രാസവ്യവസായ ശാലയ്ക്കുള്ളില്‍ 'മണ്ണി'ല്ലാത്ത ഹരിതവിപ്ലവം

HIGHLIGHTS
  • 2 ഏക്കറിൽ തുടങ്ങിയ കൃഷി ഇന്ന് 10 ഏക്കറിലേക്ക് വ്യാപിച്ചു
  • കൃഷി ഗണ്യമായ മാറ്റങ്ങളാണ് പ്രദേശത്ത് വരുത്തിയത്
titanium-farming-3
SHARE

കാക്കിക്കുളിലെ കലാഹൃദയം എന്ന് പറയുന്നതു പോലെയാണ് ടൈറ്റാനിയത്തിനകത്തെ പച്ചക്കറിത്തോട്ടം കണ്ടാൽ തോന്നുക. ഒരു രാസ വ്യവസായശാലയ്ക്കകത്തുള്ള ഈ കാഴ്ച കാണുന്നവർക്ക്  അത്ഭുതവും സന്തോഷവും പകർന്ന് നൽകും. തരിശു നിലത്തിലും സമൃദ്ധമായി പല തരം വിളകൾ വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരത്തെ ട്രാവൻകൂർ ടെറ്റാനിയം  പ്രോഡക്റ്റ്സ് ലിമിറ്റഡ്. ഈ വർഷം 75–ാം പിറന്നാളാഘോഷിക്കുന്ന ടൈറ്റാനിയം കേരളത്തിന് നൽകുന്നത് ഒരു 'ടൈറ്റാനിയം മോഡൽ കൃഷി'  എന്ന ആശയമാണ്.  

മുഖ്യമന്ത്രിയുടെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കുടപ്പനക്കുന്ന് കൃഷിഭവന്റെ സാങ്കേതിക സഹായത്തോടെ ഒരു അടുക്കളത്തോട്ടം എന്ന രീതിയിൽ 2 ഏക്കറിൽ തുടങ്ങിയ കൃഷി ഇന്ന് 10 ഏക്കറിലേക്ക് വ്യാപിച്ചിരിക്കുന്നു. ജില്ലാ തലത്തിൽ  ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം ഏറ്റവും  നന്നായി കൃഷി ചെയ്യുന്ന പൊതുമേഖലാ സ്ഥാപനത്തിനുള്ള പുരസ്കാരവും സ്ഥാപനം കരസ്ഥമാക്കി, ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്  പല സ്ഥാപനങ്ങളും  ഇന്ന്  ടൈറ്റാനിയം മോഡൽ കൃഷി നടപ്പാക്കുന്നുണ്ട്.

ചെയർമാൻ അഡ്വ. എ.എ. റഷീദിൻറെ ദീർഘവീക്ഷണവും പ്രവർത്തനങ്ങളുമാണ് തരിശുനിലത്തിലും കൃഷിയൊരുക്കാൻ സ്ഥാപനത്തെ പ്രാപ്താമാക്കിയത് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.  ഇനിയും മികച്ച രീതിയിൽ ഇതിനെ വളർത്തിയെടുക്കാൻ ശ്രമിക്കുന്ന അദ്ദേഹത്തിനൊപ്പം  സ്ഥാപനത്തിലെ ജീവനക്കാരുടെ ആത്മാർഥയും  ചേർന്നതോടെ  തരിശുനിലം പച്ചപ്പണിഞ്ഞു. 

titanium-farming-4

പ്രധാനമായും മൂന്ന് കാര്യങ്ങളാണ്  കൃഷിയിലൂടെ നേടാനായത്.

  1. മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിച്ചു
  2. ഒരു വ്യവസായശാല പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട പ്രവർത്തനം നടത്തുന്നു
  3. മണ്ണിന്റെ സ്വഭാവികത നിലനിർത്തുന്നു.

കമ്പോസ്റ്റ്  എന്ന വളം 

കൃഷി വിജയിപ്പിച്ചതിന് പിന്നിലെ ഒരു പ്രധാന ഘടകം തിരുവനന്തപുരം നഗരസഭയിൽനിന്നു ലഭിച്ച കമ്പോസ്റ്റ് മാലിന്യമാണ്. ആദ്യം നാലിഞ്ച് ആഴത്തിൽ ഏയ്റോബിക് കമ്പോസ്റ്റ് നിക്ഷേപിച്ചു. പിന്നീട് അതിന് മുകളിൽ വീടുകളിൽ നിന്നുള്ള കിച്ചൻ ബിൻ കമ്പോസ്റ്റും.  രണ്ടാഴ്ചയോളം ഇത്തരത്തിൽ മണ്ണിനെ പരുവപ്പെടുത്തിയശേഷമാണ് ചെടികൾ നട്ടത്. കമ്പോസ്റ്റിനൊപ്പം  തന്നെ ഡോളമൈറ്റും ചേർത്തിരുന്നു. ചെടികൾക്കാവശ്യമായ മൂലകങ്ങൾ എയ്റോബിക് കബോസ്റ്റിൽ നിന്നും കിട്ടുന്നുവെങ്കിലും വീടുകളിൽ നിന്നുള്ള കിച്ചൻ ബിൻ കമ്പോസ്റ്റിലെ  ഇനോക്കുലം തളിച്ച ചകിരിച്ചോറാണ് ജലത്തെ മണ്ണിൽ പിടിച്ച് നിർത്താൻ സഹായിക്കുന്നത്.  ചെടി നട്ടതിന് ശേഷം വീണ്ടും കമ്പോസ്റ്റ്  മിശ്രിതം അതിനു ചുവടെയിട്ട് കൊടുത്തു. 

കമ്പോസ്റ്റിനെ മാലിന്യമായി കണക്കാക്കാതെ  അതിനെ വേണ്ട രീതിയിൽ ഉപയോഗിച്ചാൽ മണ്ണിൻറെ ഘടനയെ തന്നെ മാറ്റി ഫലഭുയിഷ്ഠത നൽകും എന്നതിൻറെ ഉത്തമ ഉദ്ദാഹരണമാണ് ടൈറ്റാനിയത്തിലെ കൃഷി. കമ്പോസ്റ്റിൽ സസ്യങ്ങളുടെ വളർച്ചക്കാവശ്യമായ ഘടകങ്ങൾ  അടങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവാണ് ഈ കൃഷിരീതിയിൽനിന്നും മനസിലാക്കേണ്ടത്.

titanium-farming-1

കമ്പോസ്റ്റ് മാലിന്യത്തിന്റെ ഗുണങ്ങൾ

  1. വളർച്ചക്കാവശ്യമായ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു
  2. ജലത്തെ മണ്ണിൽ പിടിച്ച് നിർത്തുന്നു. 
  3. ചെടിക്ക് മണ്ണിൽ വളരുന്നിതനാവശ്യമായ വായുസഞ്ചാരം ഉറപ്പ് വരുത്തുന്നു.   

കൃഷി വരുത്തിയ വ്യത്യാസങ്ങൾ 

ടൈറ്റാനിയം ഡയോക്സൈഡ് നിർമ്മിച്ച് കഴിഞ്ഞ് ലഭിക്കുന്ന ഉപയോഗശൂന്യമായ റെഡ് ജിപ്സം അടങ്ങിയ ഫലഭൂയിഷ്ത കുറഞ്ഞ മണ്ണിലാണ് ഇന്ന് പത്തേക്കറോളം വ്യാപ്തിയിൽ കൃഷി തളിരിട്ട് നിൽക്കുന്നത് എന്നത് ചെറിയ കാര്യമല്ല.   കൃഷി ഗണ്യമായ മാറ്റങ്ങളാണ് പ്രദേശത്ത് വരുത്തിയത് . അവിടത്തെ അന്തരീക്ഷത്തിലെ കാർബണഡൈഓക്സൈഡിൻറെ അളവ് കുറഞ്ഞു. കുറഞ്ഞത് രണ്ട്  ഡിഗ്രിയെങ്കി ലും ആ പ്രദേശത്തെ  അന്തരീക്ഷ ഊഷ്മാവ്  കുറഞ്ഞിട്ടുണ്ട്. അമ്ല സ്വഭാവം കൂടുതലായിരുന്ന മണ്ണിൽ ഇന്ന് ചെറുജീവികൾ കാണപ്പെടുന്നു. അതായത് തരിശുനിലം ഇന്ന് ചെറുജീവികളുടെ ആവാസവ്യവസ്ഥയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇതോടൊപ്പം തന്നെ ഏറ്റവും ചെലവ് കുറഞ്ഞ  മിയാവാക്കി മാതൃകയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

titanium-farming

പച്ചക്കറികളുടെ സമൃദ്ധി 

വിവിധതരം പച്ചക്കറികൾ സമൃദ്ധമായി വിളയുന്ന കൃഷിയിടത്തിൽ. 3000 വാഴകൾ, 1500 മൂട് കപ്പ, ചേന, പയർ, മഞ്ഞൾ, മത്തൻ, വെള്ളരി, ചീര, വെണ്ട, വഴുതന, കാബേജ് മുതലായവയ്ക്കൊപ്പം നെല്ലും കൃഷി ചെയ്യുന്നു. 

titanium-farming-2

മനം നിറച്ച്  മത്സ്യക്കുളം 

പൊതുവെ വ്യവസായശാലകളിൽനിന്നുള്ള മാലിന്യം മൂലം തൊട്ടടുത്ത് ജലാശയങ്ങളിലെ മീനുകൾ ചത്തുപൊ‌ങ്ങുന്നു എന്ന വാർത്തകളാണ് നമുക്ക് പരിചിതം. അങ്ങനെ വ്യവസായശാലയ്ക്കുള്ളിൽ തന്നെ മീൻകുളം എന്ന ആശയമുദിച്ചു.  5 സെന്റ് വലുപ്പമുള്ള 2 കുളങ്ങൾ. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണൽ മാറ്റി ഏട്ടടിയോളം ആഴത്തിൽ മണൽ നിറച്ച ചാക്കുകൾ നിക്ഷേപിച്ചാണ് കുളം നിർമിച്ചിരിക്കുന്നത്.

രണ്ട് കുളങ്ങളിലുമായി 6000 മത്സ്യങ്ങളെ വളർത്തുന്നു. തിലാപ്പിയ, ഗ്രാസ് കാർപ്പ്, കട്‌ല, ആസ്സാംവാള  എന്നിവ ഈ കുളങ്ങളിൽ വളരുന്നു.  കുളങ്ങളിലെ വെള്ളം എല്ലാ ദിവസവും മാറ്റാറുണ്ട്. തൊട്ടടുത്ത് വാഴത്തോട്ടത്തിലേക്കാണ് വെള്ളം ഒഴുക്കുന്നത്. മീൻ വിസർജ്യം അടങ്ങിയ വെള്ളം ചെടികളുടെ വളർച്ചയ്കക്ക് ഉത്തമമാണ്.  വെള്ളത്തിൻറെ പിഎച്ചും കൃത്യമായി പരിശോധിക്കാറുമുണ്ട്.

English summary: Travancore Titanium Gets Good Yield By Cultivating Vegetables

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA