ട്രെൻഡ് ആയി വാട്ടര്‍ ഗാര്‍ഡന്‍; വീട്ടുമുറ്റത്തൊരുക്കാം ഭംഗിയുള്ള ജലോദ്യാനം

HIGHLIGHTS
  • പലതരം പൂവിടും ജലസസ്യങ്ങള്‍ ഇന്നു ലഭ്യമാണ്
  • ചാണകപ്പൊടിയും വേപ്പിന്‍പിണ്ണാക്കുംപോലുള്ള ജൈവ വളങ്ങളാണ് കൂടുതല്‍ നല്ലത്
water-garden
SHARE

പൂക്കളാണ് ഉദ്യാനത്തിന് അഴകും മനസ്സിന് ആനന്ദവും നല്‍കുക. അലങ്കാരപ്പൊയ്കയിലെ ആമ്പല്‍പൂവിനും ഉദ്യാനത്തില്‍ പൂവിട്ടുനില്‍ക്കുന്ന റോസിനും ഭംഗി ഒരുപോലെതന്നെ. പൂന്തോട്ടത്തിലെന്നപോലെ ഉദ്യാനപ്പൊയ്കയുടെ മോടിക്ക് മാറ്റു കൂട്ടാന്‍ താമരയും ആമ്പലും കൂടാതെ മറ്റു പലതരം പൂവിടും ജലസസ്യങ്ങള്‍ ഇന്നു ലഭ്യമാണ്. 

വാട്ടര്‍ ഗാര്‍ഡന്‍ ഒരുക്കാന്‍ ഡബിള്‍ ഫ്‌ലവറിങ് ആരോ ഹെഡ്, മെക്‌സിക്കന്‍ സ്വാര്‍ഡ്, വാട്ടര്‍ പോപ്പി, വാട്ടര്‍ മൊസൈക് പ്ലാന്റ്, നെയ്യാമ്പല്‍, യെല്ലോ വാട്ടര്‍ ലില്ലി എന്നിവയെല്ലാം തിരഞ്ഞെടുക്കാം. നമ്മുടെ കാലാവസ്ഥയില്‍ നേരിട്ടു വെയില്‍ കിട്ടുന്നിടത്ത് ഇവയെല്ലാം യഥേഷ്ടം പുഷ്പിക്കും. ആമ്പല്‍ ഉള്‍പ്പെടെ പല ജലസസ്യങ്ങളും നന്നായി പൂവിടാന്‍ രാവിലത്തെ വെയിലാണ് ഉചിതം. പൂമൊട്ടില്‍ സൂര്യപ്രകാശം രാവിലെ വീഴുമ്പോഴാണ് പൂ വിരിയുക. ചൂടു കൂടിയ പടിഞ്ഞാറന്‍ വെയിലില്‍ ഇലകള്‍ പൊള്ളാനിടയുണ്ട്. മനോഹരമായ പൂക്കള്‍ വിടരുന്ന ഈ സസ്യങ്ങള്‍ ജലാശയത്തിലെ മാലിന്യം ആഗിരണം ചെയ്ത് വളര്‍ച്ചയ്ക്കായി ഉപയോഗിക്കുക വഴി ജലം ശുദ്ധിയാക്കുന്നു. സൂര്യപ്രകാശം നേരിട്ടു ജലത്തില്‍ പതിക്കുന്നതു തടഞ്ഞ് പായല്‍(ആല്‍ഗ) വളര്‍ന്നു വെള്ളം മോശമാകുന്നത് ഒഴിവാക്കാനും ഈ ജലസസ്യങ്ങള്‍  സഹായിക്കുന്നു.

