാൽ വല്യ തരക്കേടില്ലാതെ പോകുന്നു.

NB: പാഠ്യ പദ്ധതിയിൽ അന്ന് കൃഷി കൂടെ ഒരു പ്രാക്ടിക്കൽ വിഷയമായി ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഒരു പക്ഷേ സസ്യശാസ്ത്രത്തിനോട് കുറച്ചുകൂടെ അഭിരുചി തോന്നിയേനെ എന്ന് ഇപ്പോൾ തോന്നുന്നു. എലിക്കെത്ര പല്ലുണ്ടെന്നും പാറ്റയുടെ ശ്വസന അവയവങ്ങളെക്കുറിച്ചും എനിക്കിപ്പോൾ ഓർമയില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA