സ്യൂഡോമോണാസ്: വിളകളിൽ രോഗമുണ്ടാക്കുന്ന ബാക്ടീയകളെയും കുമിളുകളെയും ഫലപ്രദമായി ചെറുക്കുന്ന മിത്രബാക്ടീരിയ. രോഗകാരികൾക്ക് മാരകമായ ആന്റിബയോട്ടിക്കുകൾ ഉൽപാദിപ്പിക്കാൻ ഇവയ്ക്ക് ശേഷിയുണ്ട്. സ്യൂഡോമോണാസ് ചെടികളുടെ പുറമെയും ഉള്ളിലും ഉൽപാദിപ്പിക്കുന്ന രാസവസ്തുക്കൾ വിളകളുടെ ആന്തരിക രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. പൊടിരൂപത്തിലും ദ്രാവകരൂപത്തിലും ലഭിക്കും. വിത്തിൽ പുരട്ടിയും തൈകളുടെ വേരുകൾ ലായനിയിൽ മുക്കിയും ഇലകളിൽ തളിച്ചും ചുവട്ടിൽ ഒഴിച്ചുമൊക്കെ ഇത് പ്രയോഗിക്കാം. രണ്ടു ശതമാനം വീര്യമുള്ള സ്യൂഡോമോണാസ് ലായനിയാണ് പൊതുവെ വിളകളിൽ പ്രയോഗിക്കാറുള്ളത്. ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് കലക്കി ഇത് തയാറാക്കാം. മണ്ണിൽ ഒഴിച്ചുകൊടുക്കുന്നതിനും തളിക്കുന്നതിനും ദ്രാവകരൂപത്തിലു ള്ള സ്യൂഡോമോണാസ് ഉത്തമം. ഇത് കൂടുതൽ കാലം സൂക്ഷിച്ചുവയ്ക്കാമെന്ന മെച്ചവുമുണ്ട്. ജൈവ വിപണിയിലും കൃഷിവിജ്ഞാനകേന്ദ്രങ്ങളിലും ലഭിക്കും.
ട്രൈക്കോഡെർമ: മണ്ണിൽ സ്വാഭാവികമായി കാണപ്പെടുന്നതും പച്ചക്കറികളിലെ മിക്കവാറും കുമിൾരോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്നതുമായ മിത്രകുമിൾ. പച്ചക്കറികളിലെ വേരുചീയൽ, വള്ളിപഴുപ്പ്, വള്ളിയുണക്കം, വാട്ടരോഗം എന്നിവയ്ക്കെതിരേ ട്രൈക്കോഡെർമ പ്രയോഗിക്കാം. വിത്തുകളിൽ പുരട്ടിയും മണ്ണിൽ ചേർത്തും നൽകാം. 90 കിലോ ഉണങ്ങിയ ചാണകവും 10 കിലോ വേപ്പിൻപിണ്ണാക്കും പൊടിച്ചു കൂട്ടിക്കലർത്തിയശേഷം വെള്ളം തളിക്കണം. ഈ മിശ്രിതത്തിലേക്ക് ഒരു കിലോ ട്രൈക്കോഡെർമ വിതറിയശേഷം നന്നായി കൂന കൂട്ടണം. ഈ കൂന നനഞ്ഞ ചാക്കുകൊണ്ടോ സുഷിരങ്ങളുള്ള പോളിത്തീ ൻ ഷീറ്റ്കൊണ്ടോ മൂടണം. ഒരാഴ്ച കഴിയുമ്പോൾ മിശ്രിതത്തിലാകെ ട്രൈക്കോഡെർമ പച്ചനിറത്തിൽ വളർന്നിരിക്കുന്നതു കാണാം. വീണ്ടും വെള്ളം തളിച്ച് ഇളക്കിയശേഷം ഒരാഴ്ച കൂന കൂട്ടി സൂക്ഷിക്കുന്ന മിശ്രിതം ഗ്രോബാഗുകളിലും തടങ്ങളിലും ചേർത്തുകൊടുക്കാം. എല്ലാ ജൈവവളങ്ങളും ഇപ്രകാരം ട്രൈക്കോഡെർമ ഉപയോഗിച്ചു പരിപോഷിപ്പിക്കുന്നത് ഉത്തമമായിരിക്കും.
