ADVERTISEMENT

ഏതാനും വർഷം മുൻപ് സ്വന്തം തൊടിയിലൂടെ നടക്കുമ്പോൾ രഞ്ജിത്തിനും, രണ്ടു തൊഴിലാളികള്‍ക്കും  കടന്നൽകുത്തേറ്റു.  തൊഴിലാളികള്‍ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും രഞ്ജിത് നാട്ടറിവിനെ ആശ്രയിച്ചു. സ്വന്തം ഔഷധസസ്യത്തോട്ടത്തിലെ 'ഗരുഡക്കൊടി'യുടെ നീരു പിഴിഞ്ഞെടുത്ത് കുത്തേറ്റു വീങ്ങിയ ശരീരഭാഗങ്ങളിൽ പുരട്ടി. ദിവസം മൂന്നു തവണ വീതം നാലു ദിവസം ഈ മരുന്നുപ്രയോഗം  നടത്തിയതോടെ വീക്കവും വേദനയും വിട്ടകന്നു.

എറണാകുളം പെരുമ്പാവൂർ കുറുപ്പുംപടിക്കു സമീപം തുരുത്തി ഐക്കര ആര്‍. രഞ്ജിത്തിന്റെ വീട്ടുവളപ്പില്‍ ഗരുഡക്കൊടിയടക്കം ഒട്ടേറെ ഔഷധസസ്യങ്ങള്‍ പരിപാലിക്കുന്നു. ഒന്നരയേക്കർ പുരയിടത്തിലെ 25 സെന്റ് ഭൂമിയിലാണ് ഔഷധത്തോട്ടം. സംസ്‌കൃതം അധ്യാപികയായിരുന്നു രഞ്ജിത്തിന്റെ  അമ്മ ലക്ഷ്മിക്കുട്ടി. ആയുർവേദത്തിൽ നല്ല അറിവുള്ള അമ്മയുടെ സഹായത്തോടെ ഓരോ ചെടിയുടെയും പേരും അതിന്റെ ഇംഗ്ലിഷ് നാമവും ബോർഡിൽ എഴുതിവച്ചിട്ടുണ്ട്. 

herbal
രഞ്ജിത്തും കുടുംബവും ഔഷധസസ്യത്തോട്ടത്തിൽ

മുറികൂട്ടി പേര് സൂചിപ്പിക്കുംപോലെ മുറിവുകൾ ഉണങ്ങാൻ സഹായിക്കും. പുളിയാറില വയറ്റിലെ   അസുഖങ്ങള്‍ ശമിപ്പിക്കും. കുടങ്ങൽ ശരീരത്തിലെ ചതവുകളെ സുഖപ്പെടുത്തും. ശതാവരി മൂത്രാശ യരോഗങ്ങൾക്കു പ്രതിവിധിയാണ്. ചങ്ങലംപരണ്ട അസ്ഥിക്ഷയത്തെ ശമിപ്പിക്കും. ദന്തപ്പാല പല ചർമരോഗങ്ങൾക്കും പ്രതിവിധിയാണ്. ലക്ഷ്മിതരു, കരിംകുറിഞ്ഞി, നിലംപരണ്ട, ചങ്ങലം പരണ്ട, ചിറ്റരത്ത, രംഭ, പാൽമുതുക്ക്, മൂവില, കരിനൊച്ചി, രാമച്ചം, ആടലോടകം, തിപ്പലി, ശതാവരി, എരുക്ക് തുടങ്ങി മിക്ക മരുന്നുചെടികളും ഈ തോട്ടത്തിലുണ്ട്. 

ഹൈക്കോടതി  അഭിഭാഷകനായ രഞ്ജിത് പുരയിടത്തിലെ ബാക്കി സ്ഥലത്തും തൊട്ടടുത്തു സ്വന്തമായുള്ള ഒരു ഏക്കർ ഭൂമിയിലും ജൈവരീതിയില്‍ കൃഷി ചെയ്യുന്നു. ഒപ്പം തേനീച്ചവളർത്തലും മത്സ്യക്കൃഷിയുമുണ്ട്.   

ആദായത്തിനുവേണ്ടിയല്ല, സ്വന്തം ആവശ്യത്തിനു വേണ്ടിയാണ് ഔഷധത്തോട്ടം പരിപാലിക്കുന്നതെന്നു രഞ്ജിത് പറയുന്നു. മറ്റുള്ളവര്‍ക്കു ചികിത്സാര്‍ഥം സസ്യങ്ങളും തത്സംബന്ധമായ അറിവുകളും  പങ്കുവയ്ക്കാനും തയാര്‍. 

ഫോണ്‍: 9447123842, 7907697298

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com