കൃഷിക്കു മുൻപ് ആദ്യം മണ്ണിനെ അറിയാം: കേരളത്തിലുള്ളത് രണ്ടിനം മണ്ണു മാത്രം

HIGHLIGHTS
  • കേരളത്തിൽ സ്വഭാവഗുണമനുസരിച്ച് പത്തു തരത്തിലുള്ള മണ്ണുണ്ട്
  • പോഷകനില അറിയാന്‍ ശാസ്ത്രീയ മണ്ണു പരിശോധന നടത്തണം
soil
SHARE

വിശുദ്ധ ബൈബിളിൽ യേശു പറഞ്ഞ ഒരു വിതയുടെ കഥയുണ്ട്. വിതച്ച വിത്തുകളിൽ ചിലത് പാതയോരത്തും, കുറച്ച് പാറപ്പുറത്തും, കുറച്ച്  മുൾച്ചെടികൾക്കിടയിലും, പിന്നെയുള്ളത് നല്ല മണ്ണിലും വീണു. പാതയോരത്തു വീണതു പക്ഷികൾ കൊത്തിപ്പെറുക്കി, പാറമേൽ വീണതു മുളച്ചെങ്കിലും വെയിലിൽ വാടിക്കരി ഞ്ഞു, മുള്ളുകൾക്കിടയിൽ വീണവ മുളച്ചു പൊന്തിയപ്പോൾ മുൾച്ചെടികൾ അവയെ വരിഞ്ഞു മുറുക്കിക്കളഞ്ഞു. നല്ല മണ്ണിൽ വീണവ നൂറുമേനിയായി വിളഞ്ഞു.  

വിത്തിടുന്നതു നല്ല മണ്ണിലാവണം എന്നതാണ് കൃഷിയിലെ ആദ്യപാഠം. നല്ല മണ്ണ് എന്നാൽ നല്ല ഫലഭൂയിഷ്ടമാ യ മണ്ണ് എന്നാണർഥം. നല്ല വെയിൽ കിട്ടുന്നതും, ഈര്‍പ്പം, ഉലർച്ച, വളക്കൂറ് എന്നിവയുള്ളതുമായ  മണ്ണ്. 

ഭൂമിയുടെ പുറന്തോടിനെ പൊതിഞ്ഞ് ഏതാനും ഇഞ്ച് മുതൽ ഒന്നോ രണ്ടോ മീറ്റർ വരെ താഴ്ചയിലുള്ളതും   വേണ്ടത്ര നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണ് സസ്യപോഷകങ്ങളും, കൃഷിക്ക് ഉപകാരികളായ സൂക്ഷ്മ ജീവികളും കൊണ്ട് സമ്പന്നമായിരിക്കണം. 

കേരളത്തിൽ സ്വഭാവഗുണമനുസരിച്ച് പത്തു തരത്തിലുള്ള മണ്ണുണ്ട്. കേരളത്തിൽ 65 ശതമാനത്തിൽ ഏറെ  സ്ഥലത്തും വെട്ടുകൽ മണ്ണാണ്. ഇത് കാസർകോട് മുതൽ കൊല്ലം വരെ നീണ്ടുകിടക്കുന്നു. തിരുവനന്തപുരം ജില്ലയിലെ ചുവന്ന മണ്ണ്, വനമേഖലയിലുള്ള വനമണ്ണ്, തീരപ്രദേശത്തെ എക്കൽ മണ്ണ്, നദീതീര മണ്ണ്, ഓണാട്ടുകര മണ്ണ്, താഴ്‌വരകളിൽ കാണുന്ന തവിട്ടു മണ്ണ്, പൊക്കാളി മണ്ണ്, കോൾ നിലങ്ങളിലെ മണ്ണ്, പാലക്കാട്, ചിറ്റൂർ മേഖലയിൽ കാണുന്ന കരിമണ്ണ് എന്നിവയാണ്  മറ്റു പ്രധാന മണ്ണിനങ്ങൾ. ഈ തരംതിരിവുകൾ ഒക്കെയും നിറത്തിന്റെ അടിസ്ഥാനത്തിലാണെന്നു പറയാം. രാസഗുണത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു തരം മണ്ണു മാത്രമേ ഉള്ളൂ. ക്ഷാരമണ്ണും അമ്ലമണ്ണും. പാലക്കാട് ചിറ്റൂരിലെ കരിമണ്ണ് മാത്രമാണ് കേരളത്തിൽ ക്ഷാരസ്വഭാവമുള്ള മണ്ണ്. ബാക്കി മണ്ണിനങ്ങളൊക്കെയും അമ്ല സ്വഭാവമുള്ളവയാണ്.

