സിവിൽ സർവീസസ് എന്ന വലിയ കടമ്പ കടക്കുമ്പോഴും കുഞ്ഞ് സ്വപ്നങ്ങൾ പരിപാലിക്കുന്നതിൽ ശ്രദ്ധിക്കുകയാണ് ഇത്തവണ അഖിലേന്ത്യാ തലത്തിൽ 55-ാം റാങ്ക് നേടിയ കൊല്ലം സ്വദേശി ഡോ. അരുൺ എസ്. നായർ. പത്താം ക്ലാസ് മുതൽ ബോൺസായി ചെടികൾ വളർത്തുന്നതിൽ താൽപരനായ അരുൺ എംബിബിഎസ് പഠനകാലത്തും, സിവിൽ സർവീസ് എന്ന വലിയ സ്വപ്നം മുന്നിൽ കണ്ടപ്പോഴും ആ ‘ചെറിയ’ ഇഷ്ടത്തെ അകറ്റി നിർത്തിയില്ല. പരീക്ഷാ പരിശീലന കാലയളവിൽ അധികം ശ്രദ്ധ ചെലുത്താൻ കഴിഞ്ഞിലെങ്കില്ലും തൊഴിൽ മേഖലയൊടൊപ്പം ബോൺസായി കൂടെയുണ്ടാകുമെന്നുറപ്പ്.
ഇഷ്ടം തുടങ്ങിയത്
പത്താം ക്ലാസ് മുതലാണ് ബോൺസായി വളർത്തൽ തുടങ്ങിയത്. പ്ലസ് വൺ ആയപ്പോഴേക്കും 3-4 എണ്ണം ചെയ്തു തുടങ്ങി. ചെറിയ പെയിന്റിങ്ങുകൾ, കളിപ്പാട്ടങ്ങൾ എന്നിവയോടുള്ള താൽപര്യമാണ് തന്നെ ബോൺസായി വളർത്തുന്നതിലേക്ക് അടുപ്പിച്ചതെന്നാണ് അരുൺ പറയുന്നത്. പട്ടാളത്തിലായിരുന്ന അച്ഛൻ സുരേന്ദ്രൻ നായരും വീട്ടമ്മയായ അമ്മ ബിന്ദുവിനും പുന്തോട്ട നിർമ്മാണം പ്രിയമാണ്. ഇതൊക്കെ തന്നെയാണ് ഈ ഇഷ്ടത്തിന് പിറകിലും. കൃഷിയിൽ തൽപരനായ അച്ഛനാണ് ബോൺസായ് നിർമ്മാണത്തിന് മകനെ സഹായിക്കുന്നതും. അഗ്രികൾച്ചർ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായ സഹോദരി അക്ഷയ കൂടി ചേരുമ്പോൾ ചെടികളോട് താൽപര്യമുള്ള കുടുംബം പൂർണമാകുന്നു.
ആഫ്രിക്കയിൽനിന്നു വന്ന ബാവോബബ്
പന്ത്രണ്ടു വർഷം പ്രായമുള്ള ചെടിയാണ് ഇപ്പോഴുള്ളതിൽ ഏറ്റവും പഴയത്. മൂന്ന് സ്പീഷിസ് ആൽമരങ്ങൾ, പുളി, പല നിറങ്ങളിലുള്ള ബൊഗൈൻ വില്ലകൾ, നാരകം തുടങ്ങിയവ അരുണിന്റെ പക്കലുണ്ട്. സിവിൽ സർവീസസ് പരിശീലന സമയത്താണ് ആഫ്രിക്കൻ സ്വദേശിയും വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നതുമായ ബാവോബബ് (Baobab) എന്ന മരത്തെക്കുറിച്ചറിയുന്നത്. അപൂർവ സസ്യമായ ഇതിനെ ബോൺസായി രൂപത്തിലാക്കാൻ എളുപ്പമാണെന്നറിഞ്ഞപ്പോൾ ആമസോൺ വഴി ഇതിന്റെ വിത്ത് വാങ്ങി. ഇപ്പോൾ 6 മാസമായതേയുള്ളു.
ഓൺലൈൻ വിത്ത് വാങ്ങൽ; എന്തൊക്കെ ശ്രദ്ധിക്കണം?
ബാവോബബ് ചെടിയുടെ വിത്ത് അപൂർവമായതിനാലാണ് അരുൺ ഓൺലൈൻ വഴി വാങ്ങിയത്. ഓൺലൈൻ വഴി വാങ്ങുന്ന വിത്തിന്റെ ഗുണനിലനവാരം ഉറപ്പാക്കാൻ കഴിയില്ല. നല്ല വിത്ത് തന്നെ കിട്ടുമോ എന്നതും ഉറപ്പിച്ചു പറയാൻ കഴിയില്ല. മുളയ്ക്കാനുള്ള സാധ്യതയും ചിലപ്പോൾ കുറവായിരിക്കാം. ഓൺലൈൻ വഴി വിത്ത് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം എന്നാണ് അരുൺ പറയുന്നത്.
