ADVERTISEMENT

ഒരു പെറ്റൂണിയ ചെടിയിൽനിന്ന് ഒരു നഴ്സറി പിറവിയെടുത്ത കഥയാണ് ആലപ്പുഴ മാരാരിക്കുളം സ്വദേശി ജയ ജാക്സണ് പറയാനുള്ളത്. വീട്ടമ്മയുടെ റോളിൽനിന്ന് ഇതൾ എന്ന നഴ്സറി സംരംഭം ജയ പടുത്തുയർത്തിയിട്ട് ഏറെ നാളായിട്ടില്ല. അതിന്റെ കാരണം ആദ്യം സൂചിപ്പിച്ച പെറ്റൂണിയ ചെടി തന്നെ. അതും ന്യൂസിലൻഡിൽവച്ച്. മകനും കുടുംബവും ന്യൂസിലൻഡിലാണ്. അവരുടെ അടുത്ത് പോയപ്പോൾ നിറയെ പൂക്കളുള്ള ചെടി കണ്ട് അതിനോട് പ്രത്യേക ഇഷ്ടം തോന്നുകയായിരുന്നു.

പെറ്റൂണിയ ചെടികൾ പൂവിടുന്ന സമയത്തായിരുന്നു ജയ ന്യൂസിലൻ‍ഡിലെത്തിയത്. കണ്ണഞ്ചിപ്പിക്കും നിറത്തിൽ നിറയെ പൂക്കളുമായി നിൽക്കുന്ന പല തരത്തിലുള്ള പെറ്റൂണിച്ചെടികൾ അവിടെ കണ്ടു. അതുകൊണ്ടുതന്നെ അവിടുള്ള പല പൂന്തോട്ടങ്ങളും നഴ്സറികളും നന്ദർശിച്ച് വിത്തുകൾ വാങ്ങി നേരെ ഇങ്ങു പോന്നു. വലിയ പ്രതീക്ഷയോടെ ആ വിത്തുകൾ പാകിയെങ്കിലും നിരാശയായിരുന്നു ഫലം, ഒന്നുപോലും മുളച്ചില്ല. പിന്നെ ഒട്ടേറെ നഴ്സറികളിൽ അന്വേഷിച്ചു. അവിടുന്നും നിരാശയായിരുന്നു ഫലം. ഒടുവിൽ അവിചാരിതമായി ഒരു വീട്ടിൽനിന്ന് ഒരു തൈ ലഭിച്ചു. അത് നട്ടു വളർത്തിയെടുത്തതിനൊപ്പം തൈകളും ഉൽപാദിപ്പിക്കാൻ ജയ ശ്രമിച്ചു. ആ ശ്രമം വിജയിച്ചതോടെ സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചു. അതിവേഗം അത് വിറ്റുതീരുകയും ചെയ്തു. ഇതാണ് ജയ എന്ന ഉദ്യാനസംരംഭകയുടെയും ഇതൾ ഗാർഡൻസ് എന്ന നഴ്സറിയുടെയും തുടക്കം. ഇക്കഴിഞ്ഞ ഓണക്കാലത്താണ് ജയയുടെ ഇതൾ ഗാർഡൻസ് പ്രവർത്തനമാരംഭിച്ചത്.

നിലവിൽ പെറ്റൂണിയയുടെ ഒരിനം മാത്രമേ ജയയുടെ കൈവശമുള്ളൂവെങ്കിലും അതിൽനിന്ന് ഒട്ടേറെ തൈകൾ ഉൽപാദിപ്പിച്ച് വിൽക്കാൻ ജയയ്ക്കായി. പെറ്റൂണിയയ്ക്കൊപ്പം മറ്റു ചെടികളും ആവശ്യപ്പെട്ട് ആവശ്യക്കാരെത്തിയതോടെ വീട്ടുമുറ്റത്തുതന്നെ നഴ്സറി ആരംഭിക്കുകയായിരുന്നു. മാരാരിക്കുളം ബീച്ച് റോഡ് ജംഗ്ഷനിൽത്തന്നെയാണ് വീടെന്നതിനാൽ ഉപയോക്താക്കൾക്കും സൗകര്യം. 

jaya-1
ജയ പെറ്റൂണിയ ചെടിക്കൊപ്പം (വലത്)

കടൽത്തീരത്തോടു ചേർന്നുള്ള സ്ഥലമായതിനാൽ മണ്ണിനു പകരം മണലാണ് ഇവിടെയുള്ളത്. അതുകൊണ്ട് ചെടികൾ നടുന്നതിനായി മണ്ണ് വാങ്ങും. മണ്ണിനൊപ്പം ചകിരിച്ചോറ്, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, ചാണകപ്പൊടി എന്നിവകൂടി ചേർത്താണ് നടീൽ മിശ്രിതം തയാറാക്കുന്നത്. പെറ്റൂണിയ വളരെ സെൻസിറ്റീവ് ആയതിനാൽ വളപ്രയോഗവും വളരെ സൂക്ഷിച്ചുവേണമെന്ന് ജയ. തണ്ടിൽ വീഴുന്ന വിധത്തിൽ വളം നൽകാൻ പാടില്ലെന്നും ജയ പറയുന്നു. 

മണ്ണുത്തിയിൽനിന്നും കോട്ടയത്തുനിന്നും കാഞ്ഞിരപ്പള്ളിയിൽനിന്നുമൊക്കെ ചെടികൾ ഇവിടെത്തിച്ചാണ് വിൽപന. ഫലവർഗങ്ങളും പൂച്ചെടികളും അകത്തളച്ചെടികളും ഇലച്ചെടികളുമെല്ലാം ഇവിടുണ്ട്. രാവിലെ ചെടികൾക്ക് ആവശ്യമായ പരിചരണവും വെള്ളവും നൽകിയശേഷമാണ് ഭർത്താവ് ജാക്സൺ ഓഫീസിൽ പോകുന്നത്. മകൾ മീരയാണ് ഇൻഡോർ പ്ലാന്റുകളുടെ ക്രമീകരണവും ഡിസൈനിങ്ങും. മകൻ മിഥുനും മരുമകൾ നിഡിയയും കൊച്ചുമകൻ തിയോ റോണും ന്യൂസിലൻഡിൽ ആണെങ്കിലും അമ്മയുടെ സംരംഭത്തിന് പൂർണ പിന്തുണ നൽകുന്നുണ്ട്.

ഫോൺ: 6282743785

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com