ADVERTISEMENT

വിഷമില്ലാത്ത പച്ചക്കറി വീട്ടുവളപ്പില്‍ വിളയിക്കാന്‍ ലക്ഷ്യമിട്ട് 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതി കൃഷി വകുപ്പ് ഈ വര്‍ഷവും നടപ്പാക്കുന്നു.

വിത്ത്, തൈ വിതരണം ജൂണില്‍

കൃഷി ഭവനുകള്‍ വഴി നാളെ മുതല്‍ വിത്തുകളും പച്ചക്കറി തൈകളുടെയും വിതരണം തുടങ്ങും.   

കൂടുതലറിയാന്‍ കൃഷി ഭവനുകളുമായി ബന്ധപ്പെടാം. ടോള്‍ ഫ്രീ നമ്പര്‍: 18004251661.

വിളകള്‍ നടേണ്ട സമയം

  • ചീര: ജൂണ്‍, ജൂലൈ
  • പയര്‍: മേയ്-ജൂണ്‍
  • വഴുതന/മുളക്: ജൂണ്‍ ആദ്യവാരം
  • വെണ്ട: ജൂണ്‍
  • പടവലം/പാവല്‍: ഈയാഴ്ച

വിളകളുടെ പരിപാലനം

  • ചീര

നടീല്‍ രീതി: ഗ്രോബാഗ്, ചെടിച്ചട്ടി, പ്ലാസ്റ്റിക് കവര്‍ എന്നിവയില്‍ ചീര വിത്തുകള്‍ ഇട്ടു തൈകള്‍ തയാറാക്കണം. മൂന്നാഴ്ച കഴിയുമ്പോള്‍ തൈകള്‍ കൃഷി സ്ഥലത്തേക്കു പറിച്ചു നടാം. സ്ഥലപരിമിതിയുള്ളവര്‍ക്കു ടെറസിലും കൃഷി ചെയ്യാം.

കീടനിയന്ത്രണം : ചീര വിത്തുകള്‍ പാകുമ്പോള്‍ ഉറുമ്പു ശല്യം ഒഴിവാക്കാന്‍ വിത്തുകള്‍ക്കൊപ്പം അരിയും ചേര്‍ത്തു പാകണം. അരിമണികള്‍ ഉറുമ്പു ഭക്ഷണമാക്കും. മഞ്ഞള്‍ പൊടി വിതറുന്നതും നല്ലത്. പാകിയ ശേഷം 2% വീര്യമുള്ള സ്യൂഡോമോണാസ് ലായനി തളിക്കുന്നതു നല്ലതാണ്.

വിളവെടുപ്പ്: നട്ട് 25 ദിവസത്തിനു ശേഷം ആദ്യ വിളവെടുപ്പു നടത്താം. ഓരോ വട്ടവും ചീര മുറിച്ച ശേഷം അല്‍പം ചാണകം ചേര്‍ത്തു മണ്ണു കൂട്ടിക്കൊടുക്കണം.

  • മുളക്

നടീല്‍ രീതി: പ്രോട്രേയില്‍ വിത്തു പാകി ഒരു മാസം പ്രായമായ തൈകള്‍ ഗ്രോബാഗിലോ മണ്ണിലോ പറിച്ചു നടാം. സ്യൂഡോമോണാസ് ലായനിയില്‍ തൈകള്‍ 15 മിനിട്ട് മുക്കി വച്ച ശേഷം നടുക.

കീടനിയന്ത്രണം: നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ ഇല ചുരുളുന്നതിനും മുരടിപ്പിനും കാരണമാകും. സംയോജിത നിയന്ത്രണ മാര്‍ഗങ്ങള്‍ അനിവാര്യം. വേപ്പധിഷ്ഠിത കീടനാശിനികള്‍, വെര്‍ട്ടിസിലിയം എന്നിവ ഉപയോഗിക്കാം. മഞ്ഞക്കെണികള്‍ സ്ഥാപിക്കണം.

വിളവെടുപ്പ്: 2 മാസം കഴിഞ്ഞ് വിളവെടുപ്പ് ആരംഭിച്ചാല്‍ പിന്നീട് 5 മാസക്കാലം വിളവെടുപ്പു തുടരാം. ഉണക്ക മുളകിന്റെ ആവശ്യത്തിനായി മൂത്തു പഴുത്തവ പറിച്ചു വെയിലത്തു നിരത്തി ഉണക്കിയെടുക്കാം.

  • പടവലം, പാവല്‍

നടീല്‍ രീതി: നടീല്‍ മിശ്രിതം നിറച്ച ചാക്കിലോ തടത്തിലോ നേരിട്ടു വിത്തുകള്‍ പാകി മുളപ്പിക്കാം. ജൈവവളങ്ങള്‍ പല പ്രാവശ്യമായി നല്‍കുന്നതു മെച്ചപ്പെട്ട വിളവിനു നല്ലത്. പച്ചചാണകം പാടില്ല.

കീടനിയന്ത്രണം: പ്രധാന ശത്രു കായീച്ചയാണ്. പൂക്കുമ്പോള്‍ തന്നെ കായീച്ചക്കെണികള്‍ സ്ഥാപിക്കണം. തുളസിക്കെണി, ഫെറമോണ്‍ കെണി എന്നിവ ഉപയോഗിക്കാം. ഇലപ്പുള്ളി രോഗത്തിനു പ്രതിരോധിക്കുന്ന നിലയില്‍ സ്യൂഡോമോണാസ് ആഴ്ചയിലൊരിക്കല്‍ തളിക്കാം. പന്തലില്‍ പടര്‍ന്നാല്‍ ചുവട്ടിലെ ഏതാനും ഇലകള്‍ നുള്ളിക്കളയാം.

വിളവെടുപ്പ്: വിത്തുപാകി, 2 മാസം കഴിഞ്ഞാല്‍ വിളവെടുപ്പ് ആരംഭിക്കാം. കായ്കള്‍ കൂടുതല്‍ മൂപ്പെത്തുന്നതിനായി നിര്‍ത്തിയാല്‍ പൂക്കളുടെ ഉല്‍പാദനത്തെ ബാധിക്കും. 90 ദിവസക്കാലം വിളവെടുപ്പു നടത്താം.

  • വെണ്ട

നടീല്‍ രീതി: വിത്തുകള്‍ 24 മണിക്കൂര്‍ കുതിര്‍ത്ത്, നേരിട്ട് ഗ്രോബാഗിലോ മണ്ണിലോ പാകി നട്ടുവളര്‍ത്താം. നന പ്രധാനം.

കീടനിയന്ത്രണം: വെള്ളീച്ച പരത്തുന്ന വൈറസ് രോഗത്തെ സൂക്ഷിക്കണം. രോഗം പരത്തുന്ന കീടങ്ങളെ നിയന്ത്രിക്കുന്നതിന് വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതവും മഞ്ഞക്കെണിയും ഉപയോഗിക്കാം.

വിളവെടുപ്പ്: നട്ട് 45-ാം ദിവസം മുതല്‍ രണ്ടര മാസക്കാലം ഒന്നിടവിട്ട ദിവസങ്ങളില്‍ വിളവെടുക്കാം.

  • വഴുതന

നടീല്‍ രീതി: ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നട്ടാണു കൃഷി ചെയ്യേണ്ടത്. ആവശ്യമെങ്കില്‍ താങ്ങു നല്‍കണം.

കീടനിയന്ത്രണം: കായും തണ്ടു തുരക്കുന്ന പുഴുക്കളും, നീരൂറ്റി കുടിക്കുന്ന കീടങ്ങളുമാണു പ്രധാന ശത്രുക്കള്‍. ഇവയെ നിയന്ത്രിക്കുന്നതിനായി വേപ്പധിഷ്ഠിത കീടനാശിനികള്‍ പ്രയോഗിക്കാം. വാട്ട രോഗത്തിനു പ്രതിരോധമെന്ന നിലയില്‍ 15 മിനിട്ട് സ്യൂഡോമൊണാസ് ലായനിയില്‍ മുക്കി വച്ച ശേഷം നടണം.

വിളവെടുപ്പ്: 2 മാസം കഴിഞ്ഞാല്‍ വിളവെടുപ്പ് ആരംഭിക്കാം. കുറ്റിവിള സമ്പ്രദായം അനുവര്‍ത്തിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തോളം വിളവെടുക്കാം.

  • പയര്‍

നടീല്‍ രീതി: ഗ്രോബാഗിലും തടത്തിലും വെള്ളത്തില്‍ കുതിര്‍ത്ത വിത്തുകള്‍ നേരിട്ടു പാകി വളര്‍ത്തി പന്തലില്‍ പടര്‍ത്താം.

കീടനിയന്ത്രണം: പ്രധാന ശത്രു മുഞ്ഞ. വേപ്പെണ്ണ, ആവണക്കെണ്ണ കൂട്ടും ബിവേറിയയും ഇതിനെതിരെ പ്രയോഗിക്കാം. തണ്ടു പുഴുക്കള്‍ക്കെതിരെ വേപ്പെണ്ണ എമല്‍ഷന്‍ ഉപയോഗിക്കാം.

വിളവെടുപ്പ്: നട്ട് 50-ാം ദിവസം മുതല്‍ രണ്ടര മാസക്കാലം ഒന്നിടവിട്ട ദിവസങ്ങളില്‍ വിളവെടുക്കാം.

  • മുളക്

നടീല്‍ രീതി: പ്രോട്രേയില്‍ വിത്തു പാകി ഒരു -മാസം പ്രായമായ തൈകള്‍ ഗ്രോബാഗിലോ മണ്ണിലോ പറിച്ചു നടാം. സ്യൂഡോമോണാസ് ലായനിയില്‍ തൈകള്‍ 15 മിനിട്ട് മുക്കി വച്ച ശേഷം നടുക.

കീടനിയന്ത്രണം: നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ ഇല ചുരുളുന്നതിനും മുരടിപ്പിനും കാരണമാകും. സംയോജിത നിയന്ത്രണ മാര്‍ഗങ്ങള്‍ അനിവാര്യം. വേപ്പധിഷ്ഠിത കീടനാശിനികള്‍, വെര്‍ട്ടിസിലിയം എന്നിവ ഉപയോഗിക്കാം. മഞ്ഞക്കെണികള്‍ സ്ഥാപിക്കണം.

വിളവെടുപ്പ്: 2 മാസം കഴിഞ്ഞ് വിളവെടുപ്പ് ആരംഭിച്ചാല്‍ പിന്നീട് 5 മാസക്കാലം വിളവെടുപ്പു തുടരാം. ഉണക്ക മുളകിന്റെ ആവശ്യത്തിനായി മൂത്തു പഴുത്തവ പറിച്ചു വെയിലത്തു നിരത്തി ഉണക്കിയെടുക്കാം.

English summary: Onathinu oru muram pachakkari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com