പ്ലാസ്റ്റിക് ബേസിനുകളിലും ഇവയെ പരിപാലിക്കാം. ഇങ്ങനെ പരിപാലിക്കുമ്പോള്‍ കൊതുക് മുട്ടയിട്ടു പെരുകാതിരിക്കാന്‍ ഗപ്പിമത്സ്യത്തെക്കൂടി ബേസിനില്‍ വളര്‍ത്തുന്നതു കൊള്ളാം. ഉദ്യാനപ്പൊയ്കയില്‍ മുഴുവനായി മിശ്രിതം നിറച്ച് ചെടികള്‍ നടുന്നതിനു പകരം ചെടികള്‍ നട്ട ബേസിനുകള്‍ ജലാശയത്തില്‍ ഇറക്കിവയ്ക്കുന്ന രീതി അവലംബിക്കാം. ഇവ നന്നായി വളരാനും പൂവിടാനും ചാണകപ്പൊടിയും വേപ്പിന്‍പിണ്ണാക്കുംപോലുള്ള ജൈവ വളങ്ങളാണ് കൂടുതല്‍ നല്ലത്. വളം അധികമായാല്‍ പായല്‍ (ആല്‍ഗ) ഉണ്ടായി വെള്ളം മലിനമാകാനിടയുള്ളതുകൊണ്ട് ആവശ്യാനുസരണം മാത്രം നല്‍കുക. രോഗ, കീടശല്യം താരതമ്യേന കുറവുള്ള ഈ ജലസസ്യങ്ങള്‍ക്കെല്ലാം ലളിതമായ പരിപാലനം മതി.

double-flowering-arrow-head

ഡബിള്‍ ഫ്‌ലവറിങ് ആരോ ഹെഡ്

സാജിറ്റേറിയ ജാപ്പോനിക്ക എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ ചെടിക്കു 'ജാപ്പോനിക്ക' എന്നും വിളിപ്പേരുണ്ട്. വെള്ളപ്പൂക്കള്‍കൊണ്ട് തയാറാക്കിയ ബ്രൈഡല്‍ ബുക്കെപോലുള്ള പൂങ്കുലയാണ് ഈ ജലസസ്യത്തിന്റെ ഭംഗി. അര മീറ്ററോളം നീളമുള്ള, ശിഖരങ്ങളോടു കൂടിയ പൂങ്കുലയില്‍ റോസാപ്പൂപോലുള്ള പൂക്കള്‍. കുന്തത്തിന്റെ തലപ്പിനോടു സാദൃശ്യമുള്ള, നീളമുള്ള ഇലകള്‍ ജലപ്പരപ്പിനു മുകളില്‍ വ്യക്തമായി കാണാം. ജലാശയത്തിലെ മണ്ണിലുള്ള കിഴങ്ങില്‍നിന്നാണ് ചെടി ഇലകളും പൂങ്കുലയും എല്ലാം ഉല്‍പാദിപ്പിക്കുക. കിഴങ്ങിനു ചുറ്റും പടര്‍ന്നുവളരുന്ന വേരുകളുടെ തുമ്പില്‍  ഉണ്ടായി വരുന്ന നെല്‍മണിപോലുള്ള ഭാഗമാണ് പിന്നീട് വളര്‍ന്നു പുതിയ ചെടിയാകുന്നത്. ഇത്തരം തൈകള്‍ ആവശ്യത്തിന് വളര്‍ച്ചയായാല്‍ വേര്‍പെടുത്തിയെടുത്തു നടാം. നട്ടു 2 മാസത്തിനുള്ളില്‍ പൂവിട്ടു തുടങ്ങും. വര്‍ഷത്തില്‍ പല തവണ പുഷ്പിക്കുന്ന പ്രകൃതം. പാതി തണലുള്ളിടത്തും പൂവിടും. പൂങ്കുലയില്‍ പൂക്കള്‍ ഒന്നൊന്നായാണ് വിരിഞ്ഞു വരിക. രണ്ടാഴ്ചകൊണ്ട് മുഴുവന്‍ പൂക്കളും വിരിയും. വെയില്‍ അധികമായാല്‍ പൂക്കള്‍ക്കു ഇളം പിങ്ക് നിറമാകും. 

