പച്ചക്കറിക്കൃഷിക്ക് സ്ഥലം പ്രശ്നമല്ല; മാതൃകയാക്കാം വീട്ടമ്മയുടെ പത്തര മീറ്റർ കോറിഡോറിലെ പച്ചക്കറിവിപ്ലവം

HIGHLIGHTS
  • കൈവശമുള്ളത് 43 ഇനം തക്കാളികൾ
  • സ്വയം രൂപകൽപന ചെയ്ത തിരിനന
banglore-home-garden-4
റീന അജുമോൻ കോറിഡോറിലെ തന്റെ കൃഷിയിടത്തിൽ
SHARE

കൃഷി ചെയ്യാൻ സ്ഥലം വേണോ? ഇല്ലെങ്കിലും വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ ഉൽപാദിപ്പിക്കുമെന്ന് ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ റീന അജുമോൻ പറയും. ബെംഗളൂരുവിലായതിനാൽ സ്ഥലലഭ്യതയുടെ കാര്യം ഊഹിക്കാമല്ലോ. താമസിക്കുന്ന വാടകവീടിന്റെ പത്തര മീറ്റർ നീളത്തിലുള്ള കോറിഡോറാണ് റീനയുടെ ‘വിശാലമായ’ കൃഷിയിടം. കോറിഡോറിലെ രണ്ടു കോൺക്രീറ്റ് തൂണുകൾ, 3 ഡ്രൈനേജ് പൈപ്പുകൾ എന്നിവയും കൃഷിയിടത്തിൽ ഉൾപ്പെടും. ഇവിടെ റീന കൃഷിചെയ്യാത്ത പച്ചക്കറികളില്ല.

2010 മുതലാണ് കോറിഡോറിൽ പച്ചക്കറിക്കൃഷി തുടങ്ങിയത്. ആരോ വഴിയിൽ ഉപേക്ഷിച്ച കറ്റാർവാഴയിൽനിന്നാണ് തുടക്കും. കൃഷി മനസിൽ ഉള്ളതുകൊണ്ടുതന്നെ ക്രമേണ പച്ചക്കറിക്കൃഷി ആരംഭിക്കുകയായിരുന്നു. വിത്തുകൾ കടയിൽനിന്നോ സീഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്നോ വാങ്ങും. ചട്ടി, ചാക്ക്, കുപ്പി എന്നിവയിൽ നടീൽ മിശ്രിതം നിറച്ചാണ് കൃഷി. വളം മാത്രമല്ല മണ്ണും വിലകൊടുത്തു വാങ്ങും. ഒരു ചാക്ക് മണ്ണിന് 100 രൂപ വില വരും. മണ്ണിൽ ചകിരിച്ചോർ (അഞ്ചു കിലോ 250 രൂപ), മണ്ണിര കമ്പോസ്റ്റ്, വേപ്പിൻപിണ്ണാക്ക്, സ്യുഡോമൊണാസ് എന്നിവ ചേർത്ത് നടീൽ മിശ്രിതം തയാറാക്കുന്നു. വിത്തുകൾ നേരിട്ടു പാകുകയാണ് പതിവ്. എങ്കിലും ചിലത് പേപ്പർ ഗ്ലാസിൽ മുളപ്പിച്ചശേഷം അടിഭാഗം പൊളിച്ച് മണ്ണിൽ ഇറക്കിവയ്ക്കും. ചട്ടികളുടെ അടിയിൽ ട്രേയും ചാക്കുകളുടെ അടിയിൽ ചിരട്ടയും വച്ചരികിക്കുന്നതിനാൽ നിലവുമായി സമ്പർക്കം വരുന്നില്ല. തൂണുകളിലും പൈപ്പുകളിലും കെട്ടിവച്ചാണ് കുപ്പിക്കുള്ളിലെ കൃഷി. ക്യാരറ്റ് പോലുള്ളവ ഇങ്ങനെ കുപ്പികളിൽ വളരുന്നു.

banglore-home-garden-1

മഞ്ഞൾ, ഇഞ്ചി, ചേന, മാങ്ങാ ഇഞ്ചി, 2 ഇനം പപ്പായ, 2 ഇനം മാവ്, സ്റ്റാർ ഫ്രൂട്ട്, സപ്പോട്ട, ഓറഞ്ച്, പേര, രണ്ടിനം നാരകം, പലതരം മുളകുകൾ, പലവിധം തക്കാളികൾ, കാബേജ് (ഗ്രീൻ, വയലറ്റ്), നോൾ കോൾ, കെയിൽ, ക്യാരറ്റ്, റാഡിഷ് (വൈറ്റ്, റെഡ്), ബീറ്റ്റൂട്ട്, മല്ലി, കറിവേപ്പ്, പുതിന, അമര,  പയർ, ബീൻസ്, നിത്യ വഴുതന, വഴുതന, ലെമൺ വൈൻ, കോവൽ, പാവൽ, അഗത്തി (റെഡ്, വൈറ്റ്), ലെറ്റുസ്, കറ്റാർവാഴ, തുളസി, പത്തുമണിച്ചെടികൾ എന്നിവയെല്ലാം പരിമിതമായ സ്ഥലത്ത് റീന വളർത്തിയെടുക്കുന്നു. 43 ഇനം തക്കാളികൾ കൈവശമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. എല്ലാം ഒരുമിച്ച് നടാൻ കഴിയില്ലാത്തതിനാൽ പല ബാച്ചുകളിലായാണ് അവ നടുക.

ബെംഗളൂരുവിൽ വെള്ളം വലിയ വെല്ലുവിളിയാണ്. അതിനും റീന പ്രതിവിധി കണ്ടിട്ടുണ്ട്. വെള്ളം പാഴാകാതിരിക്കാൻ തിരിനന സംവിധാനം ഒരുക്കിയിരിക്കുന്നു, അതും സ്വയം രൂപകൽപന ചെയ്ത രീതി. ചട്ടിയിലോ ചാക്കിലോ നടീൽ മിശ്രിതം നിറയ്ക്കുമ്പോൾത്തന്നെ ഒരു കുപ്പിയും ഉള്ളിൽ വയ്ക്കും. കുപ്പിയിൽനിന്ന് തിരി ചെടിയുടെ ചുവട്ടിലേക്ക് വരുന്ന രീതിയിൽ വയ്കും. കുപ്പിയിലെ വെള്ളം തുണിയിലൂടെ ചെടിയുടെ ചുവട്ടിൽ എത്തി മണ്ണിന്റെ നനവ് നിലനിർത്തുന്നു. രണ്ടു ദിവസം വീട്ടിൽനിന്നു മാറി നിന്നാൽ പോലും ചെടി വാടില്ല. വേനൽക്കാലത്ത് 2 നേരം നന വേണ്ട. വെള്ളം പാഴാകില്ല.

banglore-home-garden-3

സ്ഥലമില്ലാത്തിടത്ത് കൃഷി ചെയ്ത താൻ ഒരുപാടുപേരുടെ പരിഹാസപാത്രമായിരുന്നെന്ന് റീന പറയുന്നു. എന്നാൽ, അതെല്ലാം പ്രചോദനമായി ഉൾക്കൊണ്ട് ആരെയും അനുകരിക്കാതെ സ്വന്തം അധ്വാനത്തിലാണ് ഇത്രയൊക്കെ വളർത്തിയെടുക്കാൻ കഴിഞ്ഞതെന്നും റീന. ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റ് ആണ് റീന. ജോലി കഴി‍ഞ്ഞുള്ള ഒഴിവുനേരങ്ങളിലാണ് പച്ചക്കറിച്ചെടികളുടെ സംരക്ഷണം. കേവലം ചുരുങ്ങിയ സ്ഥലത്ത് ഇത്രയൊക്കെ സാധിക്കുമോ എന്ന് വന്നു കണ്ട് ബോധ്യപ്പെടുന്നവരുണ്ടെന്നും റീന. ഭർത്താവും രണ്ടു കുട്ടികളും അടങ്ങുന്നതാണ് കുടുംബം.

banglore-home-garden-2

English summary: Growing  Vegetables in Small or Limited Spaces

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA