ADVERTISEMENT

തൈയുണ്ടാക്കാനുള്ള ഹൈബ്രിഡ് വിത്ത് വിശ്വാസയോഗ്യമായ, ഉത്തരവാദിത്തമുള്ള സ്ഥാപനങ്ങളിൽ നിന്നു മാത്രമേ വാങ്ങാവൂ. ഓരോ ഇനം വിത്തിന്റെയും ഗുണമേന്മ ചോദിച്ചു മനസ്സിലാക്കി ബില്ലോടു കൂടി വാങ്ങണം.  ദീർഘകാലം പാക്കറ്റ് പൊട്ടിച്ചു വച്ചതു വാങ്ങരുത്. ഹൈബ്രിഡ് വിത്തുകൾ  95 ശതമാനത്തിലധികവും മുളയ്ക്കും. മുളയ്ക്കുമെന്ന് ഉറപ്പ് വരുത്താനായി ഒരു പാത്രത്തിൽ വെള്ളം നിറച്ച് വിത്തിട്ടാല്‍ മുങ്ങിപ്പോകുന്നതു മാത്രം എടുക്കുക. പൊങ്ങിക്കിടക്കുന്നത്  ഒഴിവാക്കണം. 

വിത്തിടാൻ പ്രോട്രേ

ചെറിയ കുഴികളിൽ പോട്ടിങ് മിശ്രിതം കുറഞ്ഞ അളവിൽ നിറച്ച് വിത്തു പാകി മുളപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ട്രേ വിപണിയിൽ കിട്ടും. സാധാരണ  പ്രോട്രേയ്ക്ക് 11 ഇഞ്ച് വീതിയും 21 ഇഞ്ച് നീളവുമുണ്ട്. 98, 104, 144 എണ്ണം കുഴികളുള്ള പ്രോട്രേ വിപണിയില്‍ ലഭ്യമാണ്.  15 മുതൽ 18 രൂപവരെയാണ് വില. മൊത്തവിതരണക്കാരിൽനിന്നു വാങ്ങിയാൽ വില കുറയും. സാധാരണ ട്രേയില്‍ ഒന്നര ഇഞ്ച് താഴ്ചയും ഒരു ഇഞ്ചോളം നീളവും വീതിയും ഉള്ള 98 കുഴികൾ ഉണ്ടാകും, കുഴിയുടെ എണ്ണം കൂടുമ്പോൾ വലുപ്പം ആനുപാതികമായി കുറയുന്നു. ഓരോ കുഴിയിലും വെള്ളം വാർന്നുപോകാൻ സുഷിരങ്ങളുണ്ട്.

നടീല്‍മിശ്രിതം

നടീൽമിശ്രിതത്തിന്റെ ഗുണം തൈകളുടെ മേന്മയില്‍ പ്രതിഫലിക്കും.  മിശ്രിതത്തില്‍ മണ്ണ് തീരെ ഉപയോഗിക്കരുത്. ജൈവ നിയന്ത്രണോപാധിയായ ട്രൈക്കോഡെർമ ചേര്‍ത്തു സമ്പുഷ്ടമാക്കിയ ഉണങ്ങിയ ചാണകപ്പൊടിയും ഗുണമേന്മയുള്ള ചകിരിച്ചോറും 1:3 എന്ന അനുപാതത്തിൽ യോജിപ്പിച്ചതിൽ അമ്ലാംശം കുറയ്ക്കുന്നതിന് 150 ഗ്രാം ഡോളമൈറ്റ് നന്നായി കൂട്ടിക്കലർത്തി ചെറുതായി വെള്ളം തളിച്ച് പുട്ടു‌പൊടി പരുവത്തിലാക്കി ട്രേയിൽ പരത്തി കുഴികളിൽ നിറച്ച് ചെറുതായി അമർത്തിക്കൊടുക്കണം. ഇരുണ്ട നിറത്തിലുള്ള പഴയ ചകിരിച്ചോറാണ് ഉപയോഗിക്കേണ്ടത്. പുതിയ ചകിരിച്ചോറാണെങ്കില്‍ നന്നായി കഴുകി കറ കളഞ്ഞ് ഉണക്കിവേണം ഉപയോഗിക്കാൻ.

വിത്തു പാകല്‍

നടീല്‍മിശ്രിതം നിറച്ച ഓരോ കുഴിയിലും ഒരു വിത്ത് വീതം പാകാം.  ഒരു വിത്തിന്റെ വലുപ്പത്തിൽ അല്ലെങ്കിൽ അതിന്റെ ഒന്നര വലുപ്പത്തിലുള്ള ആഴത്തിൽ പാകാം. വിത്ത് കൈകൊണ്ട് അമർത്തി താഴ്ത്തരുത്. വിത്ത് പാകിയതിനു ശേഷം കുഴിയുടെ മുകളിൽ മിശ്രിതം നന്നായി വിരൽകൊണ്ട് അമർത്തണം. എന്നാൽ മാത്രമേ തൈകളുടെ വേരുപടലം നന്നായി വരികയുള്ളൂ.  

മുളപ്പിക്കലും പരിചരണവും

വിത്ത് മുളപ്പിക്കാൻ പോളിഹൗസോ മഴമറയോ  ഒരുക്കണം. മഴമറയ്ക്കു ചെലവു കുറവാണ്. ട്രേകളുടെ എണ്ണത്തിന് അനുസരിച്ച് മഴമറയ്ക്കു വലുപ്പമാകാം മഴമറയുടെ നാലു ഭാഗവും നന്നായി മറച്ചിരിക്കണം.  രോഗ, കീട സാധ്യത ഒഴിവാക്കാൻ വേണ്ടിയാണിത്.  പയർ, വെണ്ട വിത്തുകൾ 3 ദിവസം കൊണ്ട് മുളയ്ക്കും. 7 ദിവസംകൊണ്ട് നടാനോ വില്‍പനയ്ക്കോ പാകമാകും.  മുളക്, വഴുതന, വെള്ളരി, കക്കിരി, കുമ്പളം, മത്തൻ 8 ദിവസം കൊണ്ട് മുളയ്ക്കും  25 ദിവസംകൊണ്ടു നടാനും  വിപണനത്തിനും പാകമാകും. പുറംതോട് കട്ടിയുള്ള പാവൽ പടവലം, ചുരയ്ക്ക എന്നിവ 10 ദിവസംകൊണ്ടു കിളിർക്കും. 15–ാം ദിവസം തൈകൾ  പാകമാകും. 

വെള്ളത്തിൽ ലയിക്കുന്ന രാസവളക്കൂട്ടായ  19:19:19 രണ്ട് ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ നന്നായി കലക്കി രണ്ടില പ്രായത്തിലും മൂന്ന് ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഒരാഴ്ച കഴിയുമ്പോഴും  തളിച്ചു കൊടുക്കണം. ജൈവരീതി  വേണമെന്നുള്ളവർക്ക് ഫിഷ് അമിനോ ആസിഡ് മിശ്രിതം തയാറാക്കി തളിച്ചു കൊടുക്കാം. കൂടാതെ, സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിൽ കലക്കി ചെറു തൈകളുടെ ഇലകളിലും ചുവട്ടിലും തളിക്കണം.

വിപണനം

വിപണനം ഉദ്ദേശിക്കുന്നവര്‍ മികച്ച ഒരു നഴ്സറിയില്‍ പോയി ആവശ്യമായ കാര്യങ്ങൾ മനസ്സിലാക്കുന്നതു നന്ന്. തൊട്ടടുത്തുള്ള കൃഷിഭവനിൽ ബന്ധപ്പെട്ട് പച്ചക്കറി ക്ലസ്റ്ററുകളിൽ അംഗത്വം നേടിയാല്‍ ക്ലസ്റ്റർ വഴി തൈകൾ വില്‍ക്കാം.

വിലാസം: കെ.എ. ഷബീർ അഹമ്മദ്, കൃഷി ഓഫിസർ, കോടഞ്ചേരി, കോഴിക്കോട്. ഫോൺ: 9447415609

English summary: How to prepare the seedlings for transplanting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com