വെർട്ടിസീലിയം ലക്കാനി: മുഞ്ഞകൾ, ശൽക്കകീടങ്ങൾ, വെള്ളീച്ചകൾ, ഇലപ്പേനുകൾ, മണ്ഡരികൾ, നിമാവിരകൾ എന്നിവയ്ക്കെതിരെ ഫലപ്രദമായ മിത്രകുമിൾ. ഒരു ലീറ്റർ വെള്ളത്തിൽ 10 ഗ്രാം വീതം കലക്കി രാവിലെയോ വൈകുന്നേരമോ ഇലകളുടെ ഇരുവശങ്ങളിലുമായി തളിക്കണം. ജൈവ വിപണിയിലും കൃഷിവിജ്ഞാനകേന്ദ്രങ്ങളിലും ലഭ്യമാണ്.
ബ്യുവേറിയ ബാസിയാന: ദൃഢശരീരികളായ കീടങ്ങൾക്കെതിരേ ഉപയോഗിക്കാവുന്ന ഒരു മിത്രകുമിൾ. സ്പർശനത്തിലൂടെ കീടങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുകയും ക്രമേണ അവയുടെ ഉള്ളിലേക്കു കടന്ന് വിഷവസ്തുക്കൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം വീതം കലക്കി ലായനിയാക്കി ഒരു മണിക്കൂറിനു ശേഷം തെളിയെടുത്ത് തളിക്കുക. ജൈവ വിപണിയിലും കൃഷിവിജ്ഞാനകേന്ദ്രങ്ങളിലും ലഭിക്കും.
ബാസില്ലസ് തുറിഞ്ചിയൻസിസ് (ബിടി): പ്രകൃതിയിൽ കാണപ്പെടുന്നതും കീടങ്ങൾക്കു രോഗബാധയു ണ്ടാക്കുന്നതുമായ മിത്രബാക്ടീരിയ. വിവിധ തരം കീടങ്ങളുടെ ലാർവകളെ നശിപ്പിക്കാൻ ഇതിനു ശേഷി യുണ്ട്. കേരളത്തിലെ കാലാവസ്ഥയിൽ ഇവ വൈകുന്നേരം പ്രയോഗിക്കുന്നതാണ് കൂടുതൽ ഫലപ്രദം. ഒരു ലീറ്റർ വെള്ളത്തിൽ പത്തുഗ്രാം വീതം ചേർത്താണ് തളിക്കേണ്ടത്.
മെറ്റാറൈസിയം അനിസോപ്ലിയെ: സ്വാഭാവിക സാഹചര്യങ്ങളിൽ കാണപ്പെടുന്ന മിത്രകുമിൾ. കീടങ്ങളിൽ ഒരു പരാദമായി പ്രവർത്തിച്ച് അവയ്ക്ക് ഗ്രീൻ മസ്കാർഡിൻ രോഗമുണ്ടാക്കുന്നു. വണ്ടുകൾ, പച്ച ത്തുള്ളൻ, ഇലപ്പേനുകൾ, കായ്/ തണ്ടുതുരപ്പൻ പുഴു എന്നിവയ്ക്കെതിരെ ഫലപ്രദം. ഒരു ലീറ്റർ വെള്ള ത്തിൽ 20 ഗ്രാം വീതം ചേർത്തു തളിക്കാം.
ജീവാണു കീടനാശിനികളും ജീവാണു കുമിൾനാശിനികളും പ്രയോഗിക്കുമ്പോൾ ചെടികൾ നല്ലതുപോലെ നനയുന്ന വിധത്തിൽ തളിക്കണം. ഇലയുടെ അടിഭാഗത്ത് തളിക്കുന്നുണ്ടെന്ന് പ്രത്യേകം ഉറപ്പാക്കണം. തളിക്കുന്ന ലായനിയിൽ 0.5 ശതമാനം സാന്ദ്രതയിൽ ശർക്കര ചേർക്കുന്നത് ലായനിയുടെ ഗുണം കൂട്ടും. ജീവാണു കുമിൾനാശിനികൾ മണ്ണിൽ പ്രയോഗിക്കുമ്പോൾ മണ്ണിൽ വേണ്ടത്ര ജൈവവളവും നനവുമുണ്ടെന്ന് ഉറപ്പാക്കണം.
English summary: Biological pest control