ADVERTISEMENT

9 സെന്റിൽ എന്തൊക്കെ കൃഷി ചെയ്യാം? അതും 7 സെന്റിൽ കെട്ടിടവും അവശേഷിക്കുന്ന 2 സെന്റിൽ പാർക്കിങ് സൗകര്യവും ഉള്ള സ്ഥലത്ത്? ഒന്നും ചെയ്യാൻ കഴിയില്ലെന്ന് വിചാരിക്കുന്നവരായിരിക്കും നമ്മളിൽ ഏറിയ പങ്കും. എന്നാൽ, മനസുണ്ടെങ്കിൽ സ്ഥലപരിമിതിക്കുള്ളിലും നല്ല രീതിയിൽ കൃഷി ചെയ്യാമെന്നു തെളിയിക്കുകയാണ് എറണാകുളം മാമംഗലം സ്വദേശി ഡോ. സുനിൽ വർഗീസ്. മാമംഗലത്തെ സഫയർ ഡെന്റൽ ക്ലിനിക് ആൻഡ് ഓർത്തോ ഇംപ്ലാന്റ് സെന്റർ എന്ന സ്വന്തം ക്ലിനിക്കിനു ചുറ്റും അദ്ദേഹം നട്ടുവളർത്താത്ത വിളകളില്ല.

25 വർഷമായി ദന്ത ചികിത്സാരംഗത്തുള്ള ഡോ. സുനിൽ മാമംഗലത്ത് സ്വന്തം കെട്ടിടത്തിൽ ക്ലിനിക്ക് ആരംഭിച്ചപ്പോഴാണ് തന്റെ കൃഷിപ്രേമം സഫലമാക്കാൻ സമയമായി എന്നു തിരിച്ചറിഞ്ഞത്. 9 സെന്റിൽ കൃഷിക്ക് സ്ഥലമില്ല എന്ന് കരുതി കൃഷിയോടുള്ള സ്നേഹം മാറ്റിവയ്ക്കാൻ ഡോക്ടർ മുതിർന്നില്ല. പച്ചക്കറികളും പഴവർഗങ്ങളും പക്ഷികളും മത്സ്യങ്ങളും പൂച്ചെടികളും അടങ്ങുന്ന ഒരു സമ്മിശ്രത്തോട്ടം ചിട്ടപ്പെടുത്തിയെടുത്തു.

കെട്ടിടത്തിന്റെ മട്ടുപ്പാവിലാണ് ഡോ. സുനിൽ തന്റെ സമ്മിശ്രത്തോട്ടം ഒരുക്കിയിരിക്കുന്നത്. വെണ്ട, പയർ, വഴുതന, പയർ, മുളക്, സാലഡ് വെള്ളരി, തക്കാളി, പ്ലാവ്, മാവ്, പേര, സപ്പോട്ട, കുരുമുളക്, അമ്പഴം, കറുവപ്പട്ട എന്നുതുടങ്ങി ഒരു വീട്ടിലേക്കാവശ്യമായ എല്ലാം ഇവിടെ വളരുന്നു, വിളയുന്നു. പ്രത്യേകം വാങ്ങിയ വലിയ പ്ലാസ്റ്റിക് ചട്ടികളിലാണ് ഇവയെല്ലാം നട്ടു വളർത്തുന്നത്. അതുകൊണ്ടുതന്നെ വീട്ടിലേക്കാവശ്യമായ എല്ലാത്തരം ഭക്ഷ്യോൽപങ്ങളും ഇവിടെ വിളയിക്കാൻ കഴിയുന്നെന്ന് ഡോ. സുനിൽ അഭിമാനത്തോടെ പറയുന്നു. 

dr-sunil
ഡോ. സുനിൽ പ്രാവിനൊപ്പം

ക്ലിനിക്കിലെ ഒഴിവുസമയങ്ങൾ ചെടികളുടെ പരിപാലനത്തിനും വിളവെടുപ്പിനുമായി ഉപയോഗിക്കുന്നു. ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ വളപ്രയോഗവുമുണ്ട്. കൂടാതെ പൊഴിഞ്ഞു വീഴുന്ന ഇലകൾ ചെടികളുടെ ചുവട്ടിൽത്തന്നെ നിക്ഷേപിക്കുന്ന രീതിയും പിന്തുടരുന്നു. 

ക്ലിനിക്കിലെത്തുന്നവരുടെ വാഹനം പാർക്ക് ചെയ്യുന്നതിന് നിലത്ത് വരയിടുകയല്ല ഇവിടെ ചെയ്തിരിക്കുന്നത്. പകരം, ചെടിച്ചട്ടികളാണ് വരയുടെ കടമ നിർവഹിക്കുന്നത്. ക്ലിനിക്കിന് ചുറ്റും ഒരിഞ്ചു സ്ഥലംപോലും പാഴാക്കാതെ ചെടികൾ സ്ഥാനം പിടിച്ചിരിക്കുന്നു.

ടെറസിൽ പച്ചക്കറികളും ഫലവർഗങ്ങളും കൂടാതെ പ്രാവുകളെയും ഡോ. സുനിൽ വളർത്തുന്നുണ്ട്. മുട്ടയ്ക്കുവേണ്ടി ഏതാനും കരിങ്കോഴികളെയും രണ്ടു കുളങ്ങളിലായി തിലാപ്പിയ, കട്‌ല, ഗ്രാസ് കാർപ്പ് തുടങ്ങിയ മത്സ്യങ്ങളെയും വളർത്തുന്നുണ്ട്. പാമ്പിന്റെ ശല്യം ഒഴിവാക്കാൻ ഗിനിക്കോഴികളാണ് ഇവിടെ കാവലിനുള്ളത്. കൂടാതെ മുയലുകളും കോന്യൂറുകളും ഇവിടുത്തെ അരുമകളാണ്.

ടെറസിൽ 30 ലക്ഷം രൂപ മുടക്കി വലിയൊരു സൗരോർജ സംവിധാനവും ഡോ. സുനിൽ സ്ഥാപിച്ചിട്ടുണ്ട്. കെഎസ്‍ഇബി ഗ്രിഡിലേക്ക് ഇങ്ങനെയുണ്ടാക്കുന്ന വൈദ്യുതി നൽകുകയാണ് ചെയ്യുന്നത്. ഇതിൽനിന്ന് വരുമാനവും നേടുന്നുണ്ട്.

സ്ഥലപരിമിതിയുണ്ടെന്ന കാരണത്തിൽ കൃഷിയോടെ വിമുഖത കാണിക്കുന്നവർക്ക് ഉത്തമ മാതൃകയാണ് ഡോ. സുനിൽ. കേവലം 9 സെന്റിൽ തനിക്ക് ഇത്രയൊക്കെ ചെയ്യാമെങ്കിൽ കൂടുതൽ സ്ഥലമുള്ളവർക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും ഡോക്ടർ ചോദിക്കുന്നു. 

ഫോൺ: 99950 25692, 94470 65692

English summary: Dentist Grows Farm at his Workplace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com