ADVERTISEMENT

വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറിക്കൃഷി ചെയ്യുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. അതിന് അനുസൃതമായി വിപണനസൗകര്യങ്ങളും മെച്ചപ്പെട്ടിട്ടുണ്ട്. ഉൾനാടൻ ഗ്രാമങ്ങളിൽപോലുമുണ്ട്  സ്വാശ്രയ കാർഷിക വിപണികൾ. സർക്കാർ ഏജൻസികളുടെ മാത്രമല്ല, സഹകരണസംഘങ്ങളുടെയും കർഷക കൂട്ടായ്മകളുടെയുമെല്ലാം നേതൃത്വത്തിൽ ചെറുതും വലുതുമായ ആഴ്ചവിപണികൾ സജീവം. ഇവയെല്ലാം ചൂഷണരഹിതമാണെന്നോ ഉൽപാദിപ്പിക്കുന്നവ മുഴുവൻ വിറ്റഴിക്കാൻ പര്യാപ്തമാണെന്നോ പറയുന്നില്ല. എന്നാൽ, വിപണിയിലിന്ന് കർഷകന്‍ മുൻകാലത്തെക്കാൾ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. പരമ്പരാഗത വിപണിയെ മാത്രം ആശ്രയിക്കുന്ന പതിവു വിട്ട് വാട്സാപ് ഗ്രൂപ്പുകൾ ഉൾപ്പെടെ നവമാധ്യമങ്ങൾ പ്രയോജനപ്പെടുത്തി സ്വന്തം നിലയ്ക്ക് ഉപഭോക്താക്കളെ കണ്ടെത്താനും കർഷകർ പഠിച്ചിരിക്കുന്നു.

എന്നാൽ, വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറിക്കൃഷിയോട് യുവകർഷകർക്കും പുതു കർഷകർക്കും താൽപര്യം വർധിക്കാൻ വിപണി മാത്രമല്ല, ആധുനിക കൃഷിരീതികൾക്കു ലഭിക്കുന്ന സ്വീകാര്യത മുതൽ ഉയർന്ന ഉൽപാദനക്ഷമതയുള്ള വിത്തിനങ്ങളുടെ ലഭ്യത വരെ കാരണമാകുന്നുണ്ട്.  

കൃഷിയിൽ കൃത്യത

പോളിത്തീൻ പുത(മൾച്ചിങ്)യും തുള്ളിനന(ഡ്രിപ് ഇറിഗേഷൻ)യും നനയ്ക്കൊപ്പം വളപ്രയോഗവും (ഫെർട്ടിഗേഷൻ) ക്രമീകരിച്ചുള്ള തുറന്ന സ്ഥലത്തെ കൃത്യതാക്കൃഷിരീതി(open precision farming) കേരളത്തിലെ പച്ചക്കറിക്കർഷകർ പരിചയപ്പെട്ടിട്ട് അധിക കാലമായിട്ടില്ല. കുറഞ്ഞ കാലം കൊണ്ടു പക്ഷേ, വാണിജ്യ പച്ചക്കറിക്കൃഷിയിൽ നല്ല പങ്കും കൃത്യതാക്കൃഷിയിലേക്കു ചുവടുമാറ്റി. അതോടെ അതുവരെയില്ലാതിരുന്ന ഏകീകൃത പ്രയോഗശാസ്ത്രം നമ്മുടെ പച്ചക്കറിക്കൃഷിക്കു കൈവന്നു. കൃഷിയിലെ ഈ ആധുനികീകരണമാണ് വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറിക്കൃഷി വർധിക്കാനും യുവാക്കൾ അതിലേക്ക് ആകൃഷ്ടരാകാനും ഇടയാക്കിയ മുഖ്യ ഘടകം.

തുറന്ന സ്ഥലത്തെ കൃത്യതാക്കൃഷി മാത്രമല്ല, പോളിഹൗസ്, അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് തുടങ്ങിയ ആധുനിക കൃഷിസമ്പ്രദായങ്ങൾ പലതും കേരളത്തിലെ പച്ചക്കറിക്കൃഷികാർക്കു പരിചിതമായതും കഴിഞ്ഞ ദശകത്തിലാണ്. കൃത്യതാക്കൃഷിക്കു ലഭിച്ചത്രയും പ്രചാരം മേൽപറഞ്ഞ സമ്പ്രദായങ്ങൾക്കുണ്ടായിട്ടില്ല എന്നു മാത്രം. ഇടക്കാലത്ത് വൻ പ്രചാരം നേടിയ പോളിഹൗസ് കൃഷിയിൽനിന്ന് പിൽക്കാലത്ത് ഭൂരിപക്ഷവും പിന്മാറുകയും ചെയ്തു. മത്സ്യക്കൃഷിയും പച്ചക്കറിക്കൃഷിയും സംയോജിപ്പിച്ചുള്ള അക്വാപോണിക്സാവട്ടെ, മത്സ്യോല്‍പാദനം മാത്രമായി ചുരുങ്ങി. എന്നാൽ ഇവയൊന്നും തള്ളിക്കളയേണ്ട കൃഷിരീതികളല്ലെന്നും സ്ഥല ലഭ്യത കുറഞ്ഞു വരുന്ന കേരളത്തിൽ സാങ്കേതിക പൂർണതയോടെ നിലനിർത്തേണ്ടവയാണെന്നും തെളിയിക്കുന്ന കർഷകരുണ്ട്.

ഹ്രൈബ്രിഡ് നേട്ടം

കൃഷിയിൽ ആധുനികത വന്നപ്പോൾ ഉയർന്ന ഉൽപാദനത്തിന് ഉതകുന്ന പച്ചക്കറിവിത്തു വിപണിയും സജീവമായി. ഇന്നു കേരളത്തില്‍ വാണിജ്യ പച്ചക്കറിക്കൃഷി ചെയ്യുന്നവർക്കിടയിൽ ഹൈബ്രിഡ് വിത്തിനങ്ങൾ പ്രയോജനപ്പെടുത്താത്തവർ ഇല്ലെന്നു തന്നെ പറയാം. ഹൈബ്രിഡ് വിത്തിനങ്ങൾ കൃഷി ചെയ്തതിന്റെ നേട്ടം ഉൽപാദന വർധനയിൽ മാത്രമല്ല പ്രതിഫലിച്ചത്. ഉയർന്ന ഉൽപാദനം വിലയിടിവിലും പിടിച്ചു നിൽക്കാൻ കർഷകർക്കു സഹായകമായി. മുളകിനമായ സിറയും വെണ്ടയിനമായ സമ്രാട്ടും പാവലിനമായ മായയുമെല്ലാം കർഷകരുടെ ഇഷ്ടയിനങ്ങളായി മാറിയത് അങ്ങനെയാണ്.

എക്സോട്ടിക് പച്ചക്കറിയിനങ്ങൾ പ്രതീക്ഷിക്കുന്ന ഉപഭോക്തൃസമൂഹവും ഇന്നിവിടെ രൂപപ്പെട്ടിട്ടുണ്ട്. കെയ്‌ലും ലെറ്റ്യൂസും ബേബി സ്പിനാഷും സ്വിസ്ചാഡും പോലുള്ള വിശിഷ്ട ഇനങ്ങൾ ആധുനിക രീതിയിൽ കൃഷി ചെയ്ത് ബ്രാൻഡ് ചെയ്തു വിപണിയിലെത്തിക്കുന്ന നവസംരംഭകർ കടന്നുവരുന്നത് ഈ സാഹചര്യത്തിലാണ്.

പഠിച്ചും തിരുത്തിയും

ഹൈടെക് / ഹൈഡെൻസിറ്റി കൃഷി സമ്പ്രദായങ്ങൾ അപ്പാടെ ചതിക്കുഴികളാണെന്നും സമ്പൂർണ പരാജയമാണെന്നുമുള്ള പ്രചാരണം ഇന്നു സജീവമാണ്. പരാജയപ്പെട്ടവരുടെ നിരാശയും അമര്‍ഷവും ഏറെ കേൾക്കാനുമുണ്ട്. എന്നാല്‍ ഇവരാരും കൃഷി മുതൽ വിപണിവരെയുള്ള ഘടകങ്ങളിൽ സ്വന്തം വൈദഗ്ധ്യത്തെ തരിമ്പും സംശയിക്കുന്നില്ല. അവിടെയാണ് പ്രശ്നത്തിന്റെ കാതല്‍. 

എല്ലാ മേഖലയിലുമെന്നപോലെ ഈ രംഗത്തും തട്ടിപ്പുകളും നഷ്ടസാധ്യതകളുമുണ്ട്. സംരംഭം ഏതുമാകട്ടെ, അതിനെക്കുറിച്ച് ആഴത്തിൽ പഠിക്കാനുള്ള ഉത്തരവാദിത്തം സംരംഭകനുണ്ട്. ഓരോരുത്തരും നേരിടുന്ന വെല്ലുവിളി വ്യത്യസ്തമായിരിക്കും. അതു തിരിച്ചറിയാനും തിരുത്താനുമുള്ള ശ്രമം വേണം. 20 ആടുകളുള്ള കർഷകൻ ലാഭം നേടുന്നതു കാണുമ്പോൾ 200 ആടിനെ വാങ്ങി ഒറ്റയടിക്ക് അതിന്റെ 10 ഇരട്ടി ലാഭം കൊയ്യാം എന്നു മറ്റൊരാൾ കരുതിയാൽ പരാജയപ്പെടുമെന്നു തീർച്ച. അത്തമൊരു ലളിത സമവാക്യമല്ല കൃഷി. 

ഉൽപാദനം മുതൽ വിപണനം വരെയുള്ള ഓരോ ഘട്ടത്തിലും പഠിച്ചും അപ്രതീക്ഷിത വെല്ലുവിളികളെ സമയബന്ധിതമായ തിരുത്തലുകൾകൊണ്ടു മറികടന്നും മാത്രമേ ഹൈടെക് കൃഷിയിൽ വിജയം നേടാനാവൂ. അതല്ലാതെ, എല്ലാ പുതിയ ആശയങ്ങൾക്കും നേരെ ‘അവർക്കൊക്കെ എന്തെങ്കിലും അജൻഡ കാണും’ എന്ന സ്ഥിരം ചുരിക ചുഴറ്റുന്നത് കാർഷികമേഖലയെ മുരടിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ.

English summary: Hi-tech Agriculture in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com