മഴ, വെയിൽ ലഭ്യത, ജൈവാംശം എന്നിവയ്ക്കനുസരിച്ച്  ഓരോ പ്രദേശത്തെയും മണ്ണിൽ പോഷകാംശങ്ങളു ടെ അളവു വ്യത്യാസപ്പെട്ടിരിക്കും. പോഷകനില അറിയാന്‍ ശാസ്ത്രീയ മണ്ണു പരിശോധന നടത്തണം. മണ്ണി ല്‍ അവയുടെ കുറവു നികത്താനാണ് വളപ്രയോഗം. സസ്യങ്ങളിൽ 60 മൂലകങ്ങളുണ്ട്. എന്നാൽ  അവയ്ക്കു  വളരാനും വംശവർധന നടത്താനും 18  മൂലകങ്ങൾ  മതി. ഇവയെ ആവശ്യകതയുടെ അളവിനെ അടിസ്ഥാനപ്പെടുത്തി പ്രാഥമിക മൂലകങ്ങൾ, ദ്വിതീയ മൂലകങ്ങൾ, സൂക്ഷ്മ മൂലകങ്ങൾ എന്നിങ്ങനെ തരം തിരിക്കാം.  

കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയാണ് കൂടുതൽ  അളവിൽ വേണ്ട പ്രാഥമിക മൂലകങ്ങൾ. കാത്സ്യം, മഗ്നീഷ്യം, സൾഫർ എന്നിവ ദ്വിതീയ മൂലകങ്ങൾ. ഇവയുടെ  ഉപയോഗം പ്രാഥമിക മൂലകങ്ങളുടെ അത്ര അളവിൽ വേണ്ട. കുറഞ്ഞ അളവിൽ വേണ്ട ഇരുമ്പ്, മാംഗനീസ്, സിങ്ക്, ചെമ്പ്, ബോറോൺ, മോളിബ്ഡിനം, ക്ലോറിൻ, നിക്കൽ എന്നിവയാണ് സൂക്ഷ്മ മൂലകങ്ങൾ. 

ഈ മൂലകങ്ങൾ നമ്മുടെ കൃഷിഭൂമിയിൽ എത്രത്തോളം ഉണ്ടെന്ന് അറിയാനാണ് പതിവായി മണ്ണു പരിശോധിക്കേണ്ടത്. മണ്ണു പരിശോധനയിലൂടെ മണ്ണിന്റെ അമ്ല–ക്ഷാര സ്വഭാവവും, ലവണങ്ങളുടെ അളവും, ജൈവസാന്നിധ്യവും, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് തുടങ്ങി സൂക്ഷ്മ മൂലകലഭ്യതവരെ കൃത്യമായി അറിയാം.  അതിനെ അടിസ്ഥാനമാക്കി സസ്യങ്ങൾക്ക് ആവശ്യമായ പോഷക മൂലകങ്ങൾ വളപ്രയോഗത്തിലൂടെ ലഭ്യമാക്കാം. ജൈവ വളങ്ങൾക്കും, രാസവളങ്ങൾക്കും തുല്യപ്രാധാന്യമുള്ള  സംയോജിത പോഷക പരിപാലനമാണ് അഭികാമ്യം.  

awuaponics
മണ്ണില്ലാക്കൃഷി

മണ്ണില്ലാതെയും കൃഷി

മണ്ണില്ലാതെയും കൃഷിചെയ്യാനുതകുന്ന അക്വാപോണിക്സ്, ഹൈ ഡ്രോപോണിക്സ്, ട്രേ ഫാമിങ്,  വെർട്ടിക്കൽ ഫാമിങ്, തൂക്കു കൃഷി (Hanging), ഗ്രോബാഗ് കൃഷി എന്നീ സാങ്കേതികവിദ്യകള്‍ ഇന്നു നമുക്കുണ്ട്.  

മത്സ്യവും, പച്ചക്കറികളും ഒരുമിച്ചു ചെയ്യുന്ന പുത്തൻ സങ്കേതമാണ് അക്വാപോണിക്സ്.  ഉയർന്ന സാന്ദ്രതയിൽ പടുതക്കുളത്തിൽ വളർത്തുന്ന മത്സ്യങ്ങളുടെ വിസർജ്യം മാത്രം ഉപയോഗപ്പെടുത്തി കുളത്തിൻ കരയിൽ പച്ചക്കറികൾ വിളയിക്കുന്ന അക്വാപോണിക്സ് ഇന്നു നാട്ടിടങ്ങളിൽപോലും സാധാരണമായിട്ടുണ്ട്. 

ഹൈ ഡ്രോപോണിക്സ് എന്നാല്‍ ജലോപരിതലത്തിൽ ഉറപ്പിച്ച പിവിസി പൈപ്പുകളിലോ, ട്രേകളിലോ വേ രുകൾ പറ്റിപ്പിടിച്ച് െചടികള്‍ക്കു നിവർന്നു നിൽക്കാന്‍  മാത്രം പര്യാപ്തമായ വിധത്തില്‍ ചില മാധ്യമങ്ങൾ നിറച്ച് അതിൽ വളർത്തുന്ന പച്ചക്കറിവിളകളുടെ വേരുകൾ നേരിട്ട് വെള്ളത്തിലേക്ക് വളർന്ന് അതിലുള്ള പോഷകങ്ങൾ സ്വീകരിച്ചു വളരുന്ന രീതിയാണ്.  നിയന്ത്രിത കാലാവസ്ഥാ ചുറ്റുപാടിൽ നിരത്തിയ ട്രേയിൽ വേരുകൾ പറ്റിപ്പിടിക്കാൻ മാത്രമുള്ള   മാധ്യമങ്ങൾ നിറച്ച് അതിൽ നെല്ല്, ഗോതമ്പ് തുടങ്ങിയ ധാന്യവിളകൾ വിതച്ച് ഇലകളിലൂടെ മാത്രം  പോഷണം നൽകി വിളയിക്കുന്നതാണ് ട്രേ ഫാമിങ്. ഗ്രോബാഗുകൾ, ചട്ടികൾ, വെർട്ടിക്കൽ ഫാമിങ്, ഹാങ്ങിങ് ട്രേകൾ എന്നിവ യിൽ ഒട്ടും മണ്ണു ചേർക്കാതെ   ചകിരിച്ചോർ, കംപോസ്റ്റ് എന്നിവ മാത്രം ചേർത്തുകൊണ്ടും  വിളകൾ കൃഷി ചെയ്യാം. 

എന്നിരുന്നാലും മണ്ണിലെ കൃഷിയാണ് സുസ്ഥിരമായി നമുക്കു മുന്നിലുള്ളത്. അതുകൊണ്ടുതന്നെ മണ്ണറിഞ്ഞു കൃഷി ചെയ്യാം നമുക്ക്.

അഭിലാഷ് കരിമുളയ്ക്കൽ: 9447459071

English summary: We must know about soil before growing a crop

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA