ADVERTISEMENT

ശാരീരികമായ അസ്വസ്ഥതകൾ വരികയും ഏറ്റവും ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമായിട്ടും അവ വാങ്ങാൻ സാധിക്കാതാവുകയും എന്നാൽ ജീവിച്ചേ മതിയാകൂ, എങ്കിലേ ഉറ്റവരുടെയും ഉടയവരുടെയും ജീവിതത്തിലെ ആവശ്യങ്ങൾ നേടിയെടുക്കാൻ സാധിക്കൂ എന്നും ആയാൽ എന്തുചെയ്യും? അങ്ങനൊരു അവസ്ഥ വന്നാൽ മുള്ളാത്ത പോലുള്ള നാടൻ വിദ്യകൾ പൊടിക്കൈകളായി വരുന്ന ഹൈപ്പുകളിൽ വന്നു വീഴുകയും സമയാസമയത്തിനു രോഗാവസ്ഥയിൽനിന്നു തരണം ചെയ്യാൻ സാധിക്കാതെ ജീവൻ അപകടത്തിലാവുകയും ചെയ്യുന്നു. മിക്കവാറും വേറെന്തു വഴി എന്ന ദയനീയമായ ചോദ്യമായിരിക്കും വരിക. ഇത് മനുഷ്യന്റെ കാര്യത്തിൽ മാത്രമല്ല പക്ഷി മൃഗ പരിപാലനത്തിലും സസ്യ പരിപാലനത്തിലും സംഭവിക്കുന്നുണ്ട്.

ഭൂമിയിലുള്ള എല്ലാ വസ്തുക്കളിലും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ പോഷകങ്ങളുണ്ട്. പോഷകങ്ങളില്ലാത്ത വസ്തുക്കൾ ഇല്ലല്ലോ. പച്ചവെള്ളത്തിൽ പോലും ഒരു നിശ്ചിത‌ പോഷകങ്ങളുണ്ട്. ഇരുമ്പ്, സിങ്ക്, അയഡിൻ, കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പർ തുടങ്ങി അനേകം. പക്ഷേ അതുകൊണ്ട് സസ്യങ്ങളുടെയും, പക്ഷി മൃഗാദികളുടെയും മനുഷ്യന്റെയും ശാരീരികമായ മുഴുവൻ പ്രവർത്തനത്തിന്റെയും ധർമ്മങ്ങൾ പൂർത്തീകരിക്കാനുള്ള അളവിലുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നല്ലേ ഉത്തരം?

ജലസേചനം നിത്യേന നടത്തിയിട്ടും ഈ പറഞ്ഞ പോഷക വസ്തുക്കൾ എല്ലാം ഒരു നിശ്ചിത അളവിൽ ജലത്തിൽ അടങ്ങിയിട്ടും ചെടികൾ വാടുകയും ശോഷിക്കുകയും ഉൽപാദനത്തിൽ കുറവ് വരികയും രോഗങ്ങൾക്ക് കീഴടങ്ങുകയും ചെയ്യുന്നില്ലേ?‌ അതായത് മതിയായ അളവിൽ പോഷകങ്ങൾ ഇല്ലെന്നർഥം. അതുകൊണ്ട് ജലം ഒരു വളപ്രയോഗമായി കൃഷിയിൽ പരിഗണിക്കാറില്ല. എന്നുവച്ചു ജലം വേണ്ടെന്നു വയ്ക്കാമോ? അതുമില്ല. കാരണം ഓരോ ജീവജാലങ്ങൾക്കും അവയുടെ ശാരീരികമായ പ്രവർത്തനം ജലം ഒഴിവാക്കിക്കൊണ്ട് നടത്താൻ സാധിക്കില്ല. എന്നാൽ, പോഷകം എന്ന നിലയിൽ പരിഗണിക്കാറുമില്ല. 

ഭൂമിയിലെ സമസ്ത ജീവജാലങ്ങൾക്കും ജലം കൂടിയേ തീരൂ എന്നതുകൊണ്ടാണ് അത് കച്ചവടമാക്കി മാറ്റരുതെന്നു വാതോരാതെ പറയുന്നത്. പക്ഷേ ആ ജലമിന്നു കൊള്ളക്കച്ചവടമായി മാറിക്കഴിഞ്ഞു. പൈസ കൊടുത്താൽ പോലും ശുദ്ധജലം ലഭിക്കുന്നില്ലെന്ന അവസ്ഥയുമുണ്ട്. അങ്ങിനെ ശുദ്ധജലം ഇന്ന് ഭീതിപ്പെടുത്ത ഒരു വസ്തുവായി മാറിയിട്ടുമുണ്ട്. ശുദ്ധജലം ലഭിക്കാതെ മാറാ രോഗങ്ങളിൽ പെട്ട് ജീവിതം സർവനാശത്തിലേക്കു പോകുന്ന അനേകായിരങ്ങൾ ഇന്ന് ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്.

ഈയിടെയായി കഞ്ഞിവെള്ളം മറ്റൊരു ഹൈപ്പ് ആക്കി മാറ്റിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ കൃഷി പ്രചാരകർ തോന്നിയപോലെ എന്തും പടച്ചു വിടുമല്ലോ. അതിനനുസരിച്ചു നാദസ്വരം വീണ ഇലത്താളം വായിക്കുന്നവരും വാദിക്കുന്നവരും അനേകം. നേരത്തെ പറഞ്ഞപോലെ കഞ്ഞിവെള്ളത്തിലും പോഷകങ്ങളില്ലേ എന്നുചോദിച്ചാൽ ഇല്ലെന്നു പറയാൻ സാധിക്കില്ല‌. പക്ഷേ കഞ്ഞിവെള്ളം ഉപയോഗിച്ച് കൃഷി ചെയ്യാൻ സാധിക്കുമോ? 

വളമെന്ന്‌ കരുതുന്ന ചാണകവും ആട്ടിൻ കാഷ്ഠവും കോഴികാഷ്ഠവും സകലമാന പിണ്ണാക്കുകളും ഇലച്ചാറുകൾ മറ്റു വസ്തുക്കൾ പലതും കലക്കിയും അരച്ചും ചേർത്തു കൃഷി നടത്തിയിട്ടുപോലും കൃഷിയിൽ ഉൽപാദനം ലഭിക്കുന്നില്ല, ചെടികൾ നല്ല ആരോഗ്യത്തോടെ വളരുന്നില്ല എന്ന പരാതികൾ സാധാരണ ടെറസ് അടുക്കളത്തോട്ടക്കാരുടെ വാക്കുകളിൽനിന്നും കേൾക്കാവുന്നതാണ്.

ഓരോ വസ്തുക്കളും അത് ഏതേതു ഘടനയിൽ തടങ്ങളിൽ ചെന്നുചേരണം ഓരോ വസ്തുക്കളിലും എത്രയെത്ര പോഷക നിറവുണ്ട് എന്നതിന്റെയെല്ലാം മനസിലാക്കൽ നടക്കാതെ പോയാൽ അടുക്കളത്തോട്ട കൃഷി സർവ നാശത്തിലേക്കു പോകും എന്നത് ഉറപ്പായ കാര്യം. ഈ വസ്തുക്കളെല്ലാം തന്നെ ഒരു പ്രത്യേക പ്രക്രിയയിലൂടെ, പ്രത്യേകിച്ചു കമ്പോസ്റ്റ് പ്രക്രിയയിലൂടെ വിധേയമാക്കി കൊണ്ടുവന്നാൽ മാത്രമാണ് അതിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ചെടികളുടെ വളർച്ചാ ഘട്ടങ്ങളിലെ ആവശ്യകതകൾ പൂർത്തീകരിക്കാൻ സാധിക്കൂ. അതല്ലായെങ്കിൽ ഈ വസ്തുക്കൾ എത്ര കൊട്ടയിട്ടിട്ടും കാര്യമില്ല. കമ്പോസ്റ്റ് ചെയ്യാതെയും ഇവയെല്ലാം മണ്ണിൽ ചേർക്കുന്നത് നല്ലതുതന്നെ. മണ്ണിന്റെ ഘടനയിൽ മാറ്റം വരുത്താനും വളരെ സാവധാനം അതിലെ പോഷകങ്ങൾ ജീർണ്ണനത്തിനു ശേഷം ലയിച്ചു ചേരാനും നല്ലതുതന്നെ.

പക്ഷേ ഒരു ചെടി ഒന്നോ രണ്ടോ മൂന്നോ മാസം കൊണ്ട് അതിന്റെ ഉൽപാദനക്ഷമതയുടെ മുഴുവൻ ഘട്ടങ്ങളും കടന്നുപോകുന്ന തരത്തിൽ ആണെങ്കിൽ ആ കൃഷി ഇടത്തിൽ ജീർണ്ണിക്കാത്ത, കമ്പോസ്റ്റ് ചെയ്യാത്ത, വസ്തുക്കൾ മാത്രം മുഖ്യവളമെന്ന രീതിയിൽ ചേർത്ത് സ്വപ്നം കണ്ടിരുന്നാൽ ഒരു കൃഷി സീസൺ കഴിഞ്ഞു ചെടികൾ പറിച്ചു കളയാൻ നേരമായിരിക്കും അൽപമെങ്കിലും അതിലുള്ള പോഷകങ്ങൾ ജീർണ്ണനം നടന്നു മണ്ണിൽ ലയിച്ചു ചേരൂ എന്നുമായാൽ പിന്നെന്തു ഫലം?

അപ്പോൾ കഞ്ഞിവെള്ളത്തിലേക്ക് തിരിച്ചു വരാം. കഞ്ഞിവെള്ളത്തിൽ ഈ ഹൈപ്പുകാർ പറയുന്നപോലെ എന്തുണ്ട്? സ്റ്റാർച്ചിന്റെ ലഭ്യത ഉണ്ടെന്നല്ലാതെ മറ്റു മുഖ്യമായ പോഷകങ്ങളുടെ സ്രോതസ് എന്ന നിലയിൽ ഒരിക്കലും പരിഗണിക്കാൻ സാധിക്കില്ല, പരിഗണിക്കുകയും അരുത്. ഇതിൽ അടങ്ങിയിട്ടുള്ള സ്റ്റാർച്ച് പോലും മണ്ണിലെ സൂഷ്മാണു ജീവികൾക്ക് വളമായി ഉപകരിക്കും എന്നതല്ലാതെ വലിയ ഗുണഗണങ്ങളൊന്നും കഞ്ഞിവെള്ളത്തിലില്ല. സമയാസമയങ്ങളിലെ ചെടികളുടെ വളർച്ചയുടെ ഓരോ ആവശ്യകതകൾ നിർവഹിച്ചെടുക്കാൻ കഞ്ഞിവെള്ളത്തെ പൊടിക്കൈ പ്രയോഗമെന്ന രീതിയിൽ ആശ്രയിച്ചാൽ നിങ്ങളുടെ സമയവും പ്രയോഗവും തെറ്റായി പോകാം.

അഥവാ കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുള്ള സ്റ്റാർച്ചിന്റെ ഗുണം ലഭിക്കണമെങ്കിൽ പോലും ആ മണ്ണിൽ സൂഷ്മജീവാണുക്കളുടെ അംഗസംഖ്യ വർധിതമായ തോതിൽ ഉണ്ടാകാനുള്ള അടിസ്ഥാന ഘടന ഉണ്ടെങ്കിൽ മാത്രമേ കഞ്ഞിവെള്ളം ഉപയോഗിച്ചാൽ പോലും നടക്കൂ. ആ മണ്ണ് അഥവാ മിശ്രിതം അതിന്റെ ഘടന സൂഷ്മജീവാണുക്കളുടെ പ്രവർത്തനത്തിന് യോജ്യമല്ലെങ്കിൽ പിന്നെ കഞ്ഞിവെള്ളം ഒഴിച്ചിട്ടെന്തു കാര്യം?

അല്ലെങ്കിൽ തന്നെ ഒരു ഗ്രോ ബാഗ് മിശ്രിതം ശരിയായ രീതിയിൽ മിക്സ് ചെയ്യാൻ അറിയാതെ മണ്ണ് വാരിക്കോരി നിറച്ചു സിമന്റ് ഇട്ടപോലെ കട്ടപിടിപ്പിക്കുന്ന അടുക്കളത്തോട്ടക്കാരാണ് അധികവും. അത്തരക്കാർ അവരുടെ മണ്ണിലേക്ക് കഞ്ഞിവെള്ളം ഒഴിക്കാനുള്ള നിർദ്ദേശം കൂടി ലഭിച്ചാൽ പിന്നെ അതിന്റെ പിന്നാലെ പോകും.

നിങ്ങളുടെ കഞ്ഞിവെള്ളം വേസ്റ്റ് ആക്കി വലിച്ചെറിയണം എന്നല്ല, മറിച്ച് ജലസേചനത്തിലൂടെ അതും തടങ്ങളിൽ ചേർക്കുന്നതിൽ വിരോധമില്ല. പക്ഷേ ചെടികൾ അദ്ഭുതം സൃഷ്ടിക്കുമെന്ന വിടുവായത്തരങ്ങളിൽ ചെന്ന് ചാടാതിരിക്കുക. ചെടികൾക്ക് വേണ്ടുന്ന ഏറ്റവും യോജ്യമായ മീഡിയം, മിശ്രിതം, ഉണ്ടാക്കി അതിലേക്ക് ചെടികളുടെ വളർച്ചാഘട്ടത്തിലേക്കു വേണ്ടുന്ന മുഴുവൻ പോഷകങ്ങളും കീട രോഗ നിയന്ത്രണ മാർഗ്ഗങ്ങളും ലഭ്യമാക്കിയതിനു ശേഷം പിന്നെയും സമയമുണ്ടെങ്കിൽ ഒരു നേരം പോക്ക് എന്ന നിലയിൽ കഞ്ഞിവെള്ള പൂജ നടത്തുന്നതിൽ തെറ്റില്ല.

ഞാൻ കഞ്ഞിവെള്ളം ഒഴിച്ചിട്ടു ഫലമുണ്ടായല്ലോ എന്ന വാദക്കാരും ഉണ്ട്. അവർ കഞ്ഞിവെള്ളം ഒഴിച്ചിട്ടാണോ അതോ അവർ ഒരുക്കിയ മിശ്രിതം ചെടികളുടെ വളർച്ചയ്ക്ക് യോജ്യമായ രീതിയിൽ ആയതുകൊണ്ടാണോ ചെടികളിൽ മാറ്റം വന്നത് എന്ന് ചിന്തിക്കുന്നില്ല.

ചിലർ മുരടിപ്പും കുരുടിപ്പും കണ്ടാൽ കഞ്ഞിവെള്ളം ഉപയോഗിക്കുന്നവരും ഉണ്ട്, ഉപദേശിക്കുന്നവരും ഉണ്ട്. കുരുടിപ്പിനും മുരടിപ്പിനും കാരണം കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുള്ള സ്റ്റാർച്ച് ലഭിക്കാഞ്ഞിട്ടാണോ? കുരുടിപ്പിനും മുരടിപ്പിനും കാരണം കാത്സ്യത്തിന്റെയും അയണിന്റെയും കോപ്പറിന്റെയും കുറവ് കൊണ്ടാണെങ്കിലോ? മുരടിപ്പിനും മറ്റും കാരണമായ തൃപ്‌സും, സ്‌പൈഡർ മൈറ്റ്സും മീലിമൂട്ടകളും സ്കെയിൽസും കഞ്ഞിവെള്ളം പ്രയോഗിച്ചതുകൊണ്ട് ഇല്ലാതാകുമോ? അതുകൊണ്ട് ഏതൊരു പ്രയോഗവും അതിന്റെ പരിസരങ്ങളിലും കാര്യ കാരണ ബന്ധങ്ങളിലും മനസ്സിലാക്കി പ്രയോഗിക്കുക. 

കൂടുതൽ വിവരങ്ങൾക്ക്

വേണുഗോപാൽ മാധവ്, അൾട്രാ-ഓർഗാനിഗ് ഫാം പ്രാക്ടീസ് കൺസൾട്ടന്റ്, മുറ്റത്തെ കൃഷി ഫെയ്സ്ബുക്ക് കൂട്ടായ്മ. 

ഫോൺ: 944746213

English summary: Rice water as Fertilizer and Pesticide for Plants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com