mexican-sword

മെക്‌സിക്കന്‍ േസ്വാര്‍ഡ്

ഒരു മീറ്ററോളം നീളമുള്ള പൂങ്കുല; അതിന്റെ ഓരോ മുട്ടിലും 5- 6 പൂക്കള്‍ ഒരുമിച്ചാണ് വിരിഞ്ഞു വരിക. ഒറ്റ നിര ഇതളുകളോടുകൂടിയ, നേര്‍ത്ത സുഗന്ധമുള്ള പൂക്കള്‍ക്ക് തൂവെള്ള നിറം. 3 ഇതളുകളോടുകൂടിയ പൂവിന്റെ ഒത്ത നടുവിലുള്ള കേസരങ്ങള്‍ക്കു കടും മഞ്ഞ നിറം. നീണ്ട തണ്ടിന്റെ അറ്റത്ത് തടിച്ച ഞരമ്പുകളോടുകൂടിയ, അഗ്രഭാഗം കൂര്‍ത്ത വീതിയുള്ള ഇലകള്‍. ജലപ്പരപ്പിനു മുകളിലേക്ക് നില്‍ക്കുന്ന ഇലകള്‍ക്ക് ഒന്നര അടിയോളം ഉയരം; എല്ലാം മെക്‌സിക്കന്‍ സ്വോര്‍ഡ് ചെടിയുടെ വിശേഷണങ്ങള്‍. മണ്ണിനടിയില്‍ വളരുന്ന കിഴങ്ങില്‍നിന്നാണ് ചെടി ഇലകളും പൂക്കളും ഉല്‍പാദിപ്പിക്കുക. പൂവിട്ടു കഴിഞ്ഞ പൂന്തണ്ട് വെള്ളത്തില്‍ മുട്ടിച്ചുനിര്‍ത്തിയാല്‍  മുട്ടുകളില്‍നിന്നു പുതിയ ചെടികള്‍ ഉണ്ടായി വരും. ഇവ നടീല്‍വസ്തുവായി ഉപയോഗിക്കാം. കാല വ്യത്യാസമില്ലാതെ പുഷ്പിക്കുന്ന പ്രകൃതമാണുള്ളത്. തണല്‍ അധികമായാല്‍ പൂവിടുന്നതു കുറയും. ആഴം കുറഞ്ഞ വെള്ളത്തിലും ഈ ചെടി ആരോഗ്യത്തോടെ വളരും. 

water-popy

വാട്ടര്‍ പോപ്പി

പോപ്പിപ്പൂവിന്റെ ആകൃതിയുള്ള ചെറിയ മഞ്ഞപ്പൂക്കള്‍. മൂന്ന് ഇതളുകളോടുകൂടിയ പൂവിന്റെ നടുവില്‍ തവിട്ടുനിറത്തിലുള്ള കേസരങ്ങള്‍. കുത്തനെ നിവര്‍ന്നു നില്‍ക്കുന്ന പൂക്കള്‍ ഒറ്റയായാണ് ചെടിയില്‍ കാണുക. കാലവ്യത്യാസമില്ലാതെ സമൃദ്ധമായി പുഷ്പിക്കുന്ന പ്രകൃതം. പൂക്കള്‍ക്ക് അനുകൂല കാലാവസ്ഥയില്‍ ഒന്നുരണ്ട് ദിവസത്തെ ആയുസ്സേയുള്ളൂ. മെഴുകിന്റെ ആ വരണമുള്ള ഇലകള്‍ക്ക് വൃത്താകൃതിയാണ്. ഇവ തിങ്ങിനിറഞ്ഞാണ്  ജലപ്പരപ്പില്‍ ഉണ്ടായിവരിക. ഒറ്റ നോട്ടത്തില്‍ ആമ്പലുമായി നല്ല രൂപസാദൃശ്യമുണ്ട്. ആഴം കുറഞ്ഞ ജലസംഭരണിയിലും ഇവ പരിപാലിക്കാന്‍ പറ്റും. വള്ളിപോലുള്ള തണ്ടുപയോഗിച്ചു ചെടി വേഗത്തില്‍ പടര്‍ന്നു വളരും. തണ്ടിന്റെ മുട്ടുകളില്‍നിന്നാണ് വേരുകളോടുകൂടിയ തൈകള്‍ ഉണ്ടായിവരിക. ആവശ്യത്തിന് വലുപ്പമായ തൈ വേര്‍പെടുത്തിയെടുത്ത് നടാം. പാതി തണല്‍ കിട്ടുന്ന വരാന്ത, ബാല്‍ക്കണി ഇവിടെയെല്ലാം ചെടി നന്നായി പുഷ്പിക്കും. 