മണിക്കൂറുകൾ വേണ്ട
ബോൺസായ് ചെടികളെ വളർത്താൻ തീരുമാനിച്ചപ്പോൾ ഇതിനെക്കുറിച്ച് പഠിക്കാൻ ആദ്യം ഒരു പുസ്തകം സ്വന്തമാക്കി. കംപ്യൂട്ടറും ഫോണുമൊക്കെ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ബോൺസായ് നിർമ്മാണവുമായി ബന്ധപ്പെട്ട വീഡിയോകൾ യൂട്യൂബിൽ കണ്ട് പഠിച്ചു. ബോൺസായി വളർത്താൻ ഒരുപാട് സമയം മാറ്റിവെയ്ക്കേണ്ട ആവശ്യമില്ല. മാത്രവുമല്ല ഇതുമായി ബന്ധപ്പെട്ട പരിചരണം തന്നെ വളരെ പതുക്കെയാണ് നടക്കുക.
നമുക്ക് വേണ്ടത്
ബോൺസായി വളർത്തുന്നതിന് അത്യാവശ്യം വേണ്ടത് ക്ഷമയാണ് എന്നാ. കാരണം ഏതാനും ദിസവങ്ങൾ കൊണ്ടുണ്ടാക്കാൻ കഴിയുന്നതല്ല ഈ കുഞ്ഞൻ ചെടികൾ. അതുകൊണ്ട് തന്നെ ക്ഷമയില്ലാതെ ഇത് വളർത്താനിറങ്ങിയാൽ ഫലം ലഭിക്കില്ല, രണ്ടാമതായി, ഇതിനെ പരിപാലിക്കാൻ ചില അടിസ്ഥാന കാര്യങ്ങളിലുള്ള അറിവ് ആവശ്യമാണ്, എല്ലാ ചെടികളും ബോണസായി രൂപത്തിലാക്കാൻ ബുദ്ധിമുട്ടാണ്. അതിനാൽ ഏതൊക്കെ സ്പീഷിസുകളാണ് ബോൺസായി നിർമ്മാണത്തിന് അനുയോജ്യം എന്ന് മനസിലാക്കണം. കൂടാതെ നമ്മുടെ കാലവസ്ഥയിൽ വളരാൻ അനുയോജ്യമായതാണോ എന്നും അത്യാവശ്യമായി അറിഞ്ഞിരിക്കണം. ഓരോ വർഷവും ചെടികളുടെ ശാഖകളും മറ്റും വെട്ടിച്ചെറുതാക്കുക മുതലായ കാര്യങ്ങൾ കൃത്യമായി പഠിച്ച് ചെയ്യുന്നതാണ് ഏറ്റവും നല്ലത് അല്ലെങ്കിൽ ഈ ഘട്ടത്തിൽ എന്തെങ്കിലും പിശക് പറ്റിയാൽ അതുവരെയുള്ള അധ്വാനം പാഴായി പോകും.
സാധ്യതകൾ
അന്താരാഷ്ട്ര തലത്തിൽ വളരെ വിലപ്പിടിപ്പുള്ള ഒന്നാണ് ബോൺസായി. ലക്ഷങ്ങൾ വരെ വിലയുള്ള ചെടികളുണ്ട്. ഇവയുടെ പ്രായം കൂടുന്തോറും വില കൂടുന്നു എന്നത് മാത്രമല്ല ഏതു രീതിയിലാണ് ചെടി വളർത്തിയിരിക്കുന്നത് എന്നതും വളരെ പ്രധാനമാണ്. ജപ്പനീസ് ബോൺസായികൾ മനോഹരങ്ങളാണെന്ന് അരുൺ പറയുന്നു. കേരളത്തിൽ വ്യവസായികാടിസ്ഥാനത്തിൽ ഇതിനത്ര പ്രാധാന്യം ലഭിച്ചിട്ടില്ല.
കൂളാകാൻ ഒരു ഹോബി
മത്സരപരീക്ഷകൾക്ക് പഠിക്കുന്നത് പലർക്കും സമ്മർദ്ദമാണ്. പ്രേത്യേകിച്ചു യുപിഎസ്‌സി പോലെയുള്ള പരീക്ഷകൾ. അതിനാൽ സമ്മർദ്ദം മറികടക്കാൻ ഒരു ‘ഹോബി’ കൂടെയുള്ളത് എന്നും നല്ലതാണെന്ന വേറിട്ട വിജയമന്ത്രമാണ് അരുൺ ഉദ്യോഗാർഥികൾക്ക് നൽകുന്നത്.