neyyambal

നെയ്യാമ്പല്‍

'സ്‌നോ ഫ്‌ലേക് വാട്ടര്‍ ലില്ലി' എന്ന് ഇംഗ്ലിഷില്‍ വിളിപ്പേരുള്ള ഈ സസ്യത്തിന് ആമ്പലുമായി നല്ല രൂപസാദൃശ്യമുണ്ട്. അതുകൊണ്ടാകാം നെയ്യാമ്പല്‍ എന്നു വിളിപ്പേരുള്ളത്. വെള്ള നിറത്തില്‍ നിറയെ നാരുകളോടുകൂടിയ, പഞ്ഞിപോലുള്ള പൂക്കളാണ് മുഖ്യ ആകര്‍ഷണം. 5 ഇതളുകളുള്ള പൂവിന്റെ മധ്യഭാഗത്തിനു നല്ല മഞ്ഞനിറമാണ്. വേഗത്തില്‍ പടര്‍ന്നു വളരുന്ന നെയ്യാമ്പലിന്റെ ഇലകളുടെ ചുവട്ടില്‍നിന്ന് 5- 6 എണ്ണം വീതമുള്ള  ചെറിയ കൂട്ടമായാണ് പൂക്കള്‍ ഉണ്ടായി വരിക. പൂവിട്ടു കഴിഞ്ഞാല്‍ ഇലയുടെ ചുവട്ടില്‍നിന്നുതന്നെ തൈകള്‍  ഉണ്ടാകും.  പ്രായമായ ഇലകള്‍ വേര്‍പെടുത്തി വെള്ളത്തില്‍ ഇട്ടാലും ചുവട്ടില്‍നിന്നു തൈകള്‍ ഉണ്ടായിവരും. വേഗത്തില്‍ പടര്‍ന്നു വളരുന്ന ഈ ചെടി ആഴം കുറഞ്ഞ ജലാശയത്തിലും വളര്‍ത്താം.

yellow-water-lilly

യെല്ലോ വാട്ടര്‍ ലില്ലി

'ന്യുഫര്‍ ലൂട്ടിയ' എന്ന ശാസ്ത്രനാമമുള്ള ഈ ചെടിക്കും  സസ്യപ്രകൃതിയില്‍ ആമ്പലുമായി സാമ്യമുണ്ട്. കടും മഞ്ഞനിറത്തില്‍ ചെറിയ പൂക്കളുള്ള ന്യുഫറിന് ആമ്പലിന്റെ പോലെ കൃത്യമായ വൃത്താകൃതിയില്‍, മെഴുകാവരണമുള്ള ഇലകള്‍ സവിശേഷതയാണ്. ആമ്പലിലെന്നപോലെ നല്ല നീളമുള്ള തണ്ടിന്റെ അറ്റത്താണ് ഇലകളും പൂക്കളും ഉണ്ടായി വരിക. വേഗത്തില്‍ വളരുന്ന ഈ ചെടിയുടെ മഞ്ഞപ്പൂക്കള്‍ ഒറ്റ നോട്ടത്തില്‍ പ്ലാസ്റ്റിക് പൂക്കള്‍പോലെ തോന്നും. നല്ല കട്ടിയുള്ള 5 ഇതളുകളോടുകൂടിയ പൂവിന്റെ നടുവില്‍ നല്ല വലുപ്പത്തില്‍, മഞ്ഞനിറമുള്ള കേസരങ്ങള്‍ കാണാം. 4 ദിവസത്തോളം ആയുസ്സുള്ള പൂവ് രണ്ടാം ദിവസമാകുമ്പോള്‍ ഓറഞ്ച് കലര്‍ന്ന മഞ്ഞനിറമാകും. മണ്ണിനടിയില്‍ പടര്‍ന്നു വളരുന്ന കിഴങ്ങുള്ള ഈ ജലസസ്യത്തിന്റെ  കിഴങ്ങില്‍നിന്ന് ഉണ്ടായിവരുന്ന പുതിയ ചെടികളാണ് നടീല്‍വസ്തു. ചെറിയ പ്ലാസ്റ്റിക് ബേസിനില്‍പോലും നൂഫര്‍ നന്നായി വളരുകയും പുഷ്പിക്കുകയും ചെയ്യും.  

water-mossaik

വാട്ടര്‍ മൊസൈക് പ്ലാന്റ്

ജലപ്പരപ്പില്‍ പറ്റി വളരുന്ന ഈ ചെടിയുടെ മൊസൈക്‌പോലുള്ള ഇല കളും ചെറിയ മഞ്ഞപ്പൂക്കളുമാണ് ആകര്‍ഷകം. വെള്ളത്തിന്റെ ഉപരിതലത്തില്‍ മൊസൈക് വിരിച്ച പോലെ പച്ചയും മെറൂണും നിറത്തിലുള്ള ഇലകളുടെ രൂപഘടന ഈ ചെടിക്കു പ്രത്യേക ഭംഗി നല്‍കുന്നു. ശൂലത്തിന്റെ ആകൃതിയുള്ള ഇലകള്‍ക്ക് ഇളം പ്രായത്തില്‍ പച്ച നിറവും പ്രായമാകുമ്പോള്‍ മെറൂണ്‍ നിറവും ആകും. ഇലകള്‍ നടുവിലുള്ള കുറുകിയ തണ്ടില്‍നിന്ന് എല്ലാ വശങ്ങളിലേക്കും ഒരുപോലെയാണ് ഉണ്ടായിവരിക. ഇളം ഇലകള്‍ നടുവിലും ചുറ്റും  മെറൂണ്‍നിറത്തില്‍  പ്രായമായവ യും. 6- 7 ഇഞ്ച് വരെ വൃത്താകൃതിയില്‍ ചെടി വലുപ്പം വയ്ക്കും. പൂര്‍ണ വളര്‍ച്ചയെത്തിയ മൊസൈക് ചെടി വശങ്ങളില്‍ തൈകള്‍ ഉല്‍പാദിപ്പിച്ചു ജലപ്പരപ്പ് മുഴുവന്‍ നിറയും. തൈകള്‍ വേര്‍പെടുത്തിയെടുത്തു വളര്‍ത്താം. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന പ്രകൃതമുള്ള മൊസൈക് ചെടിയുടെ കുറുകിയ വേരുകള്‍, അടിത്തട്ടിലെ മണ്ണില്‍ ഇറങ്ങി വളരാതെ  വെള്ളത്തില്‍ ഞാന്നു കിടക്കും. അനുകൂല കാലാവസ്ഥയില്‍ ഇലകളുടെ ഇടയില്‍നിന്നു പൂക്കള്‍ ഉണ്ടായി വരും. 4 ഇതളുകളും നടുവില്‍ കേസരങ്ങളുമുള്ള പൂക്കള്‍ ചെടിയില്‍ 2 - 3 ദിവസം കൊഴിയാതെ നില്‍ക്കും.

English summary: How to Build a Water Garden 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA